Saturday, March 23, 2019 Last Updated 46 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 11.57 AM

ഒരു റൈസ്മില്‍ തൊഴിലാളിയില്‍ നിന്നും മൂന്ന് തവണ മുഖ്യമന്ത്രി പദത്തിലേക്ക് ; ഇങ്ങിനെയായിരുന്നു യെദ്യൂരപ്പയുടെ സിനിമയെ വെല്ലുന്ന രാഷ്ട്രീയ ജീവിതം

uploads/news/2018/05/217731/bs-yedyurappa.jpg

ബംഗലുരു: പന്ത് സുപ്രീംകോടതിയുടെ കോര്‍ട്ടിലായിരിക്കെ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ബിജെപി നേതാവ് യെദ്യൂരപ്പയുടെ കസേരയുടെ കാര്യത്തില്‍ അന്തിമ തീരുമാനം നാളെയാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ 22 ാം മുഖ്യമന്ത്രി പദത്തിലേക്ക് യെദ്യൂരപ്പയുടെ ഉയര്‍ച്ച കഠിനാദ്ധ്വാനത്തിന്റേതാണ്. വെറും ക്‌ളാര്‍ക്കായി ജനസേവനം തുടങ്ങിയ യെദ്യൂരപ്പയുടെ രാഷ്ട്രീയ കരിയര്‍ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത് അനേകം ട്വിസ്റ്റും ടേണുമായിട്ടാണ്.

മാണ്ഡ്യയിലെ ബൂനാങ്കരേ ഗ്രാമത്തില്‍ സിദ്ധലിംഗപ്പയ്ക്കും പുട്ടതായമ്മയ്ക്കും 1943 ഫെബ്രുവരി 27 ന് ജനിച്ച ബിഎസ് യദ്യൂരപ്പ കലയില്‍ ബിരുദം നേടിയ ശേഷം സാമൂഹ്യക്ഷേമ വകുപ്പില്‍ സര്‍ക്കാര്‍ ജീവനക്കാരനായാണ് ജനസേവനം തുടങ്ങിയത്. പിന്നീട് ജോലി രാജിവെച്ച് ശിക്കാരിപ്പുരയിലേക്ക് പോയ യദ്യൂരപ്പ വീരഭദ്രന്‍ ശാസ്ത്രീ റൈസ് മില്ലില്‍ ക്‌ളാര്‍ക്കായി ജോലി ഏറ്റെടുത്തു. ജോലിക്കിടയില്‍ മില്ലുടമയുടെ മകള്‍ മൈത്രാദേവിയുമായി യദ്യൂരപ്പ പ്രണയത്തിലായി. പിന്നീട് ഒരു ഹാര്‍ഡ്‌വെയര്‍ ഷോപ്പ് തുറന്ന യെദ്യുരപ്പ മൈത്രാദേവിയെ വിവാഹം കഴിക്കുകയും ചെയ്തു.

എന്നാല്‍ അതുകൊണ്ടും തൃപ്തി അടയാത്ത യെദയൂരപ്പ ആര്‍എസ്എസില്‍ ചേരുകയും കാര്യകര്‍ത്താ പദവിയിലേക്ക് നിയോഗിതനാകുകയും ചെയ്തു. 1973 ല്‍ അദ്ദേഹം ഷിവമോഗ ജില്ലയിലെ സംഘ് തലവന്‍ സ്ഥാനത്തേക്കാണ് ഉയര്‍ന്നത്. ഇത് യെദ്യൂരപ്പയുടെ രാഷ്ട്രീയ പ്രവേശമായി മാറുകയായിരുന്നു. രാഷ്ട്രീയ ഇടനാഴിയില്‍ ശിക്കാരിപ്പുര മുനിസിപ്പല്‍ കൗണ്‍സില്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1977 ല്‍ ഒരിക്കല്‍ കൂടി അദ്ദേഹം ഇതേ സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ടു.

1970 ല്‍ ഷിമോഗ ജില്ലയിലെ ഭൂമിയില്ലാത്ത കര്‍ഷകത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തത് മുതലാണ് യെദ്യുരപ്പ ശരിക്കും താരമായി തുടങ്ങിയത്. കൃഷിഭൂമിയില്‍ യൂക്കാലിപ്‌സ് മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള വനം വകുപ്പിന്റെ പദ്ധതി തടഞ്ഞ് ഭൂമി കര്‍ഷകര്‍ക്ക് നല്‍കുന്ന രീതിയിലുള്ള 'ലാന്‍ഡ് ടൂ ടില്ലര്‍' പദ്ധതി അദ്ദേഹത്തിന് കര്‍ഷകരുടെ വലിയ പിന്തുണ നേടിക്കൊടുത്തു. ഭൂമി നഷ്ടമാകുന്ന കര്‍ഷകരുടെ പുനരധിവാസം ആവശ്യപ്പെട്ട് 1,700 കര്‍ഷകരുമായി ഷിവമോഗ ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും നടത്തി.

1980 ലാണ് യെദ്യൂരപ്പ ബിജെപിയില്‍ ചേര്‍ന്നത്. സിദ്ധരാമയ്യ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട 1983 ല്‍ തന്നെ യദ്യൂരപ്പ ശിക്കാരിപ്പുരയില്‍ നിന്നും എംഎല്‍എ യായി തെരഞ്ഞെടുക്കപ്പെട്ടു. 1985 നും 88 നും ഇടയില്‍ ബിജെപി ഷിവമോഗ ജില്ലാ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1985 ല്‍ അദ്ദേഹം വീണ്ടും എംഎല്‍യായി. 1987 ലെ വരള്‍ച്ചാ കാലത്ത ഷിവമോഗ ജില്ലയില്‍ ഉടനീളം സൈക്കിളില്‍ പര്യടനം നടത്തി വിവരശേഖരണം നടത്തുകയും അടിയന്തിരമായി വരള്‍ച്ചാ ദുരിതാശ്വാസം നടത്താന്‍ സര്‍ക്കാരില്‍ ഇടപെടല്‍ നടത്തുക കൂടി ചെയ്തതോടെ അദ്ദേത്തിനുള്ള ജനസമ്മിതി ഇരട്ടിയായി ഉയര്‍ന്നു.

1988 ല്‍ അദ്ദേഹം ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനിലേക്കാണ് ഉയര്‍ന്നത്. 1989 ലും 1994 ലും അദ്ദേഹം നിയമസഭയിലെത്തി. 2000 ല്‍ നിയമസഭാ കൗണ്‍സില്‍ അംഗമായി നിയോഗിതനായ അദ്ദേഹം നാലു വര്‍ഷത്തോളം ഈ പദവിയില്‍ തുടര്‍ന്നു. എന്നാല്‍ എംഎല്‍സിയായും ജനസേവകനായുമുള്ള യെദ്യൂരപ്പയുടെ പ്രവര്‍ത്തി പരിചയം മാനിക്കാതെ അദ്ദേഹത്തിന് മുഖ്യമന്ത്രി പദം നല്‍കുന്നതില്‍ നിന്നും ബിജെപി മുഖം തിരിച്ചതോടെ അദ്ദേഹം ഇടയുകയും ജെഡി എസ് പരിഗണിക്കുകയും ചെയ്‌തെങ്കിലും 2004 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതോടെ അദ്ദേഹം തീരുമാനം മാറ്റി.

2004 ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 79 സീറ്റുകളാണ് ബിജെപിയ്ക്ക് കിട്ടിയത്. കോണ്‍ഗ്രസ് 64 സീറ്റുകളും ജെഡിഎസ് 58 സീറ്റുകളും നേടി. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം അധികാരം നേടിയപ്പോള്‍ യെദ്യൂരപ്പ പ്രതിപക്ഷ നേതാവായി. എന്നാല്‍ ഈ സഖ്യം പിരിയുകയും പിന്നീട് ജെഡിഎസ് ബിജെപിയുമായി കൈ കോര്‍ക്കുകയും ചെയ്തു. ഉപമുഖ്യനായും ധനകാര്യമന്ത്രിയായുമാണ് 2006 ല്‍ യെദ്യൂരപ്പ നിയോഗിതനായത്. അധികാര കൈമാറ്റം സംബന്ധിച്ച് നേരത്തേയുണ്ടാക്കിയ ധാരണ പ്രകാരം 2007 ല്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ ഏഴു ദിവസം മാത്രമായിരുന്നു ആയുസ്. കുമാരസ്വാമിയെ മുഖ്യമന്ത്രിയായി പിന്തുണയ്ക്കാതിരുന്നതിനെ തുടര്‍ന്ന് ജെഡി എസ് പിന്തുണ പിന്‍വലിച്ചതോടെ സഖ്യത്തിന് വിരാമവുമായി.

എന്നാല്‍ 2008 ല്‍ ശക്തമായി ബിജെപി തിരിച്ചടിച്ചതോടെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറി. എന്നിരുന്നാലും ടൂറിസം മന്ത്രി ജനാര്‍ദ്ധന റെഡ്ഡിയും സഹോദരനും അനധികൃത ഖനി വിവാദത്തില്‍ പെട്ടത് യെദ്യൂരപ്പയെയും കുഴിയില്‍ വീഴ്ത്തി. അന്ന് കസേര തെറിച്ച് യെദ്യൂരപ്പ പൊതുജനങ്ങള്‍ക്ക് മുന്നിലിരുന്ന് തേങ്ങിക്കരഞ്ഞു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസ് അദ്ദേഹത്തെ ജയിലിലാക്കുകയും മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ നിയമലംഘനത്തിന് ജയിലിലാകുന്ന ആദ്യ കര്‍ണാടകാ മുഖ്യമന്ത്രിയെന്ന കുപ്രസിദ്ധി നേടുകയും യെദ്യൂരപ്പ ചെയ്തു.

2012 ല്‍ എംഎല്‍എ ആയിരിക്കെ ബിജെപിയുടെ പ്രാഥമികാംഗത്വം തന്നെ രാജി വെച്ചാണ് അദ്ദേഹം പ്രതികരിച്ചത്. 2014 ല്‍ ബിജെപിയിലേക്ക് തിരിച്ചുവരും മുമ്പ് കര്‍ണാടകാ ജനതാ പക്ഷം എന്നൊരു പാര്‍ട്ടിയുണ്ടാക്കി. യെദ്യൂരപ്പയുടെ പിണക്കം 2013 തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സമ്മാനിച്ചത് വന്‍ തോല്‍വിയായിരുന്നു. കര്‍ണാടകാ നിയമസഭയിലേക്കുള്ള ഏറ്റവും പുതിയ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി ഒരിക്കല്‍ കൂടി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യെദ്യുരപ്പ മുഖ്യമന്ത്രിയായി. ഒടുവില്‍ സുപ്രീംകോടതിയിലും നിയമസഭയിലും ഭൂരിപക്ഷം തെളിയിക്കേണ്ട അവസ്ഥയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW