Friday, April 19, 2019 Last Updated 6 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 03.00 PM

അഴകിന്റെ ദേവാംഗന

''ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ നായിക അഞ്ജലി അമീറിന്റെ വിശേഷങ്ങള്‍''
uploads/news/2018/05/217757/anjilyameer170518.jpg

തന്റെയുള്ളിലെ പുരുഷനെ തുടച്ചുനീക്കി മനസുകൊണ്ടും ശരീരംകൊണ്ടും സ്ത്രീയായി മാറിയവളാണ് അഞ്ജലി അമീര്‍. ചെറു പ്രായത്തിനുള്ളില്‍ അഞ്ജലി നേരിട്ട പ്രയാസങ്ങളും കഷ്ടങ്ങളുമെല്ലാം അസഹനീയമായിരുന്നു. പക്ഷേ ആ വിഷമങ്ങള്‍ക്കൊ ന്നും അവളുടെ ജീവിതത്തില്‍ സ്ഥാനമില്ല. അതേക്കുറിച്ച് ചിന്തിക്കാന്‍ പോലും ആഗ്രഹിക്കുന്നുമില്ല.

മോഡലിംഗിലും ടി.വി ഷോകളിലും തിളങ്ങിനിന്ന അഞ്ജലി ഇന്ന് ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ നായികയാണ്. തെലുങ്ക്,തമിഴ്, കന്നട സിനിമകളില്‍ നായികയായിത്തന്നെയാണ് അരങ്ങേറ്റം.

മമ്മൂട്ടിയുടെ നായികയായി പേരന്‍പ് എന്ന തമിഴ് ചിത്രത്തി ല്‍ അഭിനയിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് അഞ്ജലി കരുതുന്നു. ജീവിതത്തെക്കുറിച്ച് അഞ്ജലി അമീര്‍ മനസുതുറക്കുന്നു...

മമ്മൂട്ടിയുടെ നായികയായാണല്ലോ തുടക്കം?


സിനിമയിലഭിനയിക്കണമെന്ന് ചെറുപ്പത്തിലേയുള്ള ആഗ്രഹമാണ്. നേരത്തെ മോഡലിംഗ് ചെയ്തിരുന്നു. അതിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. മമ്മൂട്ടിയോടൊപ്പം അതും നായികയായി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്; ഒപ്പം അഭിമാനവും!

റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പിലാണ് മമ്മൂക്കയോടൊപ്പം അഭിനയിച്ചത്. ടിവി ഷോകളിലും മോഡലിംഗിലും സജീവമായിരുന്നപ്പോള്‍ എനിക്കൊരു ചാനലില്‍ അവതാരകയാകാന്‍ അവസരം കിട്ടി.

ഐഡന്റിറ്റി തുറന്നുപറഞ്ഞുതന്നെയാണ് ഞാന്‍ അവിടെ ചെന്നത്. പക്ഷേ ചാനല്‍ എന്റെ ഐഡന്റിറ്റി മറച്ചുവച്ചു. കുറച്ച് അഭിപ്രായവൃത്യാസങ്ങളൊക്കെയുണ്ടായി.

ഇതേക്കുറിച്ച് ഒരു ഇന്റര്‍വ്യുവില്‍ പറഞ്ഞത് മമ്മൂക്ക കേട്ടു. അങ്ങനെയാണദ്ദേഹം എന്നെ ശ്രദ്ധിക്കുന്നത്. പിന്നീട് പേരന്‍പില്‍ നായികയാകാന്‍ എന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.

മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോള്‍?


ഷൂട്ടിംഗ് കഴിഞ്ഞിട്ട് എട്ട് മാസമായി. ചെന്നൈയിലായിരുന്നു ഷൂട്ടിംഗ്. ക്യാമറയുടെ മുന്നില്‍ നില്‍ക്കാന്‍ തന്നെ എനിക്ക് പേടിയും ടെന്‍ഷനുമായിരുന്നു. വളരെ പേടിച്ചാണ് ആദ്യ ഷോട്ടില്‍ അഭിനയിച്ചത്. അപ്പോള്‍ മമ്മൂക്ക പറഞ്ഞു::ഇങ്ങനെ മതി. നന്നായി ചെയ്യുന്നുണ്ടല്ലോ.. അപ്പോഴാണ് എനിക്ക് ആശ്വാസമായത്.

മമ്മൂക്കയുടെ വാക്കുകള്‍ ഒരുപാട് പ്രചോദനം നല്‍കി. പിന്നീടങ്ങോട്ട് ടെന്‍ഷനൊന്നും തോന്നിയില്ല. നാഷനല്‍ അവാര്‍ഡ് വിന്നറായ സാധനയും ആ ചിത്രത്തിലുണ്ടായിരുന്നു.

uploads/news/2018/05/217757/anjilyameer170518c.jpg

മമ്മൂക്കയുടെ മാനറിസങ്ങളൊക്കെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. നെടുനീളന്‍ ഡയലോഗുകളുണ്ടെങ്കിലും ചിലപ്പോഴൊക്കെ അത്ഭുതപ്പെടുത്തുന്ന ഒരു എക്‌സ്പ്രഷനായിരിക്കും മമ്മൂക്ക ഇടുന്നത്. അതൊക്കെ വലിയ പാഠങ്ങളായിരുന്നു.

സെലിബ്രിറ്റിയായപ്പോള്‍?


നമ്മളെ നാലാള്‍ തിരിച്ചറിയുന്നുണ്ടെന്നുപറയുന്നത് ഒരംഗീകാരം തന്നെയാണ്. ആ സ്‌നേഹവും അംഗീകാരവുമാണ് തുടര്‍ ന്നും അഭിനയിക്കണം എന്ന തോന്നലുണ്ടാക്കുന്നത്. കന്നടയിലും തെലുങ്കിലും നായികയായി ഓരോ സിനിമചെയ്തു. ഒരു തമിഴ് സിനിമ ചെയ്യാന്‍ പോകുന്നു

ഏത് ഭാഷയാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍?


നമ്മുടെ കംഫര്‍ട്ട് നമ്മുടെ കൈയില്‍ത്തന്നെയാണ്. നമ്മള്‍ എങ്ങനെ നില്‍ക്കുന്നു, ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതിനെയൊക്കെയാശ്രയിച്ചിരിക്കും അത്.

നമ്മുടെ നിയന്ത്രണം നമ്മുടെ കൈയില്‍തന്നെയാണ്. നമ്മള്‍ അവസരം കൊടുത്താല്‍ മാത്രമേ ആളുകള്‍ നമ്മളോട് മോശമായും നന്നായും ഒക്കെ പെരുമാറുകയുള്ളൂ. ആളുകളെ ഏറ്റവും നന്നായി അറിയാനും മനസിലാക്കാനും കഴിയുന്ന ഫീല്‍ഡാണ് ഫിലിം ഇന്‍ഡസ്ട്രി.

ജീവിതത്തില്‍ ഏറ്റവും കടപ്പാട്...?


ആരോടുമില്ല. അത്ര സൗഹൃദമോ സെന്റിമെന്‍സോ ഉള്ള വ്യക്തിയല്ല ഞാന്‍. എന്റെ ഭാഗത്തുകൂടി ജീവിച്ചുപോകുന്നു. ഏറെയിഷ്ടപ്പെടുന്ന സിനിമയിലേക്കൊരു അവസരം മമ്മൂക്ക വഴിയാണ് കിട്ടിയത്. അ തുകൊണ്ട് മമ്മൂക്കയോടൊരു അടുപ്പമുണ്ട്.

ഒരാളോട് കടപ്പാട് തോന്നണമെങ്കില്‍ നമ്മുടെ ജീവിതത്തില്‍ അത്രയും സ്വാധീനം ചെലുത്തിയ ആളായിരിക്കണം. എന്റെ ലൈഫില്‍ അങ്ങനുളളവര്‍ വളരെ കുറവാ ണ്. മനസില്‍ എന്താണോ തോന്നുന്നത്, എന്താണോ പറയാന്‍ ആഗ്രഹിക്കുന്നത് അത് ഞാന്‍ പറയുന്നു, പ്രവര്‍ത്തിക്കുന്നു. അത്രമാത്രം.

വീട്ടില്‍നിന്നുള്ള പിന്‍തുണ?


വീട്ടുകാരുടെ ഭാഗത്തുനിന്ന് ധാരാളം സപ്പോര്‍ട്ടുണ്ട്. ഞാന്‍ നല്ലൊരു പൊസിഷനി ല്‍ വരണം, നന്നായി ജീവിക്കണം എന്നാഗ്രഹിക്കുന്നവരാണ് അവര്‍. വീട്ടുകാരെക്കൊണ്ട് കഴിയുംപോലെ സപ്പോര്‍ട്ട് ചെയ്യാറുമുണ്ട്.

ഫേസ്ബുക്കിലൂടെയും മറ്റും സാമൂഹിക വിഷയങ്ങളോട് പ്രതികരിക്കാറുണ്ടല്ലോ?


എനിക്ക് ശരിയെന്ന് തോന്നുന്ന എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയാറുണ്ട്. എന്തിലെങ്കിലും പ്രതികരിച്ചാല്‍ നാലുപാടുനിന്നും പൊങ്കാലയാണ്. അത്തരം കാര്യങ്ങള്‍ ഒഴിവാക്കാമല്ലോ എന്നുകരുതിയാണ് പലരും അഭിപ്രായങ്ങള്‍ തുറന്നുപറയാത്തത്.

നമ്മുടെ സ്വതന്ത്ര ചിന്താഗതി അടിച്ചമര്‍ത്താനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നത്. ശരിയാണെങ്കില്‍കൂടി അതിനെതിരേ പറയാനേ ആളുണ്ടാവൂ. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഇടമാണു കേരളം. സദാചാര പോലീസും കപടസദാചാരക്കാരുമാണ് ഇവിടെയധികം.

uploads/news/2018/05/217757/anjilyameer170518b.jpg

മല്ലിക സുകുമാരനെ പിന്‍തുണച്ച് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നല്ലോ?


വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പരിപാടിയില്‍ മല്ലികാസുകുമാരന്‍ സ്വന്തം മകന് ലംബോര്‍ഗിനി ഉണ്ടെന്നുപറഞ്ഞത് ഒരുതെറ്റാണോ? വാഹനങ്ങളെക്കുറിച്ചുള്ള പ്രോഗ്രാമില്‍ അടുക്കളയില്‍ കറിവയ്ക്കുന്നതിനെക്കുറിച്ച് ആരെങ്കിലും പറയാറുണ്ടോ?

മല്ലിക സുകുമാരനെ പിന്‍തുണച്ച് അഞ്ജലി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില വ്യക്തികള്‍ അവരുടെ മഹത്തരവും സാമൂഹിക പ്രതിബദ്ധത നിറഞ്ഞതുമായ പേജുകളിലൂടെ ശ്രീമതി 'മല്ലികാ സുകുമാരനെ'തിരെ നടത്തുന്ന 'Cyber Bullying' ആണ് ഇത്തരം ഒരു പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്.

താരങ്ങളുടെ വീടുകളിലെ വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ചാനലിലെ പരിപാടി. അതില്‍ ഒരു എപ്പിസോഡില്‍ മല്ലികാ സുകുമാരന്‍ അതിഥിയായി എത്തുന്നു.താനും മക്കളും ഉപയോഗിക്കുന്ന വാഹനങ്ങളെ പറ്റി പറയുന്ന കൂട്ടത്തില്‍ തന്റെ മകന്‍ 'പൃഥ്വിരാജ്' വാങ്ങിയ ലംബോര്‍ഗിനിയെ പ്പറ്റിയും സ്വാഭാവികമായും ആ അമ്മ പറയുന്നു.

തിരുവനന്തപുരത്തെ വീട്ടിലേയ്ക്ക് ഇതുവരെ കൊച്ചിയില്‍ നിന്നും മകന്‍ കാര്‍ കൊണ്ടുവരാത്തത് വീട്ടിലേയ്ക്കുള്ള വഴി മോശമായത് കൊണ്ടാണെന്നും, വര്‍ഷങ്ങളായി പരാതി പറഞ്ഞ് മടുത്തെന്നും അവര് അഭിമുഖത്തില്‍ പറയുന്നു.
ഇത്രയേ ഉള്ളു സംഭവം.

ട്രോളന്മാരും, പേജ് മൊയലാളിമാരും അടങ്ങിയിരിക്കുമോ ?
സ്വന്തം മകന് 'ലംബോര്‍ഗിനി' ഉണ്ടെന്ന് പറഞ്ഞത് വലിയ അപരാധമാണത്രെ?? തള്ളാണത്രേ? അതും വീട്ടിലോട്ടുള്ള വഴി മോശമായി കിടക്കുകയാണെന്ന് പറഞ്ഞാല്‍ അത് വലിയ പൊങ്ങച്ചമാണത്രേ..?

'തള്ള് കുറയ്ക്ക് അമ്മായി'. 'അമ്മച്ചീ പൊങ്ങച്ചം കാണിയ്ക്കാതെ' എന്നൊക്കെ പറഞ്ഞ് നമ്മുടെ ട്രോളന്മാര്‍ അങ്ങ് അഴിഞ്ഞാടാന്‍ തുടങ്ങി.
എനിക്ക് ചോദിക്കാനുള്ളത് ഇത്രയേ ഉള്ളു.

uploads/news/2018/05/217757/anjilyameer170518a.jpg

വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പരിപാടിയില്‍ അവര്‍ തന്റെ മകന്റെ ലംബോര്‍ഗിനിയെ പറ്റിയല്ലാതെ അപ്പുറത്തെ പറമ്പില്‍ കുലച്ച് നില്‍ക്കുന്ന കപ്പക്കുലയെ പറ്റിയാണോ പറയേണ്ടത്?

'എടേയ് നമുക്കും നമ്മട വീട്ടിലുള്ളവര്‍ക്കും ഒരു സൈക്കിള്‍ പോലും വാങ്ങാന്‍ ഗതിയില്ലാത്തതിന്' അവരെന്ത് പിഴച്ചു?. അവരുടെ മക്കള്‍ നല്ല രീതിയില്‍ സമ്പാദിക്കുന്നു. ആ പൈസയ്ക്ക് അവര്‍ ആവശ്യമുള്ളത് വാങ്ങുന്നു. അതവരുടെ കഴിവ്. അതും നോക്കി എല്ലുംകഷണം നോക്കി ചളുവ ഒലിപ്പിയ്ക്കുന്ന പട്ടിയെ പോലെ ഇരുന്നിട്ട് കാര്യമില്ല.പിന്നെ അടുത്ത പാതകം അവര് വീട്ടിലോട്ടുള്ള റോഡ് മോശമാണെന്ന് പറഞ്ഞത്രേ.

പോണ്ടിച്ചേരിയില്‍ കൊണ്ട് പോയി സര്‍ക്കാരിനെ പറ്റിച്ചൊന്നുമല്ലല്ലോ അവര് കാര്‍ വാങ്ങിയത്. റോഡ് ടാക്‌സ് ആയിട്ട് കേരള സര്‍ക്കാരിന് 50 ലക്ഷത്തോളം രൂപ അടച്ചിട്ട് തന്നെയാണ് അവര് വണ്ടി റോഡിലിറക്കിയത്.

അപ്പോള്‍ അവര്‍ക്ക് ഈ റോഡ് മോശമാണെന്ന് പറയാനുള്ള എല്ലാ അവകാശവുമുണ്ട്. ആ റോഡ് നന്നാക്കി കൊടുക്കാനുള്ള ഉത്തരവാദിത്വം നമ്മുടെ ഭരണകൂടത്തിനുമുണ്ട്.

വീടിന്റെ മുന്നില്‍ ഒരല്‍പം ചെളി കെട്ടി കിടന്നാല്‍ പുറത്തിറങ്ങാത്തവന്മാരാണ് ഇതിനെതിരെ ട്രോളിട്ട് നടക്കുന്നതെന്നതാണ് ഏറ്റവും വലിയ തമാശ.
ഇവിടെ കാറും മല്ലിക സുകുമാരനും പ്രൃഥ്വിരാജുമൊന്നുമല്ല വിഷയം.

മലയാളിയുടെ സ്ഥായിയായ അസൂയ, കുശുമ്പ്, ചൊറിച്ചില്‍ എന്നൊക്കെയുള്ള വികാരങ്ങളുടെ മൂര്‍ത്തീ ഭാവമാണ് മല്ലികാ സുകുമാരനുമേല്‍ എല്ലാവരും കൂടി തീര്‍ക്കുന്നത്.മുമ്പ് 'ഷീലാ കണ്ണന്താനത്തെ' ആക്രമിച്ചതും ഇതേ മനോ വൈകല്യങ്ങള്‍ നിറഞ്ഞവരാണ്.

ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീ തന്റെ രണ്ട് മക്കളെയും ആരുടെയും കാല് പിടിയ്ക്കാതെ കഷ്ടപ്പെട്ട് വളര്‍ത്തുക, ആ രണ്ട് മക്കളും ലോകമറിയുന്ന നിലയില്‍ വളരുക, എതിരാളികളെ പോലും ആരാധകരാക്കി മാറ്റുക , ആ അമ്മയ്ക്ക് അഭിമാനമായി മാറുക..
ശോ .. ഇതെങ്ങനെ ഞങ്ങള്‍ മലയാളികള്‍ സഹിക്കും..
ഞാന്‍ നന്നായില്ലേലും കുഴപ്പമില്ല.. എന്റെ അയല്‍വാസി നശിക്കണേ എന്റെ ദൈവമേ....

സഞ്ചാരസ്വാതന്ത്ര്യം ഇന്നും സ്ത്രീക്ക് വെല്ലുവിളിയല്ലേ?


സഞ്ചാര സ്വാതന്ത്ര്യത്തിനു കൊതിക്കുന്ന കുറേ പെണ്‍കുട്ടികളുണ്ട്. അതൊരു അബദ്ധ ധാരണയാണ്. കാരണം രാത്രി 12 മണിക്കും ഒരുമണിക്കുമൊക്കെ നടക്കുന്നവരാണ് സഞ്ചാരസ്വാന്ത്ര്യം എന്നൊക്കെ പറഞ്ഞ് മുറവിളി കൂട്ടുന്നത്. അത്രയ്ക്കുള്ള സഞ്ചാരസ്വാതന്ത്ര്യത്തിന്റെ ആവശ്യമുണ്ടോ? അതിനെ ഞാന്‍ അംഗീകരിക്കുന്നില്ല.
uploads/news/2018/05/217757/anjilyameer170518d.jpg

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം?


എനിക്കൊരു പങ്കാളിയുണ്ട്. അദ്ദേഹത്തി ന്റെയൊപ്പം താമസിക്കുന്നു. ആ ജീവിതമാണ് ഇപ്പോഴത്തെ വലിയ സന്തോഷം.

ആരോടൊപ്പം അഭിനയിക്കാനാണ് ഏറ്റവും ഇഷ്ടം?


ദുല്‍ഖറിന്റെയൊപ്പവും ടൊവിനോയോടൊപ്പവും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. നേരിട്ടുകാണാന്‍ ആഗ്രഹിക്കുന്ന ഒരു നടനാണ് ദുല്‍ഖര്‍.

തിരിഞ്ഞുനോക്കുമ്പോള്‍ ?


ഞാന്‍ തിരിഞ്ഞുനോക്കാനോ മുന്നോട്ട് നോക്കാനോ ആഗ്രഹിക്കുന്നില്ല. ഇങ്ങനെയൊക്കെത്തന്നെ പോകാനാണ് ആഗ്രഹം. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അതേക്കുറിച്ചൊന്നും ഓര്‍ക്കാറില്ല. ഇപ്പോള്‍ ഞാന്‍ ഒരു വഴി കണ്ടിട്ടുണ്ട്. ആ വഴിയിലൂടെ മുന്നോട്ട് പോകുമ്പോള്‍ അറിയാം ഇനി എന്തുചെയ്യണമെന്നുള്ളത്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW