Friday, November 16, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 10 May 2018 03.44 PM

കൊച്ചുപ്രേമന്‍ എന്ന 'വലിയ' പ്രേമന്‍

''ചാനല്‍ രംഗത്ത് ദൂരദര്‍ശന്‍ മാത്രമുള്ള കാലത്ത് ഏറ്റവും കൂടുതല്‍ സമയം മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട നടനാണ് കൊച്ചുപ്രേമന്‍. സിനിമയില്‍ അവസരം ചോദിച്ചു പോയിട്ടില്ല. എന്നാല്‍ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ അവര്‍ക്ക് മതിപ്പുണ്ടായെന്ന് തോന്നിത്തുടങ്ങിയ ശേഷം റോള്‍ ചോദിച്ചിട്ടുണ്ട്. അവസരം ചോദിക്കാത്തവരായി ആരുംതന്നെയില്ല എന്നാണ് ഈ നടന്റെ അഭിപ്രായം. ''
uploads/news/2018/05/215806/ciniINWKochupreman100518.jpg

ഇരുപതു കൊല്ലം നാടകാഭിനയവുമായി ജീവിച്ചതിനു പിന്നാലെ ഒരു സമിതിയുണ്ടാക്കാന്‍ തീരുമാനിച്ചപ്പോഴാണ് കൊച്ചുപ്രേമനെ സിനിമയിലെടുത്തത്. ചിത്രം മഞ്ഞിലാസിന്റെ 'ഏഴുനിറങ്ങള്‍.' പിന്നെയൊരു ഇടവേള അതിന്റെ പ്രധാന കാരണം കൊച്ചുപ്രേമന്‍ പറയും.

അന്നൊക്കെ സിനിമ നിര്‍മ്മാണം ഭൂരിപക്ഷവും നടന്നിരുന്നത് മദ്രാസിലാണ്. വീട്ടുകാര്‍ക്ക് അതേതോ വിദേശരാജ്യമാണെന്ന വിചാരമായിരുന്നു. അതുകൊണ്ടുതന്നെ അധികകാലം വീടുവിട്ടു നിന്നുള്ള കളി വേണ്ടെന്ന് അവര്‍ പറഞ്ഞു.

രണ്ടാമത്തെ സിനിമ രാജസേനന്റെ 'ദില്ലിവാല രാജകുമാരന്‍.' അതില്‍ ഒരു കുടുംബത്തിന്റെ നാഥന്‍ ഈ ചെറിയ മനുഷ്യനായിരുന്നു. ചിത്രം ഹിറ്റായതോടെ കൊച്ചുപ്രേമന്‍ 'വലിയ' പ്രേമനായി. മൂന്നോ, നാലോ തലമുറ ഈ നടന്റെ മുന്നിലൂടെ കടന്നുപോയി. പക്ഷേ ഇപ്പോഴും കൊച്ചുപ്രേമന്‍ സിനിമയിലുണ്ട്.

ചാനല്‍ രംഗത്ത് ദൂരദര്‍ശന്‍ മാത്രമുള്ള കാലത്ത് ഏറ്റവും കൂടുതല്‍ സമയം മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട നടനാണ് കൊച്ചുപ്രേമന്‍. സിനിമയില്‍ അവസരം ചോദിച്ചു പോയിട്ടില്ല. എന്നാല്‍ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ അവര്‍ക്ക് മതിപ്പുണ്ടായെന്ന് തോന്നിത്തുടങ്ങിയ ശേഷം റോള്‍ ചോദിച്ചിട്ടുണ്ട്. അവസരം ചോദിക്കാത്തവരായി ആരുംതന്നെയില്ല എന്നാണ് ഈ നടന്റെ അഭിപ്രായം.

പുതിയ തലമുറ സിനിമകളില്‍ കൊച്ചുപ്രേമനെ പ്പോലെയുള്ളവരുടെ സാന്നിധ്യം കുറഞ്ഞുവരുന്നുണ്ടല്ലോ?


ശരിയാണ്. പലര്‍ക്കും മറ്റ് ജീവിതമാര്‍ഗങ്ങള്‍ തേടുകയോ, വീട്ടിലിരിക്കുകയോ ചെയ്യേണ്ട അവസ്ഥയുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ച് ആ സാഹചര്യമില്ല. സിനിമയുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ട്.

എന്നാലും മാറി നില്‍ക്കേണ്ടിവരുന്നില്ല. 2017-ല്‍ അയാള്‍ ശശി, സഖാവിന്റെ പ്രിയ സഖി, തേനീച്ചയും പീരങ്കിപ്പടയും എന്നിങ്ങനെ ഏഴു സിനിമകളില്‍ അഭിനയിച്ചു. ഇക്കൊല്ലം അത്രതന്നെ ചിത്രങ്ങളിലേക്ക് കരാറായിട്ടുണ്ട്.

പുതിയവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ എന്തു തോന്നുന്നു?


കൂടുതല്‍ കംഫര്‍ട്ട് പുതിയവര്‍ക്കൊപ്പം അഭിനയിക്കുന്നതാണ്. സ്വാഭാവികമായി പ്രകടിപ്പിക്കുന്ന വികാരങ്ങള്‍ക്കണ് അവര്‍ പ്രാധാന്യം നല്‍കുന്നത്.
അവര്‍ നിര്‍ദ്ദേശങ്ങള്‍ പറയില്ല. ഞാനൊരു സീനിയര്‍ ആയതുകൊണ്ടായിരിക്കും.

താങ്കളുടെ സംഭാഷണ രീതിയാണോ ഹാസ്യത്തിന്റെ അടിസ്ഥാനം?


നമുക്കൊരു സ്ഥായിയായ അഭിനയ രീതിയുണ്ടല്ലോ. അത് മാറ്റാന്‍ കഴിയില്ല. അരോചകത്വമുണ്ടാക്കാതെ തമാശ കൊടുക്കാന്‍ കഴിയുന്നയാള്‍ എന്നാണ് എന്നെക്കുറിച്ച് പറയുന്നതെന്നാണറിവ്.

പിന്നെ തമാശ റോളുകള്‍ മാത്രമല്ല ഞാന്‍ ചെയ്തിട്ടുള്ളത്. രാജീവ് അഞ്ചലിന്റെ ഗുരുവില്‍ വില്ലനായും അശോക് ആര്‍. നാഥിന്റെ മിഴികള്‍ സാക്ഷിയില്‍ സീരിയസ് വേഷവും ചെയ്തു.

മൂന്നര പതിറ്റാണ്ടായി താങ്കള്‍ സിനിമയിലെത്തിയിട്ട്. എന്നാല്‍ പുതിയവര്‍ക്ക് ഈ നിലനില്‍പ്പ സാധ്യമാകുന്നില്ല. എന്തുകൊണ്ടാണ്. ?


ശരിയാണ്. നാലോ, അഞ്ചോ നായകന്മാരും നായികമാരുമൊക്കെ ഒരേ സിനിമയില്‍ വരുകയും കുറഞ്ഞ ചിത്രങ്ങള്‍ക്കു ശേഷം പലരും മാറ്റപ്പെടുകയും ചെയ്യുന്നു. പിന്നെ പുതിയവര്‍ വരുന്നു. ഇപ്പോള്‍ പഴയതുപോലെയല്ല അഭ്യസ്തവിദ്യരായ നിരവധി പേര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. ഇവിടമൊരു മത്സരവേദിയായി മാറിയിരിക്കുന്നു.

ജോലി രാജിവച്ചും അവധിയെടുത്തുമൊക്കെ വരുന്നവരുണ്ട്. സിനിമാഭിനയം ഒരു തൊഴിലായി, വരുമാനമാര്‍ഗ്ഗമായി കരുതി മുന്നോട്ടുപോകാന്‍ ഇവര്‍ക്കൊക്കെ എത്രമാത്രം സാധിക്കുന്നുവെന്നത് ചിന്തിക്കേണ്ട കാര്യമാണ്.

uploads/news/2018/05/215806/ciniINWKochupreman100518a.jpg

മുമ്പ് ഈയൊരു തൊഴില്‍ കൊണ്ടു മാത്രം ജീവിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ട് അവരൊക്കെ നിലനില്‍പ്പിനായി കഠിന പരിശ്രമം നടത്തി. പുതിയവര്‍ക്ക് ഇതല്ലെങ്കില്‍ മറ്റൊരു ജീവിതമാര്‍ഗം എന്ന നിലപാടുണ്ടായിരിക്കും. അതും കൊഴിഞ്ഞുപോക്കിന് ഒരു കാരണമാണ്.

നിര്‍മ്മാതാക്കളുടെ കാര്യത്തിലും ഇതുതന്നെയല്ലെ അവസ്ഥ! ആണ്. മുമ്പൊക്കെ സിനിമ നിര്‍മ്മാണ കമ്പനകള്‍ ഉണ്ടായിരുന്നു. ഇന്നത് ചുരുക്കമായി. പുതിയ നിര്‍മ്മാതാക്കള്‍ വരുന്നു, ഒന്നോ രണ്ടോ സിനിമ ചെയ്യുന്നു. വിട്ടുപോകുന്നു.

പണ്ട് സിനിമ നിര്‍മ്മാണമെന്നത് ഒരു വ്യവസായമായിരുന്നു. ഇന്നത് നേരമ്പോക്കായി. കുറച്ചുപണം സിനിമയിലും മുടക്കുന്നു. ലാഭകരമായാല്‍ വീണ്ടുമൊന്ന്. കൈ പൊള്ളിയാല്‍ പഴയ മേഖലയിലേക്ക് അല്ലെങ്കില്‍ മറ്റൊരു വ്യവസായത്തിലേക്ക് മാറുന്നു. പണ്ട് ഒരു പടം പൊട്ടിയാല്‍ അടുത്തതില്‍ തിരികെ പിടിക്കാന്‍ ശ്രമിക്കുമാിയരുന്നു.

ഓരോ കൊല്ലവും മുതല്‍മുടക്ക് തിരികെ പിടിക്കുന്ന സാമ്പത്തിക ലാഭമുണ്ടാക്കുന്ന സിനിമകള്‍ വിരലിലെണ്ണാവുന്നതു മാത്രം. എന്നിട്ടും ഇവരൊക്കെ വരുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ?


ചില പ്രേരകശക്തികളും താല്പര്യങ്ങളും ലക്ഷ്യങ്ങളും അതിനു പിന്നിലുണ്ടെന്ന് തോന്നുന്നു. പ്രലോഭനത്തിന് കീഴ്‌പ്പെട്ട് ചിലരെത്തുന്നു. മറ്റുചിലര്‍ സിനിമയുടെ ഗ്ലാമറില്‍ ആകൃഷ്ടരായി വരുന്നു. വരുത്തുന്നുവെന്നതാണ് പരമാര്‍ത്ഥം.

മനുഷ്യത്വവും വിട്ടുവീഴ്ചയും ഈ രംഗത്ത് കുറഞ്ഞുവെന്ന് തോന്നുന്നുണ്ടോ?


തീര്‍ച്ചയായുമുണ്ട്. പക്ഷേ അതു പറയുമ്പോള്‍ പൊതുസമൂഹത്തിലും ആ വികാരങ്ങള്‍ക്ക് കുറവുണ്ടായിട്ടുണ്ട് എന്ന് തിരിച്ചറിയണം. ഞാനൊക്കെ സിനിമയില്‍ വരുന്ന കാലത്ത് കഴിവ് പ്രകടിപ്പിക്കാനുള്ള ഒരു അവസരം എന്നതിനായിരുന്നു പ്രാധാന്യം. പിന്നെയാണ് പ്രതിഫലത്തെക്കുറിച്ച് ചിന്തിക്കുന്നത്.

ലഭിക്കുന്ന പ്രതിഫലത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകുമ്പോള്‍ ഇത്ര വേണമെന്ന് കര്‍ശനമായി പറയാത്തത് കലയോടുള്ള സ്‌നേഹംകൊണ്ടാണ്. ഇപ്പോഴും ഞാന്‍ ഇത്ര തരണമെന്നു പറയാറില്ല. അര്‍ഹതപ്പെട്ടത് എനിക്കു കിട്ടുന്നുണ്ട്. വേണമെങ്കില്‍ എന്റെ നിലപാടില്‍ ഉറച്ചുനിലക്കാം.

അതു ചെയ്യാത്തത് ഞാനൊരു കലാകാരനായതുകൊണ്ടാണ്. പിന്നെ കാശ് അങ്ങോട്ടു കൊടുത്ത് അഭിനയിക്കാന്‍ തയാറുള്ളവര്‍ വരിനില്‍ക്കുന്ന കാലത്ത് പിടിവാശി നല്ലതിനല്ലെന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.

സീരിയല്‍ സിനിമാഭിനയവുമായി ഭാര്യ ഗിരിജ കൊച്ചുപ്രേമനൊപ്പമുണ്ട്. 2 സിനിമകളില്‍ ഈ നടി മുന്‍നിര നായകന്മാരുടെ അമ്മയായി അഭിനയിച്ചു. മകന്‍ ഹരികൃഷ്ണന്‍ തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ ജോലി ചെയ്യുന്നു.

-ഷാജി കാരാട്ടുപാറ
ചിത്രങ്ങള്‍: അനില്‍ പേരാമ്പ്ര

Ads by Google
Ads by Google
Loading...
TRENDING NOW