Saturday, May 19, 2018 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 04.05 PM

സ്തനാര്‍ബുദം അറിയേണ്ടതെല്ലാം

''സ്തനാര്‍ബുദത്തെ സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും മറുപടിയുണ്ട്. നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായി കണ്ടുവരുന്ന സ്തനാര്‍ബുദത്തെക്കുറിച്ച് എല്ലാം....''
uploads/news/2018/05/218055/brestcancer180518.jpg

സ്ത്രീസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതാണ് സ്തനസൗന്ദര്യവും. പക്ഷേ ഈ സ്തനങ്ങള്‍ക്കുണ്ടാവുന്ന ക്യാന്‍സര്‍ സ്ത്രീകളെ ശാരീരികമായും മാനസികമായും തകര്‍ത്തുകളയുന്നു.

സ്ത്രീകളെ ബാധിക്കുന്ന പ്രധാന രോഗങ്ങളിലൊന്നായി മാറിയിരിക്കുകയാണ് സ്തനാര്‍ബുദം അധവാ ബ്രസ്റ്റ് ക്യാന്‍സര്‍. സ്തനാര്‍ബുദം ബാധിച്ചുവെന്ന് കരുതി ജീവിതമവസാനിച്ചുവെന്ന് കരുതുന്നവര്‍ ഏറെയാണ്.

എന്നാല്‍ സ്തനാര്‍ബുദത്തെ പേടിക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ രോഗം ഒഴിവാക്കാനാവും.

സ്തനാര്‍ബുദം എന്തുകൊണ്ട്? എ ങ്ങനെ ഒഴിവാക്കാം? എങ്ങ നെ കണ്ടെത്താം? ഭക്ഷണ രീതികള്‍ എന്തെല്ലാം? പരിശോധനകള്‍ ഏതൊക്കെ? അങ്ങനെ സ്തനാര്‍ബുദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം പങ്കുവയ്ക്കുകയാണിവിടെ.....

സ്തനാര്‍ബുദമെന്ത് ?


സ്തനാര്‍ബുദം എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഭയമാണ്. സ്തനാര്‍ബുദത്തെ ഭയപ്പെടേണ്ടതില്ല. എന്താണ് സ്തനാര്‍ബുദമെന്നും എന്താണ് കാരണമെന്നും അറിഞ്ഞാല്‍ ഈ ഭീതി ഒഴിവാക്കാവുന്നതാണ്. ചില സ്തനകോശങ്ങള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വളര്‍ച്ചയാണ് സ്തനാര്‍ബുദമായി മാറുന്നത്.

സ്ത്രീഹോര്‍മോണായ ഈസ്‌ട്രൊജനാണ് ഇതിനു പിന്നില്‍. ജീവിതശൈലി, ഭക്ഷണം, വ്യായാമക്കുറവ്, തുടങ്ങിയവയെല്ലാം ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാവുകയും അത് സ്തനാര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കോശങ്ങള്‍ക്കുണ്ടാകുന്ന വളര്‍ച്ച സ്തനങ്ങളില്‍ മാത്രം ഒതുങ്ങാതെ മറ്റ് ഭാഗങ്ങളിലേക്കും പടരുന്നതാണ് സ്തനാര്‍ബുദം ഗുരുതരമാകാന്‍ കാരണം.

സ്തനത്തിലുണ്ടാകുന്ന ചെറിയ മുഴകളോ തടിപ്പുകളോ ആയിരിക്കും ആദ്യ ലക്ഷണം. 70% പേരിലും ഈ മുഴകള്‍ക്ക് വേദന കാണില്ല. അതുകൊണ്ട് തന്നെ സ്തനാര്‍ബുദം പലപ്പോഴും അറിയാതെ പോകുന്നു.

രോഗ തീവ്രതയനുസരിച്ച് സ്തനാര്‍ബുദത്തെ പ്രധാനമായും നാലുഘട്ടങ്ങളായി തിരിക്കാം. ആദ്യ ഘട്ടത്തില്‍ മുഴകള്‍ക്ക് വലിപ്പം കുറവായിരിക്കും. ഈ ഘട്ടത്തില്‍ രോഗം കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ ഭേദമാക്കാം.

രണ്ടാമത്തെ ഘട്ടത്തിലും ചികിത്സ ഫലപ്രദമാകും. മൂന്നും നാലും ഘട്ടത്തില്‍ അത് ഗുരുതരമാകും. രോഗം ഗുരുതരമാകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. മുന്‍കൂട്ടിയുള്ള പരിശോധനയില്‍ രോഗം കണ്ടെത്തി ചികിത്സിക്കുകയാണ് പ്രധാനം.

നേരത്തെ അറിയാം


പലരും സ്തനാര്‍ബുദം ബാധിച്ച് വര്‍ഷങ്ങള്‍ക്കുശേഷം രോഗം സങ്കീര്‍ണ്ണമായിക്കഴിഞ്ഞാണ് രോഗത്തെക്കുറിച്ച് അറിയുന്നതുതന്നെ. മുന്‍കൂട്ടിയുള്ള പരിശോധന അഥവാ സ്‌ക്രീനിംഗിലൂടെ സ്തനാര്‍ബുദ സാധ്യത മുളയിലേ നുള്ളിക്കളയാം.

സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ക്കൂടി സ്‌ക്രീനിംഗ് നടത്താം. ഇതിനായി മാമോഗ്രാഫിയും അള്‍ട്രാസൗണ്ട് സ്‌കാനിംഗുമുണ്ട്. ഒട്ടുമിക്ക ആശുപത്രികളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്. സാധാരണക്കാരന് താങ്ങാവുന്ന നിരക്കേ ഈ പരിശോധനകള്‍ക്ക് ഉള്ളു.

സ്തനാര്‍ബുദം ഒഴിവാക്കാന്‍...


അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ സ്തനാര്‍ബുദം ഒഴിവാക്കാം. യഥാസമയത്തുള്ള സ്തനപരിശോധനയ്‌ക്കൊപ്പം ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകുന്ന ഘടകങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്. പൊണ്ണത്തടിയാണ് ഇതില്‍ പ്രധാനം.

സ്ത്രീകളില്‍ അമിതവണ്ണം സ്തനാര്‍ബുദ കാരണമാകുന്നുണ്ട്. തെറ്റായഭക്ഷണരീതിയാണ് അമിതവണ്ണത്തിന് പ്രധാനകാരണം. അമിത വണ്ണമുള്ള സ്ത്രീകള്‍ ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമം ശീലമാക്കണം.

പാലും പാലുല്‍പ്പന്നങ്ങളും സ്തനാര്‍ബുദത്തിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പാലിലെ ഇന്‍സുലിന്‍ ലൈക്ക് ഗ്രോത്ത് ഫാക്ടറാണ് സ്തനാര്‍ബുദത്തിന് കാരണമാകുന്നത്.

ഭക്ഷണത്തില്‍ തവിട് കളയാത്ത അരി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പച്ചക്കറികള്‍ എല്ലാം ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. തനി കേരള ഊണ് ആണ് ഏറ്റവും ഉത്തമം. ഫാസ്റ്റ് ഫുഡ് പൂര്‍ണ്ണമായി ഒഴിവാക്കുക.

uploads/news/2018/05/218055/brestcancer180518a.jpg

സ്തനാര്‍ബുദ ലക്ഷണങ്ങള്‍


1. ഒരു സ്തനത്തിലോ സ്തനങ്ങളിലോ മുഴയോ തടിപ്പോ അനുഭവപ്പെടുക.
2. കക്ഷത്തിലോ തോളെല്ലിലോ മുഴയോ തടിപ്പോ അനുഭവപ്പെടുക.
3. സ്തന വലിപ്പം പെട്ടെന്ന് വര്‍ധിക്കുക.
4. സ്തനങ്ങളിലെ തൊലി ഉള്ളിലേക്ക് വലിഞ്ഞിരിക്കുക. മുലഞെട്ടുകള്‍ അസ്വാഭാവികമായി ഉള്ളിലേക്ക് വലിഞ്ഞിരുന്നാലും ശ്രദ്ധിക്കണം.
5. സ്തനത്തില്‍ നിന്ന് രക്തം വരിക.
6. ഒരു മുലക്കണ്ണില്‍നിന്ന് മാത്രം ശക്തമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും തൊലിയുടെ മുകള്‍ വശത്ത് കോശങ്ങള്‍ തരിതരിയായി പ്രത്യക്ഷപ്പെടുകയും ചെയ്യുക.
7. ചിലപ്പോള്‍ മഞ്ഞപ്പിത്തവും തുടയെല്ല് പൊട്ടലുമൊക്കെ അര്‍ബുദ ലക്ഷണങ്ങളായി കണക്കാക്കാം.

സ്തനാര്‍ബുദ സാധ്യത


സ്തനാര്‍ബുധം ബാധിക്കുന്നതിന് ഇന്ന കാരണങ്ങളുണ്ടെന്ന് പറയാനാവില്ല. എന്നാലും ചില സാഹചര്യങ്ങള്‍മൂലം അര്‍ബുദം ബാധിക്കാം.
1. കൊഴുപ്പ് കൂടുതല്‍ കഴിക്കുന്നവരില്‍ സ്റ്റിറോയിഡ് ഈസ്‌ട്രൊജന്‍ ആയി മാറാനുള്ള സാധ്യത കൂടുതലാണ്. ഇത് അര്‍ബുദത്തിലേക്ക് വഴിതുറക്കുന്നു.
2. പ്രസവിക്കാതിരിക്കുകയോ, വൈകി പ്രസവിക്കുകയോ ചെയ്യുന്നവരിലും അര്‍ബുദ സാധ്യതയേറെയാണ്. ഗര്‍ഭാവസ്ഥയില്‍ ശരീരത്തില്‍ ഈസ്‌ട്രൊജന്റെ അളവ് കുറഞ്ഞിരിക്കുന്നതാണ് കാരണം.
3. വീട്ടില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദം ബാധിച്ചിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത തലമുറയ്ക്ക് അര്‍ബുദം വരാന്‍ സാധ്യതയുണ്ട്.
4. വളരെ നേരത്തെ ആര്‍ത്തവം ആരംഭിക്കുകയും വളരെ വൈകി ആര്‍ത്തവം നില്‍ക്കുകയും ചെയ്യുന്നവരില്‍ അത്രയും കാലം ഈസ്ട്രജന്റെ അളവ് കൂടുതലാണ്. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള അമിത വണ്ണം പ്രത്യേകം സൂക്ഷിക്കുക.
5. കുഞ്ഞുങ്ങളെ പാലൂട്ടാതിരിക്കുന്നവര്‍ സൂക്ഷിക്കുക. സ്തനങ്ങളുടെ പ്രധാന ധര്‍മ്മമായ പാലൂട്ടല്‍ തടസപ്പെടുമ്പോള്‍ അര്‍ബുദത്തിന് സാധ്യതയേറെയാണ്.

സ്വയം കണ്ടെത്താം


ആര്‍ത്തവത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് സ്തനപരിശോധ നടത്താന്‍ അനുയോജ്യം. ആര്‍ത്തവചക്രം ക്രമമല്ലാതിരിക്കുക, ആര്‍ത്തവവിരാമം, യൂട്രസ് നീക്കം ചെയ്തവര്‍ എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ എല്ലാ മാസവും പരിശോധന വേണമെന്നുള്ളതിനാല്‍ മാസത്തിലെ ഏതെങ്കിലുമൊരു ദിവസം അതിനായി മാറ്റിവയ്ക്കാവുന്നതാണ്.

ഗര്‍ഭിണികളും, മുലയൂട്ടുന്ന അമ്മമാരും എല്ലാ മാസവും പരിശോധന നടത്തേണ്ടതാണ്. മുലയൂട്ടുന്നവര്‍ കുട്ടിക്ക് പാലു കൊടുത്തശേഷം വേണം പരിശോധന. പരിശോധനാ സമയത്ത് കൂടുതല്‍ പാല്‍കെട്ടി നില്‍ക്കാന്‍ പാടില്ല. അത് കൃത്യമായ പരിശോധനയെ തടസപ്പെടുത്തും.

കിടന്നുകൊണ്ടുള്ള പരിശോധന


സ്തനത്തിന്റെ മുകളില്‍ കക്ഷത്തോട് ചേര്‍ന്ന ഭാഗത്താണ് അര്‍ബുദസാധ്യത കൂടുതല്‍. അതുകൊണ്ട് കിടന്നുകൊണ്ട് പരിശോധിക്കുമ്പോള്‍ ഈ ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

വിരലുകള്‍ വ്യത്യസ്ത മര്‍ദ്ദത്തില്‍ അമര്‍ത്തിവേണം ഈ പരിശോധന നടത്താന്‍. വിരലുകളില്‍ പൗഡറോ ക്രീമോ പുരട്ടി പരിശോധിക്കുന്നത് ആയാസം കുറയ്ക്കും. കക്ഷത്തില്‍നിന്ന് ആരംഭിച്ച് സ്തനത്തിന്റെ അടിവരെ താഴെനിന്ന് മുകളിലേക്ക് വിരലുകള്‍ ഓടിച്ചുവേണം പരിശോധിക്കാന്‍.

1. സ്തനങ്ങള്‍ കൈകള്‍കൊണ്ട് അമര്‍ത്തി നോക്കി മുഴകളുണ്ടോ എന്ന് പരിശോധിക്കുക. വലത്തെ സ്തനം ഇടത്തെ കൈകൊണ്ടും, ഇടത്തേ സ്തനം വലത്തെ കൈകൊണ്ടും വേണം പരിശോധിക്കാന്‍. നടുവിലെ മൂന്നുവിരലുകള്‍ ഉപയോഗിച്ച് വിരലുകളുടെ അഗ്രഭാഗംകൊണ്ട് വേണം പരിശോധന നടത്താന്‍.

2. വിരലുകള്‍ ചെറിയ വൃത്താകൃതിയില്‍ ചലിപ്പിച്ച് വേണം പരിശോധിക്കാന്‍. തുടര്‍ച്ചയായ വൃത്തങ്ങളില്‍ വേണം വിരലുകള്‍ ചലിപ്പിക്കാന്‍.

3. മൂന്ന് വ്യത്യസ്ത മര്‍ദ്ദത്തില്‍ വേണം കൈകള്‍ ചലിപ്പിക്കാന്‍. ആദ്യഘട്ടത്തില്‍ ചെറുതായി അമര്‍ത്തിയും, രണ്ടാമത് അല്‍പ്പംകൂടി അമര്‍ത്തിയും, മൂന്നാംഘട്ടത്തില്‍ ബലമായി അമര്‍ത്തിയും പരിശോധന നടത്താം.

ആരംഭത്തില്‍ കണ്ടെത്തിയാല്‍


സാധാരണയായി മാറില്‍ നിലനില്‍ക്കുന്ന അഞ്ചു സെന്റീമീറ്ററില്‍ താഴെയുള്ള മുഴകളാണ് ഇവ. കഴലകളിലേക്ക് വ്യാപകമായി പടരാത്ത നിലയിലുള്ള രോഗമാണിത്. ഈ അവസ്ഥയിലുള്ള അസുഖത്തിന് ആരംഭത്തില്‍ തന്നെ ഓപ്പറേഷന്‍ ചെയ്യാവുന്നതാണ്. രണ്ടു രീതിയില്‍ ഓപ്പറേഷന്‍ നടത്താം.

1. മാറിലെ മുഴയും കഴലകളിലെ ഗ്രന്ഥികളെയും മാത്രം നീക്കി സ്തനം ഓപ്പറേഷന്‍ ചെയ്യാതെ സംരക്ഷിക്കുന്ന ചികിത്സ (ബി.സി.എസ്)
2. സ്തനം പൂര്‍ണ്ണമായി ഓപ്പറേഷന്‍ ചെയ്യുക. (എം.ആര്‍.എം) ലോകത്താകമാനം നടന്ന വിശദമായ പഠനങ്ങളില്‍നിന്നു രണ്ടു രീതിയും തുല്യ പ്രയോജനം ചെയ്യുന്നതാണ്. സ്തനം നീക്കാതെ തന്നെ മുഴമാത്രം നീക്കിക്കൊണ്ട് ആരംഭദശയിലുള്ള മാറിലെ ക്യാന്‍സര്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ കഴിയുന്നതാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇതിന് വളരെ പ്രാധാന്യം ലഭിച്ചിട്ടില്ല.

കണ്ണാടിക്കുമുന്നില്‍ നിന്നുള്ള പരിശോധന


കണ്ണാടിക്കു മുന്‍പില്‍ നിന്നുകൊണ്ടാണ് ഈ പരിശോധന നടത്തുന്നത്. കൈകള്‍ താഴ്ത്തിയിട്ട് കണ്ണാടിയില്‍ സ്തനങ്ങളുടെ പ്രത്യേകതകള്‍ നോക്കി മനസിലാക്കാം. തൊട്ടുനോക്കി പരി
ശോധിക്കുന്നതിലൂടെ മുഴകളും വേദനയോ കല്ലിപ്പോ ഉള്ളതും കണ്ടെത്താം. ചര്‍മ്മത്തിനടിയില്‍ മുഴകള്‍ തെന്നിമാറുന്നുണ്ടോ എന്നറിയുക.
uploads/news/2018/05/218055/brestcancer180518b.jpg

മുലക്കണ്ണ് നിരീക്ഷിക്കുക


തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് മുലക്കണ്ണ് അമര്‍ത്തി എന്തെങ്കിലും ദ്രാവകം വരുന്നുണ്ടോ എന്ന് പരിശോധിക്കുക. മഞ്ഞയോ രക്തനിറത്തിലോ ഉള്ള ദ്രാവകമാണെങ്കില്‍ പ്രത്യേകം
ശ്രദ്ധിക്കണം.
1. മുലക്കണ്ണുകളിലോ ചര്‍മ്മത്തിലോ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കില്‍ കണ്ടുപിടിക്കുക.
2. അടുത്തത് വലിപ്പമാണ് ശ്രദ്ധിക്കേണ്ടത്. സ്തനങ്ങള്‍ രണ്ടും തുല്യ വലിപ്പത്തിലാണോ, നീരുണ്ടോ എന്ന് നോക്കുക.
3. മുലക്കണ്ണിന് വീക്കം, അകത്തോട്ട് വലിഞ്ഞത്, സ്വാഭാവികനിലയില്‍ മാറ്റം വരിക എന്നിവ ശ്രദ്ധിക്കുക.
ഈ പരിശോധനയ്ക്കു ശേഷം കൈകള്‍ അരക്കെട്ടില്‍ കുത്തിനിന്നും കൈകള്‍ രണ്ടും മുകളിലേക്ക് ഉയര്‍ത്തിയും മുന്നോട്ട് കുനിഞ്ഞുനിന്നും ഇതേ നിരീക്ഷണങ്ങള്‍ ആവര്‍ത്തിക്കാം.

ചികിത്സാരീതികള്‍


രോഗം നേരത്തേ കണ്ടെത്തുന്നതു പോലെ തന്നെ പ്രധാനമാണ് സമഗ്രചികിത്സ ലഭ്യമാക്കുക എന്നതും. അതുകൊണ്ട് രോഗം നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആധുനികവും ശാസ്ത്രീയവും സമഗ്രവുമായ ചികിത്സ തേടേണ്ടതാണ്.

സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി എന്നീ ചികിത്സാ സമ്പ്രദായങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സ രോഗിക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. രോഗനിര്‍ണ്ണയത്തിനായി മാമോഗ്രാഫി, മറ്റ് സ്‌കാനിംഗുകള്‍, ഇമ്മ്യൂണോ ഹിസ്‌റ്റോ കെമിസ്ട്രി തുടങ്ങിയ രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം.

ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി എന്നിവ ഓരോ രോഗിയുടെയും അര്‍ബുദത്തിന്റെ പ്രത്യേക അനുസരിച്ച് ഡോക്ടര്‍മാര്‍ നിശ്ചയിക്കും. ടാര്‍ജറ്റഡ് തെറപ്പി എന്ന ചികിത്സയും ഇപ്പോള്‍ പ്രചാരത്തിലുണ്ട്.

ഏതളവില്‍, ഏതു ഘട്ടത്തില്‍, ഏതൊക്കെ ചികിത്സ നല്‍കണമെന്ന് തീരുമാനമെടുക്കുന്നത് സുപ്രധാനമാണ്. നേരത്തെ സൂചിപ്പിച്ച മൂന്നു ചികിത്സാമുറകളിലും വിദഗ്ധരായ ഡോക്ടര്‍മാര്‍ കൂട്ടായ ചര്‍ച്ചയിലൂടെ ചികിത്സ നിശ്ചയിക്കുന്നതാണ് രോഗിക്ക് അനുഗുണമായിട്ടുള്ളത്.

കീമോതെറാപ്പി


35 വയസു കഴിയാത്തവരോ ഒന്നാംഘട്ടത്തില്‍ കൂടുതല്‍ ഉള്ള ഹോര്‍മോണ്‍ ഘടകങ്ങളില്ലാത്തര്‍ക്കും കീമോതെറാപ്പി ആവശ്യമാണ്. രണ്ടോ അതിലധികമോ മരുന്നുകളുടെ സങ്കരമാണ് മൂന്നാഴ്ചയിലൊരിക്കലായി ഉപയോഗിക്കുന്നത്.

കീമോതെറാപ്പി മരുന്നുകള്‍ പലതിനും പാര്‍ശ്വഫലങ്ങളുണ്ട്്. ഛര്‍ദ്ദി, ഹൃദ്രോഗസാധ്യതകള്‍, പ്രതിരോധത്തിലുണ്ടാക്കുന്ന ഏറ്റക്കുറച്ചിലുകള്‍, രക്തത്തിന്റെ അളവ് കുറയുക. വായില്‍ തൊലി പോവുക, മുടികൊഴിയുക എന്നിങ്ങനെ പലവിധമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ വളരെ ഫലപ്രദമായ പ്രതിരോധമരുന്നുകള്‍ ഇപ്പോള്‍ നിലവിലുണ്ട്.

ഹോര്‍മോണ്‍ ചികിത്സ


സ്ത്രീകളുടെ അണ്ഡാശയത്തില്‍ ഉത്പാദിപ്പിക്കുന്ന ഈസ്‌ട്രൊജന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം ഒരു പ്രധാന ഘടകമാണ്. ഈ ഹോര്‍മോണിന്റെ സ്വീകരണമേഖലകളെ കണ്ടുപിടിച്ച്
പ്രതിരോധിക്കുന്നതിലൂടെ രോഗവ്യാപനവും അടുത്ത മാറിലേക്ക് രോഗം വരുന്നതും പ്രതിരോധിക്കാം.

ആര്‍ത്തവവിരാമം വന്നവര്‍ക്ക് ഈസട്രൊജന്‍ പ്രധാനമായും അഡ്രീനല്‍ ഗ്രന്ഥിയാണ് ഉത്പാദിപ്പിക്കുന്നത്. ഇതിനെതിരെയും പ്രതിരോധമരുന്നുകള്‍ ലഭ്യമാണ്. ഇവ ഓപ്പറേഷനും റേഡിയേഷനുംശേഷം അഞ്ചു വര്‍ഷത്തേക്ക് ഉപയോഗിക്കേണ്ടതാണ്. എന്നാല്‍ ഹോര്‍മോണ്‍ ഘടകങ്ങള്‍ ഉള്ള രോഗികള്‍ക്ക് മാത്രമാണ് ഈ ചികിത്സയുടെ പ്രയോജനം ഉള്ളത്.

നിന്നുകൊണ്ടുള്ള പരിശോധനകള്‍


കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് ഷവറിന്റെ ചുവട്ടില്‍ നിന്നുകൊണ്ട് സോപ്പോ വെള്ളമോ ഉപയോഗിച്ച് ഇതുചെയ്യാം. മുന്‍പ് നിര്‍ദ്ദേശിച്ചതുപോലെ മൂന്നു വിരലുകള്‍ ഉപയോഗിച്ച് തന്നെ ഈ പരിശോധനയും നടത്തേണ്ടതാണ്.
പരിശോധനയില്‍ എന്തെങ്കിലും സംശയമോ ലക്ഷണങ്ങളോ തോന്നിയാല്‍ ഡോക്ടറെ കണ്ട് വിദഗ്ദ്ധപരിശോധനകള്‍ക്ക് വിധേയരാകേണ്ടതാണ്.
uploads/news/2018/05/218055/brestcancer180518c.jpg

പ്രായമായ രോഗികള്‍


70 വയസിനു മുകളിലുള്ള രോഗികള്‍ സവിശേഷ പരിഗണന അര്‍ഹിക്കുന്നവരാണ്. അതായത് പ്രായമുള്ള രോഗികള്‍ക്ക് അവരുടെ ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് മാത്രമേ ചികിത്സ തീരുമാനിക്കാവൂ.

റ്റാന്‍ജറിക്്തെറാപ്പി


സ്തന കാന്‍സര്‍ കോശങ്ങള്‍ വ്യാപനത്തിന് കാരണമാകുന്ന ഹെര്‍ എന്ന ഘടകത്തെ ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടുതലായി കാണുന്ന രോഗികള്‍ക്ക് പെട്ടെന്ന് അസുഖം വ്യാപിക്കുന്നത് കാരണമാകുന്നു. ഈ ഘടകത്തെ കണ്ടെത്തി തടയുന്നതിനുള്ള മരുന്നുകളും ലഭ്യമാണ്.

റേഡിയേഷന്‍ ചികിത്സ


കക്ഷത്തിനെയും കഴുത്തിലെ കഴലകളെയുമാണ് പ്രധാനമായും റേഡിയേഷന് വിധേയമാക്കുക. ഇത് എക്‌സ്്‌റേ ഉപയോഗിച്ചുള്ള ചികിത്സയാണ്. ചിലര്‍ക്കെങ്കിലും മാറിന് നല്‍കുന്ന റേഡിയേഷന്‍ കൊണ്ട് മുടി നഷ്ടപ്പെടുന്നു.ഈ ചികിത്സയുടെ ഗുണദോഷങ്ങള്‍ അത് നല്‍കുന്ന സ്ഥലത്ത് മാത്രമേ ഉണ്ടാകൂ.

മൂന്നാമത്തെ സ്‌റ്റേജ് കഴിഞ്ഞവര്‍ മുഴ മാത്രം ഓപ്പറേഷന്‍ ചെയ്തവര്‍, കഴലയില്‍ അസുഖമുള്ളവര്‍, അപകടഘട്ടങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ഈ ചികിത്സ ആവശ്യമാണ്. സാധാരണയായി 25 ദിവസമാണ് ഈ ചികിത്സ നല്‍കുക.

നെഞ്ചിന്റെ സി.ടി. സ്‌കാന്‍ എടുത്ത് പ്രധാന അവയവങ്ങളില്‍ വരുന്ന ദൂഷ്യഫലങ്ങള്‍ ഒഴിവാക്കിയാണ് റേഡിയേഷന് നല്‍കുന്നത്. 25 വര്‍ഷമായി മധ്യ കേരളത്തില്‍ സ്തനാര്‍ബുദരോഗികള്‍ക്ക് സൗജന്യമായി റേഡിയേഷന്‍ ചികിത്സ നല്‍കുന്നുണ്ട്.

വൈകാരിക പ്രശ്‌നങ്ങളെ നേരിടാം


സ്തനം സ്ത്രീത്വത്തിന്റെ, മാതൃത്വത്തിന്റെ ചിഹ്‌നമാണ്. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ നടത്തി സ്തനം മുറിച്ച് മാറ്റേണ്ടി വരുമ്പോള്‍ രോഗിയില്‍ കടുത്ത വൈകാരിക പ്രശ്‌നങ്ങളുണ്ടാവാം.

ശരീരത്തിന്റെ ഏറ്റവും സുന്ദരമായ ഭാഗം എന്നെന്നേക്കുമായി നഷ്ടമായി പോകുന്നു എന്നതിനോട് പൊരുത്തപ്പെട്ടുപോകാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല. ഈ ഭയംമൂലമാണ് മുന്‍കൂട്ടിയുള്ള പരിശോധനയ്ക്കും ചികിത്സയ്ക്കും ആരും തയാറാകാത്തത്.

സ്തനം നീക്കി കഴിഞ്ഞാല്‍ പകരം പാഡുകള്‍ ഉപയോഗിക്കേണ്ടിവരുന്നു. പാഡുകള്‍ ഉപയോഗിക്കുമ്പോള്‍ പലതരത്തിലുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. മറ്റുള്ളവര്‍ ശ്രദ്ധിക്കുമോ എന്ന ചിന്തമൂലമാണിത്.

സ്തന പുനര്‍നിര്‍മ്മാണം


ശസ്ത്രക്രിയയിലൂടെ സ്തനത്തിലെ കാന്‍സര്‍ ബാധിതപ്രദേശം നീക്കം ചെയ്ത് രോഗംഭേദമാക്കിയ ശേഷമാണ് സ്തനം പുനര്‍നിര്‍മ്മിക്കുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള മാംസപേശികള്‍ എടുത്ത് ശസ്ത്രക്രിയ നടത്തി മുറിച്ചുമാറ്റിയ ഭാഗത്ത് വച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്.

ഓപ്പറേഷനോടൊപ്പമോ സ്തനം നീക്കം ചെയ്ത് ഏറെകാലം കഴിഞ്ഞോ പുനര്‍ നിര്‍മാണം നടത്താം. രോഗം ബാധിക്കാന്‍ സാധ്യതയുള്ള സ്തനകോശങ്ങള്‍ മുഴുവന്‍ നീക്കി പുതിയ മാംസപേശികള്‍ വയ്ക്കാനാവുന്നതുകൊണ്ട് വീണ്ടും കാന്‍സര്‍ ബാധയുണ്ടാകാനുള്ള സാധ്യത കുറയുന്നു.

uploads/news/2018/05/218055/brestcancer180518d.jpg

ശുഭാപ്തി വിശ്വാസത്തോടെ


ചികിത്സാ വേളയില്‍ ഉണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍ താത്ക്കാലികമാണെന്ന് മനസ്സിലാക്കി ക്ഷമയോടെയും സമചിത്തതയോടെയും അവയെ നേരിടാന്‍ കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്ക് കഴിയും.

രോഗത്തോട് പോരാട്ട വീര്യമുള്ള മനസ്സോടെ പ്രതികരിക്കുകയാണ് വേണ്ടത്. നിഷേധാത്മക ചിന്തകള്‍ യാതൊരു കാരണവശാലും ഉണ്ടാകരുത്. ഇതിനായി മനസ്സിനെ പാകപ്പെടുത്താന്‍ മെഡിറ്റേഷന്‍ പോലെയുള്ള ഉപാധികളും സ്വീകരിക്കാം.

രോഗം വരാതിരിക്കാനുള്ള ജീവിതശൈലി സ്വായത്തമാക്കുവാനും അഥവാ വന്നാല്‍ത്തന്നെ നേരത്തേക്കൂട്ടി കണ്ടുപിടിച്ച് സമഗ്രവും പൂര്‍ണ്ണവുമായ ചികിത്സ നേടാനും രോഗി ചികിത്സയ്ക്കിടയിലുള്ള പ്രയാസങ്ങള്‍ അതിജീവിക്കാന്‍ മനസ്സിനെ സജ്ജമാക്കുവാനും തയ്യാറായാല്‍ സ്തനാര്‍ബുദം ഒരു പ്രശ്‌നമല്ലെന്ന് ബോധ്യപ്പെടും തീര്‍ച്ച!

കടപ്പാട് : സുരേന്ദ്രന്‍ ചുനക്കര
ആര്‍.സി.സി., തിരുവനന്തപുരം

ഷെറിങ്ങ് പവിത്രന്‍.

Ads by Google
Ads by Google
Loading...
TRENDING NOW