Saturday, May 19, 2018 Last Updated 10 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.12 AM

കയ്‌ച്ചും മധുരിച്ചും ഫ്രഞ്ച്‌ പട

uploads/news/2018/05/218176/1.jpg

പാരീസ്‌: കയ്‌പും മധുരവും ചേര്‍ന്ന ഒരു കൂട്ടാണ്‌ ഇക്കുറി ലോകകപ്പിനുള്ള ഫ്രാന്‍സ്‌ ഫുട്‌ബോള്‍ ടീം. ഞെട്ടിപ്പിക്കുന്ന ഒഴിവാക്കലുകളും അപ്രതീക്ഷിത ഉള്‍പ്പെടുത്തലുകളുമായി ടീം സെലക്ഷന്‍ ആകെമൊത്തം സംഭവമാക്കിക്കളഞ്ഞു കോച്ച്‌ ദിദിയര്‍ ദെഷാംപ്‌സ്.
ടോട്ടനം ഹോട്‌സ്പറിന്റെ ഗോള്‍കീപ്പര്‍ ഹ്യൂറോ ലോറിസിന്റെ നേതൃത്വത്തില്‍ 23 അംഗ ടീമിനെയാണ്‌ ഇന്നലെ ദെഷാംപ്‌സ് പ്രഖ്യാപിച്ചത്‌. പ്രതീക്ഷിച്ചതു പോലെ സൂപ്പര്‍ താരങ്ങളായ അന്റോയിന്‍ ഗ്രീസ്‌മാന്‍, പോള്‍ പോഗ്‌ബ, ഒളിവര്‍ ഗിറൗഡ്‌, കിലിയന്‍ എംബാപ്പെ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഒഴിവാക്കലുകളാണ്‌ മാധ്യമങ്ങളുടെ തലക്കെട്ടായത്‌.
റയാല്‍ മാഡ്രിഡിന്റെ സ്‌റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ആന്റണി മാര്‍ഷ്യല്‍ എന്നിവര്‍ക്ക്‌ ഇടംനിഷേധിച്ച ദെഷാംപ്‌സിന്റെ തീരുമാനം കടുത്ത ആരാധകരുടെയും നെറ്റിചുളിപ്പിക്കുന്നു.
ഇവര്‍ക്കു പുറമേഏ അലക്‌സാണ്ടര്‍ ലക്കാസറ്റെ, കിങ്‌സ്ലി കോമാന്‍, അഡ്രിയാന്‍ റാബിയോട്ട്‌ എന്നിവരാണ്‌ ഒഴിവാക്കപ്പെട്ട പ്രമുഖര്‍. കഴിഞ്ഞ യൂറോ കപ്പില്‍ ഫ്രാന്‍സിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മധ്യനിര താരങ്ങളായ ദിമിത്രി പേയറ്റിനും ആഴ്‌സണല്‍ നായകന്‍ ലോറന്റ്‌ കോസില്‍നിയ്‌ക്കും പരുക്കാണ്‌ തിരിച്ചടിയായത്‌. പൂര്‍ണമായി ഫിറ്റല്ലാത്തെ ഇവരെ റഷ്യയിലേക്ക്‌ കൊണ്ടുപോകേണ്ടതില്ലെന്നാണ്‌ ദെഷാംപ്‌സിന്റെ തീരുമാനം.
ഇക്കുറി മധ്യനരിയില്‍ ഫ്രാന്‍സിന്റെ പ്ലേമേക്കറാകുമെന്നു കരുതിയ താരമാണ്‌ പേയറ്റ്‌. കഴിഞ്ഞ ദിവസം അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ നടന്ന യൂറോപ്പാ കപ്പ്‌ ഫൈനലിനിടെയാണ്‌ മാഴ്‌സെ താരമായ പേയറ്റിനു പരുക്കേറ്റത്‌. ലോകകപ്പിന്‌ മുമ്പ്‌ പേയറ്റ്‌ ഫിറ്റ്‌നസ്‌ വീണ്ടെടുക്കില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഒഴിവാക്കിയത്‌. കോസില്‍നിയ്‌ക്ക് യൂറോപ്പയുടെ രണ്ടാംപാദ സെമിയ്‌ക്കിടെയാണ്‌ പരുക്കേറ്റത്‌.
എല്ലാ പൊസിഷനിലും ഒന്നിലധികം മികച്ച താരങ്ങളുള്ള പ്രതിഭാ ധാരാളിത്തമുള്ള ഫ്രഞ്ച്‌ പടയില്‍ നിന്ന്‌ അവസാന ഇരുപത്തിമൂന്നംഗ സംഘത്തെ കണ്ടെത്തുകയെന്നത്‌ ദെഷാംപ്‌സിന്‌ വെല്ലുവിളി തന്നെയായിരുന്നു.
ഫ്രഞ്ച്‌ ടീമംഗമായ മാത്യു വാല്‍ബുനയുമായി ബന്ധപ്പെട്ട സെക്‌സ് ടേപ്പ്‌ വിവാദത്തിന്റെ കാരണക്കാരനായ ബെന്‍സേമയെ ദെഷാംപ്‌സ് കുറെ നാളുകളായി തഴഞ്ഞേക്കുകയായണ്‌. 2015 ഒകേ്‌ടാബറിന്‌ ശേഷം ബെന്‍സേമയ്‌ക്ക് ഫ്രഞ്ച്‌ ടീമില്‍ ഇടം കിട്ടിയിട്ടില്ല. മാര്‍ഷ്യലിനെയും ലക്കാസറ്റെയെയും റിസര്‍വ്‌ നിരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
ഫ്രാന്‍സ്‌ ലോകകപ്പ്‌
സ്‌ക്വാഡ്‌:-

ഗോള്‍കീപ്പര്‍മാര്‍:- ഹ്യൂഗോ ലോറിസ്‌, ആല്‍ഫോണ്‍ ഏറിയോള, സ്‌റ്റീവ്‌ മന്‍ഡാന്‍ഡ.
പ്രതിരോധ നിര:- ലൂക്കാസ്‌ ഹെര്‍ണാന്‍ഡസ്‌, പ്രെസ്‌നല്‍ കിംപെംബെ, ബെഞ്ചമിന്‍ പവാര്‍ഡ്‌, ബെഞ്ചമിന്‍ മെന്‍ഡി, ഡിബ്രില്‍ സിഡിബി, ആദില്‍ റാമി, സാമുവല്‍ ഉംറ്റിറ്റി, റാഫേല്‍ വരാനെ.
മധ്യനിര:- ബ്ലെയ്‌സ് മറ്റ്യൂഡി, എന്‍ കോളോ കാന്റെ, സ്‌റ്റീവന്‍ എന്‍ സോണ്‍സി, പോള്‍ പോഗ്‌ബ, കോറന്റിന്‍ ടോളിസോ.
സ്‌ട്രൈക്കര്‍മാര്‍:- ഒളിവര്‍ ഗിറൗഡ്‌, അന്റോയിന്‍ ഗ്രീസ്‌മാന്‍, കിലിയന്‍ എംബാപ്പെ, തോമസ്‌ ലെമര്‍, നബീല്‍ ഫക്കിര്‍, ഫ്‌ളോറിയന്‍ തൗവിന്‍, ഔസ്‌മാനെ ഡെംപ്‌ലെ.

Ads by Google
Saturday 19 May 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW