Saturday, September 08, 2018 Last Updated 10 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 13 May 2018 08.44 AM

ആ കറുത്ത ഓര്‍മ്മകള്‍ക്ക് വിട; അച്ഛന്‍ ഉള്‍പ്പെടെ 11 പേരുടെ ക്രൂരപീഡനത്തിനിരയായ കൗമാരക്കാരി ഇനി അഭിഭാഷക; ലക്ഷ്യം സിവില്‍ സര്‍വീസ്

uploads/news/2018/05/216613/adv.jpg

കൊച്ചി: അച്ഛന്‍ ഉള്‍പ്പെടെ 11 പേരുടെ ക്രൂരപീഡനത്തിനിരയായ കൗമാരക്കാരിയല്ല ഇന്നവള്‍; ഇച്ഛാശക്തിയും കരുത്തും കൊണ്ട് അഭിഭാഷകയായ മിടുക്കി. ഇരയെന്നു വിളിക്കപ്പെടാന്‍ അവള്‍ ഇഷ്ടപ്പെടുന്നില്ല. സ്വന്തം ജീവിതാനുഭവങ്ങള്‍കൊണ്ടു തുന്നിയ അഭിഭാഷക കുപ്പായം അണിയുമ്പോള്‍ കേരളത്തിനു മുഴുവന്‍ മാതൃകയാണ് ഈ പെണ്‍കുട്ടി. ഇനി ലക്ഷ്യം സിവില്‍ സര്‍വീസാണ്. ഇന്നലെ ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ അഭിഭാഷകരായി എന്റോള്‍ ചെയ്ത 704 പേരിലൊരാളാണ് കണ്ണൂര്‍ സ്വദേശിയായ ഈ ഇരുപത്തിയഞ്ചുകാരി.

ചിന്തിക്കാന്‍ പോലും കഴിയാത്ത ദുരനുഭവങ്ങിലൂടെയാണ് അവള്‍ കടന്നുപോയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജന്മം തന്ന പിതാവ് ആദ്യം പീഡിപ്പിച്ചു. പിന്നെ പലയിടത്തും കൊണ്ടുപോയി പലരുടെയും കാമപൂര്‍ത്തീകരണത്തിന് ഇരയാക്കി. തുടര്‍ച്ചയായ പീഡനങ്ങള്‍. എല്ലാത്തിനും സാക്ഷിയായി അമ്മ. സഥലത്തെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടാണ് 2008 ല്‍ സംഭവം പോലീസറിയുന്നത്. തുടര്‍ന്നുള്ള നിയമപോരാട്ടങ്ങളില്‍ അവളുടെ ഉറച്ച മൊഴികള്‍ നിര്‍ണായകമായി. പ്രതികള്‍ ഇരുമ്പഴിക്കുള്ളിലായി. അച്ഛനു ജീവപര്യന്തമാണു ശിക്ഷ.

തിരുവനന്തപുരം നിര്‍ഭയയിലെത്തിയ പെണ്‍കുട്ടി, ഒന്‍പതം ക്ലാസില്‍ മുടങ്ങിപ്പോയ പഠനം പുനഃരാരംഭിച്ചു. 2009-ല്‍ പത്താം ക്ലാസ് പരീക്ഷ ജയിച്ചു.

ആ വര്‍ഷം തന്നെയായിരുന്നു കേസിലെ വിധിയും. പ്ലസ്ടു കഴിഞ്ഞ് എറണാകുളത്ത് എല്‍.എല്‍.ബിക്കു ചേര്‍ന്നു. ഒടുവില്‍ അവള്‍ ആഗ്രഹിച്ച സുദിനമെത്തി. ഇന്നലെ തിരുവനന്തപുരത്തുനിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം എത്തി അഭിഭാഷകയായി എന്റോള്‍ ചെയ്തു. ടെന്‍ഷനും സന്തോഷവും ഒരുപോലെയുണ്ടായിരുന്നു. അധ്യാപകരോടും അഭിഭാഷകരോടുമൊക്കെ ചടങ്ങിനെക്കുറിച്ച് ചോദിച്ചുമനസിലാക്കി.

സിവില്‍ സര്‍വീസാണ് അടുത്ത ലക്ഷ്യം. ജീവിതപോരാട്ടത്തില്‍ തളര്‍ന്നുപോകാതെ കൂടെ നിര്‍ത്തിയ ഒരുപാട് പേരുണ്ട്. അവരോടൊക്കെ നന്ദിയും സ്നേഹവുമുണ്ട്- നിറഞ്ഞ ചിരിയില്‍ അവള്‍ പറഞ്ഞുനിര്‍ത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW