Tuesday, March 05, 2019 Last Updated 25 Min 35 Sec ago English Edition
Todays E paper
Ads by Google
സാമാജികന്‍ സാക്ഷി / ഡോ.എന്‍. ജയരാജ്‌
Thursday 10 May 2018 01.39 AM

സര്‍ക്കാര്‍ കാര്യങ്ങള്‍ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ്‌ പോലെ!

uploads/news/2018/05/215721/government-file.jpg.image.784.410.jpg

രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്‌ത സൈനികരുടെ ദീപ്‌തസ്‌മരണകള്‍ നിലനിര്‍ത്താന്‍ ഒരു യുദ്ധസ്‌മാരകമെന്ന ആവശ്യവുമായി മുന്‍സൈനികരുടെ സംഘടന സമീപിച്ചപ്പോള്‍, അത്‌ എന്റെ നിയോജകമണ്ഡലമായ കാഞ്ഞിരപ്പള്ളിയുടെ കവാടത്തില്‍ സ്‌ഥാപിക്കുന്നത്‌ ഉചിതമാണെന്നു തോന്നി. കോട്ടയം-കോഴഞ്ചേരി സംസ്‌ഥാനപാതയുടെയും സമീപത്തുള്ള ചെറിയ തോടിന്റെയും മധ്യേ, ഉപയോഗശൂന്യമായ ഏകദേശം കാല്‍ സെന്റ്‌ സ്‌ഥലം അതിനായി കണ്ടെത്തി.

അവിടം വെറുതേകിടന്നാല്‍ മാലിന്യം തള്ളാനുള്ള ഇടമായി മാറുമെന്നല്ലാതെ വേറേ ഉപയോഗമൊന്നുമില്ല. പാതയോരത്തായതിനാല്‍ പൊതുമരാമത്ത്‌ വകുപ്പിനും പുറമ്പോക്കായതിനാല്‍ റവന്യൂ വകുപ്പിനും സ്‌ഥലത്തിനായി അപേക്ഷ സമര്‍പ്പിച്ചു. ഈ അപേക്ഷയ്‌ക്കു ലഭിച്ച മറുപടി, യൗവനത്തില്‍ സൈനികസേവനത്തിനിടെ നേരിട്ട വെല്ലുവിളികളേക്കാള്‍ ഭയങ്കരമായിരുന്നു അവര്‍ക്ക്‌.

സ്‌മാരകം നിര്‍മിക്കേണ്ട സ്‌ഥലം റവന്യൂ വകയാണോ, റോഡ്‌ പുറമ്പോക്കാണോ, തോട്‌ പുറമ്പോക്കാണോ, സ്‌ഥലം സ്‌മാരകനിര്‍മാണത്തിന്‌ അനുയോജ്യമാണോ...എന്നിങ്ങനെ നൂറുകൂട്ടം സംശയങ്ങള്‍. അതു വായിച്ചപ്പോള്‍, തേന്‍മാവിന്‍ കൊമ്പത്ത്‌ എന്ന സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗാണ്‌ ഓര്‍മവന്നത്‌. താനാരാണെന്നു തനിക്കറിയില്ലെങ്കില്‍ താനെന്നോടു ചോദിക്ക്‌ താനാരാണെന്ന്‌. അപ്പോള്‍ ഞാന്‍ പറയാം താനാരാണെന്നും ഞാനാരാണെന്നും.... ഞാനിപ്പറഞ്ഞതു ശരിയാണോയെന്ന്‌ അറിയാന്‍ റിപ്പോര്‍ട്ടിലെ ആ വാക്കുകള്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.

ഈ കാര്യാലയത്തിനു കീഴിലുള്ള കോട്ടയം-കോഴഞ്ചേരി റോഡില്‍ 22/065-ല്‍ യുദ്ധസ്‌മാരകവും കൊടിമരവും സ്‌ഥാപിക്കുന്നതിനു ലഭിച്ച അപേക്ഷയിന്‍മേല്‍ 23-05-2017ല്‍ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍, നിരത്ത്‌ ഉപവിഭാഗം, ചങ്ങനാശേരിയുടെ ഓഫീസില്‍നിന്നും അതിര്‍ത്തി നിര്‍ണയിച്ച്‌ സ്‌കെച്ചും പ്ലാനും ലഭ്യമാക്കാന്‍ തഹസില്‍ദാര്‍ക്കു കത്ത്‌ നല്‍കുകയും ആയതിന്‍പ്രകാരം മറുപടി ലഭിക്കുകയും ചെയ്‌തു. ടി ഭൂമി സര്‍ക്കാര്‍ തോട്‌ പുറമ്പോക്കായും സര്‍ക്കാര്‍ റോഡ്‌ പുറമ്പോക്കായും നിര്‍ണയിക്കപ്പെട്ടിരിക്കുന്നു.

നിലവിലുള്ള ഉത്തരവനുസരിച്ച്‌ റോഡ്‌ പുറമ്പോക്ക്‌ യാതൊരുവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും പതിച്ചുകൊടുക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ നിലവില്‍ തോട്‌ പുറമ്പോക്കാണോ റോഡ്‌ പുറമ്പോക്കാണോ എന്നു വ്യക്‌തമാക്കിയിട്ടില്ല. സൂചന (2) അസിസ്‌റ്റന്റ്‌ എന്‍ജിനീയറുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ സമീപഭാവിയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ടി ഭൂമി ഉള്‍പ്പെടാന്‍ സാധ്യതയില്ലായെന്നറിയിച്ചിരിക്കുന്നു. ആയതിനാല്‍ റിപ്പോര്‍ട്ട്‌ അനന്തരനടപടികള്‍ക്കായി സമര്‍പ്പിച്ചുകൊള്ളുന്നു- പ്രിയപ്പെട്ട വായനക്കാര്‍ക്കു വല്ലതും മനസിലായോ? ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയാത്തവരുടെ ഉപചാരക്കുറിപ്പ്‌ ഭാഷാപണ്ഡിതര്‍ക്കുപോലും മനസിലാകില്ല, പിന്നല്ലേ പാവം മുന്‍സൈനികര്‍!

പുറമ്പോക്ക്‌ കൈയേറിയുള്ള ആയിരക്കണക്കിനു നിര്‍മിതികള്‍ കണ്ടില്ലെന്നു നടിച്ച്‌ ജീവിക്കുന്ന റവന്യൂ, മരാമത്ത്‌ ഉദ്യോഗസ്‌ഥരുള്ള നാട്ടിലാണ്‌ ഈ ഒഴിഞ്ഞുമാറല്‍. കരമന-കളിയിക്കാവിള നാലുവരി പാതയാക്കിയപ്പോള്‍, പുറമ്പോക്ക്‌ കൈയേറ്റക്കാര്‍ക്കു 12 ലക്ഷം രൂപയോളം നഷ്‌ടപരിഹാരം നല്‍കിയത്‌ എനിക്കറിയാം. അതും പാര്‍പ്പിടമില്ലാതെ പുറമ്പോക്ക്‌ കൈയേറിയവര്‍ക്കല്ല, അവിടെ വ്യാപാരസ്‌ഥാപനങ്ങള്‍ നിര്‍മിച്ചവര്‍ക്ക്‌. ബന്ധപ്പെട്ട വകുപ്പുകളോട്‌ അനുമതി ചോദിക്കാതെ വച്ചിരുന്നെങ്കില്‍ യുദ്ധസ്‌മാരകം ഇപ്പോള്‍ രണ്ടാം വാര്‍ഷികം ആഘോഷിച്ചേനേ. രാജ്യസ്‌നേഹികളായ ആ ജവാന്‍മാര്‍ക്ക്‌ അതിനു മനസുവന്നില്ല, അത്രതന്നെ.

ഇടുക്കിയില്‍ കേരളാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌കൂള്‍ കുട്ടികള്‍ക്കായി ഒരു ഫുട്‌ബോള്‍ പരിശീലനപദ്ധതി തയാറാക്കി. തദ്ദേശ ഫണ്ട്‌ വിനിയോഗത്തിന്റെ പരിധിയിപ്പെടാത്തതിനാല്‍, സാങ്കേതികതയുടെ നൂലാമാലകളിപ്പെട്ട്‌ പദ്ധതി കാറ്റുപോയ ഫുട്‌ബോളായി മാറി. അതിനായി പരിശ്രമിച്ച, എന്റെ സുഹൃത്തും കായികതാരവുമായ എം.എല്‍.എ. ഇളിഭ്യനായതു മിച്ചം. സര്‍ക്കാര്‍ ജീവനക്കാര്‍ മൂന്നുതരമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്‌- മെനക്കെട്ട്‌ പണിയെടുക്കുന്നവര്‍ 40%, കണ്ണുരുട്ടിയാല്‍ പണിയെടുക്കുന്നവര്‍ 40%, എന്തു പ്രളയം വന്നാലും കുലുങ്ങില്ലെന്നു വാശിയുള്ളവര്‍ 20%.

മുഖ്യമന്ത്രിയുടെ വാക്കുകളെ അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടേ, നാലാമത്‌ ഒരു വിഭാഗമുണ്ട്‌, ഒന്നുമറിയാത്തവര്‍ അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാത്തവര്‍ ഇച്‌ഛാശക്‌തിയോടെ തീരുമാനമെടുക്കാതെ കാര്യങ്ങള്‍ അനിശ്‌ചിതമായി നീട്ടുന്നവര്‍. ഈ വിഭാഗം താഴെമുതല്‍ അങ്ങ്‌ സെക്രട്ടേറിയറ്റിന്റെ സോപാനപ്പടിവരെയുണ്ട്‌. സര്‍വീസില്‍ കയറി വര്‍ഷങ്ങളോളം വകുപ്പുതല പരീക്ഷകള്‍ പാസാകാതെ മടിപിടിച്ച്‌ ഇരിക്കുന്നവര്‍ അനേകമുണ്ട്‌. അവര്‍ക്ക്‌ സര്‍ക്കാര്‍ ജോലി മറ്റു പല പ്രധാന ബിസിനസുകള്‍ക്കിടയില്‍ ഒരു അലങ്കാരം മാത്രമാണ്‌. ഇതുകൊണ്ടുതന്നെ ഉദ്യോഗസ്‌ഥരുടെ പ്രവര്‍ത്തനം വിലയിരുത്താനും ഗ്രേഡിങ്‌ ഏര്‍പ്പെടുത്താനും സമയം അതിക്രമിച്ചിരിക്കുന്നു.

പരാതികള്‍ക്ക്‌ മറുപടി കൊടുക്കുന്നതും അതിന്‌ തിരികെ വിവരം നല്‍കുന്നതുമൊക്കെ തങ്ങളുടെ അന്തസിന്‌ ചേരുന്നതല്ലെന്ന്‌ ധരിക്കുന്ന മറ്റൊരു മേലാളവര്‍ഗം സര്‍ക്കാര്‍ സര്‍വീസില്‍ ഇപ്പോഴുമുണ്ട്‌. അഥവാ നല്‍കിയാല്‍ മുകളില്‍ സൂചിപ്പിച്ച പ്രകാരം തൊട്ടു തൊട്ടില്ലായെന്ന പഴയ മലയാള ഗാനം പോലെയുള്ളവയാവും അത്‌.

ഈ സംവിധാനങ്ങള്‍ അഴിച്ചു പണിയണം. കൃത്യമായ ഉത്തരങ്ങള്‍ സഭാസമിതിക്കു സമയബന്ധിതമായി നല്‍കണം. ആനപ്പുറത്തിരിക്കുന്നവന്‍ ആരായാലും അവരാരും ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും മുകളിലല്ലെന്ന്‌ ഓര്‍മിക്കുന്നത്‌ നല്ലതാണ്‌.
നമ്മുടെ നിയമസഭാ കമ്മിറ്റികള്‍ ഒരു മിനി ലെജിസ്ലേച്ചര്‍ എന്ന വിവക്ഷയിലുള്ള സംവിധാനമാണ്‌. നടപടികളുടെയും ചട്ടങ്ങളുടെ അടിസ്‌ഥാനത്തിലുള്ള ഈ സംവിധാനത്തില്‍ പോലും തലസ്‌ഥാനത്ത്‌ വന്ന്‌ ഉത്തരങ്ങള്‍ക്കായി വേഴാമ്പലായി കാത്തിരിക്കേണ്ടിവരുന്നത്‌ എത്രയോ ദുഃഖകരമാണ്‌.

ജനാധിപത്യത്തില്‍ ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്‌ഥവൃന്ദവും ഒരുപോലെ പ്രവര്‍ത്തിച്ചെങ്കിലേ ഭരണത്തിന്റെയും നിയമങ്ങളുടെയും സദ്‌ഫലങ്ങള്‍ സാമാന്യജനത്തിന്‌ അനുഭവവേദ്യമാകു.

ഇതിനുള്ള സംവിധാനങ്ങള്‍ ഇന്നുമുണ്ട്‌. ഇത്‌ ജനങ്ങളില്‍ ഭൂരിപക്ഷത്തിനുമറിയില്ല. ഇതില്‍ പ്രധാനപ്പെട്ടതാണ്‌ ജില്ലാതല വികസന സമിതികളും താലൂക്ക്‌ സഭകളും. എല്ലാ ഇംഗ്ലീഷ്‌ മാസവും നാലാം ശനിയാഴ്‌ച കൃത്യമായി ചേരുന്നു. ജില്ലയിലെ വിവിധ വകുപ്പുകളുടെ ധനവിനിയോഗം വിലയിരുത്തലുകളും പദ്ധതി അവലോകനങ്ങളുമാണ്‌ പ്രധാന അജണ്ട. ജനപ്രതിനിധികള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തെയൊ പൊതുവായതോ ആയ പ്രശ്‌നങ്ങളും അവതരിപ്പിക്കുകയും ചെയ്‌ത്‌ ചര്‍ച്ച ചെയ്‌ത്‌ പ്രശ്‌നപരിഹാരം ഉളവാക്കുന്ന ജില്ലയിലെ പ്രധാന സംവിധാനം കൂടിയാണിത്‌.

വകുപ്പുതലത്തിലുള്ള മറ്റ്‌ യോഗങ്ങള്‍ ഉണ്ടെന്ന ഒഴിവ്‌ പറഞ്ഞ്‌ പല ഉത്തരവാദപ്പെട്ട ഉദ്യോഗസ്‌ഥരും പലപ്പോഴും ഹാജരാകില്ല.
താലൂക്ക്‌ സഭകള്‍ ജനകീയപ്രശ്‌നങ്ങള്‍ ഉന്നയിക്കാനും പരിഹരിക്കാനുമുള്ള മറ്റൊരു സംവിധാനമാണ്‌. കൃത്യമായി ഇംഗ്ലീഷ്‌ മാസത്തെ ഒന്നാം ശനിയാഴ്‌ച ഈ സംവിധാനം ചേരുന്നുണ്ട്‌. ഇവിടെയും ജനപ്രതിനിധികളുടെ ഹാജര്‍ പ്രായേണ കുറവാണ്‌. അതുകൊണ്ട്‌ വിഷയങ്ങളെ ഗൗരവമായി ഉദ്യോഗസ്‌ഥര്‍ കാണാറില്ല.

ഞാന്‍ സര്‍ക്കാരിന്‌ മുന്‍പില്‍ വച്ച ഒരാശയമായിരുന്നു ഇതേ മാതൃകയിലുള്ള നിയോജകമണ്ഡല വികസന സമിതികള്‍. ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ അതതു മണ്ഡലത്തിലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്‌ത്‌ പരിഹാരമുണ്ടാക്കാന്‍ എം.എല്‍.എ. മാര്‍ ചെയര്‍മാന്‍മാരായി നിയോജകമണ്ഡലത്തിലെ നിര്‍വഹണ ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഒരു സംവിധാനം മൂന്നാം ശനിയാഴ്‌ചകളില്‍ നിര്‍ബന്ധമായും ചേരണമെന്ന നിര്‍ദേശമായിരുന്നു അത്‌.

ഈ സമിതികളില്‍ തീരുമാനമാകാതെ വരുന്നവ മാത്രം ജില്ലാ വികസന സമിതിയില്‍ വച്ചാല്‍ ജില്ലാ വികസന സമിതിയുടെ ഭാരവും കുറയും. ഒരു ജില്ലയുടെ പ്രശ്‌നപരിഹാരത്തിന്‌ സമഗ്രമായ സംവിധാനമെന്ന നിലയ്‌ക്ക്‌ ഇത്തരമൊരു ത്രിതല സംവിധാനം രൂപീകരിക്കണം. ഇന്ന്‌ പല സ്‌ഥാപനങ്ങളെയും അക്രഡിറ്റ്‌ ചെയ്യുന്നതുപോലെ സര്‍ക്കാര്‍ ജീവനക്കാരെയും മൂല്യനിര്‍ണയം നടത്തണം. സ്‌ഥാനക്കയറ്റങ്ങള്‍ക്ക്‌ സര്‍വീസ്‌ സീനിയോറിറ്റി മാത്രം പരിഗണിക്കാതെ ഇത്തരം മൂല്യനിര്‍ണയഫലം കൂടി പരിഗണിക്കണം.

കൃത്യമായി ജോലി ചെയ്യുന്നവര്‍ക്ക്‌ മാതൃകാപരമായ അംഗീകാരം നല്‍കണം. സര്‍ക്കാര്‍ സേവന മേഖലയിലും നാളെകളില്‍ പുതിയ പാഠങ്ങളും കാഴ്‌ചപ്പാടുകളും സ്വയംപ്രവര്‍ത്തന ബോധ്യമുള്ള സര്‍വീസ്‌ മേഖല രൂപപ്പെടണം. അതൊടൊപ്പം നിലവിലുള്ളതിനെ അപാകതകള്‍ തിരിച്ചറിഞ്ഞ്‌ പരിഹാരമുണ്ടാകണം. അതിന്‌ തയാറായാല്‍ വികസനം കൂടുതല്‍ വേഗതയിലും സുതാര്യമായും നിര്‍വഹിക്കാന്‍ കഴിയും.

Ads by Google
Ads by Google
Loading...
TRENDING NOW