Friday, March 15, 2019 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 13 May 2018 01.39 AM

കാത്തിരിപ്പ്‌ -കഥ

uploads/news/2018/05/216524/sun4.jpg

എന്നാലുമെന്റെ കോകിലേ എത്ര നേരമായി ഞാന്‍ നിന്നെയും കാത്തിരിക്കുന്നു. എനിക്കറിയാം നിനക്ക്‌ ദാഹിക്കുന്നുണ്ടെന്ന്‌. എന്നെ ചുണ്ടോടു ചേര്‍ത്താലല്ലേ നിനക്ക്‌ ആ അന്തര്‍ദാഹമടക്കാനാവൂ. പുലര്‍ച്ചെ അഞ്ചുമണിയോടെ തീക്ഷ്‌മണമായൊരു ചൂടില്‍ ഞാന്‍ നുരഞ്ഞുപൊന്തിയതാണ്‌. നീ പകര്‍ന്ന മധുരത്തിലലിഞ്ഞ്‌, നിന്റെ മിനുത്ത വയറിന്റെ ഇളം ചൂടിലേക്ക്‌ മെല്ലെ ഊറിയിറങ്ങാമെന്ന്‌ ഞാന്‍ വെറുതെ മോഹിച്ചു. സാരമില്ല. ഇന്നേ ദിവസം നിന്റെ ആദ്യത്തെ രുചിയാകാന്‍, ആദ്യത്തെ ഗന്ധമാകാന്‍ എനിക്കുള്ള ആഗ്രഹം നീയറിയുന്നുണ്ടാവില്ല.
നീ തക്കാളിയും, വഴുതനങ്ങയും ഉള്ളിയും ഒക്കെ ചേര്‍ത്തുണ്ടാക്കിയ സാമ്പാറിന്റെ മണം അടുക്കളയിലാകെ പരക്കുന്നുണ്ട്‌. കറിവേപ്പിലയും ഒടുവില്‍ വെളിച്ചെണ്ണയും ചേര്‍ത്തിളക്കി അവസാനത്തെ മിനുക്കുപണിയും പൂര്‍ത്തിയാക്കിയ അവിയലിന്റെ കൊതിപ്പിക്കുന്ന ഗന്ധമാണ്‌ ഈ പുലരിക്കുപോലും. ജനാലയിലൂടെ വന്ന മഞ്ഞുകാറ്റ്‌ നിന്റെ വെളുത്ത നെറ്റിത്തടത്തിലെ വിയര്‍പ്പുതുള്ളികളൊപ്പുന്നത്‌ ഞാന്‍ കാണുന്നുണ്ട്‌. പ്രവേശനമുറിയിലെ ക്രിസ്‌റ്റല്‍ തൂക്കുവിളക്കില്‍ തട്ടി ഏഴായി നിറം പകര്‍ന്ന ഒരു സൂര്യരശ്‌മി നിന്റെ കവിളിലൊന്നുതൊട്ട്‌ അടുക്കളയിലെ മുഷിഞ്ഞ ചുവരില്‍ ദീര്‍ഘവൃത്താകൃതിയില്‍ ആടിയുലയുന്നതും എനിക്കു കാണാം. നീയിതൊന്നും കാണുന്നില്ലല്ലോ. നിന്റെ കാഴ്‌ചകളിലിപ്പോള്‍ മഴവില്‍ നിറങ്ങളില്ല. ഏതോ ഒരോര്‍മയുടെ കാറ്റൂതിപ്പറപ്പിക്കുന്ന കരിയിലക്കാടിനു നടുവില്‍ നീയെന്നും തനിച്ചാണല്ലോ. നിന്റെ നനവാര്‍ന്ന കണ്ണുകളില്‍ എപ്പോഴും കരയുന്ന ആകാശമുണ്ട്‌. പക്ഷേ ഓര്‍മിക്കാനും ഇളവേല്‍ക്കാനുമുള്ള നേരമിതല്ലല്ലോ കോകിലേ. തീന്‍മേശ നിന്നെ കാത്തുകിടക്കുന്നുണ്ട്‌. നീയൊരുക്കിയ വിഭവങ്ങള്‍ കൃത്യമായവിടെ നിരത്താനും ഭക്ഷണം പാത്രങ്ങളിലാക്കിയടയ്‌ക്കാനും നിനക്കിനിയും സമയം വേണമല്ലോ.
ഞാന്‍ കാത്തിരിക്കാം. നിന്റെ ദിനചര്യകള്‍ മാറ്റിവെച്ചും നീയൊരു പുലര്‍കാലത്തെ അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റാന്‍ പരിശ്രമിക്കുന്നതു കാണുമ്പോള്‍ എനിക്കഭിമാനമുണ്ട്‌. നിന്റെ ഉറക്കം മതിയാകാത്ത പാതിയടഞ്ഞ കണ്ണുകള്‍, നേര്‍ത്ത ശരീരം, ഓടിയും നടന്നും തേഞ്ഞ നിന്റെ ശുഷ്‌കിച്ച പാദങ്ങള്‍.. ഒക്കെ കണ്ടിട്ടെനിക്കും സങ്കടം വരുന്നുണ്ട്‌.
കാത്തിരുന്ന്‌ എന്റെ ചൂടടങ്ങി. ദാഹിച്ചു ദാഹിച്ച്‌ നിന്റെ ചുണ്ടുകളും വരണ്ടു. എന്നിട്ടുമെനിക്ക്‌ മോഹമുണ്ട്‌ നുരഞ്ഞുപതഞ്ഞ്‌ ഇനിയും നിന്റെ ദാഹങ്ങളിലേക്കലിഞ്ഞു ചേരണമെന്ന്‌.
പക്ഷേ സാധിക്കുന്നില്ലല്ലോ കോകിലേ.. നിനക്കും എനിക്കുമിടയിലെയിത്തിരി ദൂരത്തില്‍, കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട്‌ അതു സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. തിരക്കിനിടയില്‍, ആ നേര്‍ത്ത ചിറകൊച്ച നീ കേട്ടിട്ടുണ്ടാവില്ല. കോകിലേ.... കണ്ണുകള്‍ നന്നായി തുറന്നു പിടിച്ചിട്ടേ നീയെന്നെ ചുണ്ടോടു ചേര്‍ക്കാവൂ. കാരണം എനിക്ക്‌ നിന്നോടു സംസാരിക്കാനോ, നിന്നെ തൊട്ടുതലോടാനോ ഒന്നുമാവില്ലല്ലോ.
നീ വെളുപ്പിന്‌ അഞ്ചുമണിക്ക്‌ തിളപ്പിച്ചിട്ട്‌ കുടിക്കാന്‍ നേരമില്ലാതെ, ചില്ലുഗ്ലാസില്‍ അടയ്‌ക്കാതെ നിറച്ചുവെച്ചിരുന്ന പാല്‍ച്ചായ മാത്രമല്ലേ ഞാന്‍....
എച്ചില്‍ക്കുഴിയിലേക്ക്‌ ആര്‍ക്കും വേണ്ടാതെയൊഴുക്കിക്കളയുന്ന, ഈച്ച വീണ പാല്‍ച്ചായ സംസാരിച്ച ചരിത്രം നിങ്ങളാരും കേട്ടിട്ടില്ലല്ലോ.

പി. സീമ

Ads by Google
Sunday 13 May 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW