Friday, December 14, 2018 Last Updated 16 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.17 AM

ഓട്ടം ജയിച്ചതു ബി.ജെ.പി; "ട്രോഫി" ജെ.ഡി.എസിന്‌!

uploads/news/2018/05/217369/2.jpg

ബംഗളുരു: കര്‍ണാടകത്തില്‍ ഇന്നലെ ഫലപ്രഖ്യാപനം ആരംഭിച്ചതു മുതല്‍ ഉച്ചവരെ ബി.ജെ.പി. ക്യാമ്പ്‌ ആഹ്‌ളാദത്തിമിര്‍പ്പിലായിരുന്നു. വോട്ടെണ്ണല്‍ പാതിവഴിയെത്തിയപ്പോള്‍ 120 സീറ്റുകളില്‍ ബി.ജെ.പിയുടെ ലീഡ്‌ ഉയര്‍ന്നു. ഇതോടെ പാര്‍ട്ടി ആസ്‌ഥാനം ഉണര്‍ന്നു. സംസ്‌ഥാനമൊട്ടാകെ ബി.ജെ.പി. പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനങ്ങള്‍ ആരംഭിച്ചു. എന്നാല്‍, ഉച്ചകഴിഞ്ഞു കളിമാറി. കേവലഭൂരിപക്ഷമായ 112 സീറ്റിലേക്ക്‌ എത്താന്‍ ബി.ജെ.പിക്കു (104) കഴിഞ്ഞില്ല. കോണ്‍ഗ്രസും (78) ജെ.ഡി.എസും (37) ചേര്‍ന്നാല്‍ സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാമെന്നായതോടെ ക്ലൈമാക്‌സില്‍ "ട്വിസ്‌റ്റ്‌".

ഡല്‍ഹിയില്‍ 10 ജന്‍പഥിലെ സോണിയാ ഗാന്ധിയുടെ വസതി കേന്ദ്രീകരിച്ചായിരുന്നു കോണ്‍ഗ്രസിന്റെ ചടുലനീക്കം. മകനും കോണ്‍ഗ്രസ്‌ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി, മകള്‍ പ്രിയങ്ക വാധ്‌ര എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍. കോണ്‍ഗ്രസ്‌-ജെ.ഡി. (എസ്‌) സഖ്യസാധ്യതകള്‍ പുറത്തുവന്നതോടെ ആഹ്‌ളാദപ്രകടനങ്ങള്‍ അവസാനിപ്പിക്കാന്‍ അണികള്‍ക്കു ബി.ജെ.പി. നേതൃത്വത്തിന്റെ നിര്‍ദേശമെത്തി. ഉച്ചകഴിഞ്ഞു മൂന്നിനു നടത്താനിരുന്ന ദേശീയാധ്യക്ഷന്‍ അമിത്‌ഷായുടെ പത്രസമ്മേളനവും റദ്ദാക്കി.

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഒരാഴ്‌ച മുമ്പുവരെ ജെ.ഡി(എസ്‌)യെ ബി.ജെ.പിയുടെ "ബി ടിമെ"ന്നാണു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം വിശേഷിപ്പിച്ചിരുന്നത്‌. ബദാമിക്കു പുറമേ ചാമുണ്ഡേശ്വരിയിലും ജനവിധി തേടിയ മുഖ്യമന്ത്രി സിദ്ധരാമയ്യയെ തളയ്‌ക്കാന്‍ ജെ.ഡി.എസും ബി.ജെ.പിയും തമ്മില്‍ നീക്കുപോക്കുമുണ്ടായിരുന്നു. ചാമുണ്ഡേശ്വരിയിലെ സിദ്ധരാമയ്യയുടെ പരാജയവും ജെ.ഡി.എസ്‌. സ്‌ഥാനാര്‍ഥി ജി.ഡി. ദേവെഗൗഡയുടെ വമ്പന്‍ വിജയവും ബി.ജെ.പി. സ്‌ഥാനാര്‍ഥിയുടെ ദയനീയതോല്‍വിയും ഈ അടവുനയം ശരിവയ്‌ക്കുകയും ചെയ്‌തു.

എന്നാല്‍, ഫലം വന്നതോടെ സമവാക്യങ്ങള്‍ മാറി. മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച്‌, കോണ്‍ഗ്രസ്‌-ജെ.ഡി. (എസ്‌) സഖ്യം ആദ്യം ഗവര്‍ണര്‍ വാജുഭായ്‌ വാലയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിക്കാതിരുന്നതു വിവാദമായി. എന്നാല്‍, ഫലപ്രഖ്യാപനം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ്‌ അനുമതി നിഷേധിച്ചതെന്ന രാജ്‌ഭവന്റെ അറിയിപ്പോടെ വിവാദം അവസാനിച്ചു. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സംഘവും ജെ.ഡി(എസ്‌)-കോണ്‍ഗ്രസ്‌ സഖ്യവും ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തി. കര്‍ണാടകയില്‍ ജെ.ഡി(എസ്‌)-കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നു സിദ്ധരാമയ്യ ഗവര്‍ണറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം പറഞ്ഞു.

ബി.ജെ.പി. സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്‌ഡ, ധര്‍മേന്ദ്ര പ്രഥാന്‍, പ്രകാശ്‌ ജാവദേക്കര്‍ എന്നിവര്‍ ബംഗളുരുവിലേക്കു തിരിച്ചിട്ടുണ്ട്‌. ലിംഗായത്ത്‌ സമുദായവികാരം കോണ്‍ഗ്രസിനെതിരാണെന്ന വാദം മുന്നോട്ടുവച്ച്‌ സമുദായംഗങ്ങളായ 10 എം.എല്‍.എമാരുമായി ചര്‍ച്ചനടത്തിയ ബി.ജെ.പി. തിരിച്ചടിക്കു കോപ്പുകൂട്ടി. മന്ത്രിസഭയുണ്ടാക്കാന്‍ ആരെ ക്ഷണിക്കുമെന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്‌ച സമയമാണു ബി.ജെ.പി. നേതാവ്‌ യെദിയൂരപ്പ ആവശ്യപ്പെട്ടത്‌. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബി.ജെ.പിക്കുതന്നെ ഗവര്‍ണര്‍ ആദ്യാവസരം നല്‍കുമെന്നാണു സൂചന.

Ads by Google
Wednesday 16 May 2018 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW