Tuesday, March 26, 2019 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 13 May 2018 01.39 AM

ആശയത്തിന്റെ വിത്തു പാകിയ കണ്ണീര്‍തുള്ളി

uploads/news/2018/05/216528/sun2.jpg

ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ ഭര്‍ത്താവിനാല്‍ ചതിക്കപ്പെട്ട യുവതിയുടെ കണ്ണീര്‍ വീണത്‌ തൃശൂര്‍ ജില്ലയിലെ പോര്‍ക്കുളത്തെ കുടുബശ്രീ പ്രവര്‍ത്തകയായ സിന്ധു ബാലന്റെ നെഞ്ചിലായിരുന്നു. പൊന്നും പണവും കവര്‍ന്ന ശേഷം തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചു കടന്നുകളഞ്ഞ ഭര്‍ത്താവിന്റെ കാര്യം പറഞ്ഞ്‌ ക്യാമറയുടെ മുന്നില്‍ പൊട്ടിക്കരഞ്ഞ വയനാട്ടില്‍ നിന്നുള്ള ആ ഇരുപത്തഞ്ചുകാരി സിന്ധുവിന്റെ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തി. വിവാഹബന്ധത്തില്‍ ചതിക്കപ്പെട്ട ആ യുവതിയുടെ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുതെന്ന്‌ സിന്ധു ആഗ്രഹിച്ചു. അതിനായി ഇറങ്ങിത്തിരിച്ചു. അതവസാനിച്ചത്‌
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഒരു വിവാഹബ്യൂറോ എന്ന നൂതനമായ ആശയത്തിന്റെ പിറവിയിലാണ്‌.
ആറുമാസം മുമ്പ്‌ സിന്ധു ബാലന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ യോഗത്തില്‍ അവതരിപ്പിച്ച ആശയം അതിലെ പുതുമയും പ്രസക്‌തിയും കൊണ്ടുതന്നെ വേഗം യാഥാര്‍ത്ഥ്യമായി. തൃശൂരിലെ പോര്‍ക്കുളത്ത്‌ പഞ്ചായത്ത്‌ ഓഫീസിനടുത്താണ്‌ വിവാഹബ്യൂറോയുടെ ഓഫീസ്‌. ആദ്യഘട്ടമെന്ന നിലയില്‍ തൃശൂര്‍ ജില്ലയില്‍ മാത്രമാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.
നിരവധി സ്‌ത്രീകളാണ്‌ കേരളത്തില്‍ വിവാഹത്തട്ടിപ്പിനിരയാകുന്നത്‌. വിദ്യാസമ്പന്നര്‍ പോലും അതില്‍പ്പെടുന്നു. വിവാഹത്തിലേര്‍പ്പെടുന്നവരെ കുറിച്ചുള്ള ഏറ്റവും സത്യസന്ധമായ വിവരങ്ങള്‍ അറിയിച്ചുകൊണ്ടു മാത്രമേ ഇത്തരം തട്ടിപ്പുകള്‍ക്ക്‌ വിരമമിടാന്‍ കഴിയൂ എന്ന വിശ്വാസമാണ്‌ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പ്രചോദനമായത്‌. തുടര്‍ന്ന്‌ വിവാഹ ബ്യൂറോ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
അയല്‍ക്കൂട്ടത്തിലൂടെയും പഞ്ചായത്തുകളിലെ സി.ഡി.എസ്‌ വാര്‍ഡ്‌ മെമ്പര്‍മാരുടെയും മറ്റും സഹായത്തോടെ വിവാഹപ്രായമെത്തിയ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കണ്ടെത്തിയാണ്‌ വിവാഹ രജിസ്‌ട്രേഷന്‍ നടത്തുക. കുടുംബശ്രീയുടെ അയല്‍ക്കൂട്ട സംവിധാനം വഴി കേരളത്തിലെ ഏതു ജില്ലയിലുമുള്ള ആളുകളെ കുറിച്ച്‌ വ്യക്‌തമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ മെച്ചം.
വിവാഹ ബ്യൂറോയോടനുബന്ധിച്ച്‌ വെബ്‌സൈറ്റും പ്രവര്‍ത്തിക്കുന്നു. പോര്‍ക്കുളത്തെ ഓഫീസില്‍ അഞ്ചുപേടരടങ്ങുന്ന സംഘമാണ്‌ ഇതു കൈകാര്യം ചെയ്യുന്നത്‌. വ്യക്‌തികളെ കുറിച്ച്‌ കുടുംബശ്രീ പ്രവര്‍ത്തകരുടെ സൂക്ഷ്‌മാന്വേഷണത്തിനു ശേഷം മാത്രമാണ്‌ രജിസ്‌ട്രേഷന്‍ നടത്തുക. കുടുംബശ്രീ വഴി ലഭിക്കുന്ന ഫോറത്തിലൂടെയാണ്‌ അപേക്ഷിക്കേണ്ടത്‌.
മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ തുടങ്ങി എല്ലാ വിവരങ്ങളും വധൂവരന്മാര്‍ ഫോറത്തില്‍ വ്യക്‌തമാക്കണം. അപേക്ഷാഫോറത്തില്‍ വ്യക്‌തമാക്കുന്ന വിവരങ്ങള്‍ അയല്‍ക്കൂട്ടങ്ങള്‍, വാര്‍ഡ്‌ അംഗങ്ങള്‍ തുടങ്ങി പോലീസ്‌ സേ്‌റ്റഷനില്‍ വരെ അന്വേഷിച്ച്‌ സത്യമാണെന്ന്‌ ഉറപ്പുവരുത്തിയശേഷമാകും വെബ്‌സൈറ്റില്‍ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ നല്‍കുക.
ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാനറിയാത്തവര്‍ക്ക്‌ തപാല്‍ വഴിയും വിവരങ്ങള്‍ നല്‍കും. 18 നും 25 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക്‌ ആദ്യ മൂന്നുമാസം രജിസ്‌ട്രേഷന്‍ സൗജന്യമാണ്‌. കുടുംബശ്രീയിലും അയല്‍ക്കൂട്ടത്തിലും അംഗങ്ങളായവരുടെ മക്കള്‍ക്ക്‌ 500 രൂപയും അല്ലാത്തവര്‍ക്ക്‌ 700 രൂപയുമാണ്‌ ഫീസ്‌.
വ്യത്യസ്‌തമായ ഒരാശയത്തെ മികച്ച രീതിയിലുളള വരുമാനദായക സംരംഭമാക്കി മാറ്റിയെടുത്ത സിന്ധു ബാലനും യൂണിറ്റിലെ മറ്റ്‌ അംഗങ്ങള്‍ക്കും മാസം 50000 ലേറെ രൂപയാണ്‌ വരുമാനം. അതോടൊപ്പം തങ്ങളിലൂടെ ഇണയും തുണയും കണ്ടെത്താന്‍ കഴിഞ്ഞവരുടെ സന്തോഷവും.

ആശ. എസ്‌. പണിക്കര്‍

Ads by Google
Sunday 13 May 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW