Tuesday, March 26, 2019 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 07.57 AM

'കൊല്ലഗല്‍' സ്വന്തമാക്കി മഹേഷിന്റെ പ്രതികാരം ; മോഡിക്കു വേണ്ടി ഒഴിഞ്ഞ വാജുഭായ് ഇനി തീരുമാനമെടുക്കും; സിദ്ധരാമയ്യയും ശ്രീരാമലുവും തോറ്റുജയിച്ചവര്‍

uploads/news/2018/05/217400/vajubhai.jpg

ബംഗളുരു: ജെ.ഡി(എസ്)യെ കൂട്ടുപിടിച്ച് കൊല്ലഗല്‍ സ്വന്തമാക്കിയപ്പോള്‍ എന്‍. മഹേഷിലൂടെ ബി.എസ്.പിക്കു കര്‍ണാടകത്തില്‍ ചരിത്ര നേട്ടം. പിന്നാക്ക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള കൊല്ലഗല്‍ മണ്ഡലത്തിലാണു മഹേഷ് വിജയക്കൊടി പാറിച്ചത്. 2013 ല്‍ 10,000 വോട്ടുകള്‍ക്കു നഷ്ടപ്പെട്ട മണ്ഡലം 6,562 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മഹേഷ് തിരിച്ചുപിടിച്ചത്.

ഇത്തവണ മഹേഷിന് 31,362 വോട്ടുകളാണു ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്. ജയമ്മയാണു മഹേഷിനെ വീഴ്ത്തിയത്. 1957 നു ശേഷം കോണ്‍ഗ്രസ് 10 തവണ ജയിച്ചിട്ടുള്ള മണ്ഡലമാണു മഹേഷ് പിടിച്ചെടുത്തത്. 2009 ല്‍ ബി.ജെ.പിയെ പിന്തുണച്ച ചരിത്രവും മണ്ഡലത്തിനുണ്ട്. 1989 നുശേഷം ഈ മണ്ഡലം ആര്‍ക്കും എം.എല്‍.എ. സ്ഥാനത്ത് തുടര്‍ച്ച നല്‍കിയിട്ടില്ല. അതായിരുന്നു മഹേഷിന്റെ ആദ്യപ്രതീക്ഷ.

എ.ആര്‍. കൃഷ്ണമൂര്‍ത്തിയെ രംഗത്തിറക്കിയാണു കോണ്‍ഗ്രസ് പരീക്ഷണം നടത്തിയത്. അതിനു മഹേഷ് നല്‍കിയ മറുപടിയായിരുന്നു ജെ.ഡി(എസ്) സഖ്യം. ബി.എസ്.പി- ജെ.ഡി(എസ്) സഖ്യം ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. രണ്ടാം സ്ഥാനത്തെത്തിയ കൃഷ്ണമൂര്‍ത്തി 24,764 വോട്ട്‌നേടി. ബി.ജെ.പി. സ്ഥാനാര്‍ഥി ജി.എന്‍. നഞ്ചുണ്ട സ്വാമി മൂന്നാം സ്ഥാനത്തായി.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെയുണ്ടായ അതിരാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇനി തീരുമാനം എടുക്കുക ഒരിക്കല്‍ നരേന്ദ്രമോഡിക്കായി മണ്ഡലം ഒഴിഞ്ഞുകൊടുത്ത വാജുഭായ് വാലയാകും. കര്‍ണാടകയില്‍ പന്തു ഗവര്‍ണറുടെ കോര്‍ട്ടിലായിരിക്കെ. മുഴുവന്‍ ശ്രദ്ധയും കേന്ദ്രം കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയായിരിക്കുകയാണ്. ആര്‍.എസ്.എസിലൂടെ പൊതുജീവിതമാരംഭിച്ച വാല സാക്ഷാല്‍ നരേന്ദ്ര മോഡിക്ക് ഗുജറാത്ത് മുഖ്യമന്ത്രിയാകാന്‍ വേണ്ടി താന്‍ സ്ഥിരം ജയിച്ചിരുന്ന മണ്ഡലം ഒഴിഞ്ഞു കൊടുത്തയാളാണ്.

ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. ബി.ജെ.പി. രൂപീകരിച്ചതോടെ കളം അവിടേക്കു മാറ്റി. 1984 ല്‍ ഗുജറാത്തിലെ രാജ്‌കോട്ട് സീറ്റ് കോണ്‍ഗ്രസില്‍നിന്നു പിടിച്ചെടുത്ത വാല, 2002 വരെ മണ്ഡലം നിലനിര്‍ത്തി.

ഗുജറാത്ത് നിയമസഭാ സ്പീക്കറായി സേവനമനുഷ്ടിച്ച അദ്ദേഹം വിവിധ വകുപ്പുകളുടെ ക്യാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോഡും വാലയുടെ പേരിലാണ്. 18 തവണ. ബി.ജെ.പി-ആര്‍.എസ്.എസ്. നേതൃത്വവുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ് വാജുഭായ് വാല എന്നതും ശ്രദ്ധേയമാണ്.

കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയും ബി.ജെ.പിയിലെ പ്രമുഖന്‍ ബി. ശ്രീരാമലും ഇനി ''തോറ്റു ജയിച്ച'' സ്ഥാനാര്‍ഥികള്‍. ചാമുണ്ഡേശ്വരി ഒരിക്കലും െകെവിടില്ലെന്നായിരുന്ന സിദ്ധരാമയ്യയുടെ വിശ്വാസം. ഇതു തെറ്റിച്ചത് ജെ.ഡി(എസ്)യുടെ ജി.ടി. ദേവെഗൗഡയാണ്. 32,000 വോട്ടുകള്‍ക്കാണു ദേവെഗൗഡ സിറ്റിങ് എം.എല്‍.എ കൂടിയായയായ സിദ്ധരാമയ്യയെ തോല്‍പ്പിച്ചത്. ജി.ടി. ദേവെ ഗൗഡ 1,21,325 വോട്ടുകളും സിദ്ധരാമയ്യ 85,283 വോട്ടുകളും നേടി. ബദാമിയിലും മത്സരിച്ചതിനാല്‍ സിദ്ധരാമയ്യയ്ക്കും നിയമസഭയിലെത്താന്‍ അവസരം ലഭിച്ചു. ബി.ജെ.പിയുടെ ദളിത് നേതാവ് ബി. ശ്രീരാമലുവിനെയാണ് അദ്ദേഹം ബദാമിയില്‍ തോല്‍പ്പിച്ചത്.

സിദ്ധരാമയ്യ 67,599 വോട്ടുകളും ശ്രീരാമലു 65,903 വോട്ടുകളുമാണു നേടിയത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതിനാല്‍ ശ്രീരാമലുവും നിയമസഭയിലെത്തി. മൊള്‍കാല്‍മുരുവിലും അദ്ദേഹം മത്സരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഡോ. ബി. യോഗേഷ് ബാബുവിനെ 25,000 വോട്ടുകള്‍ക്കു തോല്‍പ്പിക്കാന്‍ അദ്ദേഹത്തിനായി. ശ്രീരാമലു 84,018 വോട്ടുകളും യോഗേഷ് ബാബു 41,973 വോട്ടുകളും നേടി. ചിത്രദുര്‍ഗ, ഗദാഗ്, ബല്ലാരി ജില്ലകളില്‍ ബി.ജെ.പി. നേട്ടമുണ്ടാക്കാന്‍ കാരണം ശ്രീരാമലുവിന്റെ സാന്നിധ്യമാണ്.

സിദ്ധരാമയ്യയുടെ മന്ത്രിസഭയിലുണ്ടായിരുന്ന വിനയ് കുമാര്‍ (ധാര്‍വാഡ്), ശരണ്‍ പ്രകാശ് പാട്ടീല്‍ (സെദാം), ബസവേശ്വര രായറെഡ്ഡി (യെല്‍ബുര്‍ഗ) എന്നിവരും നിലംതൊട്ടില്ല. ലിംഗായത് വിഭാഗക്കാരാണു മൂന്നു മന്ത്രിമാരും. കുറഞ്ഞ മാര്‍ജിനില്‍ ജയിച്ച എം.എല്‍.എയും കോണ്‍ഗ്രസുകാരനാണ്. ഗഡാഗില്‍നിന്നു മത്സരിച്ച കോണ്‍ഗ്രസിന്റെ എച്ച്.കെ. പാട്ടീല്‍ 1868 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ പി.എം. അനിലിനെ തോല്‍പ്പിച്ചത്. പഞ്ചായത്ത് രാജ് മന്ത്രിയായിരുന്ന പാട്ടീല്‍ 77,699 വോട്ടുകള്‍ നേടി. അനില്‍ 75,831 വോട്ടുകളും സ്വന്തമാക്കി. മികച്ച ജയങ്ങളിലൊന്ന് ബി.ജെ.പിക്കാരന്റേതാണ്.

Ads by Google
Wednesday 16 May 2018 07.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW