Thursday, March 14, 2019 Last Updated 3 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 08.11 AM

എണ്ണത്തെക്കുറിച്ച്‌ എണ്ണിപ്പറഞ്ഞ്‌ വാദം ; ഗവര്‍ണ്ണറുടെ നടപടി പിന്നീട് പരിശോധിക്കും ; ഇന്നലെ സുപ്രീം കോടതിയിലെത്തിയത്‌ അസാധാരണമായ ആള്‍ക്കൂട്ടം

uploads/news/2018/05/218264/supreme-court.jpg

ന്യൂഡല്‍ഹി : ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ നിര്‍ണായക നിയമപോരാട്ടങ്ങളിലൊന്നിനു സാക്ഷ്യം വഹിക്കാന്‍ ഇന്നലെ സുപ്രീം കോടതിയിലെത്തിയത്‌ അസാധാരണമായ ആള്‍ക്കൂട്ടം. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ കര്‍ണാടക തെരഞ്ഞെടുപ്പു കേസ്‌ കേട്ടതില്‍നിന്നു ഭിന്നമായി കോടതി മുറി നേരത്തേതന്നെ നിറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരും മുതിര്‍ന്ന അഭിഭാഷകരും അടക്കം പലരും അരമണിക്കൂര്‍ മുമ്പേ ആറാം നമ്പര്‍ കോടതിയിലെത്തി. മുതിര്‍ന്ന അഭിഭാഷകര്‍പോലും കോടതി മുറിയിലേക്കെത്താന്‍ ഏറെ പ്രയാസപ്പെട്ടു.

പതിവിലും പത്തു മിനിട്ട്‌ വൈകി 10.40നാണ്‌ ജസ്‌റ്റിസുമാരായ എ.കെ. സിക്രി, എസ്‌.എ. ബോബ്‌ഡെ, അശോക്‌ ഭൂഷണ്‍ എന്നിവരെത്തിയത്‌. പരാതിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക്‌ മനു സിങ്‌വിയുമാണ്‌ ഹാജരായത്‌. കേന്ദ്രസര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും കര്‍ണാടക സര്‍ക്കാരിനും ഗവര്‍ണര്‍ക്കും വേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ബി.എസ്‌. യെദിയൂരപ്പയ്‌ക്കു വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും ഹാജരായി.

ഭൂരിപക്ഷമുണ്ടെന്നു കാട്ടി ബി.ജെ.പി. നേതാവ്‌ ബി.എസ്‌. യെദിയൂരപ്പ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ്‌ വാലയ്‌ക്കു നല്‍കിയ കത്ത്‌ കെ.കെ. വേണുഗോപാല്‍ ബെഞ്ചിനു കൈമാറിയാണ്‌ വാദം തുടങ്ങിയത്‌. കത്തുകള്‍ ഹാജരാക്കണമെന്നു കഴിഞ്ഞദിവസം അര്‍ധരാത്രിയില്‍ വാദം കേള്‍ക്കവേ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. മറ്റുള്ളവരുടെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നുമാവശ്യപ്പെട്ടുള്ള യെദിയൂരപ്പയുടെ കത്തുകള്‍ മുകുള്‍ റോത്തഗി കോടതിയില്‍ വായിച്ചു. ഭൂരിപക്ഷമുണ്ട്‌, അതു സഭയില്‍ തെളിയിക്കും. അതു കാണിക്കേണ്ട സ്‌ഥലം കോടതി മുറിയല്ല. ആരൊക്കെ പിന്തുണയ്‌ക്കുന്നു എന്ന്‌ ഇവിടെ പറയേണ്ട കാര്യമില്ല. സ്വതന്ത്രരടക്കം മറ്റുള്ളവരുടെ പിന്തുണയുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയെയാണു ക്ഷണിക്കേണ്ടമെന്ന്‌ സര്‍ക്കാരിയ കമ്മിഷന്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. ജനവിധിയാണു പരമപ്രധാനം... റോത്തഗി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഭൂരിപക്ഷമുള്ള ഒറ്റക്കക്ഷി എന്ന വാദം പരിശോധിക്കേണ്ടതുണ്ടെന്നു ജസ്‌റ്റിസ്‌ സിക്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ മറ്റൊരു കത്തുണ്ട്‌. ഒരാള്‍ അവകാശപ്പെടുകയും മറ്റൊരാള്‍ തെളിയിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ്‌ ഗവര്‍ണര്‍ തീരുമാനമെടുക്കുക? 117 പേരുടെ പിന്തുണ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ ഗവര്‍ണര്‍ക്കു നല്‍കിയ കത്തിനെ പരാമര്‍ശിച്ചു ജസ്‌റ്റിസ്‌ സിക്രി ചോദിച്ചു. സ്‌ഥിരതയുള്ള ഭരണം ഉറപ്പാക്കേണ്ടത്‌ ഗവര്‍ണറുടെ ഉത്തരവാദിത്തമാണെന്നായിരുന്നു റോത്തഗിയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ പട്ടിക 70-80 പേരുടേതാണ്‌. ഇതില്‍ എല്ലാവരും ഒപ്പിട്ടിട്ടില്ല. മാത്രമല്ല അതു ഗവര്‍ണര്‍ക്കു നല്‍കിയിട്ടില്ല എന്നാണു താന്‍ കരുതുന്നതെന്നും റോത്തഗി വാദിച്ചു. അങ്ങനെയാണെങ്കില്‍ ഈ ഹര്‍ജിയുമായി മുന്നോട്ടുപോകരുതെന്നും റോത്തഗി ആവശ്യമുന്നയിച്ചു. രണ്ടു വാദങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍ അനുഛേദം 164 പ്രകാരം ഗവര്‍ണര്‍ വിവേചനാധികാരം പ്രയോഗിച്ചതാണ്‌ ഇവിടെ പ്രധാനവിഷയം. അതിനാല്‍ അന്തിമതീരുമാനം സഭയിലാണ്‌ ഉണ്ടാകേണ്ടത്‌-റോത്തഗി ചൂണ്ടിക്കാട്ടി.

"അതു ശരിയാണ്‌. എന്നാല്‍ ആദ്യം ആര്‌ എന്നതാണു ചോദ്യം" ബെഞ്ച്‌ പ്രതികരിച്ചു. സര്‍ക്കാരിയ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌, ആര്‍ക്കെങ്കിലും ഭൂരിപക്ഷമുണ്ടെങ്കില്‍ തര്‍ക്കത്തിന്റെ കാര്യമില്ല. ഒരുകക്ഷിക്കും ഭൂരിപക്ഷമില്ലാതെ വരുമ്പോഴാണു തര്‍ക്കമുണ്ടാകുന്നത്‌. അതുകൊണ്ട്‌ ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ ആത്മനിഷ്‌ഠമായി തീരുമാനമെടുക്കേണ്ടതുണ്ട്‌. ആത്യന്തികമായി ഇത്‌ എണ്ണത്തിന്റെ കളിയാണ്‌. തെരഞ്ഞെടുപ്പിനു മുമ്പുണ്ടാക്കിയ സഖ്യത്തെക്കുറിച്ചു ജനത്തിനു ധാരണയുള്ളതിനാല്‍ അതിന്‌ അങ്ങേയറ്റത്തെ പ്രാധാന്യമുണ്ട്‌. തെരഞ്ഞെടുപ്പിനു ശേഷമുണ്ടാകുന്ന സഖ്യത്തിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ താഴെയേ പരിഗണിക്കാനാവൂ. ഇങ്ങനെ ഒരു സഖ്യം ഉണ്ടാകുമെന്നു ജനത്തിന്‌ ഒരു ധാരണയുമുണ്ടാവില്ല. എന്നാല്‍ അവകാശമുന്നയിക്കുന്നവര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം എന്നതില്‍ ഒരു തര്‍ക്കവുമില്ല.

രണ്ടു മാര്‍ഗങ്ങളാണുള്ളത്‌. ആദ്യത്തേത്‌ കോണ്‍ഗ്രസ്‌-ജെ.ഡി.എസ്‌. സഖ്യത്തെ ക്ഷണിക്കാതെ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയുടെ തെറ്റും ശരിയും വിശദമായി വാദം കേട്ടു തീരുമാനമെടുക്കാം. രണ്ടാമത്തേത്‌ നാളെത്തന്നെ വിശ്വാസവോട്ട്‌ നേടാന്‍ ഉത്തരവിടാം...ബെഞ്ച്‌ വ്യക്‌തമാക്കി. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിനുവേണ്ടി ഹാജരായ അഭിഷേക്‌ മനു സിങ്‌വി ഇടപെട്ടു. ആരെയാണ്‌ ആദ്യം വിളിച്ചത്‌ എന്നതാണു പ്രശ്‌നം. "ബി"യെ മറികടന്ന്‌ "എ"യെ വിളിച്ചത്‌ 15 ദിവസത്തെ സമയം നീട്ടിനല്‍കാനാണ്‌. ഈ രണ്ടു മാര്‍ഗങ്ങളും കൂട്ടിക്കുഴയ്‌ക്കരുത്‌. നാളെത്തന്നെ വിശ്വാസവോട്ട്‌ നടത്തണമെന്നും സിങ്‌വി ആവശ്യപ്പെട്ടു.

സമയം നഷ്‌ടപ്പെടാതിരിക്കാന്‍ വിശ്വാസവോട്ട്‌ ഉടന്‍

ഇക്കാര്യം എതിര്‍ക്കുന്നില്ലെന്നു ബെഞ്ച്‌ വ്യക്‌തമാക്കി. വിശ്വാസവോട്ട്‌ നടക്കട്ടെ. വിപുലമായ വിഷയം പിന്നീടു പരിഗണിക്കാം. ഇപ്പോള്‍ ആ വിഷയം പരിഗണിച്ചു വിശദമായ വാദം കേട്ടു വിധി നിങ്ങള്‍ക്ക്‌ അനുകൂലമായാല്‍പോലും വിലപ്പെട്ട സമയം നഷ്‌ടമാകും.-ബെഞ്ച്‌ സിങ്‌വിയോടു പറഞ്ഞു.
തുടര്‍ന്ന്‌ വിശ്വാസ വോട്ടെടുപ്പ്‌ വേണമെന്ന്‌ കോടതി വീണ്ടും നിര്‍ദേശിച്ചപ്പോള്‍ അഭിഷേക്‌ മനു സിങ്‌വിയും മുകള്‍ റോത്തഗിയും അനുകൂലിച്ചു. ഗവര്‍ണറുടെ നടപടി പരിശോധിക്കണമെന്ന വാദത്തില്‍ കപില്‍ സിബല്‍ ഉറച്ചുനിന്നു. എന്നാല്‍, കോടതി അയയില്ലെന്ന്‌ കണ്ടതോടെ സിബലും വിശ്വാസവോട്ടെടുപ്പിനെ അനുകൂലിച്ചു.

സമയം നീട്ടില്ല; രഹസ്യബാലറ്റുമില്ല

വിശ്വാസ വോട്ടെടുപ്പിന്‌ കൂടുതല്‍ സമയം അനുവദിക്കണമെന്നു റോത്തഗി ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. ചില എം.എല്‍.എമാരെ കൊച്ചിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും നാട്ടിലെത്തി ഭയമില്ലാതെ വോട്ടുചെയ്യാന്‍ മൂന്നുദിവസത്തെ സാവകാശം അനുവദിക്കണമെന്നും റോത്തഗി വാദിച്ചെങ്കിലും പരിഗണിച്ചില്ല. വിശ്വാസ വോട്ടെടുപ്പ്‌ രഹസ്യ ബാലറ്റിലൂടെ നടത്തണമെന്ന കെ.കെ വേണുഗോപാലിന്റെ ആവശ്യവും തള്ളി. വോട്ടെടുപ്പ്‌ എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച കോണ്‍ഗ്രസ്‌ നല്‍കിയ നിര്‍ദേശങ്ങളും പരിഗണിച്ചില്ല.

ഒരു ഗവര്‍ണറും ചെയ്യാന്‍ പാടില്ലാത്ത കാര്യം: രാം ജത്‌മലാനി

അതേസമയം, സ്വന്തം ഹര്‍ജിയുമായെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്‌മലാനി രൂക്ഷമായ പരാമര്‍ശമാണ്‌ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ്‌ വാലയ്‌ക്കെതിരേ നടത്തിയത്‌. ഗവര്‍ണറുടെ നടപടി ഭരണഘടനാസ്‌ഥാനത്തിന്റെ ദുരുപയോഗമാണ്‌. ആ പദവിയുടെ അന്തസിന്‌ ഹാനിവരുത്തി. ഗവര്‍ണറുടെ നടപടി അഴിമതിക്കുള്ള തുറന്ന ക്ഷണമാണ്‌. ഞാന്‍ ഹാജരാകുന്നത്‌ ഏതെങ്കിലും പാര്‍ട്ടിക്കു വേണ്ടിയല്ല.

സുപ്രീം കോടതി നിയമം കൃത്യമായി സ്‌ഥാപിക്കണം. ഒരു ഗവര്‍ണറും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ്‌ കര്‍ണാടക ഗവര്‍ണര്‍ സ്വീകരിച്ചതെന്നും രാം ജത്‌മലാനി പറഞ്ഞു. ഗവര്‍ണറുടെ നടപടി നിയമപരമായി നിലനില്‍ക്കുന്നതാണോ എന്ന വലിയ വിഷയം പരിഗണിക്കുമ്പോള്‍ ഇക്കാര്യം കണക്കിലെടുക്കുന്നതാണെന്ന്‌ ജസ്‌റ്റിസ്‌ സിക്രി, രാം ജത്‌മലാനിക്ക്‌ ഉറപ്പുനല്‍കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW