Monday, March 04, 2019 Last Updated 17 Min 17 Sec ago English Edition
Todays E paper
Ads by Google
സാമാജികന്‍ സാക്ഷി / ഡോ.എന്‍. ജയരാജ്‌
Thursday 17 May 2018 02.26 AM

അമ്മമാര്‍തന്നെ പൂതനയാകുമ്പോള്‍, ആരു രക്ഷിക്കും നമ്മുടെ കുട്ടികളെ?

uploads/news/2018/05/217681/bft1.jpg

സമീപകാലത്തായി മാധ്യമങ്ങളില്‍ കുട്ടികളുമായി ബന്ധപ്പെട്ടുവരുന്ന വാര്‍ത്തകള്‍ സാമൂഹികമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്‌. പരിഷ്‌കൃതസമൂഹമെന്നു നാം അവകാശപ്പെടുന്ന കേരളത്തില്‍, തുടര്‍ച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങള്‍ നമ്മെ ലജ്‌ജിപ്പിക്കുന്നു. എടപ്പാളിലെ സിനിമാ തീയറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവം, കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞുങ്ങളെ കുരുതികൊടുത്ത അമ്മ, വെള്ളറടയില്‍ ഒന്‍പതാം ക്ലാസുകാരിയെ സ്വന്തം കാമുകന്‍മാര്‍ക്കു വഴങ്ങാന്‍ നിര്‍ബന്ധിച്ച അമ്മ, അരീക്കോടും നേമത്തുമൊക്കെ നടന്ന സമാനസംഭവങ്ങള്‍...പട്ടിക ദിനംപ്രതി നീളുകയാണ്‌.

ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക അപചയങ്ങളും സസൂക്ഷ്‌മം വിലയിരുത്തപ്പെടണം. വള്ളത്തോളും ബാലാമണിയമ്മയും വൈലോപ്പിള്ളിയും വയലാറുമൊക്കെ എത്രയെത്രയോ കവിതകളിലൂടെ മാതൃത്വത്തിന്റെ മഹത്വം ഉദ്‌ഘോഷിച്ചു. അമ്മയും മക്കളുമായുള്ള ബന്ധം ഒരു തുടര്‍ച്ചയാണ്‌. മുറിഞ്ഞുപോയ പൊക്കിള്‍ക്കൊടികളിലൂടെ തലമുറകള്‍ നെയ്‌തെടുത്ത ജൈവബന്ധം, ഉത്തരവാദിത്വത്തിന്റെയും സംരക്ഷണത്തിന്റെയും സഹനത്തിന്റെയും തലങ്ങളില്‍ ചേര്‍ത്തുവായിക്കേണ്ട ഹൃദയബന്ധം. പൊക്കിള്‍ക്കൊടി ബന്ധവും കാലക്രമേണ ക്ഷയിക്കുമ്പോഴാണോ കലികാലം സംഭവിക്കുന്നത്‌?

മനുഷ്യബന്ധങ്ങള്‍ക്ക്‌ എക്കാലവും ഒരേ രൂപഭാവങ്ങളാകണമെന്നില്ല. ബന്ധങ്ങളും പരിണാമവിധേയമാണ്‌. കാല്‍പനികതയ്‌ക്കപ്പുറം കാലത്തിന്റെ കൈയൊപ്പുകള്‍ ഏതു ബന്ധത്തിനും ക്ഷതമേല്‍പ്പിക്കാം. എന്നാല്‍, അതിനും അതിര്‍വരമ്പുകളുണ്ട്‌. നമ്മുടെ കുഞ്ഞുങ്ങളെ മാനസികമായും ശാരീരികമായും തീവ്രദുഃഖങ്ങളിലേക്കും വിപദ്‌സന്ധികളിലേക്കും വലിച്ചെറിയുന്നതു കണ്ട്‌ സമൂഹം തരിച്ചിരിക്കുന്നു. ഒരിടവും സുരക്ഷിതമല്ലെന്നാണോ സമൂഹത്തിന്റെ നിര്‍വികാരമായ നിസ്സഹായാവസ്‌ഥ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്‌? ആധുനികജീവിതത്തിന്റെ ഭാഗമായ അണുകുടുംബങ്ങളും ശിഥിലബന്ധങ്ങളും എല്ലാ സാമൂഹികസമവാക്യങ്ങളും തെറ്റിക്കുന്നു. ജീവിതത്തിന്റെ തിരക്കുകള്‍ ചൂണ്ടിക്കാട്ടി നാം അതിനൊക്കെ ഒഴിവുകഴിവുകള്‍ നിരത്തുന്നു.

ജീവിതമെന്ന കണക്കുപുസ്‌തകത്തിലെ ശിഷ്‌ടങ്ങളുടെ സ്‌ഥാനത്ത്‌ പൂജ്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. പാരമ്പര്യസംസ്‌കാരങ്ങള്‍ ഒരു പെണ്‍കുട്ടിയില്‍ സ്വാഭാവികമായി സന്നിവേശിപ്പിച്ചിരുന്ന മാതൃഭാവങ്ങള്‍ പൊയ്‌പ്പോയോ? മാതൃഭാവം ഒരു പെണ്‍കുട്ടിയില്‍ ബാല്യത്തിലേ ഉരുവം കൊള്ളുന്നതാണ്‌. അമ്മയായി നടിച്ചു പാവയ്‌ക്കു പാല്‍ കൊടുക്കുകയും താരാട്ടുപാടി ഉറക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളിലൂടെ അവള്‍ നേടുന്നതു മാതൃത്വത്തിന്റെ ആദ്യപാഠങ്ങളാണ്‌. ജീവിതത്തിന്റെ ഓരോഘട്ടത്തിലും ആ പാഠങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടക്കുന്നു. ബാല്യകൗമാരങ്ങള്‍ പിന്നിട്ട്‌, അമ്മയായും അമ്മൂമ്മയായും ജീവിതാന്ത്യം വരെ നീണ്ടുനില്‍ക്കുന്ന കര്‍മകാണ്‌ഠമാണത്‌. അതില്‍ ഇടര്‍ച്ചയുണ്ടാകുന്നുവെന്നാണു സമകാലികസംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്‌.

ഈ സംഭവങ്ങളിലേക്കുള്ള അന്വേഷണങ്ങള്‍ നമ്മെ കൊണ്ടെത്തിക്കുന്ന ഒരു സാമൂഹികപരിസരമുണ്ട്‌. തീവ്രനൈരാശ്യം, ചതിക്കുഴികളില്‍ അകപ്പെട്ടതിന്റെ ആത്മസംഘര്‍ഷം, മാനസിക അടിമത്തം, ആഡംബര ജീവിതശൈലി, അതു കൈവരിക്കാനുള്ള ത്വര, സമൂഹം തിരസ്‌കരിച്ചതിന്റെ പ്രതിപ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെ മാതൃത്വമഹത്വം നഷ്‌ടപ്പെടുന്നതിനു കാരണമാകാം. സുരക്ഷ അന്യമാകുന്നവര്‍ പ്രതികാരമനോഭാവത്തോടെ കുറ്റവാസനകളിലേക്കു തിരിയാം.

പുതുകാലഘട്ടത്തില്‍ കുട്ടികളും മാതാപിതാക്കളുമായുള്ള ആശയവിനിമയത്തിന്റെ സമയം കുറഞ്ഞുവരുന്നു. ആധുനിക വിനോദോപാധികളെല്ലാം ആരോഗ്യകരമായ ആശയവിനിമയത്തെ ഒരുപരിധിവരെ നിരാകരിക്കുന്നവയാണ്‌. കുട്ടികള്‍ക്കു സ്വാതന്ത്ര്യം നല്‍കുമ്പോള്‍, അവര്‍ എല്ലാം സ്വയം തിരിച്ചറിയാന്‍ പ്രാപ്‌തരാണെന്ന മിഥ്യാധാരണയാണു നല്ലൊരുപങ്ക്‌ രക്ഷാകര്‍ത്താക്കളെയും ഭരിക്കുന്നത്‌. ഇത്‌ ഏറെ അപകടകരമാണെന്നു മനഃശാസ്‌ത്രജ്‌ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഡോ. അരുണ്‍ പി. നായരും ഡോ. ദേവികയും ചേര്‍ന്ന്‌, "കൗമാരക്കാരിലെ ലൈംഗികപീഡനം" എന്ന വിഷയത്തില്‍ നടത്തിയ പഠനം ശ്രദ്ധേയമാണ്‌. രക്ഷകരാകേണ്ടവര്‍ ശിക്ഷകരാകുന്ന സാമൂഹികപ്രതിസന്ധി ഗൗരവമായി ചര്‍ച്ചചെയ്യപ്പെടണം.

കേരളീയാന്തരീക്ഷത്തില്‍ സ്‌ത്രീക്കു പുതിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വചിക്കപ്പെട്ടുകഴിഞ്ഞു. കുട്ടികളെ വളര്‍ത്തുന്നതിന്റെ പരിചരണാധ്വാനം സ്‌ത്രീധര്‍മം എന്നതിനപ്പുറത്തേക്കു വീക്ഷിക്കാന്‍ ഇന്നു കഴിയുന്നു. ഇത്‌ ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ സംഭവിച്ച സാമൂഹികമാറ്റമാണ്‌. സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ പരമാവധി വിട്ടുവീഴ്‌ചകള്‍ക്കു സ്‌ത്രീ തയാറായിരുന്നിരിക്കാം. എന്നാല്‍, അതിന്റെ ആന്തരസംഘര്‍ഷങ്ങള്‍ അവളെ എന്നും പിന്തുടര്‍ന്നിരുന്നു. ഫെമിനിസം രൂപപ്പെട്ടതിന്റെ ചരിത്രപശ്‌ചാത്തലവും ഇതാണ്‌.

അമ്മയെന്ന നിലയില്‍ പുതിയ കാലത്തിലെ വ്യക്‌തിത്വത്തിനു മൂന്നുതലങ്ങളുണ്ട്‌- സ്വന്തം സ്വാതന്ത്ര്യത്തിന്റെ തലം, സാമൂഹികപ്രതിബദ്ധതയുടെ തലം, അമ്മയെന്ന കര്‍മതലം എന്നിവ. പരസ്‌പരപൂരകങ്ങളായ ഈ മൂന്നു ഘടകങ്ങള്‍ കൃത്യമായി സംയോജിപ്പിക്കുന്നതില്‍ പരാജയപ്പെടുകയോ ഏതെങ്കിലുമൊന്നിന്‌ അമിതപ്രാധാന്യം കൊടുക്കുകയോ ചെയ്‌തവര്‍ അമ്മയെന്ന നിലയില്‍ പരാജയപ്പെടുന്നു.

സംസ്‌ഥാനത്തെ സ്‌കൂള്‍ കൗണ്‍സലര്‍മാരില്‍നിന്ന്‌ ഇത്തരം ഒട്ടേറെ അനുഭവങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇക്കാര്യത്തില്‍ സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ സേവനം സമൂഹം വേണ്ടപോലെ മനസിലാക്കുന്നില്ല. പല സംഭവങ്ങളും ചൈല്‍ഡ്‌ ലൈനിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ മുഖ്യപങ്കു വഹിക്കുന്നു. എല്ലാ സ്‌കൂളുകളിലും കൗണ്‍സലര്‍മാരെ നിയമിക്കാന്‍ കഴിയാത്തതിനു സാമ്പത്തികപ്രതിസന്ധി കാരണമായി പറയുമ്പോള്‍, അതിനു വലിയവിലയാണു സമൂഹം നല്‍കേണ്ടിവരുക. പോക്‌സോ കേസുകളില്‍ കുട്ടികളുടെ മൊഴിയെടുക്കാന്‍ പോലീസ്‌ യൂണിഫോമില്‍ എത്തുന്നതു പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. ഇത്തരം സംഭവങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്ന കൗണ്‍സലര്‍മാരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതിനാല്‍ അവര്‍ക്കു പല ഭീഷണിയും നേരിടേണ്ടിവരുന്നു. പോക്‌സോ കേസില്‍ രഹസ്യസ്വഭാവം നിലനിര്‍ത്തി, അന്വേഷണം നടത്താന്‍ പോലീസിനു പ്രത്യേകപരിശീലനം നല്‍കണം.

സ്‌ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി ഇതു സംബന്ധിച്ച ആശങ്കകള്‍ പങ്കുവച്ചതാണ്‌. ചില ചര്‍ച്ചകളും ഉണ്ടായി; പക്ഷേ സമഗ്രനടപടികള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന്‌ ഇനിയും ഉണ്ടായിട്ടില്ല. അതിനു സാമൂഹികനീതി വകുപ്പ്‌, വനിതാ-ശിശുവികസനവകുപ്പ്‌, നിയമസഭാസമിതി എന്നിവ നേതൃത്വം നല്‍കണം. സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ സേവനത്തിന്‌ അര്‍ഹമായ പരിഗണനയും പിന്തുണയും സര്‍ക്കാരില്‍നിന്നും സമൂഹത്തില്‍നിന്നും ഉണ്ടാകണം. കാര്യങ്ങള്‍ കൈവിട്ടുപോകുമ്പോള്‍ ലജ്‌ജിക്കുന്നുവെന്നു പറഞ്ഞിട്ടു കാര്യമില്ല.

ഇണയുടെ കൃഷ്‌ണമണിയില്‍ കൊമ്പുരസുമ്പോള്‍ മാന്‍പേട കാണിക്കുന്ന വിശ്വാസംപോലും നമുക്കില്ലാതെ പോകുന്നു. ഭീതിദമായ സമൂഹം ഈ ദുരവസ്‌ഥയില്‍ കത്തിയെരിയുമ്പോള്‍, ഒ.എന്‍.വിയുടെ വരികള്‍ ആവര്‍ത്തിക്കാനുള്ള ആര്‍ജവം നമുക്കുണ്ടാകുമോ? "ഇനി ഞാന്‍ ഉണര്‍ന്നിരിക്കാം, നീയുറങ്ങുക..."

Ads by Google
Ads by Google
Loading...
TRENDING NOW