പടം...........വാള്
പിടിച്ചെടുത്ത വാളുമായി തിരൂര്‍ സ്റ്റേഷന് ഓഫീസര്‍ സുമേഷ് സുധാകര്‍.
തിരൂര്‍: രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിലുണ്ടായ പകയുടെ കെടാക്കനലുമായി മലപ്പുറത്തെ തീരദേശ ഗ്രാമങ്ങള്‍. അടുത്ത നിമിഷം ആരുടെ ശരീരത്തിലൂടെയാണ് വാളു കയറിയിറങ്ങുക എന്നറിയില്ല. എന്തും എപ്പോഴും സംഭവിക്കാവുന്ന അവസ്ഥ തീരമേഖലയായ കൂട്ടായി ,പറവണ്ണ ,ഉണ്ണിയാല്‍, താനൂര്‍ കടലോര ഗ്രാമങ്ങളിലാണ് നെഞ്ചകത്തെരിയുന്ന പകയുടെ കെടാക്കനലുകളുമായി കടലിന്റെ മക്കള്‍ ജീവിക്കുന്നത്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇവിടെ നടക്കുന്നില്ല. അതേ സമയം കയ്യും കാലും വെട്ടി കൊല്ലാക്കൊലകളാണ് ഇവിടെ നടക്കുന്നത്. സി.പി.എമ്മും മുസ്ലീം ലീഗും തമ്മിലാണ് തീരമേഖലയില്‍ സംഘര്‍ഷവും അന്യോന്യം വെട്ടിവീഴലും . കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മൂന്ന് സി.പി.എം.പ്രവര്‍ത്തകര്‍ക്കും ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകനും വെട്ടേറ്റതാണ് ഒടുവിലത്തെ സംഭവം. മുസ്ലീം ലീഗിന്റെ കോട്ടയായ തീരമേഖലയില്‍ ചെങ്കൊടി പാറിച്ച് ആധിപത്യം പിടിച്ചടക്കാനുള്ള സി.പി.എമ്മിന്റെ നീക്കവും നിലനില്‍ക്കാനുള്ള മുസ്ലീം ലീഗിന്റെ തന്ത്രവും തീരമേഖലയെ സംഘര്ഷഭരിതമാക്കിയിട്ട് രണ്ടു പതിറ്റാണ്ടാവുന്നു.
ഒരു വ്യാഴവട്ടക്കാലം നടന്ന സംഘര്‍ഷത്തില്‍ നൂറുകണക്കിന് വീടുകള്‍ തകര്‍ക്കപ്പെട്ടു. അത്ര തന്നെ ആളുകള്‍ക്ക് വെട്ടേറ്റു. അംഗഭംഗം വന്ന് ജീവച്ഛവമായിരിക്കുന്നവര് അനവധിയാണ്. സ്ത്രീകള്‍ക്കിടയിലും ഈ രാഷ്ര്ടീയവൈരം പടര്‍ന്നു കയറിയെന്നതാണ് ഏറെ കൗതുകം .സി .പി .എമ്മിന് ആധിപത്യമുള്ള പ്രദേശങ്ങളില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരും മുസ്ലീം ലീഗിന് ആധിപത്യ മുള്ള പ്രദേശങ്ങളില്‍ സി.പി.എം.പ്രവര്‍ത്തകരും സുരക്ഷിതരല്ല. രണ്ടു പാര്‍ട്ടിക്കാര്‍ക്കും ചാവേറുകളാവാന്‍ പരിശീലനം ലഭിച്ച ക്വട്ടേഷന്‍ സംഘങ്ങള്‍ തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു.
തീരമേഖലയില്‍ ഒരു വ്യാഴവട്ടക്കാലത്തെ തുടര്‍ച്ചയായ സംഘര്‍ഷങ്ങളില്‍ റജിസ്റ്റര്‍ ചെയ്തത് എഴുനൂറ്റിയമ്പതില്പ്പരം കേസുകളാണ്. ഓരോ മുന്നണിയും അധികാരത്തില്‍ വരുമ്പോള്‍ അവരുടെ പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കുന്നതും സര്‍ക്കാര്‍ മന:പ്പൂര്‍വം തോറ്റു കൊടുക്കുന്നതും സാധാരണമാണ്. ചിലസെഷന്സ് കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. തീരമേഖലയിലെ പ്രവര്‍ത്തകരുടെ നിയന്ത്രണം നേതാക്കന്മാരില് ഇല്ല. രാഷ്ര്ടീയപ്പക പ്രവര്‍ത്തകരിലേക്ക് കോരിയിട്ട നേതാക്കന്മാര് അണികള്‍ പോകുന്നിടത്തേക്ക് തെളിക്കുകയാണ്. അതേ സമയം പാര്‍ട്ടി നിറമുള്ള ട്രൗസര്‍ പുറമേക്ക് കാണാവുന്ന വിധത്തില്‍ മുണ്ട് മടക്കിക്കുത്തി നടക്കുന്ന കടിഞ്ഞാണില്ലാത്ത അണികള്‍ അനുഗ്രഹമായി പാര്‍ട്ടി നേതാക്കളും കരുതുന്നു.
മയക്കുമരുന്ന് മാഫിയയും തീവ്രസ്വഭാവമുള്ള സംഘടനകളും കരളുറപ്പുള്ള ഇത്തരം ചെറുപ്പക്കാരെ വലയിലാക്കിയിട്ടുണ്ടെങ്കിലും നേതാക്കന്മാര് മൗനം പാലിക്കുന്നതും കാണാം. വാട്സാപ്പ് ഹര്‍ത്താലിന് താനൂരില്‍ തീവ്രഭാവം വരുത്തിയത് ഇതിന് ഉദാഹരണം. താനൂരിലെ സംഭവങ്ങളില്‍ സി.പി.എം, മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് പ്രതികളായത്. അക്രമം നടത്തുന്നവരെ നേതാക്കന്മാര് സംരക്ഷിക്കുന്നതും അക്രമം തുടരുന്നതിന് പ്രോല്‍സാഹനമാണ്. സര്വകക്ഷിയോഗങ്ങള് പ്രഹസനമാണെന്ന് പോലീസ് രേഖകള്‍ പറയും. തിരദേശത്തെ സംഘര്‍ഷത്തില്‍ പോലീസും എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.കഴിഞ്ഞ ദിവസം പോലീസിനു നേരെ അക്രമികള്‍ വാള് വീശിയ സംഭവം വരെ ഉണ്ടായി.
160 ല്‍പ്പരം പോലീസുകാര്‍ സംഘര്‍ഷ ഗ്രാമങ്ങളിലുണ്ടെങ്കിലും പകയെരിയുന്ന മനസ്സുമായി നടക്കുന്നവര്‍ക്ക് ഇതൊന്നും പ്രശ്നമല്ല. ഇനി തീരമേഖലയില്‍ നാളെ എന്തു സംഭവിക്കുമെന്ന റിയില്ല. നാളെ ഉച്ചക്ക് രണ്ടു മണിക്ക് സി.പി.എമ്മും മുസ്ലീം ലീഗും രണ്ട് മാര്‍ച്ചുകള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ടിപ്പു സുല്‍ത്താന്‍ റോഡിലൂടെയാണ് മാര്‍ച്ച്.ലീഗ് തുടങ്ങുന്ന സ്ഥലത്തേക്ക് സി.പി.എമ്മും സി.പി.എം തുടങ്ങുന്നിടത്തേക്ക് ലീഗും മാര്‍ച്ച് നടത്തും രണ്ടു മാര്‍ച്ചും മുഖാമുഖം വന്നാല്‍ എന്തു സംഭവിക്കുമെന്ന് പോലീസിനും പറയാനാവില്ല. ഇക്കാര്യത്തില്‍ പോലീസിന്റെ തീരുമാനം ഇന്നുണ്ടായേക്കും. നിരോധനാജ്ഞയല്ലാതെ മാര്‍ച്ച് ഒഴിവാക്കാന്‍ വേറെ മാര്‍ഗമില്ല.മാര്‍ച്ച് തടഞ്ഞില്ലെങ്കില്‍...അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നെഞ്ചിടിപ്പ് പെരുകുകയാണ് നിഷ്പക്ഷരായ വരുടെയുള്ളില്.