Thursday, January 24, 2019 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 12 May 2018 01.58 AM

പളനിയും പരീക്കുട്ടിയും കടലമ്മയും വിളിച്ചു: ''കറുത്തമ്മാ!''...

uploads/news/2018/05/216324/bft1.jpg

അങ്ങു പുറങ്കടലില്‍ ഒരു സ്രാവ്‌ ചൂണ്ടകൊത്തി. ഒരു പെരുത്ത സ്രാവ്‌! അന്നോളം അത്രയും വലിയൊരു സ്രാവ്‌ അയാളുടെ ചൂണ്ടയിലെന്നല്ല, ആരുടെ ചൂണ്ടയിലും കൊത്തിയിട്ടില്ല. ആ കടലില്‍ ഒരു മുക്കുവനും അത്ര വലിയ മീന്‍ കിട്ടിയിട്ടില്ല. ചൂണ്ട വിഴുങ്ങിയ ആ വലിയ മീന്‍ അതിന്റെ വാലുകൊണ്ട്‌ ഒരടി അടിച്ചു. ആ പ്രദേശമാകെ കലങ്ങി. ആകാശത്തേക്ക്‌ വെള്ളം തെറിച്ചു. അവന്റെ വള്ളത്തെ ആ മീന്‍ വലിച്ചുകൊണ്ടുപോവുകയാണ്‌. പെട്ടെന്ന്‌ വള്ളം വട്ടംകറങ്ങി. കടല്‍ച്ചുഴിയാണ്‌! കടലമ്മയുടെ കൊട്ടാരത്തിലേക്കുള്ള വഴി! മലയോളം പൊക്കത്തില്‍ തിരകളിളകി. ഇടിയും മിന്നലും! ആകാശം തന്നെ തകര്‍ന്നു! വള്ളം തിരയില്‍നിന്ന്‌ ഉയര്‍ന്നുപൊങ്ങി താഴേക്കുപതിച്ചു.
''കറുത്തമ്മാ!''
-അവന്‍ അറിയാതെ വിളിച്ചുപോയി.
രണ്ടുനാള്‍ കഴിഞ്ഞ്‌ ആലിംഗനബദ്ധരായ സ്‌ത്രീയുടെയും പുരുഷന്റെയും ശവശരീരങ്ങള്‍ കടപ്പുറത്ത്‌ അടിഞ്ഞുകയറി. അങ്ങു ചെറിയഴീക്കല്‍ കടപ്പുറത്ത്‌ ചൂണ്ടവിഴുങ്ങിയ ഒരു സ്രാവും അടിഞ്ഞുകയറി.
-തകഴിയുടെ വിഖ്യാത നോവലായ 'ചെമ്മീനില്‍' പളനിയുടെയും കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും അന്ത്യത്തെക്കുറിച്ചു വായിക്കുമ്പോള്‍ ആരുടെ കണ്ണുകളാണു നിറയാത്തത്‌! കറുത്തമ്മയുടെ ഭര്‍ത്താവായ പളനിയും കളിക്കൂട്ടുകാരനായ പരീക്കുട്ടിയും അവളെ അവസാനമായി പേരുചൊല്ലിവിളിച്ചു. ഒരാള്‍ നടുക്കടലില്‍...! മറ്റൊരാള്‍ കരയില്‍...! നിയന്ത്രിക്കാനാവാത്ത പ്രണയദാഹത്തിന്റെ അവസാനത്തെ വിളികള്‍! കടലിന്റെ അഗാധതയില്‍നിന്ന്‌ ഇപ്പോഴും ഈ വിളികള്‍ ഉയരുന്നുണ്ടാവാം!
''ഈ പരേന്നു കിടക്കുന്ന കടാലിന്‌ എല്ലാമൊണ്ടു മകാളേ. എല്ലാം. അങ്ങോട്ടുപോകുന്ന ആണുങ്ങളു തിരിച്ചുവരുന്നത്‌ എന്തുകൊണ്ടാണെന്നാണ്‌ നിരീച്ചത്‌? കരേക്ക്‌ പെണ്ണുങ്ങ നെറീം മൊറേമായിരുന്നിട്ടാ. അല്ലേല്‌ വള്ളാത്തോടെ ചുഴിയങ്ങാപിടിച്ചു വിഴുങ്ങും. കടാലിപ്പോണോന്റെ ജീവന്‍ കരേലിരിക്കുന്ന പെണ്ണിന്റെ കൈയിലാ.'' - കറുത്തമ്മയുടെ അമ്മ ചക്കിയുടെ ഈ വാക്കുകളില്‍ തലമുറകള്‍ കേട്ടുതഴമ്പിച്ച ഒരു നേരുണ്ട്‌. കടപ്പുറത്തെ പെണ്ണിന്റെ വിശുദ്ധിയാണ്‌ കടലിലെ മുക്കുവനെ രക്ഷിക്കുന്നതെന്ന സത്യം. കടലിന്റെ യാഥാര്‍ഥ്യവും കടലമ്മയുടെ കരുതലുമാണത്‌.
കടലിനെച്ചുറ്റിപ്പറ്റി ഇതുപോലുള്ള എന്തെല്ലാം സങ്കല്‍പങ്ങളും വിശ്വാസങ്ങളുമാണു നമുക്കുണ്ടായിരുന്നത്‌! ഓരോ തുറയിലും ദൈവങ്ങളും ഉത്സവങ്ങളുമുണ്ടായിരുന്നു. കടല്‍ അമ്മയും ദേവിയുമായിരുന്നു. ഏഴു സാഗരങ്ങള്‍ക്കപ്പുറം കടലിനടിയിലെ കൊട്ടാരത്തില്‍ വാഴുന്ന കടലമ്മയ്‌ക്കു നാഗകന്യകമാരും കടല്‍മയൂരങ്ങളും സര്‍പ്പങ്ങളും കാവല്‍ നിന്നു. മുക്കുവന്‍ ഒന്നും കരുതിവയ്‌ക്കേണ്ടതില്ല; കടലമ്മ തന്നുകൊള്ളുമെന്നായിരുന്നായിരുന്നു വിശ്വാസം. മീന്‍ ആരും വിതയ്‌ക്കാതെ കടലില്‍ വിളഞ്ഞതാണ്‌. അതുകൊണ്ടുതന്നെ അവനവന്റെ ആവശ്യത്തിനുള്ള മീനേ പിടിക്കാവൂ എന്നുമുണ്ട്‌. പാവങ്ങള്‍ക്കും മീന്‍ പങ്കിട്ടു നല്‍കണമെന്നു്‌ പറയുന്നതും അതുകൊണ്ടാണ്‌. കാറ്റും നക്ഷത്രവും വിളക്കുമരവും മാത്രം നോക്കി തുഴയെറിഞ്ഞിരുന്ന പഴമക്കാര്‍ക്ക്‌് ഇത്തരം വിശ്വാസങ്ങള്‍ ശക്‌തി പകര്‍ന്നു.
തലമുറകളായി ഇവരുടെ ജീനുകളിലുറങ്ങുന്ന ഈ തിരിച്ചറിവുകള്‍ അവരെ രക്ഷിക്കുന്നുണ്ടാവാം.
ആഴക്കടലില്‍ മീനുകളുടെ സഞ്ചാരം മനസിലാക്കുന്നത്‌ ഒരു തിരിച്ചറിവാണ്‌. 'മാറ്‌' എന്നതാണ്‌ കടലിന്റെ ആഴം സൂചിപ്പിക്കുന്ന വാക്ക്‌. പത്തും ഇരുപത്തഞ്ചും 'മാറ്‌' ആഴത്തില്‍ മത്തിയും അയലയുമൊക്കെക്കാണും. ഇങ്ങനെ മീന്‍കൂട്ടം കാണുന്നതിനെ 'പൊലപ്പ്‌' എന്നാണ്‌ പറയുക. 'മത്തിപ്പൊലപ്പ'്‌, 'ചെമ്മീന്‍പൊലപ്പ'്‌, 'അയലപ്പൊലപ്പ്‌' എന്നിങ്ങനെയാണു പേരുകള്‍. ഓരോ 'പൊലപ്പും' നിറങ്ങള്‍കൊണ്ടു തിരിച്ചറിയാം. മീന്‍ ഓടുന്ന ഭാഗത്ത്‌ കാണുന്ന ഒരുതരം വെളിച്ചമാണ്‌ 'കവര്‌'. നല്ല ആഴമുള്ള ഭാഗത്ത്‌ 'കവരു'കണ്ടാല്‍ മീന്‍ ഇഷ്‌ടംപോലെ കിട്ടുമെന്നാണ്‌ പറയുന്നത്‌.
മുട്ടകള്‍ വിരിയിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനും മീനുകള്‍ പ്രത്യേക താമസസ്‌ഥലം കണ്ടുവയ്‌ക്കാറുണ്ട്‌. ഈ സ്‌ഥലം 'പാരുകള്‍' എന്നറിയപ്പെടുന്നു. കണ്ടല്‍ക്കാടുകള്‍, പാറക്കൂട്ടങ്ങള്‍, കുഴികള്‍ എന്നിവ പുഴകളിലെ പാരുകളാണ്‌. കൊല്ലത്തിന്റെ സമുദ്രമേഖലയില്‍ 'പാരുകള്‍' കൂടുതലുണ്ട്‌. നല്ല നിലാവുള്ളപ്പോള്‍ കടലിലെ 'പാരുകളി'ല്‍ മീന്‍ പൊങ്ങിവരും.
കടല്‍ കോപിക്കുന്നതിനുമുമ്പു ചില ലക്ഷണങ്ങളുണ്ട്‌. കടല്‍പ്പാമ്പുകള്‍ കടലില്‍ പൊന്തി കെട്ടുപിണയും. തീരത്തെ മണ്ണിന്‌ ഇളക്കം വരും. കടലില്‍നിന്ന്‌ പ്രത്യേക ശബ്‌ദമുയരും. ഇതിന്‌ 'കടല്‍ പൊട്ടുന്നു' എന്നാണു പറയുക. കടല്‍ ശാന്തമാകുമ്പോഴും കടല്‍ 'പൊട്ടാ'റുണ്ട്‌.
കടല്‍ത്തിരകള്‍ക്ക്‌ തെക്കന്‍ കടല്‍, വടക്കന്‍ കടല്‍, പുറത്തുകടല്‍ എന്നിങ്ങനെയാണു പേരുകള്‍. തിരുവനന്തപുരം ഭാഗത്ത്‌ ഇതിനെ കീഴാക്കടല്‍, മേലാക്കടല്‍, നേര്‍ക്കടല്‍ എന്നിങ്ങനെ പറയുന്നു. വലിയ തിരകള്‍ പാമ്പിന്റെ ഫണം പോലെ വിടര്‍ന്നുവരുന്ന 'കൊമ്പന്‍തിര'കളാണ്‌. വള്ളത്തെ തകര്‍ക്കുന്ന തിരകള്‍.
കരയിലേക്ക്‌ പെട്ടെന്ന്‌ തിര അടിച്ചുകയറുന്നതിനു 'കേറ്റോം കീച്ചിലും' എന്നാണു പറയുന്നത്‌. കടല്‍വെള്ളം പെട്ടെന്ന്‌ കരയിലേക്ക്‌ ഉയര്‍ന്നുകയറുന്നത്‌ 'കേറ്റം!'. പെട്ടെന്ന്‌ വെള്ളം ഇറങ്ങിപ്പോകുന്നത്‌ 'കീച്ചിലും!'. കടലിലേക്ക്‌ പലരും ഒഴുകിപ്പോകുന്നത്‌ ഈ 'കീച്ചി'ല്‍കൊണ്ടാണ്‌. നല്ല പരിചയമുള്ളവര്‍ക്ക്‌ 'കയറ്റവും കീച്ചിലും വരുന്നതറിയാം; ശ്രദ്ധിച്ചുനിന്നാല്‍ അപകടമുണ്ടാവില്ല.
ഏതൊക്കെ മാസത്തിലാണു മീന്‍ കിട്ടുന്നതെന്നും പഴമക്കാര്‍ പഠിച്ചുവച്ചിരുന്നു. ചിങ്ങം, കന്നി മാസങ്ങളില്‍ മത്തിയും ആവോലിയും സ്രാവും കൂടുതല്‍ കിട്ടും. തുലാം, ധനു, മകര മാസങ്ങളില്‍ ചൂരയും കുംഭത്തിലും മീനത്തിലും മത്തിയും ചെമ്മീനും അയലയും ഉണ്ടാവും. ഇടവം, മിഥുനം, കര്‍ക്കിടകമാസങ്ങള്‍ കടല്‍ കോപിക്കുന്ന സമയങ്ങളാണ്‌. മീനുകളും കുറവ്‌. ഉണക്കമീനിന്റെ കാലമാണിത്‌. ഈ സീസണില്‍ പച്ചമീന്‍ ഉപ്പിട്ടുണക്കുന്നതിന്‌ ഉപ്പു വിതരണം ചെയ്യാന്‍ സര്‍ക്കാര്‍വക ഉപ്പുചാപ്പകള്‍ തീരങ്ങളിലുണ്ടായിരുന്നു.
'ചാകര'യും നമ്മുടേതുമാത്രമായ കടലമ്മയുടെ ഉപഹാരമാണ്‌. ആലപ്പുഴയിലും തൃശൂര്‍ മേഖലയിലും മാത്രം സംഭവിക്കുന്ന മീനുകളുടെ കൂട്ടംചേരല്‍. രണ്ട്‌ അഴിമുഖങ്ങള്‍ക്കിടയിലാണ്‌ ചാകര കാണുന്നത്‌. നദീമുഖത്തുനിന്നുവരുന്ന ചെളിയും എക്കലും ഒരു സ്‌ഥലത്ത്‌ അടിഞ്ഞുകൂടുമ്പോള്‍ അതു തിന്നാന്‍ മീനുകള്‍ കൂട്ടമായി എത്തുന്നതാണു ചാകര. ശാന്തമായ കടലില്‍ ചാകര തെളിയുന്നു. അതുകൊണ്ട്‌ മീന്‍പിടിക്കാനും എളുപ്പമാണ്‌. ചാകരസമയത്ത്‌ ക്ഷേത്രങ്ങളിലും പള്ളികളിലും പണ്ട്‌ വഴിപാടു നടത്തുമായിരുന്നു. ചാകരയുടെ ചെളി കടലില്‍കൂടി സഞ്ചരിക്കുമ്പോള്‍ പ്രത്യേക ശബ്‌ദം കേള്‍ക്കുമെന്നാണ്‌ പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്‌. ചാകര കടല്‍ത്തീരത്തിന്റെ ഉത്സവമാണ്‌.
പണ്ട്‌, നക്ഷത്രങ്ങള്‍ മാത്രം നോക്കി വള്ളം തുഴഞ്ഞവര്‍ നക്ഷത്രങ്ങള്‍ക്ക്‌ പാതിരാവള്ളി, കുരിശുവള്ളി, പെരുമീന്‍ എന്നിങ്ങനെയുള്ള മനോഹരങ്ങളായ പേരുകളും നല്‍കി. അല്ലങ്കില്‍ത്തന്നെ, 'കടലിലെ മീനിനു മുക്കുവനിടുന്നതാണ്‌ പേര്‌'- എന്നാണല്ലോ ചൊല്ല്‌. കടല്‍വലകള്‍ക്കും പല പേരുകളുണ്ട്‌-ചീനവല, നാനോവല, ചാളവല, കോരുവല, വീശുവല, വടിവല, കച്ചാവല എന്നിങ്ങനെ.
കടലിനടിയില്‍ 'അക്കിള്‍വാള്‍' എന്നൊരു ചെടിയുണ്ടെന്നാണ്‌ മറ്റൊരു വിശ്വാസം. ഇതിന്റെ ശിഖരംകൊണ്ട്‌ പിച്ചാത്തിപ്പിടിയുണ്ടാക്കി കൊണ്ടുനടക്കുന്നത്‌ ആഢ്യത്വലക്ഷണമായിരുന്നുവത്രെ.
മുക്കുവര്‍, വാലന്‍, അരയന്‍, മരയ്‌ക്കാര്‍ എന്നിങ്ങനെ അനേകം വിഭാഗങ്ങള്‍ ചേരുന്നതാണ്‌ തീരസമൂഹം. അരയന്മാര്‍ക്ക്‌ സ്വന്തം ഭരണാധികാരിയുണ്ടായിരുന്നു. തുറയിലരയന്‍, ആണ്ടിയരയന്‍, മുണ്ടകത്തരയന്‍, ചെമ്പകശേരി അരയന്‍ തുടങ്ങിയ അരയകുടുംബങ്ങള്‍ പ്രശസ്‌തം. ബോള്‍ഗാട്ടിപാലസ്‌ ആക്രമിച്ച്‌ റസിഡന്റായിരുന്ന കേണല്‍ മക്കാളെയെ തുരത്തിയ വീരനായകനാണ്‌ 'ചെമ്പിലരയന്‍' എന്ന ചെമ്പില്‍ അനന്തപത്മനാഭ വലിയ അരയന്‍. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന അവിട്ടം തിരുനാള്‍ ബാലരാമവര്‍മയുടെ നാവികപ്പോരാളികളില്‍ പ്രധാനിയായിരുന്നു അദ്ദേഹം. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത്‌ ഡച്ചുകാരെ തോല്‍പിച്ച്‌ ഡച്ച്‌ കപ്പിത്താന്‍ ഡിലനോയിയെ പിടികൂടിയതിനുപിന്നില്‍ കന്യാകുമാരിയിലെ മുക്കുവരുടെ ശക്‌തിയും സാമര്‍ഥ്യവുമായിരുന്നുവല്ലോ.
കടല്‍ത്തീരത്തുകൂടി കേരളക്കരയിലെത്തിയ നമ്പൂതിരിമാരുടെ പൂണൂല്‍ മുക്കുവരുടെ ചൂണ്ടയുടെ വള്ളിയായിരുന്നെന്ന്‌ ഒരു വാദമുണ്ട്‌.
അവതാരകഥകളില്‍ 'മത്സ്യാവതാരം' പ്രസിദ്ധമാണെങ്കിലും തീരങ്ങളില്‍ മത്സ്യാവതാരത്തിനു ക്ഷേത്രങ്ങളില്ല. കന്യാകുമാരീദേവിയുടെ മൂക്കുത്തിയുടെ പ്രകാശം കണ്ടാണ്‌ രാത്രിയില്‍ മുക്കുവര്‍ കര മനസിലാക്കിയിരുന്നതെന്നായിരുന്നു തിരുവിതാംകൂറിലെ വിശ്വാസം.
യഹൂദമതവും ക്രിസ്‌തുമതവും ഇസ്ലാമും മാത്രമല്ല, കമ്യൂണിസവും തീരങ്ങളില്‍നിന്നാണു ശക്‌തിയാര്‍ജിച്ചത്‌.1935-ല്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളി യൂണിയന്‍ രൂപീകൃതമായ കാലത്താണ്‌ ആലപ്പുഴ പോര്‍ട്ട്‌ വര്‍ക്കേഴ്‌സ് യൂണിയനും തിരുവിതാംകൂര്‍ കയര്‍ ഫാക്‌ടറി വര്‍ക്കേഴ്‌സ് യൂണിയനും ഉണ്ടാകുന്നത്‌. കയര്‍ത്തൊഴിലാളികള്‍ക്കുവേണ്ടി താനാണ്‌ ആദ്യമായി ഈ മേഖലയില്‍ കമ്യൂണിസം പ്രസംഗിച്ചതെന്ന്‌ പി. കേശവദേവിന്റെ സ്‌മരണകളില്‍ പറയുന്നുണ്ട്‌.
ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തിന്റെ തുടക്കം തീരപ്രദേശത്തെ സംഘര്‍ഷത്തില്‍നിന്നായിരുന്നു. 'ഇപ്പോലിത്ത്‌' എന്ന ജന്മി നാലു മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസുകൊടുത്തതാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന്‌ പറയുന്നു. ഇതിനെത്തുടര്‍ന്ന്‌ പുന്നപ്രയില്‍ ഒരു മീന്‍ചാപ്പ മത്സ്യത്തൊഴിലാളികള്‍ കത്തിച്ചു; ജന്മിമാരെ മര്‍ദ്ദിച്ചു. ഇതോടെ 1946-ല്‍ പുന്നപ്ര- വയലാര്‍ സമരത്തിനു കളമൊരുങ്ങി. മത്സ്യത്തൊഴിലാളികള്‍ പുന്നപ്രയിലേക്ക്‌ പട്ടാളവേഷത്തില്‍ മാര്‍ച്ച്‌ ചെയ്‌തത്‌ അക്കാലത്തെ വലിയ സംഭവമായിരുന്നു.

കോട്ടയത്ത്‌ ഏഴുദിവസംകൊണ്ട്‌ 'ചെമ്മീന്‍' പിറന്നു!

കോട്ടയത്തെ 'ബോട്ട്‌ഹൗസ്‌' ലോഡ്‌ജില്‍ താമസിച്ച്‌ വെറും ഏഴു ദിവസംകൊണ്ടാണ്‌ തകഴി 'ചെമ്മീന്‍' എഴുതിയത്‌!
ഒരിക്കല്‍ അമ്പലപ്പുഴ കടപ്പുറത്തുപോയപ്പോള്‍ ഒരു വേലിക്കരികില്‍നിന്ന്‌ ഒരു അമ്മൂമ്മ 'എടീ, കറുത്തമ്മോ!'- എന്നു വിളിക്കുന്നതു കേട്ടതാണ്‌ 'ചെമ്മീനെ'ഴുതാന്‍ കാരണമായതെന്ന്‌ തകഴി പറഞ്ഞിട്ടുണ്ട്‌.
എന്തായാലും തകഴിയുടെ 'ചെമ്മീന'ല്ലാതെ മറ്റൊരു മികച്ച നോവല്‍ മത്സ്യത്തൊഴിലാളിയുടെ ജീവിതപശ്‌ചാത്തലത്തില്‍ ഉണ്ടായിട്ടില്ല എന്നത്‌ ഒരു കുറവുതന്നെ.
നക്ഷത്രങ്ങള്‍ നോക്കി വള്ളം തുഴഞ്ഞിരുന്നവരുടെ, ഒട്ടൊക്കെ നിഷ്‌കളങ്കമായിരുന്ന കാലത്തെ കഥയായിരുന്നു തകഴിയുടേത്‌. പുതിയകാലത്തെ പളനിയുടെയും കറുത്തമ്മയുടെയും കഥ ആരും പറഞ്ഞില്ല.
മത്സ്യത്തൊഴിലാളികളുടെ സാമൂഹികപശ്‌ചാത്തലവും സംസ്‌കാരവും മത്സ്യബന്ധനരീതികളും മാറിപ്പോയി എന്നതാവാം ഒരു കാര്യം. നഗരവല്‍ക്കരണവും പുതിയ വിശ്വാസങ്ങളും തീരജീവിതങ്ങളുടെ വൈവിധ്യം ഇല്ലാതാക്കിയെന്നതാവാം മറ്റൊരു കാര്യം.

Ads by Google
Saturday 12 May 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW