Saturday, August 18, 2018 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 12 May 2018 01.38 AM

ഇരട്ടക്കൊലപാതകം: മാഹി പോലീസിനു ബി.ജെ.പി.യെ പേടി, തലശേരി പോലീസിന് സി.പി.എമ്മിനേയും; പ്രതികളെ പിടിക്കാന്‍ മടിച്ച്‌ പോലീസ്‌

Mahi murder

കണ്ണൂര്‍: ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടുന്നതു വൈകിപ്പിക്കാന്‍ കേരളാ പോലീസിനു മേല്‍ ഉന്നത രാഷ്‌ട്രീയ സമ്മര്‍ദമെന്നു സൂചന. സി.പി.എം. നേതാവ്‌ ബാബുവിന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടുന്നത്‌ മാഹി പോലീസ്‌ വൈകിപ്പിക്കുന്നെന്നും ആരോപണം.

സി.പി.എം. പ്രവര്‍ത്തകന്‍ ബാബു കൊല്ല്പ്പല്ലെട്ട കേസ്‌ അന്വേഷിക്കുന്ന മാഹി പോലീസ്‌ അന്വേഷണത്തില്‍ വീഴ്‌ച വരുത്തുന്നെന്നു ചൂണ്ടിക്കാട്ടിയാണു കേരളാപോലീസിന്റെ അന്വേഷണം വൈകിപ്പിക്കാന്‍ നീക്കം നടക്കുന്നത്‌. ഷമേജിന്റെ കൊലപാതകം നടന്നിട്ട്‌ അഞ്ചുദിവസം പിന്നിട്ടിട്ടും പ്രദേശത്തുള്ളവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുന്നെന്നു മാത്രമാണു കേസ്‌ അന്വേഷിക്കുന്ന തലശേരി പോലീസിന്റെ വിശദീകരണം. സജീവ രാഷ്‌ട്രീയ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഒളിവിലാണെന്നാണു ബാബു വധം അന്വേഷിക്കുന്ന മാഹി പോലീസ്‌ പറയുന്നത്‌.
പുതുച്ചേരി പോലീസിനെ വിശ്വാസമില്ലെന്നു സി.പി.എം. പരസ്യമായി പ്രഖ്യാപിച്ചതാണു കേരളാ പോലീസിന്റെ അന്വേഷണത്തെ ബാധിച്ചത്‌. പുതുച്ചേരി ഭരിക്കുന്ന കോണ്‍ഗ്രസിന്‌ അന്വേഷണത്തില്‍ വലിയ താല്‍പ്പര്യമില്ലെന്നും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ഗവര്‍ണര്‍ ബി.ജെ.പി. നോമിനിയാണെന്നതിനാല്‍ അന്വേഷണത്തില്‍ കേന്ദ്ര ഇടപെടലുണ്ടാകുമെന്നും സി.പി.എം. പറയുന്നു. കേരളാ പോലീസിനെ ബി.ജെ.പിക്കും വിശ്വാസമില്ല. കുറ്റവാളികള്‍ക്കു സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും പിന്തുണ ഉറപ്പാക്കാന്‍ വേണ്ടിയാണു ഷമേജിനെ കേരളാ അതിര്‍ത്തിയില്‍ കൊലപ്പെടുത്തിയതെന്നു ബി.ജെ.പി. ആരോപിക്കുന്നു. പ്രതികളെ പിടികൂടാന്‍ പുതുച്ചേരി, കേരളാ പോലീസ്‌ സഹകരണം അത്യാവശ്യമാണ്‌. ഇരു സംസ്‌ഥാനത്തുമുള്ള അന്വേഷണ സംഘത്തിലുള്‍പ്പെട്ടവര്‍ കൂടിക്കാഴ്‌ചകള്‍ നടത്തുന്നുണ്ടെങ്കിലും രണ്ടുകൊലപാതകങ്ങളും ഒറ്റക്കേസായി പരിഗണിച്ച്‌ അന്വേഷണം നടക്കുന്നില്ല. ബാബുവിന്റെ കൊലപാതകം പുതുച്ചേരി സംസ്‌ഥാനത്തിനു കീഴിലെ മാഹിയിലാണെങ്കിലും പ്രതികള്‍ എത്തിയതു കണ്ണൂരില്‍ നിന്നാണെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്‌. സി.പി.എം. പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ പ്രതികള്‍ പുറത്തു വിഹരിക്കുമ്പോള്‍ ഷമേജ്‌ വധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്യുന്നത്‌ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണു സി.പി.എം. പ്രാദേശിക നേതൃത്വം. ഇതാണു തലശേരി പോലീസിനെ സമ്മര്‍ദത്തിലാക്കുന്നത്‌. നിഷ്‌പക്ഷ അന്വേഷണത്തിനു പ്രത്യേകസംഘം വേണമെന്നു സി.പി.എമ്മും കേന്ദ്രസംഘം വേണമെന്നു ബി.ജെ.പിയും ആവശ്യപ്പെടുന്നുണ്ട്‌. എന്നാല്‍ രണ്ട്‌ അന്വേഷണങ്ങളും ഒറ്റസംഘത്തിനു കീഴില്‍ കൊണ്ടു വരണമെങ്കിലും നിയമപ്രശ്‌നമുണ്ട്‌. രണ്ടു സംസ്‌ഥാനങ്ങളും ഒരുപോലെ ഇക്കാര്യം കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടാല്‍ മാത്രമേ ഇതു യാഥാര്‍ഥ്യമാവൂ.
അതേസമയം ബാബുവിന്റെ കൊലപാതകികളെ കണ്ടെത്താന്‍ നാലു പ്രത്യേകസംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നു പുതുച്ചേരി സീനിയര്‍ പോലീസ്‌ സൂപ്രണ്ട്‌ അപൂര്‍വ ഗുപ്‌ത പറഞ്ഞു.

കൊലപാതകികളെ കണ്ടെത്താന്‍ പള്ളൂര്‍ മേഖലയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്‌. പഴുതുകളടച്ച അന്വേഷണമാണ്‌ ഉദ്ദേശിക്കുന്നതെന്നും ഇതിനു സമയം വേണ്ടിവരുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഷമേജിന്റെ കൊലയാളികളെ കണ്ടെത്താന്‍ ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണെന്നും അതിന്റെ കാലതാമസമാണെന്നും അന്വേഷണസംഘം വ്യക്‌തമാക്കുന്നു. ഷമേജ്‌ ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍നിന്ന്‌ ആറു വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. പ്രദേശത്തുനിന്ന്‌ ഒരു മൊബൈല്‍ ഫോണും ലഭിച്ചിട്ടുണ്ട്‌. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരിലേക്കാണ്‌ അന്വേഷണം നീങ്ങുന്നത്‌.

അതേസമയം നവമാധ്യമങ്ങളില്‍ കൊലപാതകങ്ങളിലെ പ്രതികളെന്നു പറഞ്ഞ്‌ ചിലരുടെ ഫോട്ടോകള്‍ ഇരുപക്ഷവും പോസ്‌റ്റ്‌ ചെയ്യുന്നത്‌ പരിശോധിക്കുന്നുണ്ടെന്ന്‌ അന്വേഷണസംഘം പറയുന്നു. മലബാറിലെ ക്വട്ടേഷന്‍ ഗുണ്ടാ പ്രവര്‍ത്തനത്തിന്റെ തലസ്‌ഥാനമായാണു മാഹി അറിയപ്പെടുന്നത്‌. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളടക്കം രാഷ്‌ട്രീയ പിന്തുണയോടെ അഴിഞ്ഞാടിയിരുന്ന മേഖലയാണിത്‌. ഇരട്ടക്കൊലപാതകത്തില്‍ മാഹിയിലെ ക്വട്ടേഷന്‍ബന്ധം വ്യക്‌തമായിട്ടും പ്രധാന ക്രിമിനല്‍ സംഘങ്ങളിലേക്ക്‌ അന്വേഷണം എത്തിയിട്ടില്ല. കണ്ണൂര്‍- തലശേരി മേഖലയിലുളളവര്‍ തന്നെയാണ്‌ ഈ സംഘങ്ങളെ നിയന്ത്രിക്കുന്നത്‌.

Ads by Google
Saturday 12 May 2018 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW