Saturday, February 23, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 18 May 2018 02.20 AM

കാഞ്ഞിരമറ്റത്തെ രവി, തിരുവല്ലയിലെ രാജു

ഓരോ ഫയലും ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്റെ ഗര്‍വിന്റെ മുഖചിത്രമുള്ളതാണ്‌. ആമ്പല്ലൂര്‍ വില്ലേജ്‌ ഓഫീസിനു പെട്രോളൊഴിച്ച്‌ തീവയ്‌ക്കാന്‍ ശ്രമിച്ച രവി എന്ന വയോധികന്‌ ഇതു തിരിച്ചറിയാന്‍ ഏതാണ്ട്‌ മുപ്പത്തിയഞ്ച്‌ വര്‍ഷം വില്ലേജ്‌ ഓഫീസ്‌ കയറിയിറങ്ങേണ്ടിവന്നു. രവി പിന്നെ എന്തുചെയ്യണമായിരുന്നു? പെട്രോള്‍ ഒഴിച്ചതിനുപകരം പാലഭിഷേകം നടത്തണമായിരുന്നോ?
uploads/news/2018/05/217980/ker;govt.jpg

'' രവിയുടെ വിധി

കാഞ്ഞിരമറ്റം, പാലക്കുന്നുമല, ചക്കാലയ്‌ക്കല്‍ രവിക്കു പ്രായം എഴുപതായി. 1982-ല്‍ നാട്ടില്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമി വാങ്ങി; സെന്റിന്‌ 240 രൂപയ്‌ക്ക്‌. പിന്നീട്‌ മുക്കാല്‍ ഏക്കര്‍ വിറ്റു. ബാക്കിയുള്ള ഒരേക്കര്‍ സ്‌ഥലത്തിന്റെ റീസര്‍വേ നടത്തിക്കിട്ടാനായി അന്നു മുതല്‍ രവി വില്ലേജ്‌ ഓഫീസ്‌ കയറിയിറങ്ങി. ഓരോ തവണയും പതിവ്‌ ഒഴിവുകഴിവുകള്‍. കേട്ടുകേട്ടു മടുത്തു. പ്രായവും കടന്നുപോകുന്നു...എല്ലാ പ്രതീക്ഷയും തീര്‍ന്നു.

രവി പിന്നെ ഒന്നും ആലോചിച്ചില്ല. പതിവുപോലെ അടുത്തദിവസവും വില്ലേജ്‌ ഓഫീസിലെത്തി. സര്‍വേ ഇനി എന്നു പൂര്‍ത്തിയാകുമെന്നു കരച്ചിലിന്റെ വക്കിലെത്തിയ അവസാന ചോദ്യം. വില്ലേജ്‌ ഓഫീസര്‍ കൈമലര്‍ത്തി. കൈയില്‍ കരുതിയിരുന്ന കുറച്ച്‌ പെട്രോള്‍, തന്നെ നോക്കി പരിഹസിക്കുന്ന മേശയിലെ ഫയല്‍ക്കൂമ്പാരത്തിലേക്ക്‌ ഒഴിച്ച്‌ തീ കത്തിച്ചു.

രവി അവിടെനിന്ന്‌ ഇറങ്ങിയോടി. ദൂരെയെങ്ങും പോയില്ല. കാഞ്ഞിരമറ്റത്തുതന്നെ കാത്തുനിന്നു. പോലീസ്‌ പിടികൂടി. സ്‌ഫോടകവസ്‌തുക്കള്‍ ഉപയോഗിച്ച്‌ നാശംവരുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്തു രവിയെ അറസ്‌റ്റ്‌ ചെയ്‌തു. ആള്‍ അകത്തുകിടക്കുന്നു.
എല്ലാം പതിവുപോലെ.

വില്ലേജ്‌ ഓഫീസിലെ മാറാല പിടിച്ച നാല്‌ കടലാസുകള്‍ വെന്തു. ജീവനക്കാര്‍ സംതൃപ്‌തരായി. റീസര്‍വേ എന്നും പറഞ്ഞു കടന്നുവന്നിരുന്ന ആ ശല്യം എന്നെന്നേക്കുമായി തീര്‍ന്നല്ലോ. രവി ഇനി കേസില്‍ തൂങ്ങി ജീവിതം തീര്‍ത്തുകൊള്ളും. ഇനി അഥവാ കേസും കഴിഞ്ഞ്‌ വീണ്ടും ഇതേ ആവശ്യത്തിന്‌ വില്ലേജ്‌ ഓഫീസില്‍ കയറിവരാന്‍ ധൈര്യപ്പെടുമോ? സ്‌ഫോടനം നടത്തിയ ഉഗ്രന്‍ തീവ്രവാദി...

വന്നാല്‍ തന്നെ യൂണിയന്‍കാര്‍ ആ എഴുപതുകാരനെ വെറുതെ വിടുമോ? എഴുപതുകാരനോ സ്‌ഫോടനക്കേസിലെ പ്രതി കേസും തീര്‍ത്ത്‌ തിരിച്ചുവരുമ്പോഴേക്കും ചുരുങ്ങിയത്‌ എണ്‍പതുകാരനായിരിക്കും.
അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം? ആമ്പല്ലൂര്‍ വില്ലേജ്‌ ഓഫീസിലെ ജീവനക്കാര്‍ക്ക്‌ ആശ്വസിപ്പിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍...
സര്‍ക്കാര്‍ ജീവനക്കാരോടാ കളി?

രവി ഉഗ്രന്‍ സ്‌ഫോടനം നടത്തി നശിപ്പിച്ച രേഖകളുടെ കൂട്ടത്തില്‍ അയാളുടെ റീസര്‍വേ രേഖകള്‍ കൂടി ഉണ്ടായിരുന്നുവെന്ന്‌ വില്ലേജ്‌ ഓഫീസില്‍നിന്ന്‌ അറിയിപ്പുണ്ടാകും; അതോടെ ആ കഥയും തീര്‍ന്നു.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന്‌ ആരോ പറഞ്ഞത്‌ എവിടെയോ കേട്ടതുപോലെ.
ഓരോ ഫയലും ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്റെ ഗര്‍വിന്റെ മുഖചിത്രമുള്ളതാണ്‌. ആമ്പല്ലൂര്‍ വില്ലേജ്‌ ഓഫീസിനു പെട്രോളൊഴിച്ച്‌ തീവയ്‌ക്കാന്‍ ശ്രമിച്ച രവി എന്ന വയോധികന്‌ ഇതു തിരിച്ചറിയാന്‍ ഏതാണ്ട്‌ മുപ്പത്തിയഞ്ച്‌ വര്‍ഷം വില്ലേജ്‌ ഓഫീസ്‌ കയറിയിറങ്ങേണ്ടിവന്നു.

രവി പിന്നെ എന്തുചെയ്യണമായിരുന്നു? പെട്രോള്‍ ഒഴിച്ചതിനുപകരം പാലഭിഷേകം നടത്തണമായിരുന്നോ? വില്ലേജ്‌ ഓഫീസര്‍ കനിയാന്‍ ഗണപതിക്കു തേങ്ങ അടിക്കണമായിരുന്നോ? രവിയെപ്പോലുള്ളവര്‍ മാവോവാദികള്‍ ആയില്ലെങ്കിലോ അത്ഭുതമുള്ളൂ; കേരളത്തില്‍ മാവോവാദത്തിനു വിത്തുപാകുന്നത്‌ ഒരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരാണ്‌.

***രാജുവിന്റെ വഴി

ബ്യൂറോക്രസിയുടെ വലയില്‍ കുടുങ്ങി, ഒടുങ്ങിപ്പോയ കാഞ്ഞിരമറ്റത്തെ രവി വിധിക്കു കീഴടങ്ങുകയാകും. എന്നാല്‍, ഇത്തരം ദൃശ്യവും അദൃശ്യവുമായ വലകളെ അറുത്തുമുറിച്ച്‌ നെഞ്ചുവിരിച്ചുനില്‍ക്കുന്ന ഒരു വ്യവസായിയുടെ പ്രസംഗം തിരുവല്ലയില്‍ കേട്ടു. പേര്‌ എന്‍.എം. രാജു; നെടുംപറമ്പില്‍ കോര്‍പ്പറേറ്റ്‌ എന്ന ധനകാര്യസ്‌ഥാപനത്തിന്റെ ചെയര്‍മാന്‍. തന്റെ വിവിധ സ്‌ഥാപനങ്ങളിലെ മാനേജര്‍മാരുടെ ഒരു യോഗം എന്‍.എം. രാജു വിളിച്ചുചേര്‍ത്തു. കോര്‍പ്പറേറ്റ്‌ സ്വഭാവമുള്ള യോഗം. ഔപചാരികതയില്‍, അതേ വേഷവിതാനങ്ങളില്‍ ഉദ്യോഗസ്‌ഥരും ഡയറക്‌ടര്‍മാരും. തനി, നാടന്‍മട്ടില്‍ ഖദര്‍മുണ്ടും ഷര്‍ട്ടും ധരിച്ച്‌ ചെയര്‍മാന്‍; എല്ലാം കേട്ടിരുന്നശേഷം ഇങ്ങനെ തുടങ്ങി.

എല്ലാവരും പറയും സ്വപ്‌നം കാണണമെന്ന്‌; എന്നാല്‍, സ്വപ്‌നം കാണാന്‍ അവസരം നിഷേധിക്കപ്പെട്ട ഒരാളായിരുന്നു ഞാന്‍. എങ്ങനെ കാണും? ചെറുപ്രായത്തിലെ ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടം. അലച്ചില്‍, കഷ്‌ടപ്പാട്‌. മര്യാദയ്‌ക്ക്‌ ഒരിടത്തിരുന്നിട്ടുവേണ്ടേ സ്വപ്‌നം കാണാന്‍...
1981-ല്‍ ഒരു ഒറ്റമുറിയില്‍ ഞാനീ സ്‌ഥാപനം തുടങ്ങി. തൂപ്പുകാരനും കാഷ്യറും മുതലാളിയും ഞാന്‍ മാത്രം. ആദ്യം പരിഹാസം, അവഗണന, ഞാന്‍ ഓടിക്കൊണ്ടിരുന്നു; വീണും എഴുന്നേറ്റും ഓടി. ഓരോ ദിവസവും ദൈവമേ ഒരു പ്രതിസന്ധിയെങ്കിലും തരേണമേ എന്നാണ്‌ പ്രാര്‍ത്ഥന. ഓരോ ദിവസവും എഴുന്നേറ്റു പ്രതിസന്ധികള്‍ തീര്‍ക്കണം;

അതാ, സംതൃപ്‌തി. എല്ലാവരും ഭാഗ്യം കിട്ടണേ എന്നാഗ്രഹിക്കും. എനിക്കു പ്രതിസന്ധി മതി. നല്ല സമയം, ഭാഗ്യം ഇതൊന്നുമില്ല. നന്നായി ആത്മാര്‍ത്ഥമായി ജോലി ചെയ്‌താല്‍ ഫലം കിട്ടും. എനിക്കു ഭാഗ്യം വേണ്ട. ഈ ആകാശം താഴോട്ടുവന്നാല്‍ ഞാന്‍ നെഞ്ചുവിരിച്ചു പറ്റുന്നോണം താങ്ങിപിടിക്കും. കുറച്ചു കാലമേ നമ്മള്‍ ഇവിടെയുള്ളൂ; പ്രവര്‍ത്തിക്കൂ സുഹൃത്തുക്കളേ. ചാവുമ്പം ഇതൊന്നും കൊണ്ടുപോവില്ല. പക്ഷേ, ജീവിച്ചിരുന്നതിന്‌ ഒരു ന്യായീകരണം വേണം. പിന്നെ, ഒറ്റമുറിയില്‍ പല ദിവസങ്ങളില്‍ ഞാനും ഭാര്യയുമിരുന്നു കരഞ്ഞിട്ടുണ്ട്‌. ഒന്നും കിട്ടാത്ത ഒന്നുമില്ലാത്ത ദിവസങ്ങള്‍.
അന്ന്‌ ആദ്യത്തെ നിക്ഷേപം മൂവായിരം രൂപയായിരുന്നു. ഇപ്പോള്‍ നമ്മുടെ കഴിഞ്ഞ വര്‍ഷത്തെ നിക്ഷേപം നൂറ്റി അന്‍പതു കോടിയില്‍പ്പരം...

നിറയുന്ന കണ്ണുകളുമായി കേള്‍വിക്കാര്‍.
നിറയാത്ത കണ്ണുകളുമായി പ്രസംഗകന്‍.

Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 18 May 2018 02.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW