Monday, November 19, 2018 Last Updated 18 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 13 May 2018 08.59 AM

ആസ്വാദകരെ ത്രസിപ്പിച്ച് മംഗളം സംഗീതരാവ്; സംഗീതമഴയില്‍ മനം നിറഞ്ഞ് കോട്ടയം

uploads/news/2018/05/216616/mangalam-music.jpg

കോട്ടയം: അക്ഷര നഗരിയില്‍ സംഗീതനക്ഷത്രങ്ങള്‍ ജ്വലിച്ചുനിന്ന രാവ്. ചിന്നിച്ചിതറിപെയ്ത നനുത്ത മഴയ്ക്കു കുടയേകി സംഗീതം നിറഞ്ഞു നിന്നു, മണ്ണിലും മനസിലും. മംഗളം സംഗീത, പുരസ്‌കാര നിശ അക്ഷര നഗരിക്കു പുതിയ ഈണമായി. ആവേശത്തിന്റെ താളമായി. 'മംഗള'ത്തെക്കുറിച്ചുള്ള ഉണര്‍ത്തു പാട്ടോടെയായിരുന്നു സംഗീത രാവിനു തുടക്കമായത്.

തുടര്‍ന്നു പാട്ടിന്റെ, നൃത്തത്തിന്റെ നിലവിളക്കിനു തിരി തെളിഞ്ഞു. അതിനെ ജ്വലിപ്പിച്ചുകൊണ്ടു സംഗീത നക്ഷത്രങ്ങള്‍. ശ്രേയ ജയദീപെന്ന ഇളമുറക്കാരി മുതല്‍ സംഗീതലോകത്തെ ചക്രവര്‍ത്തിമാര്‍ വരെ. ഉണ്ണിമേനോന്‍, ജി. വേണുഗോപാല്‍, വിജയ് യേശുദാസ്. അവരെല്ലാം അക്ഷര നഗരികൊളുത്തിയ സംഗീത വിളക്കിന്റെ തിരികളായി.

നൃത്തഗ്രൂപ്പായ വോള്‍ക്കാനോയുടെ കലാകാരന്‍മാരും കലാകാരികളും ആ പ്രഭയില്‍ ചുവടുകള്‍വച്ചു. അവരെ നയിച്ച് ആര്യയും റോമയും. ഓര്‍മയില്‍ എന്നും ജ്വലിക്കുന്ന സംഗതരാവാണ് ഇന്നലെ മംഗളം അക്ഷര നഗരിക്കു സമ്മാനിച്ചത്.

ആഘോഷം പെയ്തിറങ്ങിയ സംഗീതസന്ധ്യ

കോട്ടയം: ആഘോഷം പെയ്തിറങ്ങിയ സംഗീത സന്ധ്യയെ ഇരുകൈയും നീട്ടി സ്വീകരിച്ചു കോട്ടയത്തിന്റെ മണ്ണ്. അക്ഷര നഗരി ഇതുവരെ കാണാത്ത വിസ്മയ കാഴ്ചകള്‍ ഒരുക്കിയ സംഗീത, നൃത്ത വിരുന്നിനെ ആസ്വാദകര്‍ കൈയടിച്ചു വരവേറ്റു. ചാറ്റല്‍ മഴയെയും അവഗണിച്ച് ഒഴുകിയെത്തിയ കാണികള്‍ക്കു ഏറ്റവും സൗകര്യപ്രദമായി സംഗീത വിരുന്ന് ആസ്വദിക്കുന്നതിനുള്ള സൗകര്യം പോലീസ് പരേഡ് ഗ്രൗണ്ടിലെ വേദിയില്‍ ഒരുക്കിയിരുന്നു.

ഉദ്ഘാടന ചടങ്ങിനു മണിക്കൂറുകള്‍ക്കു മുമ്പേ തന്നെ ആസ്വാദകര്‍ മഴയെ അവഗണിച്ചും ഒഴുകിയെത്തിക്കൊണ്ടിരുന്നു. പന്തലിനുള്ളിലിരിക്കുന്ന മുഴുവന്‍ കാണികള്‍ക്കും മിഴിവോടെ സംഗീത, ദൃശ്യ വിരുന്ന് ആസ്വദിക്കുന്നതിനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിരുന്നു.

പടുകൂറ്റന്‍ സ്റ്റേജിനു പുറമേ ഏറ്റവും മികച്ച ശബ്ദ, വെളിച്ച സംവിധാനം കാണികള്‍ക്കു നവ്യാനുഭവമായി. ഉദ്ഘാടന ചടങ്ങിനും അവാര്‍ഡ് വിതരണത്തിനും ശേഷമാണു ഗാനസന്ധ്യയ്ക്കു തുടക്കമായത്. കാണികളെ ത്രില്ലടിപ്പിക്കുന്ന വയലിന്‍, ഗിറ്റാര്‍ ഷോയും അരങ്ങേറി.

തുടര്‍ച്ചയായ നാലു മണിക്കൂര്‍ കോട്ടയത്തെ ത്രസിപ്പിക്കുന്ന രീതിയിലുള്ള സംഗീതവും നൃത്തവുമാണു സ്റ്റേജില്‍ അരങ്ങേറിയത്. രമേശ് ശിവപുരം ഒരുക്കിയ സ്റ്റേജും സംവിധാനങ്ങളും സംഗീത വിരുന്നിന്റെ മാറ്റു കൂട്ടി. സവിശേഷമായ ശബ്ദ, വെളിച്ച സംവിധാനത്തോടുകൂടി കാണികള്‍ക്ക് അരോചകമാകാത്ത വിസ്മയ കാഴ്ചകളോടു കൂടിയതായിരുന്നു സ്റ്റേജ്.

നഗരത്തിലെ ഗതാഗതത്തിനു തടസമുണ്ടാകാതെയും വന്നവരിലാര്‍ക്കും അസൗകര്യമുണ്ടാകാത്തതുമായ രീതിയിലായിരുന്നു പാര്‍ക്കിങ്ങ് ക്രമീരണം. ഡിവൈ.എസ്.പി. ഷാജിമോന്റെ നേതൃത്വത്തില്‍ പോലീസ് സേനയുടെ സേവനവും കാണികള്‍ക്കു സൗകര്യമായി.

Ads by Google
Sunday 13 May 2018 08.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW