Monday, March 04, 2019 Last Updated 29 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 03.14 PM

കരളിന്റെ ആരോഗ്യത്തിന് ഓരോരുത്തരും സ്വീകരിക്കേണ്ട കരുതലുകളെക്കുറിച്ച്...

''കരള്‍ സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുകയാണ് ലോക കരള്‍ദിനം. കരള്‍ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് കരളിന്റെ ആരോഗ്യത്തിന് ഓരോരുത്തരും സ്വീകരിക്കേണ്ട കരുതലുകളെക്കുറിച്ച്...''
uploads/news/2018/05/217479/liverproblmscareing160518b.jpg

'എന്റെ കരളേ...' എന്ന ഒരു വിളിമതി കരളിന്റെ പ്രധാന്യം മനസിലാക്കാന്‍. പ്രിയപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തി സ്‌നേഹപൂര്‍വം അങ്ങനെ വിളിക്കാന്‍ കാരണം കരളിന് നാം അത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്നതുതന്നെയാണ്.

ശരീരത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അവയവമാണ് കരള്‍. ഏകദേശം 1.5 കിലോ ഗ്രാം ഭാരമാണ് പ്രായപൂര്‍ത്തിയായ ഒരാളുടെ കരളിന്. ഏകദേശം 500 ല്‍ കൂടുതല്‍ ധര്‍മ്മങ്ങളാണ് ഈ അവയവത്തിന് നിര്‍വഹിക്കാനുള്ളത്.

എക്‌സ് ആല്‍ബുമിന്‍, ക്ലോട്ടിംഗ് ഫാക്‌ടേഴ്‌സ് തുടങ്ങി പല പ്രധാന പ്രോട്ടീനുകളുടെയും നിര്‍മ്മാണം, ശരീരത്തിലെ വിഷാംശങ്ങളെയും വിസര്‍ജ്യങ്ങളെയും നീക്കം ചെയ്യുക, മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളെ വേര്‍തിരിച്ച് പുറംതള്ളുക, ചിലയിനം മരുന്നുകളെ പ്രവര്‍ത്തനസജ്ജമാക്കുക, കൊഴുപ്പ്, മാംസ്യം, അന്നജം ഇവയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക, ശരീരത്തിന് ആവശ്യമായ ഗ്ലൂക്കൊജന്‍, വൈറ്റമിനുകള്‍ എന്നിവ സംഭരിക്കുക, പിത്തത്തിന്റെ ഉത്പാദവും സംഭരണവും ഇങ്ങനെ നീളുന്നു കരളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ജോലികള്‍.

കരളിന് പകരം കരള്‍ മാത്രം


ഇത്രയേറെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അവയവമായതിനാല്‍ അതിന് സംഭവിക്കുന്ന തകരാറുകള്‍ പരിഹരിക്കുന്നത് അത്ര എളുപ്പമാവില്ല. അതുകൊണ്ടുതന്നെയാണ് വൈദ്യശാസ്ത്രവും സാങ്കേതിക ശാസ്ത്രവും ഇത്രയധികം വികസിച്ചിട്ടും കരളിന്റെ പ്രവര്‍ത്തനത്തിന് തത്തുല്യമായ മറ്റൊന്ന് വികസിപ്പിച്ചെടുക്കാന്‍ സാധിക്കാത്തത്.

കരള്‍ മാറ്റിവയ്ക്കല്‍ മാത്രമാണ് കരളിന്റെ തകരാറുകള്‍ക്ക് ശാശ്വതമായ പരിഹാരം. അതിനാല്‍ കരളിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ് സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. കരളിനെ ബാധിക്കുന്നതരം ജീവിത ശൈലിയില്‍നിന്നും പിന്മാറുകയും കരളിനെ സ്‌നേഹിക്കാന്‍ പഠിക്കുകയും ചെയ്യാം.

കരള്‍ രോഗങ്ങള്‍ എന്തുകൊണ്ട്


വൈറസുകളാണ് കരളിന്റെ മുഖ്യ ശത്രു. ഹെപ്പറ്റൈറ്റിസ് എ,ബി,സി,ഡി എന്നിങ്ങനെ വൈറസുകളാണുള്ളത്. ഹെപ്പറ്റൈറ്റിസ് എ യും ഇ യും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്.

സാധാരണയായി ഈ വൈറസുകള്‍ മൂന്ന് മുതല്‍ ആറ് ആഴ്ച വരെ നീണ്ടു നില്‍ക്കുന്ന അക്യൂട്ട് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നു. ബി.സി.ഡി എന്നീ വൈറസുകള്‍ രക്തവും രക്തജന്യമായ സ്രവങ്ങളും വഴി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നു. ക്രോണിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ്, ലിവര്‍ കാന്‍സര്‍ എന്നിങ്ങനെ വിവിധതരം കരള്‍ രോഗങ്ങള്‍ക്ക് ഇതു കാരണമാകുന്നു.

മദ്യപാനം കരളിനെ തകര്‍ക്കും. മദ്യപാനം കൊണ്ടുള്ള കരളിന്റെ തരകരാര്‍, കഴിക്കുന്നതിന്റെ അളവ്, മദ്യപാനത്തിന്റെ കാലദൈര്‍ഘ്യം, രോഗിയുടെ പോഷകാവസ്ഥ, ജനിതകമായ വ്യത്യാസങ്ങള്‍ എന്നീ കാര്യങ്ങളെ ആശ്രയിച്ചിരിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മദ്യം കൊണ്ടുള്ള കരളിന്റെ തകരാറിനുള്ള സാധ്യത വ്യത്യസ്തമാണ്.

പുരുഷന്മാരില്‍ ഒരു ആഴ്ച 210 ഗ്രാമില്‍ കൂടുതലും സ്ത്രീകളില്‍ ഒരാഴ്ച 140 ഗ്രാമില്‍ കൂടുതലും മദ്യം ശരീരത്തിലെത്തിയാല്‍ കരളിന്റെ വൈകല്യത്തിന് സാധ്യത ഏറെയാണ്. അമിത വണ്ണമുള്ളവരിലും മറ്റ് കരള്‍ രോഗമുള്ളവരിലും മദ്യപാനം കൊണ്ടുള്ള ദോഷവശങ്ങള്‍ക്ക് സാധ്യതയേറെയാണ്.

uploads/news/2018/05/217479/liverproblmscareing160518a.jpg

മദ്യം കഴിക്കാത്തവരില്‍ കണ്ടുവരുന്ന കരള്‍ രോഗമാണ് നോണ്‍ ആല്‍ക്കഹോളിക് സ്റ്റീയറ്റോഹെപ്പറ്റൈറ്റിസ്. അമിതവണ്ണം ഉള്ളവര്‍, കൂടുതല്‍ നാളുകളായുള്ള പ്രമേഹം, ശരീരത്തില്‍ കൊഴുപ്പ് കൂടുതലുള്ളവര്‍, കുടുംബത്തില്‍ കരള്‍ രോഗമുള്ളവര്‍ എന്നിവര്‍ക്ക് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. പിന്നീട് അത് സ്റ്റീറ്റോഹെപ്പറ്റൈറ്റിസും സിറോസിസും ലിവര്‍ കാന്‍സറുമായി മാറുന്നു.

മരുന്നുകളുടെ ഉപയോഗം കരള്‍ രോഗത്തിന് കാരണമാകാം. അമിതമായ അളവില്‍ മീതോട്രെക്‌സേറ്റ്, പാരസറ്റമോള്‍, ഇതര വൈദ്യശാഖയിലുള്ള മരുന്നുകള്‍ എന്നിവ കരളിന് തകരാര്‍ ഉണ്ടാക്കുന്നു. വേദന സംഹാരികളായ മരുന്നുകളും ടി.ബിയ്ക്കുള്ള മരുന്നുകളും ചിലരില്‍ കരളിന് ഹാനികരമാകുന്നു.

ശരീരത്തിലെ ഇരുമ്പിന്റെ ആധിക്യം, ചെമ്പിന്റെ ആധിക്യം, കരളിലെ രക്തക്കുഴലുകളുടെ തടസം, കരളിന്റെ ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയൊക്കെ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

കരള്‍ രോഗങ്ങളുടെ വിവിധ ഘട്ടങ്ങള്‍


കരളില്‍ ഏത് തരത്തിലുള്ള വെല്ലുവിളി ഉണ്ടായാലും കരള്‍ പ്രതികരിക്കുന്നത്, കോശങ്ങളില്‍ കൊഴുപ്പ് സംഭരിച്ചാണ്. ഇതിനെ ഫാറ്റിലിവര്‍ എന്നു പറയുന്നു. ഇതാണ് കരളിന് തകരാര്‍ സംഭവിക്കുന്നതിന്റെ ആദ്യ പടി. അടുത്തതായി കരള്‍ വീക്കം ഉണ്ടാകുന്നു.

കരള്‍ കോശങ്ങള്‍ക്കു ചുറ്റും വെളുത്ത രക്താണുക്കള്‍ക്ക് ചുറ്റും അധിനിവേശം ഉണ്ടാകുന്നു. അടുത്ത ഘട്ടത്തില്‍ സ്ഥായിയായ കരളിന്റെ കേടായ സിറോസിസിസില്‍ എത്തുന്നു. ഇതില്‍ കരള്‍ ഒന്നടങ്കം കുമിളകളും കലകളും ആയി മാറുന്നു.

കരള്‍ രോഗം തിരിച്ചറിയാം


പലപ്പോഴും പ്രകടമായ ലക്ഷണങ്ങളുടെ അഭാവത്തില്‍ കരള്‍ രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ വൈകുന്നു. പ്രധാനമായും കണ്ടു വരുന്ന ലക്ഷണങ്ങള്‍ ഇവയാണ്.
1. ക്ഷീണം
2. ഭക്ഷണം കഴിക്കാന്‍ മടി, ശര്‍ദി
3. കാലില്‍ നീര്, വയര്‍ വീര്‍ക്കുക
4. മഞ്ഞപ്പിത്തം
5. വയര്‍ വേദന
6. ചൊറിച്ചില്‍
7. ശരീരത്തില്‍ ചുവന്ന പാടുകള്‍ കാണപ്പെടുക
8. ശരീരം ശോഷിക്കുക
9. അമിതമായി ഉറക്കം തൂങ്ങുക

കരള്‍ രോഗങ്ങള്‍ കണ്ടുപിടിക്കാം


കൃത്യമായ ഒറ്റ പരിശോധനകൊണ്ട് കരള്‍ രോഗം സ്ഥിരീകരിക്കാന്‍ മിക്കപ്പോഴും സാധ്യമല്ല. ലക്ഷണങ്ങളുടെ അപഗ്രഥനം, ദേഹപരിശോധനാഫലം, രക്തപരിശോധന, അള്‍ട്രാസൗണ്ട് സ്‌കാന്‍ എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ടുമാത്രമേ രോഗ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയൂ.

അടുത്തപടിയായി എന്തുകൊണ്ട് കരള്‍ രോഗം വന്നു എന്ന് കണ്ടെത്തുവാനുള്ള പരിശോധനകള്‍ ആവശ്യമാണ്. ണ്ണങ്ങന്ഥക്കദ്ദ, ആന്റി എച്ച്.സി.വി എന്നീപരിശോധനകള്‍ ചെയ്ത് രോഗകാരണം കണ്ടെത്താം. മെറ്റബോളിക് കാരണങ്ങള്‍ കണ്ടെത്താനും പരിശോധനകളുണ്ട്. ഇതിന്റെ ഭാഗമായി രക്തത്തില്‍ ചെമ്പിന്റെയും ഇരുമ്പിന്റെയും അളവുകള്‍ എന്നിവയും പരിശോധിക്കേണ്ടതായി വരും.

ഓട്ടോ ഇമ്മ്യൂണ്‍ കണ്ടെത്താനുള്ള പരിശോധനകളും ആവശ്യമായി വരും. ഈ പരിശോധനകള്‍ എല്ലാം ഒന്നിച്ച് ചെയ്യാതെ പടിപടിയായി ചെയ്യുകയാണെങ്കില്‍ രോഗിയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാവും.

ചികിത്സകള്‍ എങ്ങനെ


അടിയന്തിരമായി ഗ്യാസ്‌ട്രോളജിസ്റ്റിന്റെ അടുത്താണ് ചികിത്സ തേടേണ്ടത്. മദ്യപാനം പൂര്‍ണമായും നിര്‍ത്തുക, പൊണ്ണത്തടി കുറയ്ക്കുക, വ്യായാമം ചെയ്യുക ഇതൊക്കെ രോഗി സ്വീകരിക്കേണ്ട കാര്യങ്ങളാണ്. ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് ബിയ്ക്കുള്ള മരുന്നുകള്‍ വളരെ ഫലപ്രദവും കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ്.
uploads/news/2018/05/217479/liverproblmscareing160518.jpg

എന്തൊക്കെ മരുന്നുകള്‍


കരളിലെ പ്രഷര്‍ കുറയ്ക്കാനുള്ള മരുന്നുകള്‍. മലബന്ധം ഒഴിവാക്കാനും അമോണിയയുടെ അളവ് കുറയ്ക്കാനുമുള്ള മരുന്നുകള്‍ തുടങ്ങിയവ ചികിത്സയുടെ ഭാഗമായി വേണ്ടിവരും. വൈറസ് മൂലമുള്ള കരള്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമുള്ളവര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി എന്നീ പ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ദേശിക്കേണ്ടതാണ്.

സിറോസിസ് രോഗികള്‍ ശ്രദ്ധിക്കാന്‍


ശരീരത്തില്‍ ഉണ്ടാകുന്ന അണുബാധയുടെ ചെറിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ചര്‍മ്മം, മൂത്രം, ശ്വാസകോശം എന്നിവിടങ്ങളിലെ പഴുപ്പുകളാണ് കൂടുതലായും കാണപ്പെടുന്നത്. മലബന്ധം ഒഴിവാക്കുക, ഈ രോഗികള്‍ മറ്റ് പ്രശ്‌നങ്ങള്‍ക്ക് ചികിത്സതേടുമ്പോള്‍ വളരെ കരുതലോടെവേണം. ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റുമായി ചര്‍ച്ചചെയ്ത് വേണം ചികിത്സ നിശ്ചയിക്കാന്‍.

കരള്‍ മാറ്റിവയ്ക്കാം


സിറോസിസിന്റെ കാഠിന്യം അനുസരിച്ച് ങ്കങ്കദ്ധ ്രഎ,ബി.സി ഇതിനെ മൂന്നായി തിരിച്ചിരിക്കുന്നു. എ യില്‍ നിന്നും ബിയും ബിയില്‍നിന്ന് സി യും ആകുമ്പോള്‍ രോഗം മൂര്‍ച്ഛിക്കുന്നു. ങ്കങ്കദ്ധ ്രസി സ്‌റ്റേജ്, എംഇഎല്‍ഡി സ്‌കോര്‍ 15 ന് മുകളില്‍ ഉള്ളവര്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമായി വരുന്നു.

കരള്‍ രോഗം വരാതിരിക്കാന്‍


1. മദ്യപാനവും പുകവലിയും പൂര്‍ണമായും ഒഴിവാക്കുക
2. പ്രമേഹം കൃത്യമായി നിയന്ത്രിക്കുക
3. അമിത വണ്ണം ഒഴിവാക്കുക
4. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക. വറത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുക. കൃത്രിമ മധുരം പാടില്ല.
5. പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭ്യമായ രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റെറ്റിസ് ബി എന്നിവ കുത്തിവയ്പ്പിലൂടെ പ്രതിരോധിക്കുക
6. മലിനമായ ഭക്ഷണവും വെള്ളവും ഒഴിവാക്കുക
7. ആവശ്യമായ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായ അളവിലും കാലാവധിയിലും ആവശ്യമായ മുന്‍കരുതലോടെ കഴിക്കുക
8. റേസറുകള്‍, ബ്ലേഡുകള്‍, ടൂത്ത് ബ്രഷുകള്‍ എന്നിവ ഒന്നില്‍ കൂടുതല്‍ പേര്‍ പങ്കിടാന്‍ പാടില്ല
9. വിവാഹേതര ലൈംഗിക ബന്ധങ്ങളും ഉറ ഉപയോഗിക്കാതെയുള്ള ലൈംഗിക ബന്ധവും ഒഴിവാക്കണം
10. ഞരമ്പുകളിലൂടെയുള്ള മയക്കുമരുന്ന് ഉപയോഗം പൂര്‍ണമായും തടയുക.
11. മറ്റുള്ളവരുടെ രക്തവും ശരീരസ്രവങ്ങളുമായി സമ്പര്‍ക്കം വരാതിരിക്കാന്‍ ശ്രദ്ധിക്കുക

രോഗിയുടെ ജീവിത നിലവാരവും ജീവിതദൈര്‍ഘ്യവും വളരെയധികം ബാധിക്കുന്നതാണ് കരള്‍ രോഗികള്‍. കരള്‍ രോഗങ്ങള്‍കൊണ്ട് രോഗിക്കും കുടുംബത്തിനും സമൂഹത്തിനും സാമൂഹികവും സാമ്പത്തികവുമായ ബാധ്യതയും നിരവധിയാണ്. അതുകൊണ്ട് കരള്‍രോഗത്തിനെതിരെ കൂട്ടായ പ്രവര്‍ത്തനവും ബോധവല്‍ക്കരണവും ഉണ്ടായേ തീരൂ. അതിനായി നമുക്ക് ഒന്നിച്ച് പ്രയത്‌നിക്കാം.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍


ആരോഗ്യകരമായ ഭക്ഷണം കരള്‍ രോഗം മൂര്‍ച്ഛിക്കുന്നതിന്റെ വേഗത കുറയ്ക്കാന്‍ സഹായിക്കും. ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഉപ്പിലട്ടതും വറുത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങള്‍ ഒഴിവാക്കുക. പായ്ക്ക് ചെയ്ത ആഹാര സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലേബല്‍ വായിച്ച് ഉപ്പിന്റെ അളവ് അധികമില്ല എന്ന് ഉറപ്പുവരുത്തണം.

ഫാസ്റ്റ് ഫുഡ് പരമാവധി ഒഴിവാക്കുക. കാലറിയും പ്രോട്ടീനും കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കണം. പലപ്രാവശ്യമായി ഭക്ഷണം കഴിക്കുന്നതാണ് ഉചിതം. അത് 4 മുതല്‍ 7 തവണ ആണെങ്കില്‍ അത്രയും നല്ലത്. രാത്രി കാലങ്ങളില്‍ രണ്ടു തവണയായി മിതമായി ഭക്ഷണം കഴിക്കാം.

പച്ചക്കറി പ്രോട്ടീനാണ്. മുട്ടയുടെ വെള്ള, മത്സ്യം ഇവയൊക്കെ കഴിക്കുന്നത് നല്ലാതാണ്. ധാതുലവങ്ങളായ കാത്സ്യം, മഗ്നീഷ്യം, സിങ്ക് എന്നിവ ഭക്ഷണത്തില്‍ എത്തേണ്ടത് ആവശ്യമാണ്. ശരീരത്തില്‍ നീര്‌വരുന്ന അവസ്ഥയിലുള്ള കരള്‍ രോഗികള്‍ ഒരു ദിവസം കഴിക്കുന്ന വെള്ളത്തിന്റെ അളവ് 1.2 ലിറ്റര്‍ മുതല്‍ 1.5 ലിറ്റര്‍ വരെയായി ക്രമപ്പെടുത്തണം.

ഡോ. ബിജു ഐ.കെ
ചീഫ് ആന്‍ഡ് കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ്
ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്

Ads by Google
Ads by Google
Loading...
TRENDING NOW