Thursday, September 13, 2018 Last Updated 4 Min 42 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Friday 11 May 2018 06.56 AM

കെ.എസ്.ആര്‍.ടി.സി. പണിയെടുക്കാതെ സുഖിച്ചിരുന്ന യൂണിയന്‍ നേതാക്കളെ പറപ്പിച്ചു

uploads/news/2018/05/216047/KSRTC.jpg

തിരുവനന്തപുരം: യൂണിയന്‍ പ്രവര്‍ത്തനം മുഖ്യ തൊഴിലാക്കി കെ.എസ്.ആര്‍.ടി.സി. ചീഫ് ഓഫീസില്‍ സുഖജീവിതത്തിലായിരുന്ന നേതാക്കളെ തെറിപ്പിച്ചുതുടങ്ങി. കെ.എസ്.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അടക്കമുള്ളവര്‍ക്കാണു പുതിയ ജോലി കിട്ടിയത്. ഇന്‍സ്പെക്ടര്‍ തസ്തികയിലുള്ള ഹരികൃഷ്ണന്‍ നമ്പൂതിരിക്കു വികാസ് ഭവന്‍ ഡിപ്പോയിലേക്കാണു മാറ്റം.

ഭരണപക്ഷാനുകൂല സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു)യുടെ സംസ്ഥാന നേതാവായ എസ്. സുശീലനെ പാറശാല ഡിപ്പോയിലേക്കും നേതാക്കളായ ആര്‍. ഗോപകുമാറിനെയും വി. ശാന്തകുമാറിനെയും തിരുവനന്തപുരം സെന്‍ട്രലിലേക്കും മാറ്റി. ജെ.എസ്. ഷാജിബോസിനെ നെയ്യാറ്റിന്‍കരയിലേക്കു വിട്ടു. എം. ഗോപകുമാറിനെ വിജിലന്‍സില്‍നിന്നും എ. റോബര്‍ട്ട് മോറിസിനെ സിറ്റി ഡിപ്പോയില്‍നിന്നും ചീഫ് ഓഫീസിലെ ടൈം ടേബിള്‍ സെല്ലിലേക്കു മാറ്റി. കെ.വി. ജയപ്രകാശിനെയും ടൈം ടേബിള്‍ സെല്ലിലെത്തിച്ചു. ഇവിടെനിന്നു കെ. സന്തോഷ് കുമാറിനെ സെന്‍ട്രല്‍ ഡിപ്പോയിലേക്കു മാറ്റി. എല്ലാവരും ഇന്‍സ്പെക്ടര്‍ റാങ്കിലുള്ളവരാണ്. ഭരണവിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറുടേതാണു നടപടി.

കെ.എസ്.ആര്‍.ടി.സിയിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരെ മാറ്റാന്‍ നിരാഹാര സമരമിരുന്ന നേതാവാണു ഹരികൃഷ്ണന്‍ നമ്പൂതിരി. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരെ സോണല്‍ ഓഫീസര്‍മാരാക്കി മാറ്റണമെന്നായിരുന്നു ആവശ്യം. ആദ്യം ഹരികൃഷ്ണനും തുടര്‍ന്നു സംസ്ഥാന ഭാരവാഹികളില്‍ ഒരാളായ ദിലീപ്കുമാറുമാണു സമരം നയിച്ചത്. സമരം ദിവസങ്ങളോളം നീണ്ടിട്ടും അന്ന് എം.ഡിയായിരുന്ന എ. ഹേമചന്ദ്രന്‍ ചര്‍ച്ചയ്ക്കു വിളിച്ചില്ല. ഒടുവില്‍ മന്ത്രി എ.കെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തി നേതാക്കള്‍ തലയൂരി. ഏപ്രില്‍ ഒന്നിന് മുന്‍പ് കോര്‍പ്പറേഷനെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സോണുകളാക്കി തിരിക്കുമെന്നും മൂന്ന് എക്സ്ിക്യൂട്ടീവ് ഡയറക്ടര്‍മാരെ സോണല്‍ ഓഫീസര്‍മാരാക്കുമെന്നും സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്റെയടക്കം സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചാണു സമരം അവസാനിപ്പിച്ചത്. രണ്ടു മാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല! ഇതിനിടയിലാണ് സുഖമായിരുന്ന കസേരയും പോയത്.

ചീഫ് ഓഫീസില്‍ തമ്പടിച്ച് ജോലി ചെയ്യാതെ പലരും യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്ന കാര്യം മംഗളമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഡി.ജി.പി ടോമിന്‍ തച്ചങ്കരി സി.എം.ഡി. ആയി എത്തിയതോടെ ഇത്തരക്കാരെ തെറിപ്പിച്ചുതുടങ്ങി. തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ അട്ടിമറിക്കാനുള്ള സംഘടനാ നേതാക്കളുടെ ശ്രമം വിലപ്പോയില്ല. തച്ചങ്കരിക്കെതിരേ മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെടാനുള്ള ശ്രമവും പരാജയപ്പെട്ടു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW