Monday, November 19, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 13 May 2018 02.20 AM

ധന്യവാദ്‌

uploads/news/2018/05/216606/re2.jpg

യൗവനകാലത്ത്‌ രാജസ്‌ഥാനില്‍ കുറേ വര്‍ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്‌ ഞാന്‍. അവിടെ ഓര്‍മ്മകളുടെ ചെപ്പില്‍ തങ്ങിനില്‍ക്കുന്ന ചില കാര്യങ്ങളുണ്ട്‌. ഒരു വേനല്‍ക്കാലം. തീ പിടിക്കുന്ന ചൂട്‌! വെള്ളംകോരി പുറത്തുവച്ചാല്‍തിളയ്‌ക്കും. ഒരിക്കല്‍ ഞങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. മൂന്നാംക്ലാസ്‌ കമ്പാര്‍ട്ട്‌മെന്റിലാണ്‌ യാത്ര. അന്നൊക്കെ ഇതിനെ ഗാന്ധി ക്ലാസ്‌ എന്നാണ്‌ വിളിച്ചിരുന്നത്‌.
കമ്പാര്‍ട്ട്‌മെന്റ്‌ ആളുകളെക്കൊണ്ട്‌ നിറഞ്ഞിരുന്നു. ഏറെയും മാര്‍വാഡികളാണ്‌. അതിനകത്ത്‌ കോഴി, താറാവ്‌, മൃഗങ്ങള്‍, ചാക്കുകെട്ട്‌, അങ്ങനെ സര്‍വതും ഉണ്ട്‌. ചുരുക്കം പറഞ്ഞാല്‍ നില്‍ക്കാന്‍പോലും സ്‌ഥലം ഇല്ലാത്ത സാഹചര്യം! ചൂടും ആവിയും കൂടിയായപ്പോള്‍ അസഹനീയമായ അവസ്‌ഥ! ഏതായാലും എനിക്ക്‌ ഇരിക്കാന്‍ ഒരു സീറ്റു കിട്ടി. ഒരുവിധം ഞാന്‍ അവിടെ ഇരുന്നു.
അങ്ങനെയിരിക്കുമ്പോള്‍ അതാ നില്‍ക്കുന്നു എന്റെ മുമ്പില്‍ ഒരു പടുകിഴവി! അവരുടെ നില്‍പ്പു കണ്ടാല്‍ ഇപ്പോള്‍ വീണു ചത്തു പോകുമെന്ന്‌ തോന്നും. ഞാന്‍ എഴുന്നേറ്റ്‌, എന്റെ സീറ്റില്‍ ഇരിക്കാന്‍ അവര്‍ക്ക്‌ ഇടം കൊടുത്തു.
മണിക്കൂറുകള്‍ ഞാന്‍ അവിടെ കുത്തിപ്പിടിച്ചു നിന്നു. നന്ദിസൂചകമായി ഒരു പ്രാവശ്യം പോലും അവര്‍ എന്റെ മുഖത്തേക്കു നോക്കിയില്ല. നന്ദി, നിങ്ങള്‍ ഇതു ചെയ്‌തതില്‍ എനിക്കു സന്തോഷമുണ്ട്‌. ഞാന്‍ ക്ഷീണിച്ച്‌ വളരെ വിഷമിച്ച്‌ അവിടെ നില്‍ക്കുകയായിരുന്നു. കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ! എന്ന്‌ വാക്കുകൊണ്ടു പറഞ്ഞില്ലെങ്കിലും അങ്ങനെ ഒരു ചിന്തയുടെ ലാഞ്‌ഛന പോലും ആ മുഖത്ത്‌ കണ്ടില്ല.
വടക്കെ ഇന്ത്യയിലൊക്കെ സാധാരണ എന്തുചെയ്‌താലും ആളുകള്‍ പറയും 'ധന്യവാദ്‌'. നന്ദി എന്നാണ്‌ ആ വാക്കിന്റെ അര്‍ത്ഥം. ഞാന്‍ ചിന്തിച്ചു. എന്റെ ദൈവമേ, ഞാന്‍ ഈ അമ്മച്ചിയ്‌ക്ക് ഇത്രയും ഒരു ഉപകാരം ചെയ്‌തിട്ട്‌, നോട്ടത്തില്‍ പോലും ഒരു നന്ദി പറയാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ലല്ലോ. മനുഷ്യന്റെ സ്വഭാവം! ഇതാണ്‌ ഇന്നും എല്ലായിടത്തും നടക്കുന്നത്‌.
ഇതിനുശേഷവും ഇതിനുമുമ്പും എത്രയോ സന്ദര്‍ഭങ്ങളില്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിരിക്കുന്നു. മറ്റുള്ളവര്‍ക്ക്‌ നാം ചെയ്‌ത ഉപകാരങ്ങള്‍ക്ക്‌, അവര്‍ക്കു വേണ്ടി പറഞ്ഞതായ നല്ല വാക്കുകള്‍ക്ക്‌, തിരിച്ച്‌ ഒരു നന്ദിവാക്കു പറയാന്‍, അതിലൂടെ ആളുകള്‍ക്ക്‌ ഉത്തേജനം നല്‍കാന്‍ അവര്‍ക്കു കഴിയുന്നില്ല. വീട്ടില്‍ കുട്ടികള്‍ പഠിക്കുന്നു. കഷ്‌ടപ്പെട്ട്‌ സ്‌കൂളില്‍ പോകുന്നു. കോളേജില്‍ പോകുന്നു. വീട്ടിലെ ജോലികള്‍ ചെയ്യുന്നു. അങ്ങനെ അവര്‍ക്ക്‌ ചെയ്യാവുന്നതൊക്കെ ചെയ്യുന്നു. പക്ഷേ, നല്ല ഒരു വാക്കില്ല.
ചില ഭവനത്തില്‍ കുഞ്ഞുങ്ങള്‍ പറയും: '19 വര്‍ഷമായി ഈ വീട്ടില്‍ ജീവിക്കുന്നു. ജനിച്ച ദിവസം മുതല്‍ ഇന്നുവരെ എന്റെ അപ്പന്റെ/അമ്മയുടെ വായില്‍ നിന്നൊരു നല്ല വാക്ക്‌ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ചെയ്യുന്നതിലെല്ലാം കുറ്റമല്ലാതെ ഒരു നന്മയും അവര്‍ കാണത്തില്ല.'
ആരും ഒറ്റ ദിവസം കൊണ്ടു എല്ലാം നേടിയെടുക്കുന്നില്ല. തെറ്റായ സ്വഭാവങ്ങള്‍ക്ക്‌ ഒരു ദിവസം കൊണ്ട്‌ വ്യത്യാസം വരുന്നില്ല. എന്നാല്‍ അതിലേക്കായി ഒരു ചുവടുവയ്‌പ്പ് അവര്‍ നടത്തുമ്പോള്‍, അതിനെ അഭിനന്ദിക്കുക; പുകഴ്‌ത്തുക; അതിനെപ്പറ്റി നല്ലത്‌ പറയുക. അപ്പോള്‍ ആ വഴിക്ക്‌ വീണ്ടും മുന്നേറാന്‍ ആ ഉത്തേജനം അവര്‍ക്കു പ്രേരണ നല്‍കുന്നു.
യേശുക്രിസ്‌തു ഒരിക്കല്‍ ഒരു ഭവനത്തില്‍ ഇരിക്കുകയാണ്‌. അപ്പോള്‍ ഒരു സ്‌ത്രീ അവിടേക്ക്‌ വന്നു. അവരുടെ കൈയില്‍ ഒരു ഭരണി ഉണ്ട്‌. വിലപ്പെട്ട തൈലമാണതില്‍.അവര്‍ അതുപൊട്ടിച്ച്‌ ആ തൈലം യേശുവിന്റെ ശരീരത്തില്‍ ഒഴിച്ചു.
കണ്ടുനിന്ന ശിഷ്യന്മാരില്‍ ഒരാള്‍ പറഞ്ഞു: 'ശ്ശോ, എന്തൊരു മണ്ടത്തരമാ ഈ കാണിക്കുന്നത്‌; ഇത്ര വിലപ്പെട്ട ആ തൈലം ഇങ്ങനെ നഷ്‌ടമാക്കുന്നത്‌ എന്തിന്‌? ഇത്‌ വിറ്റ്‌ ആ പണം പാവങ്ങള്‍ക്ക്‌ കൊടുക്കാന്‍ കഴിയില്ലായിരുന്നോ? ' ഇങ്ങനെ പറഞ്ഞ്‌ അയാള്‍ ആ സ്‌ത്രീയെ ശാസിച്ചു.
ഇത്‌ അറിഞ്ഞുകൊണ്ട്‌ യേശു പറയുകയാണ്‌, 'നിങ്ങള്‍ എന്തുകൊണ്ടാണ്‌ ഇങ്ങനെ ചിന്തിക്കുന്നത്‌. ഒരു നല്ലകാര്യം അവള്‍ ചെയ്‌തു, അവള്‍ ചെയ്‌തതു എക്കാലത്തും സ്‌മരിക്കപ്പെടും.'എല്ലാവരും വിമര്‍ശിക്കുമ്പോള്‍, ഉത്തേജനം പകരുന്ന ബലപ്പെടുത്തുന്ന വാക്കുകള്‍ പറയാന്‍ യേശുവിന്റെ സ്‌നേഹം നമ്മെ സഹായിക്കുന്നു.

Ads by Google
Sunday 13 May 2018 02.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW