Sunday, June 16, 2019 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 14 May 2018 03.51 PM

മലരൊളിയേ, മന്ദാരമലരേ...

''ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുന്ന പുണ്യമാണ് അമ്മ. ലോക മാതൃദിനത്തില്‍ തന്റെ ജീവിതത്തെ നല്ലവഴികളിലൂടെ നയിച്ച അമ്മയെക്കുറിച്ചും താന്‍ ജന്മം നല്‍കിയ മകളെക്കുറിച്ചും ശ്വേത മേനോന്‍.''
uploads/news/2018/05/216920/ShwetaMenon140518b.jpg
ശ്വേത മേനോന്‍ അമ്മ ശാരദക്കൊപ്പം

അമ്മ, രണ്ടക്ഷരമേയുള്ളൂ... പക്ഷേ അതിലുണ്ട് സ്നേഹം...വാത്സല്യം... ത്യാഗം... സഹനം... എല്ലാം. തന്റെ എല്ലാമെല്ലാമായ അമ്മയെക്കുറിച്ച് പറയുമ്പോള്‍ ശ്വേത മേനോന്‍ എന്ന മകളും വാചാലയാകും. ജന്മം നല്‍കിയ മകളെക്കുറിച്ച് പറഞ്ഞാലോ, വാക്കുകള്‍ തികയാതെ വരും.

മാതൃത്വമെന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ്, എല്ലാവര്‍ക്കുമത് ആസ്വദിക്കാന്‍ കഴിയണമെന്നില്ല. എന്നാല്‍ ഗര്‍ഭകാലവും പ്രസവവുമൊക്കെ ശ്വേത മേനോനെ സംബന്ധിച്ച് ഏറ്റവും ആനന്ദ കാലമായിരുന്നു. അതു മാതൃത്വത്തെ ആഘോഷിച്ച ഒരു സിനിമയ്ക്കു വിഷയവുമായി. മാതൃദിനത്തില്‍ അമ്മ എന്ന മാധുര്യത്തെക്കുറിച്ചും മകളെക്കുറിച്ചും ശ്വേത മേനോന്‍.

അമ്മയെക്കുറിച്ച്?


അമ്മ ശാരദ തനി നാട്ടിന്‍പുറത്തുകാരിയാണ്. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ അച്ഛനെ കല്യാണം കഴിച്ച ശേഷം അമ്മയുടെ ജീവിതശൈലിയില്‍ മാറ്റമുണ്ടായി, പക്ഷേ സ്വഭാവത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് അച്ഛനിപ്പോഴും പറയും.

ഒരു സാധാരണ വീട്ടമ്മ, സ്നേഹനിധിയായ, എല്ലാവരേയും കെയര്‍ ചെയ്യുന്ന ടിപ്പിക്കല്‍ അമ്മ. ലളിതമായ ചിന്താഗതികളുള്ള ഒരു സാധാരണ സ്ത്രീ. അമ്മ വലിയ പാചക വിദഗ്ധയുമായിരുന്നില്ല.

അമ്മയ്ക്കിപ്പോഴും കുട്ടിത്തമാണ്. അമ്മയും സബൈനയും സംസാരിക്കുന്നതുകേട്ടാല്‍ ആരും പറയില്ല, അമ്മമ്മയും ചെറുമകളുമാണെന്ന്. രണ്ടുപേരുടേയും ശബ്ദം പോ ലും ഒരുപോലെയാണ്.

ഞാന്‍ മോഡലായപ്പോഴും സിനിമയില്‍ വന്നപ്പോഴും അമ്മയ്ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. 'നീ നിന്റെ ജോലിയാണ് ചെയ്യുന്നത്, കരിയറില്‍ ശ്രദ്ധിക്കണം, ഒപ്പം ആരോഗ്യവും നോക്കണം. കരിയറും വ്യക്തിജീവിതവും രണ്ടും രണ്ടാണ് അത് തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നു' മാണ് അമ്മ പറഞ്ഞിട്ടുള്ളത്.

എത്ര പ്രതിഫലം കിട്ടിയെന്ന് പറഞ്ഞാലും എത്ര പണമുണ്ടെങ്കിലും വ്യക്തിജീവിതത്തില്‍ ഞാന്‍ വളരെ സിമ്പിളാണ്, അമ്മയില്‍ നിന്ന് കിട്ടിയ ശീലമാണത്. സ്ത്രീയാണ് ഒരു വീടിന്റെ ഐശ്വര്യമെന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. അച്ഛന്‍ എന്റെ അടുത്ത സുഹൃത്തും അമ്മ എപ്പോഴും ടിപ്പിക്കല്‍ അമ്മയുമായിരുന്നു.

അമ്മയ്ക്ക് നല്‍കിയ മറക്കാനാവാത്ത സ മ്മാനം?


സ്വന്തമായി വരുമാനമായശേഷം കിട്ടിയ കാശുകൊണ്ട് ആദ്യമായി അമ്മയ്ക്ക് ഒരു സാരി വാങ്ങി നല്‍കി. രണ്ടു, മൂന്ന് വര്‍ഷം കഴിഞ്ഞ് നോക്കുമ്പോഴും ആ സാരി അമ്മ ഉടുത്തിട്ടേയില്ല, വാങ്ങിക്കൊടുത്തതുപോലെ തന്നെ ഇരിക്കുന്നു, പ്രൈസ് ടാഗ് പോലും മാറ്റിയിട്ടില്ല.

എന്താണ് ഉടുക്കാത്തതെന്ന് ചോദിച്ചപ്പോള്‍, നീ ആദ്യമായി വാങ്ങിത്തന്നതല്ലേ, അതങ്ങനെ തന്നെ ഇരുന്നോട്ടെ.. എന്നാണ് അമ്മ പറഞ്ഞത്. ഞാന്‍ പക്ഷേ വിട്ടില്ല, നിര്‍ബന്ധിച്ച് ഉടുപ്പിച്ചു. ചെറിയ ചെറിയ ഇമോഷനുകളിലാണ് അച്ഛനമ്മമാര്‍ ജീവിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞതപ്പോഴാണ്.

ഒരു പെണ്‍കുട്ടിയുടെ അമ്മ എന്ന നിലയില്‍?


ഗര്‍ഭിണിയായിരിക്കെ എനിക്കൊരു മകള്‍ ജനിക്കണമെന്നായിരുന്നു ആഗ്രഹം. ഗര്‍ഭകാലം, പ്രത്യേകിച്ച് ആദ്യത്തെ അഞ്ച് മാസം ഒരുപാടൊരുപാട് എന്‍ജോയ് ചെയ് തു. ക്ഷമയും സഹനവുമൊക്കെ പഠിച്ചത് ആ സമയത്താണ്.

പെണ്‍കുട്ടിയുടെ അമ്മ എന്ന നിലയില്‍ പേടിയുണ്ട്, അതുപോലെ സന്തോഷവും. ഷീ ഈസ് മൈ ഡോള്‍.. എന്റെ ഒരു സുഹൃത്ത് വളര്‍ന്നുവരികയാണെന്നാണ് തോന്നുന്നത്. മകള്‍ ജനിച്ചപ്പോഴാണ് ഞാന്‍ അമ്മയെ കൂടുതല്‍ മനസിലാക്കിയത്. കുടുംബവുമായി കൂടുതല്‍ അറ്റാച്ച്ഡായി. സബൈന ഗ്രാന്‍ഡ് പേരന്റ്‌സിനൊപ്പം വളരണമെന്നാണ് ആഗ്രഹിക്കുന്നത്.

uploads/news/2018/05/216920/ShwetaMenon140518a.jpg
ശ്വേത മേനോന്‍ മകള്‍ സബൈനയ്‌ക്കൊപ്പം

ശ്വേതയെ ആണ്‍കുട്ടിയെപ്പോലെയാണ് വളര്‍ത്തിയത്. സബൈയ്‌നയോ?


ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്നെ ഭംഗിയുള്ള ഒരുപാട് ഉടുപ്പുകള്‍ വാങ്ങിവച്ചിട്ടുണ്ടായിരുന്നു. എനിക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ ഇഷ്ടമല്ല, വിവാഹത്തിനെടുത്ത ആഭരണങ്ങള്‍ മകള്‍ക്കുവേണ്ടി സൂക്ഷിച്ചിരുന്നു. ജനിക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അതൊക്കെ അടുത്ത ദിവസം തന്നെ കൊണ്ടുപോയി വില്‍ക്കുമെന്ന് ഞാന്‍ ശ്രീയോട് പറയുമായിരുന്നു.

മോളുണ്ടായപ്പോള്‍ തന്നെ ഞങ്ങളിലൊരാള്‍ മകള്‍ക്കൊപ്പമുണ്ടാകണമെന്ന് ഞാനും ശ്രീയും തീരുമാനിച്ചിട്ടുണ്ടായിരുന്നു. ആറുമാസം മുതല്‍ അവളെ നോക്കാനൊരു ചേച്ചിയുണ്ടായിരുന്നെങ്കിലും ഞാനോ ശ്രീയോ അവള്‍ക്കൊപ്പമുണ്ടായിരുന്നു. ഞങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ അവളുടെ കുട്ടിത്തം നഷ്ടമാകരുതെന്ന് എനിക്കാഗ്രഹമുണ്ട്.

ഒരു കാര്യവും അവളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവളെ മണ്ണില്‍ കളിക്കാന്‍ വിടാറുണ്ട്, മഴ നനയിക്കാറുണ്ട്. എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. അവളെ ഇന്‍ഡിപെന്റന്‍ഡായി വളര്‍ത്തണമെന്നാണ് ആഗ്രഹം. കുഞ്ഞാണെങ്കിലും അവളെ ഒരു വ്യക്തിയായി കാണണം എന്നൊക്കെ അവളുണ്ടായപ്പോഴേ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടായിരുന്നു.

കുഞ്ഞുങ്ങള്‍ പോലും പീഡിപ്പിക്കപ്പെടുന്നു. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍?


ഇങ്ങനെയുള്ള സംഭവങ്ങളില്‍ പ്രതികരണമല്ല ആവശ്യം. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവരെ വിചാരണ പോലും കൂടാതെ തൂക്കിക്കൊല്ലണം. കഠ്വായിലെ സംഭവം തന്നെ നോക്കൂ, അതൊരു കമ്മ്യൂണല്‍ ഇഷ്യു അല്ല, ഒരു കുഞ്ഞും കുറേ ചെകുത്താന്മാരും തമ്മിലുള്ള യുദ്ധമായിരുന്നു. അവിടെ മതത്തിനൊരു സ്ഥാനവുമില്ല. ഈ സംഭവത്തോടെ ഒന്നും അവസാനിക്കുന്നില്ല. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും.

പെണ്‍കുട്ടികളെ പ്രതികരണശേഷിയുള്ളവരാക്കാന്‍ എന്ത് ചെയ്യാം?


ഇന്നത്തെ പെണ്‍കുട്ടികള്‍ ഫിസിക്കലി വീക്കാണ്. അവര്‍ക്ക് മെന്റല്‍ പവര്‍ മാത്രം കൊടുത്താല്‍ പോരാ, ഫിസിക്കല്‍ ട്രെയിനിങ്ങും നല്‍കണം. സിംഗപ്പൂരിലൊക്കെ ഒരു പ്രായം വരെ കുട്ടികള്‍ക്ക് ആര്‍മി സ്‌റ്റൈ ല്‍ പഠനരീതിയാണുള്ളത്. അങ്ങനെയുള്ള നിയമങ്ങള്‍ നമ്മുടെ നാട്ടിലും വരണം. വിദ്യാഭ്യാസ കാര്യത്തില്‍ ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരേണ്ടതുണ്ട്.

ഒരമ്മയ്ക്ക് മകളോട് ചില കാര്യങ്ങള്‍ പറയുന്നതിന് പരിധിയുണ്ട്. ചൂഷണങ്ങളെക്കുറിച്ച് എന്റെ മകളെ എങ്ങനെ പറഞ്ഞുമനസിലാക്കണമെന്ന് എനിക്കറിയല്ല, അവളെ ഓരോന്ന് പറഞ്ഞ് പേടിപ്പിച്ച് വളര്‍ത്താന്‍ ഞാന്‍ തയ്യാറല്ല, അവള്‍ക്ക് അഞ്ച് വയസ്സേ ആയിട്ടുള്ളൂ. ഈ കുഞ്ഞുപ്രായത്തില്‍ ഇത്തരം കാര്യങ്ങള്‍ എങ്ങനെ പറഞ്ഞുകൊടുക്കാനാവും? സ്‌കൂളുകളില്‍ നിന്നാണ് അതിന് മാറ്റമുണ്ടാകേണ്ടത്.

സിനിമയിലേക്കു വന്നാല്‍, കമ്മാരസംഭവത്തില്‍ വ്യത്യസ്ത ഗെറ്റപ്പാണല്ലോ?


ഒരു വര്‍ഷം മുമ്പാണു സംവിധായകന്‍ രതീഷ് അമ്പാട്ട് എന്നോട് ഈ സിനിമയെക്കുറിച്ച് പറയുന്നത്. മലയില്‍ മഹേശ്വരി എന്നൊരു കഥാപാത്രം. ചെറിയ റോളാണ്. പുതിയൊരു ഗറ്റപ്പിലും പുതിയൊരു സ്‌റ്റൈലിലും എന്നെ കാണാന്‍ സാധിച്ചതില്‍ ഞാന്‍ ഹാപ്പിയാണ്. മലയാളം പടത്തില്‍ അഭിനയിക്കുകയാണെന്ന ഫീലേ ഉണ്ടായിരുന്നില്ല.

പിന്നെ ദിലീപേട്ടന്‍, നമിത, മുരളിയേട്ടന്‍ തുടങ്ങി കുറേ കലാകാരന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. ഇതിലെല്ലാമുപരി രതീഷ് എന്ന നല്ലൊരു സുഹൃത്തിനെ കിട്ടി. മികച്ച ക്യാമറാമാനായ സുനിലേട്ടനെ പരിചയപ്പെടാന്‍ പറ്റി. മികച്ചൊരു ടീമായിരുന്നു ചിത്രത്തിലേത്.

നവല്‍ എന്ന ജുവലിലും അസാമാന്യമായൊരു മേക്കോവറുണ്ടായി. എഴുപതുവയസുകാരനായ ഒരു മുസല്‍മാന്‍. ശ്വേതയാണെന്ന് തിരിച്ചറിയില്ലായിരുന്നു. പുരുഷനായുള്ള മേക്കോവറിനെക്കുറിച്ച്?


എനിക്കെപ്പോഴും കുറച്ചൊക്കെ ഭാഗ്യമുണ്ട്. അതുകൊണ്ടാണ് ഇത്തരം വേഷങ്ങ ള്‍ എന്നെ തേടിയെത്തുന്നത്. ആണ്‍വേഷമാണെന്ന് കേട്ടപ്പോള്‍ തന്നെ ഞാന്‍ ഞെട്ടി. സ്ത്രീ എന്ന നിലയിലും നടി എന്ന നിലയിലും എന്നെ എക്സൈറ്റ് ചെയ്യിച്ച കഥാപാത്രമായിരുന്നത്.

സ്വന്തം മകളെ സംരക്ഷിക്കാന്‍ അവളുടെ അപ്പൂപ്പനായി വേഷം കെട്ടേണ്ടിവരുന്ന ഒരമ്മയുടെ വേഷമായിരുന്നു അത്. ആ ചലഞ്ച് ഞാനേറ്റെടുത്തു. മൂന്നു നാല് മാസമെടുത്ത് നന്നായി വര്‍ക്കൗട്ട് ചെയ്തശേഷമാണ് ഷൂട്ടില്‍ ജോയ്ന്‍ ചെയ്തത്.

മായാമോഹിനിയില്‍ ദിലീപേട്ടന്റെ മേക്കോവര്‍ ചെയ്ത റോഷന്‍ ചേട്ടനായിരുന്നു ഈ ചിത്രത്തില്‍ എന്റെ മേക്കോവര്‍ ചെയ്തത്. എന്റേത് വളരെ സെന്‍സിറ്റീവായ ചര്‍മ്മമാണ്, അത് ആണിന്റേതുപോെലയാക്കുക എളുപ്പമായിരുന്നില്ല.

ചര്‍മ്മത്തിന് ഒരു പ്രശ്നവുമുണ്ടാക്കാത്ത രീതിയില്‍ ശ്രദ്ധിച്ചാണ് മേക്കപ്പ് ചെയ്തത്. നാല് മണിക്കൂറോളമെടുത്തു മേക്കപ്പ് ചെയ്യാന്‍. മേക്കപ്പ് മാറ്റാന്‍ രണ്ടു മണിക്കൂറും. ആ ശ്രമം വെറുതേയായില്ല. റോഷന്‍ ചേട്ടന് മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടി.

uploads/news/2018/05/216920/ShwetaMenon140518.jpg

പെണ്ണായി ജിവിക്കണമെങ്കില്‍ ആണ്‍വേഷം കെട്ടണമെന്നുണ്ടോ?


പെണ്ണിന് സുരക്ഷിതമായി ജീവിക്കണമെങ്കില്‍ ആണ്‍വേഷം കെട്ടണമെന്ന് ഞാന്‍ പറയില്ല. ലെറ്റ്സ് ഹാവ് എ ജന്റില്‍മാന്‍ ടോക്ക്് എന്ന് പറയില്ലേ, അതുപോലെയാകണം. പറയേണ്ട കാര്യങ്ങള്‍ സ്‌റ്റേണായി പറയണം.

സ്ത്രീകള്‍ ബോള്‍ഡാവണം എന്നാണ് പറയുന്നത്. പക്ഷേ ഞാന്‍ ആ വാക്ക് ഉപയോഗിക്കുന്നില്ല. പക്ഷേ ആണത്തം കാണിക്കണം. പുരുഷന്മാരെ അധിക്ഷേപിക്കണ്ട കാര്യമില്ല, അവരെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍.

ശ്രീവത്സന്‍ എന്ന ഭര്‍ത്താവ് എത്രത്തോളം സപ്പോര്‍ട്ടീവാണ്?


ഒരുപാടൊരുപാട് സപ്പോര്‍ട്ടീവാണ്. എല്ലാ കാര്യങ്ങളും ഞങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ട്. ശ്രീ എന്നെക്കാണുമ്പോള്‍ ഞനൊരു ഇന്‍ഡിപെന്റന്‍ഡായ സ്ത്രീയായിരുന്നു. വിവാഹം കഴിഞ്ഞെന്നുകരുതി ആ സ്വഭാവം മാറ്റേണ്ട കാര്യമില്ലെന്ന് ശ്രീ പറഞ്ഞിട്ടുണ്ട്. നല്ലൊരു കമ്മ്യൂണിക്കേഷന്‍ ഞങ്ങള്‍ക്കിടയിലുണ്ട്.

അച്ഛനോടാണോ അമ്മയോടാണോ മകള്‍ക്ക് കൂടുതല്‍ അറ്റാച്ച്മെന്റ്?


പെണ്‍കുട്ടികള്‍ക്ക് പൊതുവേ അച്ഛനോടാണല്ലോ കൂടുതലിഷ്ടം. മോളുടെ കാര്യത്തില്‍ ശ്രീ ഓവര്‍ പ്രൊട്ടക്ടീവാണ്. പക്ഷേ ഞങ്ങളിലൊരാള്‍ എപ്പോഴും അവളുടെ കാര്യത്തില്‍ സ്ട്രിക്റ്റാകും.

മകള്‍ സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച്?


സിനിമകളും പരസ്യങ്ങളുമടക്കം ഒരുപാട് പ്രോജക്ടുകള്‍ വരുന്നുണ്ട്. സിനിമയല്ല അവളുടെ ഫൈനല്‍ ഡെസ്റ്റിനേഷന്‍. ഇപ്പോളവള്‍ പഠിക്കട്ടെ, പിന്നീട് അഭിനയിക്കണമെങ്കില്‍ അഭിനയിച്ചോട്ടെ. അതാണ് വിധിയെങ്കില്‍ മാറ്റാനാവില്ലല്ലോ.

ബോളിവുഡിലേക്കൊരു തിരിച്ചുപോക്ക് പ്രതീക്ഷിക്കുന്നുണ്ടോ?


ഒന്നും പറയാന്‍ പറ്റില്ല, ജീവിതമൊരു സര്‍പ്രൈസാണ്. ഇന്നിവിടെയാണ്, നാളെ എവിടെയാകുമെന്ന് പറയാനാവില്ല.

ബോള്‍ഡായ ഒരേ ടൈപ്പ് കഥാപാത്രങ്ങളില്‍ ഒതുങ്ങിപ്പോകുന്നതായി തോന്നിയിട്ടുണ്ടോ?


ഏതൊരു കഥാപാത്രം ചെയ്യുമ്പോഴും അതില്‍ ശ്വേത മേനോന്റെ മാനറിസങ്ങളൊന്നും ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. എപ്പോഴും കഥാപാത്രം മികച്ചു നില്‍ക്കാനാണ് ശ്രമിക്കുന്നത്.

യഥാര്‍ത്ഥ ജീവിതത്തില്‍ ബോള്‍ഡായ ആളല്ല ഞാന്‍. ഇമോഷണലായ വ്യക്തിയാണ്, പെട്ടെന്ന് ചിരിക്കും, കരയും. കിട്ടുന്ന കഥാപാത്രങ്ങള്‍ എത്രമാത്രം നന്നാക്കാമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഒരു മാറ്റം പ്രതീക്ഷിക്കുന്നു. ആഗ്രഹങ്ങളൊരുപാടുണ്ട്. നോക്കാം, എന്ത് സംഭവിക്കുമെന്ന്.

തിരക്കുകള്‍ക്കിടയിലും ഡാന്‍സ് പ്രോഗ്രാമുകള്‍ക്കും സമയം കണ്ടെത്തുന്നു?


സമയമൊരുപാടുണ്ട്. ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്യുന്ന സമയത്ത് സിനിമകളൊന്നും കമ്മിറ്റ് ചെയ്യാറില്ല. എല്ലാക്കാര്യങ്ങളും നന്നായി മാനേജ് ചെയ്യാന്‍ കഴിയുന്നത് കുടുംബത്തിന്റെ ശക്തമായ പിന്തുണയുള്ളതുകൊണ്ടാണ്. വിവാഹത്തിനുമുമ്പാണെങ്കില്‍ അച്ഛന്‍ ആവശ്യത്തിനുള്ള സ്വാതന്ത്ര്യം തരുമായിരുന്നു. ഇപ്പോള്‍ ശ്രീയും അങ്ങനെ തന്നെ.

സെലിബ്രിറ്റി ദമ്പതികള്‍ക്കായുള്ള പ്രോഗ്രാമില്‍ ജഡ്ജാണല്ലോ? ആ പ്രോഗ്രാമിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളെക്കുറിച്ച്്?


അഭിപ്രായങ്ങള്‍ ആര്‍ക്കും പറയാം. വിമര്‍ശനങ്ങളെന്നാല്‍ വിജയത്തിലേക്കുള്ള വഴിയാണ്. വെറുതെയിരിക്കുന്ന ഒരാളെ വിമര്‍ശിക്കില്ലല്ലോ, എന്തെങ്കിലുമൊക്കെ ചെയ്യുന്നവരെയേ വിമര്‍ശിക്കുകയുള്ളൂ, അതെന്റെ പ്രൊഫഷന്റെ പ്രത്യേകതയാണ്.

ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍?


ശ്രീദേവി മാമിന്റെ മരണം എനിക്കിനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് എനിക്ക് സമ്മാനിച്ചത് ശ്രീദേവി മാമാണ്. അവരുടെ വീടിനടുത്ത് തന്നെയാണ് ഞാനും താമസിച്ചിരുന്നത്. മരണശേഷം ഒരു മാസം കഴിഞ്ഞാണ് ഞാന്‍ ആ വീടിനുമുമ്പിലൂടെ നടന്നതുപോലും.

അഭിനയ പ്രതിഭ എന്നതിലുപരി അവര്‍ നല്ലൊരു ഭാര്യയാണ്, അമ്മയാണ്. ഞാന്‍ ബോണി കപൂറിന്റെ ഹോം പ്രൊഡക്ഷന്‍ സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ സമയത്ത് ബോണി സാറിന്റെ ഭക്ഷണ കാര്യത്തിലൊക്കെയുള്ള മാമിന്റെ ശ്രദ്ധയെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ശ്രീദേവി മാമിന്റെ മരണം ഇപ്പോഴുമെനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തൊരു സത്യമാണ്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW