Tuesday, March 19, 2019 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.02 AM

വമ്പന്മാരുടെ ഉറക്കംകെടുത്താന്‍ കോസ്‌റ്റാറിക്ക

uploads/news/2018/05/217307/5.jpg

2014 ബ്രസീല്‍ ലോകകപ്പില്‍ അദ്‌ഭുതങ്ങള്‍ കാട്ടി കറുത്ത കുതിരകളായവരാണ്‌ കോസ്‌റ്റാറിക്കാര്‍. ഗ്രൂപ്പ്‌ ഘട്ടത്തില്‍ പ്രഥമ ലോകകപ്പ്‌ ജേതാക്കളായ യുറുഗ്വായെയും മുന്‍ ചാമ്പ്യന്മാരായ ഇറ്റലിയെയും അട്ടിമറിച്ചു ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചാണ്‌ അമേരിക്കന്‍ മേഖലയില്‍ നിന്നുള്ള ഈ കുഞ്ഞന്മാര്‍ ബ്രസീല്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്‌.
അവസാന 16-ലും അവര്‍ നിര്‍ത്താന്‍ ഒരുക്കമായിരുന്നില്ല. പ്രതിരോധ ഫുട്‌ബോളിനു പേരുകേട്ട ഗ്രീക്ക്‌ പടയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന്‌ ക്വാര്‍ട്ടര്‍ഫൈനല്‍ ബര്‍ത്ത്‌ നേടി അവര്‍ ചരിത്രം കുറിച്ചു. ക്വാര്‍ട്ടറില്‍ പക്ഷേ ഹോളണ്ടിനോടു തോറ്റെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കിയാണ്‌ അവര്‍ മടങ്ങിയത്‌.
ബ്രസീലില്‍ നിര്‍ത്തിയിടത്തു നിന്നു തുടങ്ങാനാണ്‌ അവര്‍ റഷ്യയില്‍ എത്തുന്നത്‌. ഗ്രൂപ്പ്‌ ഇയില്‍ അഞ്ചു തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്‌, സെര്‍ബിയ എന്നിവര്‍ക്കൊപ്പമാണ്‌ ഇടംപിടിച്ചിരിക്കുന്നത്‌.
അട്ടിമറികള്‍ക്ക്‌ ശേഷിയുണ്ടെങ്കിലും മഞ്ഞക്കിളികളെ തോല്‍പിക്കുമെന്ന്‌ അവര്‍ വെല്ലുവിളിക്കുന്നില്ല. പക്ഷേ ബ്രസീലിനൊപ്പം പ്രീക്വാര്‍ട്ടറിലേക്ക്‌ കടക്കുന്ന ഒരു ടീം കോസ്‌റ്റാറിക്കയാകുമെന്ന്‌ നായകന്‍ ബ്രയാന്‍ റൂയിസ്‌ പറയുമ്പോള്‍ ചങ്കിടിപ്പേറുന്നത്‌ സ്വിറ്റ്‌സര്‍ലന്‍ഡിനും സെര്‍ബിയയ്‌ക്കുമാണ്‌.
അതീവ നാടകീയമായാണ്‌ കോസ്‌റ്റാറിക്ക ഇക്കുറി ഫുട്‌ബോള്‍ ലോകകപ്പിന്‌ യോഗ്യത നേടിയത്‌. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരങ്ങളില്‍ കരുത്തരായ മെക്‌സിക്കോയെയും യു.എസ്‌.എയും തുരത്തിയ അവര്‍ മികച്ച തുടക്കമാണ്‌ കുറിച്ചത്‌. എന്നാല്‍ അവസാന റൗണ്ടുകളില്‍ മെക്‌സിക്കോയോടും പാനമയോടുമേറ്റ തോല്‍വി അവരെ പുറത്തേക്കുള്ള വാതിലില്‍ എത്തിച്ചിരുന്നു. പക്ഷേ അവസാന രണ്ടു മത്സരങ്ങളില്‍ ഹോണ്ടൂറാസിനെയും രണ്ടു പാദത്തിലും സമനില നേടിയ അവര്‍ റഷ്യയിലേക്ക്‌ ടിക്കറ്റ്‌ പിടിച്ചുവാങ്ങുകയായിരുന്നു.
മേഖലയില്‍ കുഞ്ഞന്മാരെങ്കിലും ഒരുപിടി മികച്ച താരങ്ങളുമായാണ്‌ അവരുടെ പടയൊരുക്കം. സ്‌പാനിഷ്‌ വമ്പന്മാരായ റയാല്‍ മാഡ്രിഡിന്റെ വല കാക്കുന്ന കെയ്‌ലര്‍ നവാസും പോര്‍ചുഗല്‍ ക്ലബ്‌ സ്‌പോര്‍ട്ടിങ്ങിന്റെ മുന്നേറ്റ താരവും നായകനുമായ ബ്രയാന്‍ റൂയിസുമാണ്‌ അവരുടെ തുറുപ്പ്‌ ചീട്ടുകള്‍.
ഇവര്‍ക്കൊപ്പം അവസാനം വരെ പൊരുതാന്‍ കെല്‍പുള്ള ഒരുപറ്റം യുവതാരങ്ങളും കോസ്‌റ്റാറിക്കയുടെ കരുത്താണ്‌. മുന്‍നിരയില്‍ റയാല്‍ ബെറ്റിസിന്റെ ജോയല്‍ കാംബെലും ലോസ്‌ ആഞ്ചലസ്‌ ഗ്യാലക്‌സിയുടെ മാര്‍കോ യൂറിനയുമാണ്‌ റൂയിസ്‌ കൂട്ട്‌.
മധ്യനിരയില്‍ ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയുടെ സെല്‍സോയാണ്‌ പ്ലേ മേക്കര്‍. ഒപ്പം സ്വിസ്‌ ക്ലബ്‌ ലൂസെയ്‌ന്റെ യെല്‍റ്റ്‌സിന്‍ തെയ്‌ഡ, ന്യൂയോര്‍ക്ക്‌ സിറ്റിയുടെ റോഡ്‌നി വാലസ്‌, പോര്‍ട്‌ലന്‍ഡി ടിമ്പേഴ്‌സിന്റെ ഡേവിഡ്‌ ഗുസ്‌മാന്‍ എന്നിവരുമുണ്ട്‌.
പ്രതിരോധത്തില്‍ സണ്ടര്‍ലന്‍ഡിന്റെ ബ്രയാന്‍ ഒവീഡോ, എസ്‌പാന്യോളിന്റെ ഓസ്‌കാര്‍ ഡ്യൂര്‍ട്ടെ, കെല്‍റ്റിക്കിന്റെ ക്രിസ്‌റ്റ്യന്‍ ഗാംബോവ, ബൊളോഗ്നയുടെ ഗ്യാന്‍കാര്‍ലോ ഗോണ്‍സാലസ്‌ എന്നിവരാണ്‌ വിശ്വസ്‌തര്‍.
നാലുവര്‍ഷം മുമ്പ്‌ ബ്രസീലില്‍ കാഴ്‌ചവച്ച പ്രകടനം പുറത്തെടുക്കാനായാല്‍ റഷ്യയിലും വമ്പന്മാരുടെ ഉറക്കം കെടുത്താന്‍ അവര്‍ക്കു കഴിയും. ജൂണ്‍ 17-ന്‌ സെര്‍ബിയയ്‌ക്കെതിരേയാണ്‌ അവരുടെ ആദ്യ മത്സരം.

Ads by Google
Wednesday 16 May 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW