കോട്ടയം: അയല്‍ സംസ്ഥാന റോഡുകളില്‍ വാഹനമോടിക്കുമ്പോഴുള്ള അപരിചിതത്വം, ഉറക്കമിളച്ചുള്ള ഡ്രൈവിങ്... ഓരോ തവണയും മലയാളികള്‍ അയല്‍നാടുകളില്‍ അപകടത്തില്‍പ്പെടുമ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണങ്ങളാണിത്. മുന്നറിയിപ്പുകള്‍ പലവട്ടം നല്‍കിയിട്ടും വീണ്ടും അപകടങ്ങളും മരണവും ആവര്‍ത്തിക്കുകയാണ്. പഴനി, വേളാങ്കണ്ണി തീര്‍ഥാടനത്തിനിടെ ഓരോ വര്‍ഷവും തമിഴ്നാട്ടിലുണ്ടാകുന്ന വാഹനാപകടങ്ങളില്‍ ശരാശരി പത്തു പേരെങ്കിലും മരിക്കുന്നു.
ഓരോ അപകടങ്ങളുണ്ടാകുമ്പോഴും സംസ്ഥാന പോലീസ് മുന്നറിയിപ്പുകള്‍ നല്‍കുമെങ്കിലും യാത്ര പോകുമ്പോള്‍ പലരും ഇക്കാര്യം മറക്കും. വളവും തിരിഞ്ഞ കേരളത്തിലെ റോഡുകളില്‍നിന്ന് കിലോമീറ്ററുകളോളം നേര്‍രേഖയിലുള്ള റോഡിലേക്കു കയറുന്നതിന്റെ ഹരത്തില് വാഹനം പായിക്കുന്നതും പലപ്പോഴും അപകടത്തില്‍ കലാശിക്കുന്നു.
ഉറക്കമാണു മറ്റൊരു വില്ലന്‍. തമിഴ്നാട്ടിലെ കടുത്ത ചൂടും തുടര്‍ച്ചയായ ഡ്രൈവിങ്ങുംമൂലം ഡ്രൈവര്‍ തളരുന്നതു സ്വാഭാവികം. ഒരു നിമിഷം കണ്ണൊന്നു ചിമ്മിയാല്‍ കാത്തിരിക്കുന്നത് അപകടമാണെന്നുറപ്പ്. തമിഴ്നാട്ടിലൂടെയുള്ള രാത്രിയാത്രയില്‍ എതിരേ വരുന്നവയില്‍ ഭൂരിഭാഗവും ചരക്കുലോറികളോ ബസോ ആയതിനാല്‍ അപകടത്തിന്റെ തീവ്രതയും വര്‍ധിക്കും.
ഇന്നലെ പഴനി സംഭവിച്ചതും ഇങ്ങനെതന്നെയാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്ന നിഗമനത്തിലാണു ഛത്രപട്ടി പോലീസ്. വാഹനം ഓടിച്ചിരുന്നയാള്‍ തുടര്‍ച്ചയായുള്ള ഡ്രൈവിങ്ങും ക്ഷീണവും മൂലം മയങ്ങിയപ്പോയതാകാം അപകട കാരണമെന്നു കരുതുന്നു.
ഇടിയുടെ ആഘാതത്തില്‍ വാഹനത്തിനുള്ളില്‍ ഞെരുങ്ങിയും റോഡിലേക്കു തെറിച്ചു വീണുമായിരുന്നു മരണമേറെയും.പെരിയകുളം തേന്കരയില്നിന്നു ഭാരം കയറ്റി വന്ന ലോറിയിലേക്കു വാന്‍ ഇടിച്ചുകയറുകയായിരുന്നു. ലോറിക്കടിയില്‍പ്പെട്ട വാന്‍, ക്രെയിനും ജെ.സി.ബിയും ഉപയോഗിച്ച് ഏറെപ്പണിപ്പെട്ടാണ് അഗ്നിശമന സേനാംഗങ്ങള്‍ പുറത്തെടുത്തത്.