Tuesday, March 26, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 13 May 2018 01.39 AM

പഠനം ഒരു ആജീവനാന്ത പ്രക്രിയയാണ്‌.....

uploads/news/2018/05/216523/sun3.jpg

പഠിക്കാന്‍ മടിക്കുന്ന കുട്ടികളും പഠനം ഒരു അനിവാര്യതയല്ലെന്ന്‌ കരുതുന്ന പ്രതിലോമകാരികളും ഈ ഗുരുഭൂതനെ കണ്ടു പഠിക്കേണ്ടതാണ്‌. എഴുപതാം വയസിലും പഠനം ഒരു തപസ്യ പോലെ കൊണ്ടു നടക്കുന്നു ഡോ.തേവന്നുര്‍ മണിരാജ്‌. പതിനഞ്ച്‌ വിഷയങ്ങളില്‍ ബിരുദാന്തര ബിരുദവും ഡോക്‌ടറേറ്റും സ്വന്തമാക്കിയ മണിരാജ്‌ ഇപ്പോള്‍ ഡീലിറ്റിനുളള ഒരുക്കങ്ങളിലാണ്‌. പാശ്‌ചാത്യ-പൗരസ്‌ത്യ നാടകങ്ങളിലെ രംഗപ്രയോഗകല എന്നതാണ്‌ വിഷയം. ഇതിനായി നാടകാചാര്യനായ ഭാസന്റെ വടക്കേ ഇന്ത്യയിലുളള ജന്മദേശത്ത്‌ കാലാവസ്‌ഥാ വ്യതിയാനങ്ങളും ആരോഗ്യപ്രശ്‌നങ്ങളും പോലും വകവയ്‌ക്കാതെ ആഴ്‌ചകളോളം താമസിച്ച്‌ ഗവേഷണം തുടരുകയാണ്‌ മണിരാജ്‌.
അസാധാരണമായ ഇച്‌ഛാക്‌തിയാണ്‌ സമാനസാഹചര്യങ്ങളിലുളളവര്‍ക്ക്‌ സ്വപ്‌നം കാണാന്‍ കഴിയാത്ത നേട്ടങ്ങളുടെ ഭൂമികയില്‍ തേവന്നുരിനെ എത്തിച്ചത്‌. കൊട്ടാരക്കരയ്‌ക്കടുത്ത്‌ തേവന്നൂരില്‍ ജനിച്ച മണിരാജ്‌ നാലു സഹോദരിമാരും രണ്ടു സഹോദരന്‍മാരും അടക്കം ഏഴ്‌ മക്കളുളള ഒരു കുടുംബത്തിലാണ്‌ ജനിച്ചത്‌. പത്താം ക്ലാസ്‌ നല്ല നിലയില്‍ പാസായിട്ടും കോളജില്‍ പോയി പഠിക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാല്‍ എഴുകോണിലെ ഒരു സ്വകാര്യസ്‌ഥാപനത്തില്‍ നിന്ന്‌ മലയാളം വിദ്വാന്‍ പാസായി. തുടര്‍ന്ന്‌ അദ്ധ്യാപകനായി ജോലിക്ക്‌ ചേര്‍ന്നു. അന്ന്‌ കഷ്‌ടിച്ച്‌ പതിനെട്ട്‌ വയസാണ്‌ പ്രായം.
അക്കാലത്ത്‌ സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അദ്ധ്യാപകര്‍ക്ക്‌ തുടര്‍പഠനത്തിന്‌ അനുമതി ലഭിക്കു. മണിരാജ്‌ ആ അവസരം വിനിയോഗിച്ചു. മലയാള സാഹിത്യത്തില്‍ ബിരുദത്തിനായിരുന്നു ആദ്യശ്രമം. അത്‌ വിജയിച്ചപ്പോള്‍ ബിരുദാനന്തരബിരുദവും സ്വന്തമാക്കി. ബി.എഡും എം.എഡും പി.എച്ച്‌.ഡിയും ഇങ്ങനെ ജോലിക്കിടയില്‍ നേടിയെടുത്തതാണ്‌. വിവിധ കലാലയങ്ങളില്‍ അദ്ധ്യാപകവൃത്തിയിലിരുന്നു കൊണ്ട്‌ തന്നെ വിവിധ വിഷയങ്ങളില്‍ പിജി കരസ്‌ഥമാക്കി.
''അന്നും ഇന്നും പഠനം ഒരു ആവേശമാണെനിക്ക്‌. പ്രിന്‍സിപ്പല്‍ പദവിയിലും പിന്നീട്‌ എം.ജി. യൂണിവേഴ്‌സിറ്റി ശ്രീനാരായണഗുരു ചെയറിന്റെ അദ്ധ്യക്ഷനായിരിക്കുമ്പോഴും എന്തിന്‌ റിട്ടയര്‍ ചെയ്‌ത ശേഷവും പഠനം തുടരുകയാണ്‌. ഈ 70-ാം വയസിലും അതിന്‌ മാറ്റമില്ല. ഒരു മനുഷ്യനെ സംബന്ധിച്ച്‌ പഠനപ്രക്രിയ ഒരിക്കലും അവസാനിക്കുന്നില്ല എന്നാണ്‌ എന്റെ വിശ്വാസം. അറിവ്‌ ആര്‍ജ്‌ജിക്കാനുളള ത്വരയുളളിടത്തോളം കാലം അതിന്‌ സാംഗത്യമുണ്ട്‌''
അങ്ങനെ ഈ കാലയളവിനുളളില്‍ 15 വിഷയങ്ങളിലാണ്‌ മണിരാജ്‌ പിജി കരസ്‌ഥമാക്കിയത്‌. പി.എച്ച്‌.ഡിക്ക്‌ ഇബ്‌സന്റെ സ്വാധീനം മലയാളത്തില്‍ എന്നതായിരുന്നു വിഷയം. ഇപ്പോള്‍ ഗവേഷണാനന്തര ഗവേഷണം ചെയ്യുന്നു.

മൂന്നര പതിറ്റാണ്ട്‌ നീണ്ട അദ്ധ്യാപന സപര്യയെക്കുറിച്ച്‌ എന്ത്‌ തോന്നുന്നു?
കുട്ടികള്‍ക്ക്‌ നാലക്ഷരം പറഞ്ഞു കൊടുക്കുന്നത്‌ ഒരു പുണ്യമായി തന്നെ കാണുന്നു.
സ്‌കൂളില്‍ നിന്ന്‌ അദ്ധ്യാപകനായി വിരമിച്ച ശേഷമാണ്‌ കോഴിക്കോട്‌ എസ്‌.എന്‍.ട്രെയിനിംഗ്‌ കോളജില്‍ പ്രിന്‍സിപ്പലായി നിയമനം ലഭിച്ചത്‌. പിന്നീട്‌ പേരാമ്പ്ര, പൂല്‍പ്പളളി കോളജുകളില്‍ പ്രിന്‍സിപ്പലായി. ഈ കാലഘട്ടത്തിലാണ്‌ പഠനപ്രക്രിയയുടെ വസന്തകാലം സംഭവിക്കുന്നത്‌. കൂടുതല്‍ വിഷയങ്ങളില്‍ പിജി എടുക്കാന്‍ സമയം കണ്ടെത്തി.മലയാളം, ഹിസ്‌റ്ററി, സോഷ്യോളജി, ഇംഗ്ലീഷ്‌, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, എജ്യൂക്കേഷന്‍, ഫിലോസഫി, ജേര്‍ണലിസം ആന്‍ഡ്‌ മാസ്‌ കമ്മ്യൂണിക്കേഷന്‍, ഗാന്ധിയന്‍ ചിന്ത, അഡ്‌മിനിസ്‌ട്രേറ്റീവ്‌ എഡ്യൂക്കേഷന്‍, പബ്ലിക്ക്‌ അഡ്‌മിനിസ്‌ട്രേഷന്‍, ഇവന്റ ്‌ മാനേജ്‌മെന്റ ്‌, ഹ്യൂമന്‍ റൈറ്റ്‌സ്, പേഴ്‌സണല്‍ മാനേജ്‌മെന്റ ്‌ എന്നീ വിഷയങ്ങളിലാണ്‌ പിജി എടുത്തത്‌.

ഇത്തരമൊരു റിക്കാര്‍ഡ്‌ കേരളത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ലെന്ന്‌ തോന്നുന്നു?
കൂടുതല്‍ വിഷയങ്ങളില്‍ പിജി എടുത്തവരുണ്ട്‌. എന്നാല്‍ പതിനഞ്ച്‌ വിഷയങ്ങളില്‍ പിജിക്കൊപ്പം പി.എച്ച്‌.ഡി കൂടിയുള്ള മറ്റൊരാളില്ല.

പഠനം, അദ്ധ്യാപനം..ഈ തിരക്കുകള്‍ക്കിടയില്‍ എഴുത്തിലും സജീവമായി?
പതിനെട്ടാം വയസില്‍ ആദ്യ ഖണ്ഡകാവ്യമായ ബാഷ്‌പഗംഗ പ്രസിദ്ധീകരിച്ചു.
ആ വര്‍ഷം തന്നെ കമ്പക്കെട്ടുകാരുടെ ജീവിതം ആധാരമാക്കി നാടകമെഴുതി.
വൈക്കം ചന്ദ്രശേഖരന്‍ നായരുടേതായിരുന്നു അവതാരിക. ഈ നാടകത്തിന്‌ അമേരിക്കന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ അവാര്‍ഡ്‌ ലഭിച്ചു. പിന്നീട്‌ വിവിധ സാഹിത്യശാഖകളിലായി 50 ലേറെ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ നിരവധി പുസ്‌തകങ്ങളുടെ പണിപ്പുരയിലാണ്‌.

ഇടയ്‌ക്ക് ചലച്ചിത്ര രംഗത്തും ഒരു കൈ നോക്കി..?
അഗ്നിശാലയെന്ന നാടകം വെടിക്കെട്ട്‌ എന്ന പേരില്‍ സിനിമയാക്കി. അതിന്റെ തിരക്കഥയും രണ്ട്‌ ഗാനങ്ങളും രചിച്ചു. നിര്‍മ്മാണത്തിലും പങ്കാളിയായി. എം.കെ. അര്‍ജുനന്‍ സംഗീതസംവിധാനം ചെയ്‌ത പാട്ടുകള്‍ അക്കാലത്ത്‌ ഹിറ്റായിരുന്നു. മാനമിരുണ്ടു മഴക്കാറരണ്ടു... എന്ന ഗാനം യേശുദാസ്‌ പാടി. പാലരുവിക്കരയിലെ പവിഴമലര്‍ക്കാവിലെ പാലൊളി വീശുന്ന പനിമതിപ്പെണ്ണേ എന്ന ഗാനം വാണി ജയറാമും പാടി. ആ സിനിമയില്‍ ആര്‍. ബാലകൃഷ്‌ണപിളള ഒരു പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു.

വിദ്യാഭ്യാസ മേഖലയില്‍ അസൂയാവഹമായ വേറെയും നേട്ടങ്ങള്‍ കൈവരിച്ചതായി അറിയാം?
ബിഎഡ്‌ എം.എഡ്‌ കോളജുകള്‍ പരിശോധിക്കുന്ന അഖിലേന്ത്യാ ബോഡിയായ എന്‍.സി.റ്റി.ഇയുടെ ബോര്‍ഡ്‌ അംഗമാണ്‌. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ശ്രീനാരായണഗുരു ചെയറിന്റെ അദ്ധ്യക്ഷനായിരുന്നു. സിവില്‍സര്‍വീസ്‌ പരിശീലനത്തിനും ക്ലാസ്‌ എടുക്കുന്നുണ്ട്‌. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ ബിഎഡ്‌ കമ്മീഷന്‍ ചെയര്‍മാനായിരുന്നു. സംസ്‌ഥാന പാഠപുസ്‌തക കമ്മറ്റിയംഗം.
1993 ല്‍ മികച്ച അദ്ധ്യാപകനുള്ള കേരളസര്‍ക്കാരിന്റെ അവാര്‍ഡ്‌ ലഭിച്ചു. കേരളസംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചു.

പുതിയ രചനകള്‍?
ഡോ.എ.പി.ജെ അബ്‌ദുള്‍ കലാമിന്റെയും ഫാദര്‍ ഡാമിയന്റെയും ജീവചരിത്രങ്ങളുടെ പണിപ്പുരയിലാണ്‌.

മറ്റ്‌ അഭിമാനകരമായ നേട്ടങ്ങള്‍?
കെ.ആര്‍. നാരായണന്‍ രാഷ്‌ട്രപതിയായിരുന്ന കാലത്ത്‌ ഇന്ത്യയുടെ സൂര്യതേജസ്‌ എന്ന പേരില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതി. അദ്ദേഹം തന്നെ രാഷ്‌ട്രപതിഭവനില്‍ വച്ച്‌ അത്‌ പ്രകാശിപ്പിച്ചു. പത്രാധിപര്‍ കെ.സുകുമാരന്‍, ഫാദര്‍ ഡാമിയന്‍, ഡോ.എസ്‌. രാധാകൃഷ്‌ണന്‍ എന്നിവരുടെ ജീവചരിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. വിവിധ കൃതികള്‍ക്കായി 30 ലേറെ അവാര്‍ഡുകളും ലഭിച്ചു.

എസ്‌. എസ്‌

Ads by Google
Sunday 13 May 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW