Wednesday, March 20, 2019 Last Updated 7 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 02.20 AM

റമദാന്‍ സമൂലമാറ്റത്തിന്‌

uploads/news/2018/05/217680/bft2.jpg

റമദാന്‍ വീണ്ടും സത്യവിശ്വാസികളുടെ ജീവിതത്തില്‍ സമാഗതമായി. റമദാന്‍ പരിശീലനക്കളരിയാണ്‌. പുണ്യങ്ങളുടെ പൂക്കാലവും അര്‍പ്പണ ബോധത്തിന്റെ സുദിനങ്ങളും സഹവര്‍ത്തിത്വത്തിന്റെ ദിനരാത്രങ്ങളും കാരുണ്യത്തിന്റെ കൈത്താങ്ങുമാണ്‌ റമദാന്‍.
സത്യവിശ്വാസികളുടെ ജീവിതത്തില്‍ ധാരാളം റമദാനുകള്‍ കടന്നുപോയിട്ടുണ്ട്‌. ഒരു നാല്‍പ്പതു വയസുകാരന്റെ ജീവിതത്തില്‍ പത്തുവയസു മുതല്‍ മുപ്പത്‌ റമദാനുകള്‍ കഴിഞ്ഞുപോയി. അങ്ങനെ കണക്കാക്കുമ്പോള്‍ ഓരോ പ്രായക്കാരും എത്ര റമദാനുകള്‍ ജീവിതത്തില്‍ കഴിഞ്ഞുപോയി എന്ന്‌ അനുമാനിക്കുക. അറുപതുകാരന്‌ അന്‍പത്‌ റമദാനുകള്‍, അന്‍പതുകാരന്‌ നാല്‍പത്‌ റമദാനുകള്‍. അങ്ങനെ പോകുന്നു കണക്ക്‌. അവര്‍ ചിന്തിക്കട്ടെ ജീവിതത്തില്‍ ഇത്രയും റമദാനുകള്‍ എന്ത്‌ പരിവര്‍ത്തനമാണ്‌ ഉണ്ടാക്കിയത്‌ എന്ന്‌, ഈ ആയുസില്‍ എന്ത്‌ മാറ്റമാണ്‌ റമദാന്‍ സമ്മാനിച്ചതെന്നും ആലോചിക്കുക.
വിശുദ്ധ ഖുര്‍ആന്‍ റമദാന്‍ വ്രതത്തെക്കുറിച്ച്‌ പറഞ്ഞത്‌ നിങ്ങള്‍ക്ക്‌ ജീവിതത്തില്‍ ഉടനീളം സൂക്ഷ്‌മത ഉണ്ടാവാനാണ്‌ റമദാന്‍ വ്രതം നിര്‍ബന്ധമാക്കിയത്‌ എന്നാണ്‌.
അങ്ങനെ വരുമ്പോള്‍ എന്താണ്‌ ഈ സൂക്ഷ്‌മത?
(തഖ്‌വ)
തഖ്‌വ വേഗത്തിലും ഭാവത്തിലും രൂപത്തിലും മാത്രമല്ല വ്യക്‌തി, കുടുംബം, സമൂഹം, സാമ്പത്തികം ഇവിടെയെല്ലാം സൂക്ഷ്‌മത (തഖ്‌വ) പാലികേണ്ടതുണ്ട്‌. അഥവാ വ്രതം മനുഷ്യന്റെ എല്ലാ മേഖലകളിലും പരിവര്‍ത്തനം ലക്ഷ്യമാക്കുന്നുവെന്ന്‌ ചുരുക്കം. വ്രതമനുഷ്‌ഠിക്കുന്നവന്‍ വ്യക്‌തി ജീവിതത്തിലെ സ്വകാര്യതയില്‍ പോലും അനിഷ്‌ടങ്ങളും അരുതാത്തതും അശുദ്ധമായതും നിഷിദ്ധമായതും കടന്നുവരാതെ ഏറെ ശ്രദ്ധിക്കും. വ്രതമനുഷ്‌ഠിക്കുന്നവന്‍ സാമ്പത്തിക ഇടപാടിലും ബിസിനസിലും കൊടുക്കല്‍ വാങ്ങലിലും കൃത്യവും വ്യക്‌തവുമായ രീതിയില്‍ ശ്രദ്ധ ചെലുത്തുകയും സൂക്ഷ്‌മത മുറുകെ പിടിക്കുകയും അനുവദനീയമായ മാര്‍ഗം അവലംബിക്കുകയും ചെയ്യും.
റമദാന്‍ വ്രതം അനുഷ്‌ഠിച്ചവന്‍ കുടുംബ ജീവിതത്തില്‍ ഭദ്രത മുറുകെ പിടിക്കും. കുടുംബത്തില്‍ വിള്ളല്‍ വരാതെ സൂക്ഷ്‌മ നിരീക്ഷകനാകും. ബന്ധങ്ങള്‍ക്ക്‌ പവിത്രത കല്‍പ്പിക്കും. അകന്നവരെ അടുപ്പിക്കും. അടുത്തവരെ അകന്നുപോവാതെ ശ്രദ്ധിക്കും. കുടുംബത്തില്‍ അനിസ്ലാമികത്വം വരാതിരിക്കാന്‍ കാവല്‍ക്കാരനായി മാറും. കുടുംബത്തില്‍ ശരി അത്ത്‌ നിയമങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്യും. റമദാനില്‍ വ്രതമനുഷ്‌ഠിച്ചവന്‍ സാമൂഹിക രംഗത്ത്‌ വളരെ സൂക്ഷ്‌മാലുവായി മാറും. മസ്‌ജിദിലും മാര്‍ക്കറ്റിലും പൊതുപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയ സാമൂഹിക രംഗത്തെല്ലാം അതീവ സൂക്ഷ്‌മത കൈമുതലാക്കിക്കൊണ്ട്‌ എല്ലാവിധ അരുതായ്‌മകളിലും പെട്ടുപോകാതെ ജാഗ്രത പുലര്‍ത്തുന്നവനായി മാറി മാതൃകാപരമായ പൊതുപ്രവര്‍ത്തകനായി അറിയപ്പെടണം. വിശുദ്ധ ഖുര്‍-ആന്‍ വ്രതം തഖ്‌വ ഉണ്ടാകാനാണ്‌ എന്ന്‌ ഉത്‌ബോധിപ്പിച്ചതിന്റെ വിവക്ഷ ഇതാണ്‌.
റമദാന്‍ വിശുദ്ധ ഖുര്‍-ആന്‍ അവതീര്‍ണമായ മാസം കൂടിയാണ്‌. ഖുര്‍ ആന്‍ ലോകത്ത്‌ സമൂലമായ മാറ്റം വരുത്തിയ ദൈവിക ഗ്രന്ഥമാണ്‌. മദ്യം, മയക്കുമരുന്ന്‌, വ്യഭിചാരം, പിടിച്ചുപറി, കൊലപാതകം, മോഷണം, കരിഞ്ചന്ത, പൂഴ്‌ത്തിവയ്‌പ്‌, കൈക്കൂലി, ലോട്ടറി, വാത്‌വയ്‌പ്‌, കോഴ, അനീതി, അക്രമം, ഭീകരവാദം, തീവ്രവാദം, ദുര്‍ചെലവ്‌, ആര്‍ഭാടം, സ്‌ത്രീപീഡനം തുടങ്ങി എല്ലാവിധ അധാര്‍മികതകള്‍ക്കെതിരെയും വ്യക്‌തമായ കാഴ്‌ചപ്പാടിലൂടെ നിലപാടുകള്‍ വ്യക്‌തമാക്കി സമൂലമായ പരിവര്‍ത്തനത്തിന്‌ മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ട്‌ ഖുര്‍ ആന്‍ മാനവ സമൂഹത്തിന്‌ അവതരിപ്പിച്ച ഗ്രന്ഥമാണ്‌. ഖുര്‍ ആനും റമദാനും മനുഷ്യന്റെ മനസിനെയും ശരീരത്തെയും സംശുദ്ധമാക്കാനാണ്‌ സ്രഷ്‌ടാവ്‌ നമുക്കു നല്‍കിയതെങ്കില്‍ റമദാനില്‍ വ്രതമനുഷ്‌ഠിക്കുന്നതിനൊപ്പം ഖുര്‍ ആന്‍ പഠനം, വായന ഏറെ പ്രാധാന്യത്തോടെയാണ്‌ കല്‍പ്പിക്കപ്പെടുന്നത്‌. വ്രതവും ഖുര്‍ ആന്‍ പഠനവും ലോകത്ത്‌ ശാന്തിയും സമാധാനവും സമ്മാനിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട.
റമദാന്‍ വ്രതം പരിചയാണെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു. വ്രതമനുഷ്‌ഠിച്ചവന്‍ എല്ലാ തിന്മകളില്‍നിന്നും വിട്ട്‌ നില്‍ക്കുന്നു. ശത്രുവിനെ തടുക്കുന്ന പരിചപോലെ, രോഗിക്ക്‌ മരുന്നുപോലെയാണ്‌ നോമ്പ്‌, അതിന്റെ പഥ്യമാണ്‌ തെറ്റായ വാക്ക്‌ പ്രവര്‍ത്തികളില്‍നിന്ന്‌ വിട്ടുനില്‍ക്കല്‍. തെറ്റായ വാക്കില്‍ നിന്നും പ്രവൃത്തിയില്‍ നിന്നും വിട്ട്‌ നില്‍ക്കാതെ നോമ്പനുഷ്‌ഠിച്ചതുകൊണ്ട്‌ വിശപ്പും ദാഹവും അനുഭവിക്കലല്ലാതെ മറ്റൊരു ഗുണവുമില്ലെന്ന്‌ നബി തിരുമേനി (സ) അറിയിച്ചിട്ടുണ്ട്‌. ഈ രീതിയില്‍ റമദാനിനെ സമീപിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന വിശ്വാസി, മാലാഖമാരേക്കാള്‍ ഔന്നത്യം പ്രാപിക്കുമെന്ന്‌ മനസിലാക്കുക. വ്രതാനുഷ്‌ഠാനങ്ങളിലൂടെ സംശുദ്ധ മനസുമായി പരലോകം പ്രാപിക്കുന്നവനോട്‌ സ്രഷ്‌ടാവ്‌ പറയും ഓ ശാന്തമായ മനസേ നീ നിന്റെ റബ്ബിലേക്ക്‌ തൃപ്‌തനായി മടങ്ങുക. എന്റെ അടിമകളോടൊപ്പം എന്റെ സ്വര്‍ഗത്തിലേക്കു കടന്നുവരിക.

എ.പി. ശിഫാര്‍ മൗലവി

(കോട്ടയം താജ്‌ ജുമാ മസ്‌ജിദ്‌ ചീഫ്‌ ഇമാമാണ്‌ ലേഖകന്‍)

Ads by Google
Thursday 17 May 2018 02.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW