Tuesday, March 26, 2019 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 13 May 2018 01.39 AM

പെണ്‍കപ്പിത്താന്‍...!

uploads/news/2018/05/216527/sun1.jpg

ആര്‍ത്തലച്ചുയരുന്ന തിരമാലകളോട്‌ പൊരുതുക എന്നത്‌ അതിസാഹസികതയാണ്‌. ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന കഥയിലെ കിഴവന്‍ കഥാപാത്രം നമ്മളില്‍ വിസ്‌മയം ഉണര്‍ത്തുന്നത്‌ അതുകൊണ്ടാണ്‌. കുഞ്ഞുന്നാള്‍തൊട്ട്‌ മനസ്സിന്റെ അടിത്തട്ടില്‍ ഉറഞ്ഞുകിടന്നിരുന്ന സാഹസികതയോടുള്ള അടങ്ങാത്ത പ്രണയമാണ്‌ രാധിക എന്ന കൊടുങ്ങല്ലൂര്‍ക്കാരിയെ നമ്മുടെ വിസ്‌മയത്തിന്‌ പാത്രമാക്കുന്നത്‌. രാധിക സി. മേനോന്‍ ഇന്ത്യയുടെ ആദ്യത്തെ വനിത കപ്പിത്താന്‍ പദവിയിലെത്തിയത്‌ യാദൃശ്‌ചികമായല്ല. ഏറെ നാളത്തെ മനസ്സൊരുക്കത്തിന്റെ ഫലമായാണ്‌. ഇന്ത്യന്‍ മര്‍ച്ചന്റ്‌ നേവിയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു വനിത ഒരു കപ്പലിന്റെ അമരത്തെത്തുന്നത്‌. അതാകട്ടെ കേരളത്തിലെ നാട്ടുമ്പുറത്തുനിന്നുള്ള ഒരാളെന്നത്‌ മലയാണ്മയ്‌ക്ക് അഭിമാനമാകുന്നു.
പുരുഷന്‍മാരെപ്പോലെ തന്നെ ധൈര്യം ആവശ്യമായ മേഖലയില്‍ ജോലി ചെയ്യണമെന്നത്‌ രാധികയുടെ ഏറെക്കാലത്തെ മോഹമായിരുന്നു. ജീവിതസ്വപ്‌നം സാക്ഷാത്‌ക്കരിക്കപ്പെട്ടതിന്റെ ആനന്ദത്തിലാണ്‌ ധീരതയ്‌ക്കുള്ള ലോക പുരസ്‌കാരത്തിനു കൂടി ഉടമയായ രാധിക സി. മേനോന്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ സി. ബി മേനോന്റെയും സുധാ മേനോന്റെയും പുത്രി. ഇന്ന്‌ ഷിപ്പിംഗ്‌ കോര്‍പ്പേറഷന്‍ ഓഫ്‌ ഇന്ത്യയുടെ അഭിമാനമായ രാധിക ഇപ്പോള്‍ എം. ഡി. സുവര്‍ണ്ണ സ്വരാജ്യ എന്ന കപ്പലിന്റെ ക്യാപ്‌റ്റനാണ്‌.
ഏത്‌ തൊഴിലും ലിംഗാടിസ്‌ഥാനത്തില്‍ വേര്‍തിരി്‌ക്കപ്പെടുന്നതിനോട്‌ രാധികയ്‌ക്ക് യോജിപ്പില്ല. എന്‍ജിനീയറായിരുന്ന പിതാവ്‌ സി. ബി. മേനോന്‍ മക്കളെ വളര്‍ത്തിയത്‌ പ്രതിസന്ധികളെ ധീരതയോടെ നേരിടാനുള്ള പരിശീലനങ്ങളോടെയായിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ആര്‍ജ്‌ജിച്ച ധീരതയാണ്‌ ബംഗാള്‍ ഉള്‍ക്കടലില്‍ കനത്ത തിരയില്‍പെട്ട്‌ അപകടത്തിലായ മത്സ്യബന്ധന ബോട്ടിലെ ഏഴ്‌ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ രാധികയുടെ മനസ്സിന്‌ പ്രചോദനമായത്‌.
പ്രക്ഷുബ്‌ധമായ കടലില്‍ ധീരമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്‌ മാനിച്ചാണ്‌ 2016ല്‍ അന്തര്‍ദേശീയ മാരിടൈം ഓര്‍ഗനൈസേഷന്റെ പുരസ്‌കാരം രാധികയെ തേടിയെത്തിയത്‌.

ബാല്യകാലം?
ചെന്നൈയിലും ഡല്‍ഹിയിലുമായിരുന്നു പഠനം. 1991ല്‍ പ്ലസ്‌ ടൂ കഴിഞ്ഞയുടന്‍ കൊച്ചിയില്‍ മറൈന്‍ റോഡിയോ ഓഫീസേഴ്‌സ് കോഴ്‌സിന്‌ ചേര്‍ന്നു. തുടര്‍ന്നു ഇന്ത്യന്‍ നേവിയില്‍. സ്‌കൂള്‍ കാലഘട്ടത്തില്‍ ഞാന്‍ നല്ലൊരു അത്‌ലറ്റായിരുന്നു. ലോംഗ്‌ജംപ്‌, ഓട്ടം, ഫുട്‌ബോള്‍, ക്രിക്കറ്റ്‌ എന്നിവയിലെല്ലാം പ്രാക്‌ടീസ്‌ ചെയ്യാറുണ്ടായിരുന്നു.

ഔദ്യോഗികമായി നാവിക ജീവിതം തെരഞ്ഞെടുക്കാന്‍ കാരണം?
സ്‌ത്രീകള്‍ കടന്നു വരാത്ത ഒരു പ്ര?ഫഷനാണ്‌ നാവികജോലി. ഞാന്‍ ചെറുപ്പം മുതലേ ഒരു പ്രവൃത്തിയെയും ലിംഗാടിസ്‌ഥാനത്തില്‍ വേര്‍തിരിച്ചു കണ്ടിരുന്നില്ല. അതുകൊണ്ട്‌ തന്നെ നാവികജോലി ഏറ്റെടുക്കുന്നതില്‍ പ്രത്യേകിച്ചൊരു ഉല്‍ക്കണ്‌ഠ ഇല്ലായിരുന്നു. വീട്ടില്‍ മാതാപിതാക്കള്‍ വളരെ തുറന്ന കാഴ്‌ചപ്പാടുള്ളവരായിരുന്നു. ഒരു സ്‌ത്രീയെന്ന നിലയില്‍ ഏത്‌ സാഹചര്യത്തെയും മറികടക്കുന്നതിന്‌ മാതാപിതാക്കള്‍ നല്‍കിയ സ്വാതന്ത്ര്യം പിന്‍ബലമായി.സ്വന്തം ഇഷ്‌ടപ്രകാരം ഒരു പ്ര?ഫഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായലും അവര്‍ക്ക്‌ മാനസികമായ പിന്തുണ അത്യാവശ്യമാണ്‌. വളരെ സാഹിസകത നിറഞ്ഞ കപ്പല്‍ജോലി തെരഞ്ഞെടുക്കാന്‍ ഞാന്‍ തീരുമാനിക്കുമ്പോള്‍ എന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത്‌ വീട്ടുകാരാണ്‌. എന്റെ ഏറ്റവും വലിയ ഭാഗ്യം ഞാന്‍ എന്താഗ്രഹിച്ചുവോ അതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കാനോ നിരുത്സാഹപ്പെടുത്താനോ തുനിയാതിരുന്ന മാതാപിതാക്കളുടെ സമീപനമാണ്‌. വീട്ടിനുള്ളില്‍ എന്റെ സഹോദരന്‍മാര്‍ക്ക്‌ ലഭിച്ചിരുന്ന അതേ പരിഗണനയോ പ്രാധാന്യമോ എനിക്കും ലഭിച്ചിരുന്നു.

ആദ്യമായി കപ്പലില്‍ ജോലിയില്‍ പ്രവേശിച്ചത്‌ എന്നാണ്‌?
ഞാന്‍ ആദ്യമായി കപ്പല്‍ജോലിയില്‍ പ്രവേശിച്ചത്‌ റേഡിയോ ഓഫീസറായാണ്‌. കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക്‌ പോകുന്ന എം. വി. ടിപ്പു സുല്‍ത്താന്‍ എന്ന കപ്പലിലായിരുന്നു. ഒരു റേഡിയോ ഓഫീസര്‍ക്ക്‌ കപ്പലിന്റെ സാങ്കേതികമായ വിനിമയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്വം മാത്രമേയുള്ളൂ. പക്ഷെ അപ്പോഴും എന്റെ മനസ്സില്‍ കപ്പലിന്റെ ചുക്കാനായിരുന്നു ലക്ഷ്യമായി നിന്നത്‌. മെല്ലെ ഞാന്‍ ആ ആഗ്രഹത്തെ വളര്‍ത്തിയെടുത്തു. അങ്ങനെ ഞാനൊരു കംപ്ലീറ്റ്‌ നാവിഗേറ്റിംഗ്‌ ഓഫീസറായി മാറി. ഒരു കേഡറ്റ്‌ ഓഫീസര്‍ പദവിയിലാണ്‌ ആദ്യം നിയമിക്കപ്പെട്ടത്‌. ചില പരീക്ഷകള്‍ പാസായതിന്റെ അടിസ്‌ഥാനത്തില്‍ 2010ല്‍ വിദേശയാത്രയ്‌ക്കുള്ള യോഗ്യത നേടി. രണ്ട്‌ വര്‍ഷങ്ങള്‍ക്കുശേഷം 2012ല്‍ സമ്പൂര്‍ണ്ണ ക്യാപ്‌റ്റനായി.

ആദ്യത്തെ കടല്‍ യാത്രയില്‍ ഭയം തോന്നിയിരുന്നോ?
ആദ്യത്തെ യാത്ര വളരെ വിഷമം പിടിച്ചതായിരുന്നു. കടല്‍ച്ചൊരുക്ക്‌ എന്നെയും ബാധിച്ചിരുന്നു. വളരെയേറെ ദിവസം സുഖമില്ലാതെ കിടക്കേണ്ടി വന്നു. പക്ഷെ ഭയം എന്നൊന്ന്‌ മനസ്സിനെ ബാധിച്ചിരുന്നില്ല. എന്തിന്‌ ഭയപ്പെടണം? പ്രതിസന്ധികള്‍ക്കു മുന്നില്‍ പതറാതിരിക്കാന്‍ ചെറുപ്പം മുതലേ എനിക്ക്‌ എന്റേതായ ചില നീതി ശാസ്‌ത്രങ്ങളുണ്ടായിരുന്നു. അതാണ്‌ ജീവിതത്തില്‍ ഇന്നേവരെ എന്നെ നയിച്ചിട്ടുള്ളത്‌.

ഒഴിവ്‌ സമയങ്ങളില്‍?
ജോലിയിലായിരിക്കുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധിക്കുക. മറ്റ്‌ ഇടവേളകളില്‍ പാട്ട്‌ കേള്‍ക്കും. വായന ഉണ്ടാകും. മറ്റൊരു കാര്യം യോഗയും പ്രാര്‍ഥനയുമാണ്‌.

നാട്ടിലെത്തിയാല്‍?
ഞങ്ങള്‍ താമസിക്കുന്നത്‌ കൊച്ചിയിലാണ്‌. നാട്ടിലുള്ളപ്പോള്‍ കൊച്ചിയില്‍ നിന്നു സ്വദേശമായ കൊടുങ്ങല്ലൂര്‍ക്കും പിന്നെ മകന്‍ പഠിക്കുന്ന എട്ടിമടൈയിലേക്കും ഷട്ടില്‍ സര്‍വീസ്‌ നടത്തും. ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളെ പരിപാലിക്കാനും ചികില്‍സ നല്‍കാനും സമയം കണ്ടെത്താറുണ്ട്‌. കൂടാതെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ സ്‌ത്രീ ശാക്‌തീകരണ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കും.

പുരുഷ മേധാവിത്വം നിറഞ്ഞു നില്‍ക്കുന്നതാണല്ലോ കപ്പലിലെ ജോലി?
ശരിയാണ്‌, പൂര്‍ണ്ണമായി പുരുഷന്‍മാര്‍ മാത്രമായി ചെയ്‌തു വരുന്ന ഒരു തൊഴില്‍ മേഖലയാണിത്‌. സ്‌ത്രീകളെ സംബന്ധിച്ച്‌ അത്‌ അനായാസമാണ്‌ എന്ന്‌ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തന്നെയുമല്ല, പ്ര?ഫഷനല്‍ കാര്യങ്ങള്‍ പൊതു വേദിയില്‍ പറയാനും ആഗ്രഹിക്കുന്നില്ല. ഇത്തരം പരിമിതികള്‍ക്കിടയിലും നാവിക മേഖലയില്‍ ഒരു ആഗോള പുരസ്‌കാരം നേടുന്ന ആദ്യത്തെ വനിത എന്ന നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്‌ സ്‌ത്രീസമൂഹത്തിന്‌ പൊതുവായി ലഭിച്ച അംഗീകാരമായി കാണുന്നു.

ഈ തൊഴിലിനെ സ്വയം വിലയിരുത്തുമ്പോള്‍?
ഞാനൊരു വഴി തുറന്നിടുകയാണ്‌, നമ്മുടെ പെണ്‍കുട്ടികള്‍ക്കായി. എല്ലാവരും ഓഫീസ്‌ ജോലി സ്വപ്‌നം കാണുന്നവരാണ്‌. 9 മണി മുതല്‍ 5 മണിവരെ ജോലി ചെയ്യുന്ന സാമ്പ്രദായിക രീതി വിട്ട്‌ ഒരു നീണ്ടകാലം ജോലിയുടെ ഉത്തരവാദിത്വത്തില്‍ മാത്രം കഴിയുകയെന്നത്‌ ഭാരിച്ച ദൗത്യമാണ്‌. അതാണ്‌ ഒരു കപ്പലിന്റെ ക്യാപ്‌റ്റനില്‍ നിക്ഷിപ്‌തമായിരിക്കുന്നത്‌. തന്റെ കീഴില്‍ ജോലി ചെയ്യുന്ന വിവിധ തലത്തിലുള്ള സഹപ്രവര്‍ത്തകര്‍, അവരുടെ ജീവന്‍, കപ്പലിലെ ചരക്കിന്റെ ഉത്തരവാദിത്വം, കമ്പനികളുമായുള്ള ആശയ വിനിമയം, പ്രതികൂല സാഹചര്യങ്ങളില്‍ തല്‍സമയം തീരുമാനമെടുക്കാനുള്ള പ്രാപ്‌തി ഇതെല്ലാം ഒത്തിണങ്ങിയെങ്കില്‍ മാത്രമേ കപ്പിത്താന്‌ കപ്പലിനെ ലക്ഷ്യസ്‌ഥാനത്തെത്തിക്കാന്‍ കഴിയൂ. ഏത്‌ കഠിനജോലിയും ഏറ്റെടുക്കാനുള്ള ചങ്കുറപ്പ്‌ നമ്മുടെ പെണ്‍കുട്ടികള്‍ക്ക്‌ ഉണ്ടാക്കിയെടുക്കണം.

സ്വന്തം മക്കളെ ഈ മേഖലയിലേക്ക്‌ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടോ?
ഭര്‍ത്താവ്‌ പ്രവീണ്‍ വേണുഗോപാല്‍. മകന്‍ ഭവേഷ്‌, എട്ടമടൈ അമൃത വിദ്യാലയത്തില്‍ മെക്കാനിക്കല്‍ എന്‍ജിയിറിംഗിനു പഠിക്കുന്നു. മകന്‌ അവന്റേതായ ലക്ഷ്യങ്ങളുണ്ട്‌. അതിന്‌ എതിരാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ മകനും ഈ പ്രഫഷനില്‍ വരണമെന്ന്‌ എനിക്ക്‌ ആഗ്രഹമുണ്ട്‌.

ക്യാപ്‌റ്റനെന്ന നിലയിലുള്ള ഒരനുഭവങ്ങള്‍?
സാധാരണ ഒരു കപ്പല്‍ ഏതെങ്കിലും തുറമുഖത്തേക്ക്‌ അടുക്കുമ്പോള്‍ പോര്‍ട്ട്‌ ഓഫീസറും കപ്പലിന്റെ ക്യാപ്‌റ്റനുമായി വയര്‍ലെസ്‌ സെറ്റിലൂടെ വിവരങ്ങള്‍ കൈമാറുന്ന പതിവുണ്ട്‌. അത്‌ ഡ്യൂട്ടിയുടെ ഭാഗമാണ്‌. ഒരിക്കല്‍ ഒരു പോര്‍ട്ടിലേക്ക്‌ അടുത്തുകൊണ്ടിരുന്ന കപ്പലില്‍ നിന്നുള്ള സംസാരം ശ്രവിച്ച പോര്‍ട്ട്‌ ഓഫീസര്‍ ആശയക്കുഴപ്പത്തിലായി. മറുതലയ്‌ക്കല്‍ സ്‌ത്രീശബ്‌ദം. അയാള്‍ക്ക്‌ വിശ്വസിക്കാനായില്ല. എത്രയെത്ര കപ്പലുകളും കപ്പിത്തന്‍മാരുമായും ബന്ധപ്പെട്ടിച്ചുള്ള അയാള്‍ സംശയനിവൃത്തിക്കായി, ഹലോ, ക്യാപ്‌റ്റന്‍ തന്നെയാണോ സംസാരിക്കുന്നത്‌ എന്ന്‌ വീണ്ടും വീണ്ടും ആരാഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ വിശദമായ അന്വേഷണം നടത്തി ഔദ്യോഗിക സ്‌ഥീരീകരണത്തിനുശേഷമാണ്‌ കപ്പല്‍ തുറമുഖത്തേക്ക്‌ അടുപ്പിക്കുന്ന നടപടികള്‍ പോര്‍ട്ട്‌ ഓഫീസര്‍ പൂര്‍ത്തിയാക്കിയത്‌. കാരണം ഒരു വനിത കപ്പലിന്റെ അമരത്ത്‌ എത്തിയത്‌ അയാള്‍ക്ക്‌ വിശ്വസിക്കാനായില്ല.

കടല്‍യാത്രയില്‍ മറക്കാനാവാത്ത സംഭവം?
2016 ജൂണില്‍ ബംഗാള്‍ ഉള്‍ക്കടലില്‍വച്ച്‌ 25 അടി ഉയരത്തില്‍ കടല്‍ ക്ഷോഭിച്ച്‌ കപ്പലിനെ ഇളക്കി മറിച്ചുകൊണ്ടിരിക്കെ സമീപത്തായി അപകടത്തില്‍പ്പെട്ട ഒരു ബോട്ടും അതിലെ മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തിയ സംഭവം മറക്കാനാവില്ല. ഒഡീഷയുടെ 2.5 നോട്ടികള്‍ മൈല്‍ തീരത്തായാണ്‌ ബോട്ട്‌ അപകടത്തില്‍പ്പെട്ടത്‌. ലൈഫ്‌ ജാക്കറ്റുകളും റഡാറുമായി എന്റെ സഹപ്രവര്‍ത്തകരെ രക്ഷാപ്രവര്‍ത്തനത്തിന്‌ നിയോഗിക്കുകയായിരുന്നു. ഏഴ്‌ ദിവസമായി ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ ഇല്ലാതെ അവര്‍ ബോട്ടില്‍ കുടുങ്ങിക്കഴിയുകയായിരുന്നു. ഏഴ്‌ മല്‍സ്യത്തൊഴിലാളികളെയാണ്‌ അന്ന്‌ രക്ഷിച്ചത്‌. ഈ രക്ഷാപ്രവര്‍ത്തനം പരിഗണിച്ചാണ്‌ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ ലണ്ടനില്‍ അവരുടെ പ്രത്യേക സമ്മേളനത്തില്‍ വച്ച്‌ കടലിലെ ധീരതയ്‌ക്കുള്ള അവാര്‍ഡ്‌ നല്‍കിയത്‌.

ജേക്കബ്‌ ബെഞ്ചമിന്‍

Ads by Google
Sunday 13 May 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW