Wednesday, March 20, 2019 Last Updated 11 Min 27 Sec ago English Edition
Todays E paper
Ads by Google
ജി. ഹരികൃഷ്‌ണന്‍
Wednesday 16 May 2018 01.12 AM

ചെങ്ങന്നൂരില്‍ കര്‍ണാടകത്തിന്റെ തിരയിളക്കം; തന്ത്രങ്ങള്‍ മെനഞ്ഞ്‌ നേതാക്കള്‍

uploads/news/2018/05/217347/6.jpg

ചെങ്ങന്നൂര്‍: കര്‍ണാടക തെരഞ്ഞെടുപ്പു ഫലത്തിന്റെ തിരയിളക്കം ചെങ്ങന്നൂരിലെ ത്രികോണമത്സര വേദിയിലും. പാര്‍ട്ടിക്കുണ്ടായ വന്‍ മുന്നേറ്റം ബി.ജെ.പി. അണികളില്‍ ആവേശം പകര്‍ന്നു. ഭരണത്തുടര്‍ച്ചയുടെ പ്രതീക്ഷയിലായിരുന്ന കോണ്‍ഗ്രസ്‌ ക്യാമ്പ്‌ ബി.ജെ.പി. വിജയത്തിലേക്കു നീങ്ങിയതോടെ മ്ലാനതയിലായി. തൂക്ക്‌ മന്ത്രിസഭാ സാധ്യത ഉടലെടുത്തതോടെ വര്‍ധിത വീര്യവുമായി പ്രചാരണരംഗത്തു പ്രവര്‍ത്തകര്‍ സജീവമായി.

ബി.ജെ.പിയെ പ്രതിരോധിക്കാനുള്ള കരുത്ത്‌ സി.പി.എമ്മിനും ഇടതുപാര്‍ട്ടികള്‍ക്കുമാണെന്ന പ്രചാരണം ശക്‌തമാക്കിയായിരുന്നു എല്‍.ഡി.എഫിന്റെ പ്രതിരോധം. പതിവു വിഷയങ്ങള്‍ മാറ്റിവച്ചു കര്‍ണാടക ഫലവും ദേശീയ രാഷ്‌ട്രീയവും പ്രചരണ പരിപാടികളില്‍ നിറഞ്ഞു. ബി.ജെ.പിയുടെ മുന്നേറ്റം നഗരത്തില്‍ റോഡ്‌ഷോയോടെയാണു പ്രവര്‍ത്തകര്‍ ആഘോഷമാക്കിയത്‌. മണ്ഡല പര്യടനത്തിന്‌ ഇടവേള നല്‍കി സ്‌ഥാനാര്‍ഥി പി.എസ്‌. ശ്രീധരന്‍ പിളളയും ഒപ്പം ചേര്‍ന്നു.

കര്‍ണാടകയിലെ വോട്ടെണ്ണലും ശബരിമല വലിയതന്ത്രി കണ്‌ഠര്‌ മഹേശ്വരരുടെ സംസ്‌കാരച്ചടങ്ങും കണക്കിലെടുത്തു പ്രമുഖ നേതാക്കളുടെ പര്യടനം ഇന്നലെ രാവിലെ ഉണ്ടായിരുന്നില്ല. എല്ലാ ശ്രദ്ധയും കര്‍ണാടകത്തിലേക്കായിരുന്നു. കേവലഭൂരിപക്ഷം നേടുമെന്ന ഘട്ടമെത്തിയപ്പോള്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി ആഹ്‌ളാദ പ്രകടനം നടത്തി. കോണ്‍ഗ്രസ്‌ പിന്തുണയില്‍ ജനതാദള്‍ -എസ്‌ അധികാരത്തിലേറാന്‍ സാധ്യത തെളിഞ്ഞതോടെ അണികള്‍ തെല്ല്‌ നിരാശരായെങ്കിലും കേരളത്തില്‍ എല്‍.എഫിനൊപ്പമുളള ജനതാദള്‍ എസിന്‌ അയല്‍നാട്ടില്‍ കോണ്‍ഗ്രസ്‌ പിന്തുണ നല്‍കുന്നത്‌ ഉയര്‍ത്തിക്കാട്ടി ഇരു മുന്നണികളെയും ബി.ജെ.പി. കടന്നാക്രമിച്ചു. ആലപ്പുഴ എം.പിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍, മുന്‍ ചെങ്ങന്നൂര്‍ എം.എല്‍.എ്‌ കൂടിയായ എ.ഐ.സി.സി. സെക്രട്ടറി പി.സി. വിഷ്‌ണുനാഥ്‌ എന്നിവര്‍ മുന്നില്‍നിന്നു പ്രചാരണം നിയന്ത്രിച്ച തെരഞ്ഞെടുപ്പെന്ന നിലയില്‍ കര്‍ണാടകത്തില്‍ വിജയം ഉറപ്പിച്ച മട്ടിലായിരുന്നു യു.ഡി.എഫ്‌. കേന്ദ്രങ്ങള്‍.

എന്നാല്‍ ഫലം പ്രതികൂലമായതോടെ ബി.ജെ.പിയെ ഭരണത്തില്‍ നിന്നുമാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ്‌ നടത്തിയ തന്ത്രപരമായ നീക്കം ചെങ്ങന്നൂരിലും ഗുണം ചെയ്യുമെന്നായി നേതാക്കളുടെ വിലയിരുത്തല്‍. കര്‍ണാടകത്തിലെ സംഭവവികാസങ്ങളില്‍ എല്‍.ഡി.എഫും പ്രതീക്ഷവച്ചു. ബി.ജെ.പിയെ തടയാന്‍ ഇടതു പ്രസ്‌ഥാനങ്ങള്‍ക്കേ കഴിയൂ എന്നും ന്യൂനപക്ഷങ്ങളുടെ പിന്തുണ തങ്ങള്‍ക്കു വര്‍ധിക്കുമെന്നുമാണു സി.പി.എം. നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്‌.

കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, ദേശീയ സെക്രട്ടറി എച്ച്‌. രാജ തുടങ്ങിയ കേന്ദ്രനേതാക്കളെ ചെങ്ങന്നൂരിലിറക്കി പ്രചാരണം കൊഴുപ്പിക്കാനാണു ബി.ജെ.പി. നീക്കം. 20, 21 തീയതികളില്‍ വി.എസ്‌. അച്യുതാനന്ദനും 23, 24, 25 തീയതികളില്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി സജി ചെറിയനായി പ്രചാരണത്തിനിറങ്ങും. ഇതിനിടെ ദേശീയ നേതാക്കളും വരുന്നുണ്ട്‌.
യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ഡി. വിജയകുമാറിന്റെ പ്രചരണത്തിനായും കേന്ദ്ര നേതാക്കളുടെ പടതന്നെ വരുംദിവസങ്ങളില്‍ എത്തും.

എസ്‌.എന്‍.ഡി.പി. നിലപാട്‌ 20 ന്‌

ചേര്‍ത്തല: ഉപതെരഞ്ഞെടുപ്പില്‍ എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ നിലപാട്‌ 20 നു പ്രഖ്യാപിക്കുമെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരെ പിന്തുണയ്‌ക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മൂന്നംഗ സമിതിയെ ചേര്‍ത്തല എസ്‌.എന്‍. കോളജില്‍ ചേര്‍ന്ന യോഗം കൗണ്‍സില്‍ ചുമതലപ്പെടുത്തി. വെള്ളാപ്പള്ളിയെ കൂടാതെ പ്രസിഡന്റ്‌ എം.എന്‍. സോമന്‍, യോഗം കൗണ്‍സിലര്‍ കെ.ആര്‍. പ്രസാദ്‌ എന്നിവരാണ്‌ സമിതിയിലുള്ളത്‌. സമുദായത്തോടുള്ള സ്‌ഥാനാര്‍ഥിമാരുടെ കൂറും നേരും നെറിയും പരിശോധിച്ചായിരിക്കും പ്രഖ്യാപനമെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Ads by Google
ജി. ഹരികൃഷ്‌ണന്‍
Wednesday 16 May 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW