Tuesday, November 06, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.54 PM

ചെറിയ മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോള്‍ പോലും നെഞ്ചിടിപ്പ് കൂടുന്നു. ഇത് ഹൃദയത്തിന്റെ തകരാര്‍ കൊണ്ടു സംഭവിക്കുന്നതാണോ?

ഹൃദയപൂര്‍വം
uploads/news/2018/05/217467/askdrheart160518a.jpg

''ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുമ്പോള്‍ അടിയന്തിരമായി ചെയ്യുന്ന ബൈപ്പാസ് സര്‍ജറിയിലൂടെ മരണ സാധ്യത 10 മുതല്‍ 12 ശതമാനം വരെ മാത്രമാണ്''

ബൈപ്പാസ് സര്‍ജറി ആവശ്യം വരുന്നതെപ്പോള്‍


എനിക്ക് 50 വയസ്. ഞാനൊരു ഹൃദ്രോഗിയാണ്. ബൈപ്പാസ് സര്‍ജറിയെക്കുറിച്ചറിയാന്‍ ആഗ്രഹമുണ്ട്. ബൈപ്പാസ് സര്‍ജറി എപ്പോഴാണ് വേണ്ടിവരിക. എന്റെ സുഹൃത്തിന് ആന്‍ജിയോ പ്ലാസ്റ്റി നിര്‍ദേശിച്ചിട്ട് ഒടുവില്‍ ബൈപ്പാസ് സര്‍ജറി ചെയ്തു. എന്തുകൊണ്ടാണിത്?
------ എന്‍. രഘുനാഥ് , ചാവക്കാട്

രോഗത്തിന്റെ അവസ്ഥയ്ക്കനുസരിച്ചാണ് ബൈപ്പാസ് സര്‍ജറി തെരഞ്ഞെടുക്കുന്നത്. സാധാരണ ആന്‍ജിയോപ്ലാസ്റ്റി അസാധ്യമായി വരുന്ന എല്ലാ സാഹചര്യങ്ങളിലും ബൈപ്പാസ് സര്‍ജറിയാണ് അവസാന ആശ്രയം. ഇതു കൂടാതെ ഹൃദയധമനികളുടെ ഏറെ വികലമായ ഘടനാവ്യതിയാനങ്ങള്‍, സുപ്രധാന ഇടത്തെ മുഖ്യ കൊറോണറിയിലെ തടസം, മൂന്ന് ഉപരിതല കൊറോണറികളെയും ബാധിക്കുന്ന തടസം എന്നീ തകരാറുകള്‍ കണ്ടെത്തിയാലും ബൈപ്പാസ് സര്‍ജറിയാണ് ഡോക്ടര്‍ നിര്‍ദേശിക്കുക.

പ്രമേഹ രോഗികളിലെ ഹൃദയധമനികളുടെ ഏറെ സങ്കീര്‍ണമായ ഘടനാ വൈകല്യങ്ങള്‍, ആന്‍ജിയോപ്ലാസ്റ്റി ചെയ്യാന്‍ അനുയോജ്യമെങ്കിലും തടസത്തിന്റെ കാഠിന്യം കാരണം അത് വികസിപ്പിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥ എന്നീ സാഹചര്യങ്ങളില്‍ ബൈപ്പാസ് വേണ്ടിവരും. ഹാര്‍ട്ടറ്റാക്കിനോട് അനുബന്ധിച്ച് ഹൃദയസങ്കോചനശേഷി അനിയന്ത്രിതമായി ക്ഷയിച്ച് രക്തസമ്മര്‍ദം അപകടകരമായ നിലയില്‍ കുറയുന്ന അവസ്ഥയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് അനുയോജ്യമല്ലാതാകുമ്പോഴും ബൈപ്പാസ് നിര്‍ദേശിക്കും.

ഹാര്‍ട്ടറ്റാക്കിനോടനുബന്ധിച്ച് ഹൃദയഭിത്തി പൊട്ടി ഹൃദയപരാജയമുണ്ടാകുന്ന സാഹചര്യത്തി ലും, വാല്‍വില്‍ ചോര്‍ച്ച അധികമാകുന്ന അവസ്ഥയിലും ബൈപ്പാസ് സര്‍ജറി ആവശ്യമാണ്. ഇടത്തെ മുഖ്യ കൊറോണറിയിലോ പൊതുവായി മൂന്നു ഉപരിതല ധമനികളിലോ കാതലായ ബ്ലോക്കും ഒപ്പം അപകടകരമായ നെഞ്ചിടിപ്പും ഉള്ള രോഗികളില്‍ ബൈപ്പാസ് സര്‍ജറിയാണ് അനുയോജ്യം. ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുമ്പോള്‍ അടിയന്തിരമായി ചെയ്യുന്ന ബൈപ്പാസ് സര്‍ജറിയിലൂടെ മരണ സാധ്യത 10 മുതല്‍ 12 ശതമാനം വരെ മാത്രമാണ്. താങ്കളുടെ സുഹൃത്തിന് മുകളില്‍ പറഞ്ഞ ഏതെങ്കിലും അവസ്ഥ ആയിരുന്നതിനാലാവും ബൈപ്പാസ് സര്‍ജറി ചെയ്യേണ്ടി വന്നത്.

നെഞ്ചുവേദനയില്ലാതെ ഹൃദയാഘാതം


എന്റെ സഹപ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഈ കത്ത്. അദ്ദേഹം മൂന്നുമാസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചു. 48 വയസ്. അധ്യാപകരായിരുന്ന ഞങ്ങള്‍ ഒരുമിച്ച് സ്റ്റാഫ് റൂമില്‍ സംസാരിച്ചുകൊണ്ടിരുന്ന സമയത്താണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഹൃദ്രോഗത്തിന്റെ യാതൊരു ലക്ഷണവുമില്ലാതെ ഇത് എങ്ങനെ സംഭവിക്കുന്നു?
-------- രമേഷ് നായര്‍ , ഗാസിയാബാദ്

നെഞ്ചുവേദന കൂടാതെ ഹൃദ്രോഗം ഉണ്ടാകാം. ഇത് പ്രധാനമായും മൂന്ന് വിധത്തില്‍ സംഭവിക്കാം. ഹൃദയധമനികളില്‍ തടസം ഉള്ളവരില്‍ യാതൊരു രോഗലക്ഷണവും ഉണ്ടാകണമെന്നില്ല. ഇക്കൂട്ടരില്‍ ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോള്‍പോലും നെഞ്ചുവേദന അനുഭവപ്പെടാറില്ല. നേരത്തെ ഹാര്‍ട്ടറ്റാക്ക് ഉണ്ടായവരില്‍ വീണ്ടും നെഞ്ചുവേദന അനുഭവപ്പെടാത്ത അവസ്ഥയാണ് രണ്ടാമത്തേത്. ഏറ്റവും കൂടുതലായി കാണുന്നത് മൂന്നാമത്തെ വിഭാഗക്കാരിലാണ്. അതായത് ആയാസപ്പെടുമ്പോള്‍ ഹൃദയപേശികളില്‍ രക്തദാരിദ്ര്യം ഉണ്ടാകുന്ന നേരത്ത് മിക്കവാറും നെഞ്ചുവേദന അനുഭവപ്പെടാറില്ല. എന്നാല്‍ അപൂര്‍വമായി നെഞ്ചില്‍ അസ്വാസ്ഥ്യം ഉണ്ടാകാം. ഓട്ടോണമിക് ന്യൂറോപ്പതി, എന്‍ഡോര്‍ഫിനുകളുടെ അതിപ്രസരം, കോശവീക്കം തടയുന്ന സൈറ്റോകിനുകളുടെ പ്രവര്‍ത്തനം, തലാമസിനെ അതീവമായി ഉദ്ദീപിപ്പിക്കുന്ന ന്യൂറല്‍ സിഗ്നലുകളുടെ ബാഹുല്യം ഇവയെല്ലാം നെഞ്ചുവേദന അനുഭവപ്പെടാതിരിക്കാന്‍ കാരണമാണ്.

നെഞ്ചിടിപ്പ് കൂടുതല്‍


എനിക്ക് 56 വയസ്. വീട്ടമ്മയാണ്.രണ്ട് കുട്ടികളുണ്ട്. ഇരുവരും വിവാഹിതരാണ്. ഭര്‍ത്താവ് റിട്ട. സര്‍ക്കാ ര്‍ ഉദ്യോഗസ്ഥനാണ്. എനിക്ക് അടുത്തായി നെഞ്ചിടിപ്പ് കൂടുതലാണ്. ചെറിയ മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോള്‍ പോലും നെഞ്ചിടിപ്പ് കൂടുന്നു. ഇത് ഹൃദയത്തിന്റെ തകരാര്‍ കൊണ്ടു സംഭവിക്കുന്നതാണോ? ഞാന്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതുണ്ടോ?
------- എസ്.എന്‍ , ദുബൈ

വര്‍ധിച്ച നെഞ്ചിടിപ്പുമായി ആശുപത്രിയിലെത്തുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്. ചെറിയ കാര്യങ്ങള്‍ പോലും താങ്ങാനുള്ള സ്ത്രീകളുടെ ശേഷിക്കുറവാണ് നെഞ്ചിടിപ്പായി പലപ്പോഴും അനുഭവപ്പെടുന്നത്. ഇതില്‍ മനോവ്യവസ്ഥകളോടുകൂടിയ നെഞ്ചിടിപ്പ് സ്ത്രീകളില്‍ ഏറും. ഇതര രോഗാവസ്ഥകളോ, രോഗമില്ലാത്ത അവസ്ഥയില്‍ അമിതമായ ശാരീരിക - മാനസിക വ്യാപാരങ്ങളോ ഹൃദയത്തിന്റെ താളം തെറ്റിക്കാം.

പനി, ഹോര്‍മോണുകളുടെ ആധിക്യം, ഹാര്‍ട്ടറ്റാക്ക്, ഹൃദയവാല്‍വുകളുടെ അപചയം, മയോപ്പതിരോഗം തുടങ്ങിയവയൊക്കെ ഹൃദമിടിപ്പ് വര്‍ധിപ്പിക്കാം. വര്‍ധിച്ചക്കുന്നത് ഹൃദയസ്പന്ദനം പലപ്പോഴും ആപത്കരമാവാം. തലകറക്കം, കുഴഞ്ഞുവീഴുക, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ഭയം, ഉത്കണ്ഠ, മരണഭീതി ഈ രോഗലക്ഷണങ്ങളൊക്കെ വര്‍ധി ഹൃദയമിടിപ്പിന്റെ അനന്തരഫലമായി ഉണ്ടാകാം. അമിതമായ നെഞ്ചിടിപ്പ് ചിലപ്പോള്‍ ഗൗരവമുള്ളതാവാം.

അതിനാല്‍ ഹൃദ്രോഗവിദഗ്ധനെ കണ്ട് പരിശോധന നടത്താന്‍ വൈകരുത്. ഇ.സി.ജി, ഹോള്‍ട്ടര്‍ മോണിട്ടറിംങ്, എക്കോകാര്‍ഡിയോഗ്രാഫി, ഇലക്‌ട്രോ ഫിസിയോളജി ടെസ്റ്റ് എന്നിവയിലൂടെ രോഗനിര്‍ണയം നടത്താം. മനോസംഘര്‍ഷം മൂലവും മറ്റും സ്ത്രീകളില്‍ സാധാരണ ഉണ്ടാകുന്ന നെഞ്ചിടിപ്പ് കൗണ്‍സലിംഗുകൊണ്ട് ഒരുപരിധിവരെ പരിഹരിക്കാവുന്നതാണ്. ഹൃദ്രോഗസംബന്ധമായ നെഞ്ചിടിപ്പാണെങ്കില്‍ ഔഷധ ചികിത്സകൊണ്ട് പരിഹരിക്കാം.

ഇ.സി.ജിയില്‍ കാണാത്തത്


60 വയസ്. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് എനിക്ക് നെഞ്ചുവേദനയുണ്ടായി. ഇ.സി.ജി പരിശോധനയില്‍ തകരാറൊന്നും കണ്ടില്ല. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടു. പരിശോധനയില്‍ ഹൃദയധമനിയില്‍ ബ്ലോക്ക് കണ്ടെത്തി. എന്തുകൊണ്ടാണ് ഇ.സി.ജി പരിശോധനയില്‍ തകരാര്‍ കണ്ടെത്താന്‍ കഴിയാത്തത്?
------ സമദ് , കൊട്ടിയൂര്‍

ഹൃദയോത്തേജന വേളയിലുണ്ടാകുന്ന വൈദ്യുതി പ്രസരണങ്ങളെ കടലാസില്‍ രേഖപ്പെടുത്തുന്ന സവിശേഷ പരിശോധനാപാധിയാണ് ഇ.സി.ജി. അഥവാ ഇലക്‌ട്രോ കാര്‍ഡിയോഗ്രാം. ഹൃദ്രോഗ നിര്‍ണയത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു പരിശോധനാ സംവിധാനമാണിത്.

ഹൃദയോത്തേജനസമയത്തുണ്ടാകുന്ന എല്ലാ സുപ്രധാന തകരാറുകളും ഈ സംവിധാനത്തിന്റെ സഹായത്തോടെ കണ്ടുപിടിക്കാം. നെഞ്ചിലെ അസ്വാസ്ഥ്യമോ നെഞ്ചിടിപ്പോ മോഹാലസ്യമോയൊക്കെയായി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ഹൃദയസംബന്ധിയായ അപാകതകളുണ്ടോയെന്ന് മനസിലാക്കുന്നത് പ്രധാനമായി ഇ.സി.ജിയെടുത്തുകൊണ്ടാണ്.

എന്നാല്‍ ഹൃദ്രോഗനിര്‍ണയം ഇ.സി.ജിയെ മാത്രമാശ്രയിച്ചു കൊണ്ടാകരുത്. അതായത് നെഞ്ചുവേദനയുമായി അത്യാഹിതവിഭാഗത്തിലെത്തുന്ന ഒരു രോഗിയിലെടുക്കുന്ന ഇ.സി.ജിയില്‍ ക്രമവിരുദ്ധമായി വ്യതിയാനങ്ങള്‍ കണ്ടില്ല എന്ന അടിസ്ഥാനത്തില്‍ ഹൃദ്രോഗമില്ലെന്ന് പറയാനാവില്ല.

ഹൃദയാഘാതമില്ലാത്ത രോഗികളിലും അപൂര്‍വമായി ഹൃദ്രോഗസമാനമായ വ്യതിയാനങ്ങള്‍ ഇ.സി.ജിയില്‍ കാണാറുണ്ട്. ആയാസപ്പെടുമ്പോള്‍ നെഞ്ചുവേദനയുണ്ടാകുന്ന ഏതാണ്ട് 50 ശതമാനം രോഗികളില്‍ വിശ്രമസമയത്ത് എടുക്കുന്ന ഇ.സി.ജി ക്രമവിരുദ്ധമായി ഒന്നുംതന്നെ കാണിച്ചില്ലെന്ന് വരാം.

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ഹോസ്പിറ്റല്‍ , എറണാകുളം

Ads by Google
Ads by Google
Loading...
TRENDING NOW