Saturday, May 19, 2018 Last Updated 8 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 10 May 2018 03.49 PM

പുതുമയോടെ വിളമ്പാം...

''മിച്ചംവരുന്ന ഭക്ഷണസാധനങ്ങള്‍ വെറുതെ കളയരുതേ. അതുപയോഗിച്ച് സ്വാദിഷ്ഠമായ മറ്റ് പലഹാരങ്ങള്‍ തയാറാക്കി നോക്കൂ... ''
uploads/news/2018/05/215807/mdmcokry100518a.jpg

പുട്ടുകൊണ്ട് ഉപ്പുമാവ്


ആവശ്യമുള്ള സാധനങ്ങള്‍
പുട്ട് ബാക്കിവന്നത് - 2 കഷണം
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - ഒരെണ്ണം
സവാള കൊത്തിയരിഞ്ഞത് - ഒരെണ്ണം
മസാലപ്പൊടി - 1/4 ടീസ്പൂണ്‍
മുളകുപൊടി - 1/4 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
കറിവേപ്പില - - 2 തണ്ട്

തയാറാക്കുന്ന വിധം


പുട്ട് പൊടിച്ചുവയ്ക്കുക. ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് സവാളയും കറിവേപ്പിലയും വഴറ്റുക. സവാള മൂത്തുവരുമ്പോള്‍ അതിലേക്ക് ക്യാരറ്റ് ചീകിയത് ചേര്‍ക്കുക. ക്യാരറ്റ് വാടുമ്പോള്‍ മസാലപ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് വഴറ്റി അല്‍പ്പം ഉപ്പും ചേര്‍ക്കാം. ശേഷം പുട്ട് പൊടിച്ചത് ഇതിലേക്കിട്ട് നന്നായി ഇളക്കി യോജിപ്പിച്ച് അല്‍പ്പസമയം കഴിഞ്ഞ് വിളമ്പാം.

ഇഡ്ഡലി മസാല


ആവശ്യമുള്ള സാധനങ്ങള്‍
ഇഡ്ഡലി - 6 എണ്ണം
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - ഒരെണ്ണം
സവാള പൊടിയായി അരിഞ്ഞത് - ഒരെണ്ണം
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് - 2 എണ്ണം
ഇഞ്ചി കൊത്തിയരിഞ്ഞത് - ഒരു ചെറിയ കഷണം
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
മുളകുപൊടി - 1/2 ടീസ്പൂണ്‍
ഗരം മസാല - ഒരു നുള്ള്
തേങ്ങ ചിരകിയത് - 2 ടേബിള്‍ സ്പൂണ്‍
മല്ലിയില /കറിവേപ്പില - കുറച്ച്
കടുക് - 1/2 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് - 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും ഉഴുന്നും പൊട്ടിച്ച് കറിവേപ്പിലയും പച്ചമുളകും സവാളയും ചേര്‍ത്ത് വഴറ്റാം. സവാള മൂക്കുമ്പോള്‍ തേങ്ങ ചിരകിയതും ക്യാരറ്റും ഉപ്പും ചേര്‍ത്തിളക്കി ഇതിലേക്ക് ഇഡ്ഡലി കഷണങ്ങളും ചേര്‍ക്കാം. ശേഷം മല്ലിയിലയോ കറിവേപ്പിലയോ വിതറി ചൂടോടെ വിളമ്പാം.
uploads/news/2018/05/215807/mdmcokry100518a1.jpg

റൈസ് ബോള്‍


ആവശ്യമുള്ള സാധനങ്ങള്‍
ചോറ് - 1 1/2 കപ്പ്
തേങ്ങ ചിരകിയത് - 1 കപ്പ്
ജീരകം - 1 ടീസ്പൂണ്‍
അരിപ്പൊടി - 1 1/4 കപ്പ്
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


മിക്സിയുടെ ജാറിലേക്ക് ചോറും കുറച്ച് വെള്ളവുമൊഴിച്ച് പേസ്റ്റ് പോലെ അരച്ചെടുക്കുക. ഒരു ബൗളിലേക്ക് അരച്ചെടുത്തത് മാറ്റി അതിലേക്ക് തേങ്ങ ചിരകിയതും ബാക്കി ചേരുവകളും കൂടി ചേര്‍ത്ത് കുറച്ച് ചൂടുവെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. കുഴച്ചുവച്ച മാവ് നെല്ലിക്കാവലിപ്പത്തിലുള്ള ഉരുളകളായി ഉരുട്ടിയെടുത്ത് തിളച്ച എണ്ണയിലിട്ട് ഓരോന്നും ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത് കോരിയെടുക്കാം.

റൈസ് പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
ചോറ് - 2 കപ്പ്
തേങ്ങാപ്പാല്‍ - 2 കപ്പ്
ശര്‍ക്കര ചീകിയത് - മധുരത്തിനനുസരിച്ച്
കട്ടി തേങ്ങാപ്പാല്‍ - 1/4 കപ്പ്
ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ചോറ് തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിച്ച് കുറുക്കിയെടുക്കുക. അടുപ്പില്‍നിന്നിറക്കി ശര്‍ക്കര ചീകിയതും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കി അടുപ്പില്‍ വച്ച് തിളച്ചുതുട ങ്ങുമ്പോള്‍ കട്ടി തേങ്ങാപ്പാല്‍ ഒഴിച്ചിളക്കി വാങ്ങി വയ്ക്കാം.
uploads/news/2018/05/215807/mdmcokry100518a2.jpg

ചപ്പാത്തി മസാല


ആവശ്യമുളള സാധനങ്ങള്‍
ചപ്പാത്തി - 2 എണ്ണം
സവാള കൊത്തിയരിഞ്ഞത് - ഒരെണ്ണം
ചുവന്ന ക്യാപ്സിക്കം - ഒരെണ്ണത്തിന്റെ പകുതി(ചെറുതായി അരിഞ്ഞത്)
പച്ചമുളക് - ഒരെണ്ണം (ചെറുതായി അരിഞ്ഞത്)
എണ്ണ - 1 ടേബിള്‍ സ്പൂണ്‍
കടുക് - 1/4 ടീസ്പൂണ്‍
ജീരകം - 1/4 ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് - കുറച്ച്

തയാറാക്കുന്ന വിധം


ചപ്പാത്തി ചെറിയ കഷണങ്ങളായി മുറിക്കുക. ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ജീരകവും ചേര്‍ക്കുക. ഇതിലേക്ക് പച്ചമുളകും സവാളയും ചേര്‍ത്ത് വഴറ്റുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ ക്യാപ്സിക്കം ചേര്‍ക്കാം. ക്യാപ്സിക്കം വാടിത്തുടങ്ങുമ്പോള്‍ ചപ്പാത്തി ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കിയെടുക്കുക. മല്ലിയിലകൊണ്ട് അലങ്കരിച്ച് വിളമ്പാം.
uploads/news/2018/05/215807/mdmcokry100518a3.jpg

ഫ്രൈഡ് റൈസ്


ആവശ്യമുള്ള സാധനങ്ങള്‍
ചോറ് - 3 കപ്പ്
ക്യാരറ്റ് - ഒരെണ്ണം (കൊത്തിയരിഞ്ഞത്)
എണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
മല്ലിയില - 2 ടേബിള്‍ സ്പൂണ്‍
സവാളള - 2 ടേബിള്‍ സ്പൂണ്‍
ഗ്രീന്‍പീസ് വേവിച്ചത് - 1/2 കപ്പ്
മുട്ട - 2 എണ്ണം
സോയാ സോസ് - 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്നവയും അല്‍പ്പം ഉപ്പും ചേര്‍ത്ത് വഴറ്റുക. പച്ചക്കറി സോഫ്റ്റാകുമ്പോള്‍ അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ചി ക്കി പ്പൊരിക്കുക. ശേഷം സോയാ സോ സും ചോറും ആവശ്യമെങ്കില്‍ കുറച്ചു കൂടി ഉപ്പും ചേര്‍ത്തിളക്കി വഴറ്റി വിളമ്പാം.
uploads/news/2018/05/215807/mdmcokry100518a4.jpg

റൈസ് വട


ആവശ്യമുള്ള സാധനങ്ങള്‍
മിച്ചം വന്ന ചോറ് - 1 കപ്പ്
വറുത്ത റവ - 1 കപ്പ്
തൈര് - 1 കപ്പ്
ഉപ്പ് - 1 ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - 1/4 ടീസ്പൂണ്‍
മല്ലിയില അല്ലെങ്കില്‍ കറിവേപ്പില അരിഞ്ഞത് - കുറച്ച്
പച്ചമുളക് ചെറുതായരിഞ്ഞത് - 2 എണ്ണം
ഇഞ്ചി കൊത്തിയരിഞ്ഞത് - ഒരു ചെറിയ കഷണം
സവാള കൊത്തിയരിഞ്ഞത് - ഒരെണ്ണം

തയാറാക്കുന്ന വിധം


മിക്‌സിയുടെ ജാറിലേക്ക് ചോറും അരകപ്പ് തൈരും എടുത്ത് നന്നായി അരച്ചെടുക്കുക. ഒരു ബൗളില്‍ റവയെടുത്ത് ബാക്കിവന്ന അരക്കപ്പ് തൈരുകൂടി ചേര്‍ത്ത് കുഴച്ച് അതിലേക്ക് മല്ലിയില, പച്ചമുളക്, സവാള, ഇഞ്ചി, ഉപ്പ് ഇവ ചേര്‍ത്ത് കുഴച്ചുവയ്ക്കുക. ഇതിലേക്ക് ചോറ് അരച്ചതും ചേര്‍ത്ത് കുഴച്ച് അര മണിക്കൂര്‍ വച്ച ശേഷം എണ്ണ നന്നായി ചൂടാക്കി മാവ് കുറേശെയായി എടുത്ത് ഉഴുന്നുവടയുടെ പരുവത്തില്‍ പരത്തി എണ്ണയില്‍ വറുത്തെടുക്കാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Ads by Google
Loading...
TRENDING NOW