Sunday, June 16, 2019 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 04.33 PM

ഇന്ദ്രനും രാജുവും പിന്നെ ഞാനും

''മക്കള്‍ മാനം മുട്ടെ വളര്‍ന്നാലും അമ്മമനസ്സില്‍ അവരെന്നും കുഞ്ഞുങ്ങള്‍ തന്നെ. അമ്മമനസ്സിന്റെ സന്തോഷവും നൊമ്പരവുമൊക്കെ പങ്കുവച്ച് മല്ലിക സുകുമാരന്‍...''
uploads/news/2018/05/217218/mallikasukumaran150518b.jpg

പൊക്കിള്‍ക്കൊടി ബന്ധത്തിലൂടെ അന്നവും സ്‌നേഹവും ഒരേ അളവില്‍ പകര്‍ന്നു നല്‍കുന്ന അമ്മയും സ്വന്തം സന്തോഷങ്ങള്‍ ത്യജിച്ച് തന്റെ കൈവിരലില്‍ നല്‍കി പിച്ചവച്ചു നടക്കാന്‍ ശീലിപ്പിക്കുന്ന അച്ഛനും... ഒരു കുഞ്ഞ് അപരിചിതമായ ലോകത്തെ കണ്ടു തുടങ്ങുന്നത് ഇവരില്‍ നിന്നാണ്.

പക്ഷേ പാതിവഴിയില്‍ അച്ഛനെന്ന നിഴല്‍ശക്തി ഇല്ലാതാകുമ്പോള്‍ കുഞ്ഞുങ്ങളുടെ ലോകം അമ്മയിലേക്ക് ഒതുങ്ങും. അങ്ങനെയുള്ള ഒരുപാട് പേര്‍ നമുക്കിടയിലുണ്ട്.

സുകുമാരനെന്ന അതുല്യകലാകാരന്‍ അഭിനയത്തിന്റെ കൊടുമുടികള്‍ കടന്ന് കാല്‍നൂറ്റാണ്ട് തികയ്ക്കാനിരിക്കെ അപ്രതീക്ഷിതമായി വേര്‍പെട്ടത് അതിലൊരു സംഭവം മാത്രം. പിന്നീട് മല്ലിക സുകുമാരന്‍ എന്ന അമ്മ മക്കള്‍ക്ക് സാന്ത്വനവും കരുത്തും പിന്തുണയുമൊക്കെയായി.

ആരും അസൂയപ്പെടുന്ന നിലയിലേക്ക് മക്കളായ ഇന്ദ്രജിത്തിനേയും പൃഥ്വിരാജിനേയും സുകുമാരനെന്ന ശക്തിയുടെ ബലത്തില്‍ വളര്‍ത്തി. ലക്ഷോപലക്ഷം ആരാധകരുടെ കണ്ണിലുണ്ണികളാണ് ഇന്ന് ഇന്ദ്രനും പൃഥ്വിയും. ലോക മാതൃദിനത്തില്‍ പിന്നിട്ട നാള്‍വഴികളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് മല്ലിക സുകുമാരന്‍.

അമ്മ എന്ന മഹാകാവ്യം


എന്റെ അമ്മ തങ്കമ്മ എനിക്കെന്നും അത്ഭുതമായിരുന്നു. ഞാനടക്കം നാലു മക്കളാണമ്മയ്ക്ക്. അമ്മ പകര്‍ന്നു തന്ന പാഠങ്ങളാണ് എന്നുമെന്റെ ശക്തി.

വീട്ടില്‍, അമ്മയ്ക്ക് ഒരുപാട് സഹായികളുണ്ടായിരുന്നു. എന്നാലും പെണ്‍കുട്ടികള്‍ അടുക്കള ജോലികള്‍ പഠിക്കണമെന്നും സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തരായിക്കണമെന്നുമൊക്കെ അമ്മ പഠിപ്പിച്ചു. മരിക്കുംവരെ കല്‍ച്ചട്ടിയില്‍ കറിവയ്ക്കണമെന്ന് നിര്‍ബന്ധമായിരുന്നു; മിക്‌സിയോ, കുക്കറോ ഉപയോഗിക്കില്ലായിരുന്നു. അമ്മ സാമ്പാറിന് കടുക് വറുക്കുമ്പോള്‍ അതിന്റെ മണം എങ്ങും പടരും.

സുകുവേട്ടനോടൊപ്പം ഇടപ്പാളിലെ വീട്ടിലേക്ക് പോകുമ്പോള്‍ അമ്മയെന്നോട് പറഞ്ഞു, വടക്കോട്ടൊക്കെ ഒരു കറിയുണ്ട്, മൊളകോഷ്യം. ചെറുപയറും കായുമൊക്കെ ഇട്ട് തേങ്ങയരയ്ക്കാതെ വയ്ക്കുന്ന കറി. നീയതുണ്ടാക്കാന്‍ പഠിക്കണം. എന്നു പറഞ്ഞ് അമ്മ എനിക്കത് പഠിപ്പിച്ചുതന്നു.

ഇതു നമ്മളധികം വയ്ക്കാത്ത കറിയാണ്. സുകുമാരന്റെ അച്ഛനും അമ്മയ്ക്കുമൊക്കെ ഇതാണിഷ്ടമെങ്കില്‍, എനിക്കിത് വയ്ക്കാനറിയാം അമ്മേ എന്ന് നീ പറയണം.. ഇങ്ങനെ ബന്ധങ്ങളുടെ വില പറഞ്ഞു കൊടുക്കുന്ന അമ്മമാര്‍ വളരെ കുറവാണ്.

അച്ഛന്‍ മരിച്ച് ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴാണ് സുകുവേട്ടന്റെ വേര്‍പാട്. ചേച്ചിയും ചേട്ടനും ജോലിക്കാരായതു കൊണ്ടും ഞാന്‍ തനിച്ചായതു കൊണ്ടും അമ്മ എനിക്കൊപ്പമായി.

uploads/news/2018/05/217218/mallikasukumaran150518a.jpg

വാര്‍ദ്ധക്യം ബാല്യത്തിന്റെ മറ്റൊരു മുഖമാണ്. അവസാനകാലത്ത് അമ്മയും കൊച്ചു കുഞ്ഞിനെപ്പോലായി. ചേച്ചിമാരും ചേട്ടനുമൊക്കെ വിളിക്കുകയും കാണുകയുമൊക്കെ ചെയ്യുമെങ്കിലും അമ്മ കുഞ്ഞുങ്ങളെപ്പോലെ പരാതിയൊക്കെ പറയുമായിരുന്നു.

ഞാന്‍ പെയ്‌തൊഴിയാതെ സീരിയല്‍ ചെയ്യുന്ന സമയം. അമ്മയെ പകല്‍ നോക്കാന്‍ എനിക്കന്നൊരാെള കിട്ടി, പുളിങ്കുന്നത്തുള്ള രമ. അമ്മയെ ഭംഗിയായി നോക്കിയതില്‍ രമയോടുള്ള നന്ദിക്കു വാക്കുകളില്ല.

രാത്രി ഞങ്ങളൊരുമിച്ച് കഴിക്കാനിരിക്കുമ്പോള്‍ ഇതെന്താ കറിയെന്നുു ചോദിക്കുമ്പോള്‍ മീന്‍കറിഎന്നു ഞാന്‍ പറഞ്ഞാല്‍ അമ്മ പരാതി പറയും. അയ്യോ, ഇതെനിക്ക് തന്നില്ല. പാവം രമ, അമ്മ ഉച്ചയ്ക്ക് കഴിച്ചതാണ് എന്നൊക്കെ പറയും. കുറെക്കഴിഞ്ഞ് അമ്മ തന്നെ ഞാ ന്‍ ഉച്ചയ്ക്ക് കഴിച്ചതാണല്ലോ. അയ്യോ രമേ, ഒന്നും വിചാരിക്കല്ലേ, ഞാനത് മറന്നു പോയതാ.. എന്ന് സമാധാനിപ്പിക്കും.

കുഞ്ഞുങ്ങളെ പോലെ പിണങ്ങുകയും പരാതി പറയുകയും ചെയ്യുന്ന, ചെറിയ കാര്യങ്ങളില്‍ കുസൃതി കാട്ടുന്ന അമ്മ. ഇതേ അമ്മ തന്നെ, ഓര്‍മ്മപ്പിശകിനിടയിലും രമയുടെ കാര്യം ഭംഗിയായി നോക്കണമെന്ന് ഞങ്ങളെ ഓര്‍മ്മിപ്പിക്കുമായിരുന്നു.

മക്കള്‍ പോകുന്ന സമയത്ത്, തന്നെ ഭംഗിയായി നോക്കുന്നത് രമയാണെന്ന ഉള്‍ബോധം അമ്മയ്ക്കുണ്ടായിരുന്നു. രമയുടെ കല്യാണം നടത്താനും അതില്‍ പങ്കെടുക്കാനും ഞാനും സമയം കണ്ടെത്തി.

മരിക്കുന്നതിന് ഒരാഴ്ചയ്ക്കു മുമ്പ് അച്ഛനും അമ്മയും ഒരുമിച്ച് ജീവിച്ച പൂജപ്പുരയിലെ വീട്ടിലേക്ക് പോകണമെന്ന് അമ്മ പറഞ്ഞു. ഇന്നുമെനിക്കറിയില്ല അതെന്തിനായിരുന്നെന്ന്. ഒരുപക്ഷേ അവസാനമായെന്ന തിരിച്ചറിവുണ്ടായിക്കാണും. അവിടെച്ചെന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അമ്മ ഞങ്ങളെ വിട്ടുപോയി.

ആറ്റുകാലമ്മയുടെ അനുഗ്രഹം നേടി


സുകുവേട്ടന്റെ അമ്മയെ (സുഭദ്ര) നോക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. ഭര്‍ത്താവിന്റെ അമ്മയെ എങ്ങനെ നോക്കണമെന്നും അമ്മ പറഞ്ഞു തന്നിട്ടുണ്ട്. സുകുവേട്ടന്റെ അമ്മയും ഞാനും തമ്മിലുള്ള അടുപ്പത്തിനു കാരണവും എന്റെ അമ്മ പഠിപ്പിച്ച പാഠങ്ങളാണ്.

ആറ്റുകാല്‍ പൊങ്കാല ദിവസമാണ് സുകുവേട്ടന്റമ്മ മരിക്കുന്നത്. മറ്റ് മക്കളുടെ അടുത്ത് നിന്ന് ഞങ്ങളുടെ അടുത്തെത്തി 40 ദിവസത്തോളം താമസിച്ച്, ഇനി ഞാ ന്‍ എങ്ങോട്ടും പോകുന്നില്ലെന്ന് സുകുവേട്ടനോട് പറയുകയും ചെയ്തു.

സുകുവേട്ടന്‍ ഉത്തരം സിനിമയില്‍ അഭിനയിക്കുമ്പോഴാണ് അമ്മയുടെ മരണം. ഷൂട്ടിംഗ് തുടങ്ങി മൂന്നാം നാളായിരുന്നു ആറ്റുകാല്‍ പൊങ്കാല.

പൊങ്കാലയ്ക്ക് പോകും മുന്‍പ് വീടു മുഴുവന്‍ കഴുകി, ഉടുക്കാന്‍ പുതിയ കോട്ടണ്‍ സാരിയും വാങ്ങി. ഇതു കണ്ട അമ്മ പറഞ്ഞു, ഇത്ര ശുദ്ധവൃത്തിയൊക്കെ ഇന്ന് അപൂര്‍വ്വമാണ് മല്ലികേ. നീ ഏതായാലും അവിടെച്ചെല്ലുമ്പോള്‍ ആറ്റുകാലമ്മയോട് പറഞ്ഞോളൂ ഞാനെന്റെ കുട്ടന്റെ (സുകുമാരന്‍) വീട്ടില്‍ നല്ല സന്തോഷത്തിലാണെന്ന്.

ഈ സന്തോഷത്തില്‍ അമ്മയെ കൂടി അച്ഛന്റെയടുത്ത് കൊണ്ടുപോകണേ എന്ന്.. പൊങ്കാല കഴിഞ്ഞ് ഞാനെത്തിയപ്പോ ള്‍ ശാന്തമായ ഒരു ഉറക്കത്തിലൂടെ സുകുവേട്ടന്റെ അമ്മ ഞങ്ങളെ വിട്ടുപോയിരുന്നു. അവസാന കാലത്ത് അമ്മയെ നോക്കാനായത് എന്റെ അമ്മയുടെ മനസ്സിന്റെ പുണ്യം കൊണ്ടാണ്.

uploads/news/2018/05/217218/mallikasukumaran150518d.jpg

വെള്ളിത്തിരയിലെ അമ്മ


ജീവിതത്തില്‍ അമ്മയാകും മുന്‍പ് വെള്ളിത്തിരയില്‍ അമ്മ വേഷം ചെയ്തിട്ടുണ്ട് ഞാന്‍. ഏതു വേഷവും അഭിനേതാവിന്റെ ഉള്ളിലേക്ക് വന്നു ചേരണം. അതിന് വ്യക്തിപരമായ അനുഭവങ്ങള്‍ വേണമെന്നില്ല. അഭിനയം ജന്മസിദ്ധമാണ്.

ഞാന്‍ അന്ന് ചെയ്ത അമ്മവേഷങ്ങള്‍ മാതൃത്വം അറിഞ്ഞശേഷം ചെയ്തതല്ല. ചിലപ്പോള്‍ എന്നെ സ്വാധീനിച്ചത് എന്റെ അമ്മയാകാം. സിനിമയും ജീവിതവും രണ്ടാണ്. ഒരു പ്രായം വരെ ഞാന്‍ അനുകരിച്ചത് എന്റെ അമ്മയെയാണ്. വായനയിലേക്ക് തിരിയുമ്പോഴ തു കുറച്ചു കൂടെ മെച്ച്വറായി.

മനസ്സില്‍ തട്ടി നില്‍ക്കുന്ന വേഷങ്ങള്‍ വെള്ളിത്തിരയിലെത്തിക്കാന്‍ ഞാന്‍ കവിയൂര്‍ പൊന്നമ്മയോ ടി. ആര്‍. ഓമനയുമൊന്നുമല്ലായിരുന്നു. ഫ്‌ളാഷ്ബാക്കിലേക്ക് പോകുമ്പോള്‍ മനസ്സിലെത്തുന്നത് ഐ. വി.ശശിയുടെ അവളുടെ രാവുകളില്‍ സീമയുടെ അമ്മയായതാണ്. ഞാനന്ന് സുകുമാരനെ പരിചയപ്പെട്ടിട്ടേയൂള്ളൂ. വിവാഹമായിട്ടില്ല, കുട്ടികളുമില്ല.

എങ്കിലും ആ സിനിമയില്‍ ഉണ്ണി ആരാരിരോ എന്ന താരാട്ടു പാടി കുഞ്ഞിനെ ഉറക്കുന്നത് എന്റെയുള്ളിലെ അമ്മമനസ്സാണ്. ദാരിദ്ര്യത്തിലും സ്വന്തം കുഞ്ഞിന്റെ സന്തോഷത്തിന് പ്രാധാന്യം നല്‍കുന്ന അമ്മ. നല്ല പാട്ടും, കഥയും ഫ്‌ളാഷ്ബാക്കിലൂടെ സീമ തന്റെ ബാല്യം ഓര്‍ക്കുന്നതുമൊക്കെ ആ കഥാപാത്രം ഓര്‍ത്തു വയ്ക്കാന്‍ കാരണമാണ്. പിന്നീട് ഒരുപാട് അമ്മ വേഷങ്ങള്‍ ചെയ്തു, ഇപ്പോഴും ചെയ്യുന്നു. എല്ലാമെനിക്ക് ഒരുപാടിഷ്ടപ്പെട്ടതു തന്നെയാണ്.

ഇന്ദ്രനും രാജുവും പിന്നെ ഞാനും


അമ്മയുടെ കര്‍ത്തവ്യം തിരിച്ചറിയാനായത് ഞാനമ്മയായ ശേഷമാണ്. ഇന്ദ്രന്റെയും പൃഥ്വിയുടെയും മാത്രമല്ല സുകുവേട്ടന്റെ യും മരുമക്കളുടെയും കൊച്ചുമക്കളുടെ യുമൊക്കെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി ഗൃഹനാഥയുടെ കടമകള്‍ ചെയ്യാന്‍ എനിക്കായി. നല്ല രണ്ടു മക്കളെ കിട്ടിയതും എന്റെ അമ്മയുടെ പുണ്യം.

സുകുവേട്ടന്‍ പോയ ശേഷം എനിക്കൊപ്പം അമ്മയുമുണ്ടായിരുന്നു. ഇന്ദ്രന്‍ പ്ലസ് ടൂവിലും രാജു പത്തിലും പഠിക്കുന്നേയുള്ളൂ. സൈനിക സ്‌കൂളില്‍ നിന്ന് ഇറങ്ങിയ ഇന്ദ്രനെ, സുകുവേട്ടന്‍ എന്‍ജിനീയറിംഗിന് ചേര്‍ത്തു. രാജുവിനെ ഭാരതീയ വിദ്യാഭവനിലും. കുഞ്ഞുങ്ങള്‍ പറക്കമുറ്റാത്തപ്പോഴാണ് സുകുവേട്ടന്റെ വേര്‍പാട്.

അപ്രതീഷിതമായതു കൊണ്ടാവാം അഞ്ചെട്ടു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഡിപ്രഷനിലായി. ചെയ്യുന്നതൊന്നും ശരിയാകുന്നില്ല എന്ന തോന്നല്‍. അപ്പോ ള്‍ കുട്ടികള്‍ പറയും,,അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഏതു സമയവും അച്ഛനും അപ്പൂപ്പനും മരിച്ച കാര്യമേ പറയാനുള്ളോ. ഇതിങ്ങനെ പോയാല്‍ ശരിയാവില്ല..ആ സമയത്താണ് പെയ്‌തൊഴിയാതെ സീരിയലിന്റെ ഓഫര്‍ വരുന്നത്. കുട്ടികള്‍ നിര്‍ബന്ധിച്ച് എന്നെ വീണ്ടും അഭിനയത്തിലേക്കെത്തിച്ചു.

uploads/news/2018/05/217218/mallikasukumaran150518.jpg

സുകുവേട്ടന്റെ ഏറ്റവും വലിയ ആഗ്രഹം, കുട്ടികളെ നല്ല വിദ്യാഭ്യാസം നല്‍കി, എവിടെയും തലയുയര്‍ത്തിനില്‍ക്കാന്‍ പോന്നവരാക്കി വളര്‍ത്തണമെന്നായിരുന്നു. സത്യത്തില്‍ സുകുവേട്ടന്റെ മരണസമയത്ത് കുട്ടികള്‍ വളരെ ചെറുപ്പമാണ്. ആ പ്രായത്തില്‍ രണ്ട് ആണ്‍കുട്ടികളെ വളര്‍ത്തുക എന്നത് വെല്ലുവിളിയായിരുന്നു.

മക്കള്‍ വഴിതെറ്റാതെ വളര്‍ന്ന് എന്റെ ശക്തിയായത് സുകുവേട്ടന്റെ ആത്മാവ് കൂടെയുള്ളത് കൊണ്ടാണ്. മക്കള്‍ പണത്തിന്റെ വിലയറിയണമെന്നും അമിതമായി ചെലവഴിക്കരുതെന്നും സുകുവേട്ടന്‍ പറയുമായിരുന്നു. അളവില്‍ കൂടുതല്‍ പുന്നാരിച്ച് വഷളാക്കരുതെന്ന് പറഞ്ഞിട്ടുണ്ട്.

ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയാണ് സുകുവേട്ടന്‍ പോയത്. എന്നിട്ടും വലിയ ആഗ്രഹങ്ങളൊന്നും കുട്ടികള്‍ എന്നോട് പറഞ്ഞിട്ടില്ല. എനിക്ക് സാധിക്കാവുന്ന കാര്യങ്ങളെ കുട്ടികള്‍ എന്നും ആവശ്യപ്പെട്ടിട്ടുള്ളൂ. പഠനം കഴിഞ്ഞപ്പോള്‍ ഒരു ബൈക്ക് വേണമെന്നവര്‍ പറഞ്ഞു. അത് വാങ്ങി കൊടുത്തു. അത്രേയൊക്കെയേയുള്ളൂ.

എന്നും എപ്പോഴും സുകുവേട്ടന്റെ വാക്കുകളാണ് അവര്‍ക്കു പിന്‍ബലം. മനസാക്ഷിക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുക, ആത്മാര്‍ത്ഥമായി കഷ്ടപ്പെടുക, ആരുടെയും പ്രീതിക്കായി സത്യം മറച്ചു വയ്ക്കാതിരിക്കുക, നേട്ടങ്ങള്‍ക്ക് വേണ്ടി ആത്മാഭിമാനം പണയപ്പെടുത്താതിരിക്കുക, മനസാക്ഷി ശുദ്ധമായിരിക്കുക എന്നൊക്കെ സുകുവേട്ടന്‍ അവരോട് എപ്പോഴും പറയുമായിരുന്നു.

ഒരിക്കലും ആരുടെയും മുന്നില്‍ ഞങ്ങള്‍ കൈനീട്ടരുതെന്ന് സുകുവേട്ടന് നിര്‍ബന്ധമായിരുന്നു..ആണ്‍മക്കളാണ്, അവര്‍ കുടുംബം ഒരുക്കാനുള്ള തത്രപ്പാടിലാവും. അതുകൊണ്ട് നീ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയായിരിക്കണണ മെന്ന് പറയുമായിരുന്നു. എന്റെ പേരില്‍ അദ്ദേ ഹം വാങ്ങിച്ചതൊക്കെയാണ് ഇപ്പോഴും എന്റെ സമ്പാദ്യം. ആ വലിയ മനുഷ്യന്റെ ദീര്‍ഘവീക്ഷണമാണ് ഞങ്ങളെ ഇവിടെ വരെയെത്തിച്ചത്.

സുകുവേട്ടന്‍ ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ല,,എനിക്കു ചെലവിന് താടാ മക്കളെ എന്നു പറയേണ്ട സാഹചര്യം എനിക്കിന്നു വരെ ഉണ്ടായിട്ടില്ല. ഇപ്പോഴും എന്തു ചെയ്യുമ്പോഴും നീ ചെയ്യെടീ, പ്രശ്‌നങ്ങളൊക്കെ ഉണ്ടാകും. പക്ഷേ അതൊക്കെ നീ തരണം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്് എന്ന മന:കരുത്ത് സുകുവേട്ടന്‍ തരാറുണ്ട്. ഖത്തറില്‍ ബിസിനസ് തുടങ്ങിയതും വെള്ളിത്തിരയിലേക്ക് തിരികെ വന്നതുമൊക്കെ ആ കരുത്തു കൊണ്ടാണ്.

ഉള്ളിന്റെയുള്ളില്‍ എനിക്കൊരു ബലം സുകുവേട്ടന്റെ ഓര്‍മ്മകളാണ്. പലപ്പോഴും സുകുവേട്ടന്‍ ഇല്ലാത്ത വിഷമം തോന്നിയിട്ടുണ്ട്, മക്കളുടെ വിവാഹസമയത്തും, കൊച്ചുമക്കളുണ്ടായപ്പോഴുമാണ് സുകുവേട്ടന്റെ കുറവ് ഏറ്റവുമധികം തോന്നിയിട്ടുള്ളത്. എങ്കിലും സുകുവേട്ടനെന്ന ശക്തി എന്റെയൊപ്പം എപ്പോഴുമുണ്ട്.

ഇന്ദ്രന്റെയും രാജുവിന്റെയും ഇഷ്ടങ്ങള്‍


ഇന്ദ്രന് എന്റെ സ്വഭാവവുമായി വളരെ അടുപ്പമുണ്ട്. പറയുന്നത് ശരിയല്ലെന്ന് മനസ്സില്‍ തോന്നിയാല്‍, കാണിച്ചത് തെറ്റാണെന്നു തോന്നിയാല്‍ അല്‍പ്പം നയപരമായി പറയും. എന്നാല്‍ രാജുവിന് സുകുവേട്ടന്റെ സ്വഭാവമാണ്. വെട്ടൊന്ന് കണ്ടം രണ്ട്.

യാത്രയിഷ്ടമാണ് രണ്ടാള്‍ക്കും.കുഞ്ഞുങ്ങളായിരിക്കെ സുകുവേട്ടന്റെ ആക്ഷന്‍ സിനിമകളായിരുന്നു അവര്‍ക്കിഷ്ടം. ബന്ധനം പോലുള്ള അവാര്‍ഡ് സിനിമകളോട് താത്പര്യമില്ലായിരുന്നു. അങ്കക്കുറി, ബെല്‍റ്റ്മത്തായി, വളര്‍ത്തുമൃഗങ്ങള്‍..അതൊക്കെയായിരുന്നു ഇഷ്ടം. സുകുവേട്ടന്‍ വില്ലന്മാരെ ഇടിച്ചു താഴെയിടുന്നെതാക്കെയായിരുന്നു ത്രില്‍.

ഈ സിനിമയൊക്കെ കാണുമ്പോള്‍ അടിക്ക് അച്ഛാാ എന്നവര്‍ പറയുമായിരുന്നു. അന്ന് സിനിമയെ ശരിക്ക് വിലയിരുത്താനുള്ള പരിചയവും ഇല്ലല്ലോ. എന്നാല്‍ സുകുവേട്ടന്‍ പോയിക്കഴിഞ്ഞ് അവര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടത് സി.ഡിയിലൂടെയാണ്. ബന്ധനമൊക്കെ ഇഷ്ടമായി.

ഞാനങ്ങനെ അവാര്‍ഡ് കിട്ടുന്ന തരത്തിലൊന്നും അഭിനയിച്ചിട്ടില്ലല്ലോ? വലിയ നായികാവേഷങ്ങളും ചെയ്തിട്ടില്ല. സ്വപ്നാടനം, ഉത്തരായനം, ജയിക്കാനായി ജനിച്ചവന്‍, കാത്തിരുന്ന നിമിഷം... ഇതൊക്കെയായിരുന്നു ഞാനഭിനയിച്ചതില്‍ ഇഷ്ടം. അന്ന് ഇവര്‍ സിനിമയില്‍ വരുമെന്നൊന്നും ചിന്തിച്ചിരുന്നില്ലല്ലോ. ആസ്വാദനം മാത്രമായിരുന്നു അന്നത്തെ അവരുടെ സിനിമാ കാണല്‍.

uploads/news/2018/05/217218/mallikasukumaran150518c.jpg

അമ്മൂമ്മയിലേക്ക്


എന്തെങ്കിലുമൊക്കെ തുറന്നു പറയാന്‍ പെണ്‍മക്കള്‍ വേണമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അമ്മമാരെ തിരിഞ്ഞു നോക്കാത്ത പെണ്‍മക്കളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എന്റെ ആണ്‍മക്കള്‍ തന്നെയാണ് ഏറ്റവും നല്ലത്. ആണ്‍മക്കളായതു കൊണ്ടാവും അവരെന്നെ ഇത്ര സ്‌നേഹിക്കുന്നത് എന്നു തോന്നും.

ഇന്ദ്രനും പൃഥ്വിയും എനിക്കു കൊണ്ടു ത്തന്നതാണ് പൂര്‍ണ്ണിമയെയും സുപ്രിയയെയും. പെയ്‌തൊഴിയാതെ സീരിയല്‍ വഴിയാണ് ഇന്ദ്രനും പൂര്‍ണ്ണിമയും പരിചയപ്പെട്ടത്. അവരുടെ ഇഷ്ടങ്ങളറിഞ്ഞ് ഒരു സുഹൃത്തിനെപ്പോലെ അവര്‍ക്കൊപ്പം ചേര്‍ന്ന് അമ്മയുടെ സ്ഥാനത്ത് നിന്ന് അവരുടെ ഇഷ്ടം സാധിച്ചു കൊടുത്തു. വിവാഹത്തിന് മുന്‍പേ ഞാനെന്റെ മരുമക്കളെ സ്‌നേഹിച്ചു. അത് അവരെനിക്കും തിരിച്ചു തരുന്നു.

മക്കളുടെ കൂടെ ചെന്നു നില്‍ക്കുന്ന അമ്മായിയമ്മയായി നീ ഒരിക്കലുമവര്‍ക്ക് ശല്യമാകരുതെന്ന് സുകുവേട്ടന്‍ പറയുമായിരുന്നു. അതുകൊണ്ട് അവരുടെയടുത്ത്, വിളിച്ചാല്‍ വിളി കേള്‍ക്കാനുള്ള ദൂരത്ത് ഞാനുണ്ട്.

എല്ലാത്തിനും അവര്‍ എനിക്കൊപ്പമുണ്ട്. ഞാനും മക്കളും തമ്മില്‍ വഴക്കാണെന്നും, കുറ്റങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞു നടക്കാറുണ്ടെന്നും പലരും പറഞ്ഞു തരാറുണ്ട്. അതൊക്കെ ഞങ്ങള്‍ എല്ലാവരും ഒരു ചെവിയില്‍ കൂടി കേട്ട് മറ്റേ ചെവിയില്‍ കൂടി ഒഴിവാക്കും.

എന്നെ നന്നായറിയാവുന്നവരാണ് എന്റെ മക്കള്‍. അവരെനിക്ക് തന്ന സൗഭാഗ്യങ്ങളാണ് എന്റെ കൊച്ചുമക്കള്‍. അവരുടെ സ്‌നേഹമാണ് എന്റെ ഏറ്റവും വലിയ പുണ്യം.

ഇന്ദ്രന്റെ മക്കള്‍ അമ്മൂമ്മയെന്നും, പൃഥ്വിയുടെ മകള്‍ അച്ഛമ്മയെന്നുമാണ് എന്നെ വിളിക്കുന്നത്. ആ വിളിക്ക് ഒരു പ്രത്യേക സുഖമാണ്. ഒരു മാനദണ്ഡമില്ലാതെയുള്ള സ്‌നേഹമാണത്.

സുകുവേട്ടനെന്ന ആത്മബലവും അച്ഛനമ്മമാരുടെയും അനുഗ്രഹവും മക്കളുടെ സ്‌നേഹവും ഒക്കെ കൊണ്ടാണെനിക്ക് എല്ലാ പുണ്യവും കിട്ടിയത്. അത് അങ്ങോളം ഉണ്ടാവണേ എന്ന പ്രാര്‍ത്ഥന മാത്രമേയുള്ളു.

ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
TRENDING NOW