Tuesday, November 06, 2018 Last Updated 14 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 11 May 2018 07.07 AM

നിയമപരീക്ഷാഫലത്തിലെ തട്ടിപ്പ്; കുറ്റം സമ്മിച്ച് കേരളാ സര്‍വകലാശാല, അധ്യാപകര്‍ക്കെതിരെ നടപടി; ഗുജറാത്തിലെ പുനര്‍മൂല്യനിര്‍ണയം അംഗീകരിച്ചു

uploads/news/2018/05/216049/kerala-university.jpg

തിരുവനന്തപുരം: നിയമപരീക്ഷാ മൂല്യനിര്‍ണയത്തില്‍ ക്രമക്കേടു നടന്നെന്ന് ഒടുവില്‍ കേരള സര്‍വകലാശാല സമ്മതിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഗുജറാത്തില്‍ നടത്തിയ പുനര്‍മൂല്യനിര്‍ണയത്തില്‍ സര്‍ക്കാര്‍ ലോ കോളജ് വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ മാര്‍ക്ക് ലഭിച്ചിരുന്നു.

ഇത് അംഗീകരിക്കാന്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ആദ്യരണ്ടുതവണ മൂല്യനിര്‍ണയം നടത്തിയ തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജിലെയും തൃശൂര്‍ ലോ കോളജിലെയും അധ്യാപകര്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കും.

സ്വകാര്യസ്ഥാപനത്തെ സഹായിക്കാന്‍ മൂല്യനിര്‍ണയത്തില്‍ നടത്തിയ ക്രമക്കേട് 'മംഗള'മാണു പുറത്തുകൊണ്ടുവന്നത്. 2016-ലെ എല്‍.എല്‍.ബി. 10-ാം സെമസ്റ്റര്‍ പരീക്ഷയുടെ മൂല്യനിര്‍ണയത്തിലാണു ക്രമക്കേടു നടന്നത്. ഇന്റര്‍നാഷണല്‍ ലോ പരീക്ഷയില്‍, സര്‍ക്കാര്‍ ലോ കോളജ് വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പരാജയപ്പെടുകയായിരുന്നു. റാങ്ക് പ്രതീക്ഷിച്ചിരുന്നവര്‍ക്കും മാര്‍ക്ക് കുറഞ്ഞു. സര്‍വകലാശാലാ ചട്ടപ്രകാരം ഓരോ സെമസ്റ്ററിനും ആദ്യപരീക്ഷയില്‍ത്തന്നെ ജയിക്കുന്നവരെയേ റാങ്കിനു പരിഗണിക്കൂ.

ഇതു മുതലെടുത്ത്, ഉയര്‍ന്ന മാര്‍ക്ക് നേടിയ സര്‍ക്കാര്‍ ലോ കോളജ് വിദ്യാര്‍ഥികളെ ഒരു സെമസ്റ്ററില്‍ പരാജയപ്പെടുത്തുകയാണ് അധ്യാപകര്‍ ചെയ്തത്. മാര്‍ക്ക് കുറഞ്ഞ ഒരു വിദ്യാര്‍ഥിനി പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചു. എന്നാല്‍, 26 മാര്‍ക്ക് തന്നെയാണു പുനര്‍മൂല്യനിര്‍ണയത്തിലും ലഭിച്ചത്. 141 വര്‍ഷത്തെ ചരിത്രമുള്ള ലോ കോളജില്‍, ആദ്യമായി നടന്ന കാമ്പസ് റിക്രൂട്ട്മെന്റിലൂടെ ജോലി ലഭിച്ച ഈ വിദ്യാര്‍ഥിനിക്കു റാങ്ക് പ്രതീക്ഷയുമുണ്ടായിരുന്നു. മാര്‍ക്കില്‍ മാറ്റമില്ലാത്തതിനാല്‍ രണ്ടാമതും പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചു. അപ്പോഴും 26 മാര്‍ക്ക് തന്നെ! ഇതോടെ, മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ സപ്ലിമെന്ററി പരീക്ഷയെഴുതി. അതിനാല്‍ അവര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടില്ല.

സ്വകാര്യസ്ഥാപനത്തിന്റെ വിജയശതമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ഥികളെ തോല്‍പ്പിക്കുകയായിരുന്നു.

തുടര്‍ന്ന്, ഈ വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചു. കേരളത്തിനു പുറത്ത് പുനര്‍മൂല്യനിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. 20 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് ഗുജറാത്ത് സര്‍വകലാശാലയില്‍ മൂല്യനിര്‍ണയം നടത്താനായിരുന്നു നിര്‍ദേശം. കേസില്‍ കക്ഷിയായ വിദ്യാര്‍ഥിനിക്കു കേരള സര്‍വകലാശാല 26 മാര്‍ക്കാണു നല്‍കിയതെങ്കില്‍ ഗുജറാത്തിലെ പുനര്‍മൂല്യനിര്‍ണയത്തില്‍ 54 മാര്‍ക്കായി. മറ്റു വിദ്യാര്‍ഥികളുടെ മാര്‍ക്കിലും വര്‍ധനയുണ്ടായി. ഈ ഫലം അംഗീകരിക്കാനാണ് ഇന്നലെച്ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്.

അര്‍ഹമായ മാര്‍ക്ക് നഷ്ടപ്പെട്ട വിദ്യാര്‍ഥിനിക്ക് ഒരു അധ്യയനവര്‍ഷം നഷ്ടമായതിനാല്‍, മൂല്യനിര്‍ണയം നടത്തിയ അധ്യാപകരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കിനല്‍കണമെന്നു സിന്‍ഡിക്കേറ്റ് അംഗം ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യം വിദ്യാര്‍ഥിനി നിയമപരമായി നേടിയെടുക്കട്ടെ എന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. ക്രമക്കേട് നടത്തിയവര്‍ക്കെതിരേ കര്‍ശനനടപടി ശിപാര്‍ശ ചെയ്ത് പ്രോ വൈസ് ചാന്‍സലര്‍ അധ്യക്ഷനായ അന്വേഷണസമിതി സര്‍വകലാശാലയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അതിന്മേല്‍ നടപടിക്കു സര്‍വകലാശാല തയാറായില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW