Saturday, February 23, 2019 Last Updated 4 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 02.06 AM

വോട്ട്‌ വീഴ്‌ത്താന്‍ വീഡിയോ തരംഗം

uploads/news/2018/05/218243/k7.jpg

ചെങ്ങന്നൂര്‍ : ക്രൗഡ്‌ പുള്ളര്‍മാരായ പ്രസംഗകര്‍ക്കൊപ്പം സിനിമയെ വെല്ലുന്ന പ്രചാരണ വീഡിയോകളുമായാണു മുന്നണികളുടെ അന്തിമപോരാട്ടം. പ്രചാരണം അവസാന വാരത്തിലേക്കു കടന്നതോടെ പൊതുസമ്മേളന വേദികളിലും നാലാള്‍ കൂടുന്ന കവലകളിലുമെല്ലാം ടെലിഫിലിം, ഡോക്യുമെന്ററി മാതൃകയിലുള്ള വീഡിയോകള്‍ പ്രദര്‍ശിപ്പിക്കാനാണ്‌ പ്രവര്‍ത്തകര്‍ക്കു താല്‍പ്പര്യം.
സംസ്‌ഥാനത്തെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍, മദ്യനയം, കേന്ദ്രസര്‍ക്കാരിന്റെ നോട്ട്‌ നിരോധനം, ജി.എസ്‌.ടി, ഇന്ധനവില വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ആധാരമാക്കി മൂന്നു വീഡിയോകളാണ്‌ കോണ്‍ഗ്രസ്‌ പുറത്തിറക്കിയിരിക്കുന്നത്‌. 20 മിനിറ്റോളം ദൈര്‍ഘ്യമുള്ള "ഷുഹൈബ്‌ എന്ന പോരാളി" പൂര്‍ണമായും ടെലിഫിലിം രൂപത്തിലാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. "നാടിന്റെ നേര്‌ വിജയകുമാര്‍", "എന്തൊക്കെയായിരുന്നു വീരവാദം" എന്നീ വീഡിയോകളും കോണ്‍ഗ്രസ്‌ തയാറാക്കിയിട്ടുണ്ട്‌. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയിലെ ഓരോ പേജിലെയും വാഗ്‌ദാനങ്ങള്‍ ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനമുയര്‍ത്തുന്ന "എന്തൊക്കെയായിരുന്നു വീരവാദം" എന്ന വീഡിയോ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്‌ സെക്രട്ടറിയായിരുന്ന പി.ടി. ചാക്കോയാണ്‌ ഒരുക്കിയിരിക്കുന്നത്‌.
അന്തരിച്ച കെ.കെ. രാമചന്ദ്രന്‍ നായര്‍ ചെങ്ങന്നൂരില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍, സ്‌ഥാനാര്‍ഥി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള കരുണ പാലിയേറ്റീവ്‌ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണു സി.പി.എമ്മിന്റെ പ്രചാരണ വീഡിയോകള്‍ക്ക്‌ ആധാരം. എതിര്‍ കക്ഷികളെ കടന്നാക്രമിക്കുന്നതോ സംസ്‌ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്നതോ ആയ പ്രചാരണ സി.ഡികള്‍ അവര്‍ രംഗത്തെത്തിച്ചിട്ടില്ല. മണ്ഡലത്തിന്റെ വികസനംമാത്രം ചര്‍ച്ചയാക്കുകയാണ്‌ ഉദ്ദേശ്യമെന്ന്‌ എല്‍.ഡി.എഫിന്റെ സൈബര്‍ പ്രവര്‍ത്തനരംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു.
ശ്രീജിത്‌, ഷുഹൈബ്‌ തുടങ്ങി സംസ്‌ഥാനത്തു സമീപകാലത്തുണ്ടായ 20 കൊലപാതകങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണ്‌ ബി.ജെ.പിയുടെ പ്രചാരണ വീഡിയോ. ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ വികസന പിന്നാക്കാവസ്‌ഥയും സ്‌ഥാനാര്‍ഥി പി.എസ്‌. ശ്രീധരന്‍പിള്ളയുടെ പൊതുസ്വീകാര്യതയുമെല്ലാം വീഡിയോയില്‍ വിശദമാക്കുന്നു.
അതേസമയം, വീഡിയോ പ്രദര്‍ശിപ്പിക്കുന്നതിനു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ കര്‍ശനനിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രത്യേക മീഡിയാ മോണിട്ടറിങ്‌ കമ്മിറ്റി സെന്‍സര്‍ ചെയ്‌താണ്‌ ഇവയ്‌ക്ക്‌ പ്രദര്‍ശനാനുമതി നല്‍കുന്നത്‌. അനധികൃതമായി പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ സ്‌കാഡുകളെയും നിയോഗിച്ചു.

പ്രശ്‌നബാധിത ബൂത്തുകള്‍ വോട്ടെടുപ്പിനു തലേന്നു മുതല്‍ ക്യാമറാ നിരീക്ഷണത്തില്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രശ്‌നബാധിതമെന്നു കണ്ടെത്തിയ 22 ബൂത്തുകള്‍ വോട്ടെടുപ്പ്‌ ദിവസത്തിനു തലേന്നുമുതല്‍ നിരീക്ഷണ ക്യാമറയുടെ വലയത്തിലാകും. വോട്ട്‌ ചെയ്യുന്ന ക്യാബിന്‍ ഒഴികെയുള്ള ഭാഗങ്ങളെല്ലാം ആലപ്പുഴ കലക്‌ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലിരുന്നു ജില്ലാ കലക്‌ടര്‍ക്കും തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കും മുഴുവന്‍ സമയവും നിരീക്ഷിക്കാനുള്ള സംവിധാനമാണ്‌ ഒരുക്കുന്നത്‌. മുന്‍ തെരഞ്ഞെടുപ്പുകളിലെ സംഘര്‍ഷങ്ങളുടെ കണക്ക്‌, പോലീസ്‌ റിപ്പോര്‍ട്ട്‌ എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ടെത്തിയിരിക്കുന്നത്‌.

ജി. ഹരികൃഷ്‌ണന്‍

Ads by Google
Saturday 19 May 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW