Thursday, September 13, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
എം. ആര്‍. കൃഷ്ണന്‍
Tuesday 15 May 2018 07.30 PM

കര്‍ണ്ണാടകയില്‍ പരാജയപ്പെട്ടത് രാഹുല്‍ ഗാന്ധി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ഇനി വേറേ നേതാവിനെ നോക്കേണ്ടിവരുമോ?

ഇത് രാഹുല്‍ഗാന്ധിയുടെ പക്വതകുറവിന്റെ തെളിവുകൂടിയാണ്. യുവരക്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനെന്നപേരില്‍ പാര്‍ട്ടിയില്‍ രാഷ്ട്രീയപരിചയവും തന്ത്രജ്ഞതയുമുള്ള നേതാക്കളെ മുഴുവന്‍ ഒഴിവാക്കികൊണ്ട് ഒരു പരിചയവുമില്ലാത്ത യുവ രക്തങ്ങളെ കൊണ്ടുവന്നത് രാഹുല്‍ഗാന്ധിക്ക് പറ്റിയ പിഴവുകളില്‍ ഒന്ന് മാത്രമാണ്.
Karnataka election result

ഭരണം ആര്‍ക്ക് എന്ന് അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുവെങ്കിലും കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പുഫലം കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയിലും രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ് പ്രസിഡന്റിലുമുള്ള പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയത്. കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ബി.ജെ.പി.യുടെ വിജയം നരേന്ദ്രമോഡിക്ക് ശക്തനായ എതിരാളിയാകാന്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞില്ലെന്നതിന്റെ തെളിവായി മാറുകയാണ്.

ഒരു വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള അവസരമാണ് കോണ്‍ഗ്രസിന് ഇതോടെ നഷ്ടപ്പെട്ടത്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിലും അത് അദ്ദേഹത്തിന്റെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.

തെരഞ്ഞെടുപ്പിനെ സിദ്ധരാമയ്യയും യെദ്യുരപ്പയും തമ്മിലുള്ള മത്സരം എന്നതിന് പകരം രാഹുലും താനും തമ്മിലുള്ള മത്സരമാക്കി മാറ്റിയ മോഡിയുടെ രാഷ്ട്രീയപരിചയത്തിന്റെ വിജയമാണ് കര്‍ണ്ണാടകയില്‍ കണ്ടത്. അതാണ് തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ പോലും നിഷ്ഫലമാകുന്ന തരത്തിലുള്ള വിജയം അവിടെയുണ്ടായത്.

തെരഞ്ഞെടുപ്പിന്റെ അവസാനദിവങ്ങളില്‍ മറ്റുള്ളവര്‍ക്ക് നുണയെന്നോ, മണ്ടത്തരമെന്നോ തോന്നാവുന്ന ചില പ്രസ്താവനകളിലൂടെയാണ് മോഡി താനാണ് നേതാവ് എന്ന് നിലയില്‍ പ്രചരണം മാറ്റിയെടുത്തത്. ഇതിന്റെ അപകടം മനസിലാക്കാതെ അതിന് പിന്നാലെ മാധ്യമങ്ങളും കോണ്‍ഗ്രസുംപാഞ്ഞപ്പോള്‍ മോഡി പതുക്കെ വിജയം കൊണ്ടുപോയി. ഇത് രാഹുല്‍ഗാന്ധിയുടെ പക്വതകുറവിന്റെ തെളിവുകൂടിയാണ്. യുവരക്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനെന്നപേരില്‍ പാര്‍ട്ടിയില്‍ രാഷ്ട്രീയപരിചയവും തന്ത്രജ്ഞതയുമുള്ള നേതാക്കളെ മുഴുവന്‍ ഒഴിവാക്കികൊണ്ട് ഒരു പരിചയവുമില്ലാത്ത യുവ രക്തങ്ങളെ കൊണ്ടുവന്നത് രാഹുല്‍ഗാന്ധിക്ക് പറ്റിയ പിഴവുകളില്‍ ഒന്ന് മാത്രമാണ്.

സ്വന്തം മണ്ഡലങ്ങളില്‍ പോലും മത്സരിച്ച് ജയിക്കാന്‍ കഴിയാത്ത നേതാക്കളെയാണ് അവിടെ ചുമതല നല്‍കി തെരഞ്ഞെടുപ്പ് പ്രചരണങ്ങളും മറ്റു നടപടികളും ഏകോപിപ്പിക്കാന്‍ നിയമിച്ചത്. പി.സി. വിഷ്ണുനാഥ്, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കളാണ് അവിടെ തെരഞ്ഞെടുപ്പ് ഏകോപിപ്പിക്കാന്‍ പോയത്.

ബി.ജെ.പിയുടെ ഭരണപരാജയങ്ങളെ തുറന്ന് എതിര്‍ക്കുന്നതിന് പകരം അവര്‍ നയിച്ച പാതകളിലൂടെ മുന്നേറാനാണ് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രമിച്ചത്. മോഡിയുടെ നയങ്ങളെ ശക്തമായി എതിര്‍ത്തുകൊണ്ട് ഭരണത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതില്‍ രാഹുല്‍ഗാന്ധി ഒരിക്കല്‍ കൂടി പരാജയപ്പെട്ടുവെന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. മാത്രമല്ല, ബി.ജെ.പിയുടെ പാത പിന്തുടര്‍ന്ന് വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് രാഹുല്‍ഗാന്ധിയും ശ്രമിച്ചത്. വര്‍ഗ്ഗീയധ്രുവീകരണത്തിനും സാമുദായികവോട്ടുകള്‍ക്കും രാഹുല്‍ഗാന്ധി ശ്രമിക്കുമ്പോള്‍ തീവ്രവലതുപക്ഷമായ ബി.ജെ.പിക്ക് മാത്രമേ അതിന്റെ ഗുണമുണ്ടാകുകയുള്ളു. അതാണ് അവിടെ കണ്ടതും.

ഇതിനൊക്കെ പുറമെ ലിംഗായത്തുകള്‍ക്ക് ഒ.ബി.സി പദവി നല്‍കികൊണ്ട് വര്‍ഗ്ഗീയധ്രുവീകരണത്തിന് സിദ്ധരാമയ്യ നടത്തിയ ശ്രമം ആത്മഹത്യാപരമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് രണ്ടുമണ്ഡലങ്ങളില്‍ മത്സരിച്ചിട്ട് അദ്ദേഹം ഒരു മണ്ഡലത്തില്‍ മാത്രം വിജയിച്ചത്. പൊതുവേ ബി.ജെ.പി അനുകൂലികളായ ലിംഗായത്തുകളെ തങ്ങള്‍ക്കൊപ്പം കൊണ്ടുവരാന്‍ സിദ്ധരാമയ്യ ശ്രമിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന പിന്നോക്ക വിഭാഗങ്ങള്‍ നഷ്ടപ്പെട്ടുവെന്നതാണ്‌സത്യം. ഇത്തരത്തിലുള്ള വര്‍ഗ്ഗീയ പ്രീണന നയങ്ങള്‍ തടയുന്നതിനും രാഹുല്‍ഗാന്ധി പരാജയപ്പെട്ടു.

എല്ലാത്തിനുപരി, കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുന്നതില്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞില്ലെന്നതും ഈ പരാജയം മുന്നോട്ടുവച്ച പ്രശ്‌നങ്ങളില്‍ ഒന്നാണ്. കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബി.ജെ.പിക്ക് ഏത് തരത്തിലും വിധികള്‍ തങ്ങള്‍ക്കനുകൂലമായി മാറ്റാന്‍ കഴിയുമെന്ന് മനസിലാക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. രാഷ്ട്രീയപക്വതയുടെ കുറവാണ് ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്നത്.

കര്‍ണ്ണാടയില്‍ ഇപ്പോഴുണ്ടായ ഈ പരാജയം പ്രതിപക്ഷകക്ഷികളില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിനെതിരെ സംശയങ്ങള്‍ ഉയരുന്നതിന് വഴിവയ്ക്കുന്നതാണ്. ലോക്‌സഭാതെരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ഒരുവര്‍ഷം മാത്രം ശേഷിച്ചിരിക്കെ ഈ സംശയം പ്രതിപക്ഷ ഐക്യത്തിന് അത്ര ഗുണകരമാവില്ല. ഇതില്‍ നിന്നൊക്കെ പുറത്തുവരാനായി ഇനിയെങ്കിലും യുവരക്തത്തോടൊപ്പം രാഷ്ട്രീയ പരിചയമുള്ളവരെക്കൂടി ഉള്‍ക്കൊള്ളുമെന്ന നയം രാഹുല്‍ സ്വീകരിക്കേണ്ടതുണ്ട്. മാത്രമല്ല, വ്യക്തിപരമായി ആക്രമിക്കുന്തോറും മോഡി ശക്തനായി മാറിക്കൊണ്ടിരിക്കും. വ്യക്തിപരമായതിന് പകരം കേന്ദ്രസര്‍ക്കാരിന്റെ ഭരണകോട്ടങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടേണ്ടത്.

ഇന്ധനവില വര്‍ദ്ധനവും, അത് നിത്യോപയോഗസാധനങ്ങള്‍ക്കുണ്ടാക്കിയ വിലക്കയറ്റവും, കാര്‍ഷിക-വ്യാവസായിക-തൊഴില്‍ മേഖലകളിലെ പ്രതിസന്ധിയും ഉയര്‍ത്തിക്കാട്ടാ ന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞില്ല. അതുപോലെ ബി.ജെ.പി ചെയ്യുന്നതുപോലെ വര്‍ഗ്ഗീയധ്രുവീകരണം നടത്തി മതേതരകക്ഷിയെന്ന പ്രതിച്ഛായ കോണ്‍ഗ്രസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതും തിരിച്ചടിയാകും. ജനകീയപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുയെന്നതിനുപരിയായി കോണ്‍ഗ്രസിന് ഇനി മറ്റൊന്നും ചെയ്യാനില്ല. രാഹുല്‍ഗാന്ധിയാണ് അത് ചെയ്യേണ്ടത്. ഇപ്പോള്‍ സംശയത്തോടെ നോക്കുന്ന പ്രതിപക്ഷകക്ഷികളില്‍ ആത്മവിശ്വാസവും തന്നില്‍ വിശ്വാസവും ഉണ്ടാക്കുകയെന്ന ദൗത്യവും കോണ്‍ഗ്രസിനുണ്ട്.

Ads by Google
എം. ആര്‍. കൃഷ്ണന്‍
Tuesday 15 May 2018 07.30 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW