Wednesday, September 26, 2018 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 09 May 2018 03.51 PM

ഭക്ഷണ നിയന്ത്രണം പ്രമേഹരോഗികളുടെ ശ്രദ്ധയ്ക്ക്

uploads/news/2018/05/215487/dibotesfodcare090518.jpg

പ്രമേഹരോഗ ചികിത്സാ ഗവേഷകരുടെ സംഘടനയായ 'സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് ഡയബറ്റീസ് ഇന്‍ ഇന്ത്യ'യുടെ കണക്കുകള്‍ പ്രകാരം കേരളം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള സംസ്ഥാനമാണ്

ആരോഗ്യകരമായ ജീവിതത്തിന് ശുദ്ധവായുവും ശുദ്ധജലവും പോലെ അത്യന്താപേക്ഷിതമാണ് പോഷ കസമ്പൂര്‍ണമായ ആഹാരവും. തെറ്റായ ആഹാരരീതിയും അനാരോഗ്യകരമായ ജീവിതശൈലിയും നമ്മുടെ സമൂഹത്തില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

പ്രമേഹരോഗ ചികിത്സാ ഗവേഷകരുടെ സംഘടനയായ 'സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് ഡയബറ്റീസ് ഇന്‍ ഇന്ത്യ'യുടെ കണക്കുകള്‍ പ്രകാരം കേരളം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള സംസ്ഥാനമാണ്.

മധുരമല്ല മുഖ്യശത്രു


മധുരം കൂടുതല്‍ കഴിച്ചതുകൊണ്ടു മാത്രം ഒരാള്‍ക്ക് പ്രമേഹം പിടിപെടണമെന്നില്ല. പാരമ്പര്യമായി പ്രമേഹം വരാന്‍ സാധ്യതയുള്ള വ്യക്തി മധുരം ധാരാളം കഴിക്കുകയും അമിതവണ്ണം വയ്ക്കുകയും ചെയ്യുന്നത് രോഗം വളരെവേഗം പിടിപെടാനിടയാക്കും.

മധുര സാധനങ്ങള്‍ക്ക് ഊര്‍ജം കൂടുതലാണ്. മറ്റൊന്ന് വ്യായാമക്കുറവ്. ഇതു രണ്ടുമാണ് പ്രമേഹത്തിന് കാരണമാകുന്നത്. ശരീരത്തില്‍ ആവശ്യത്തിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാതിരിക്കുകയോ ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.

ഇന്‍സുലിന്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും ഇന്‍സുലിന്റെ അളവ് കൂടിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ദിഷ്ട അനുപാതത്തില്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

പഞ്ചസാരയുടെ ഏറ്റക്കുറച്ചില്‍


എന്ത് കഴിക്കണം, ഏത് തരം ആഹാരം, എത്ര കലോറി ഊര്‍ജം ശരീരത്തിന് വേണം, വ്യായാമക്രമം, തൂക്കം ഇവയെല്ലാം ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന കാര്യങ്ങളാണ്. ആഹാരത്തിലെ അന്നജത്തിന്റെ അളവ് കൂടിയാല്‍ പ്രമേഹ രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകതന്നെ ചെയ്യും.

ഓരോ ദിവസവും കഴിക്കുന്ന ആഹാരവും അത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ഒരു ചാര്‍ട്ടില്‍ രേഖപ്പെടുത്തി സൂക്ഷിക്കുക. അതിലൂടെ ആഹാരരീതിയും അതുമൂലം രക്തത്തിലെ പഞ്ചസാരയുടെ തോത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും മനസിലാക്കാന്‍ കഴിയും.

uploads/news/2018/05/215487/dibotesfodcare090518a.jpg

ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍


ദിവസവും 20 ഗ്രാം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. തവിടുള്ള ധാന്യങ്ങള്‍, പയര്‍, പച്ചക്കറികള്‍, വാഴപ്പിണ്ടി, ഓട്‌സ്, മുരിങ്ങക്ക മുതലയാവയില്‍ നാരുകള്‍ ധരാളമായി അടങ്ങിയിരിക്കുന്നു. ഫാസ്റ്റ് ഫുഡ്, എണ്ണ, ചിപ്‌സ്, പഞ്ചസാര ഇവയുടെ ഉപയോഗം നിയന്ത്രിക്കുക.

ദിവസവും 6 - 8 ഗ്ലാസ് വെള്ളം കുടിക്കുക. കഫെയിന്‍ അടങ്ങിയ ചായ, കാപ്പി മുതലായവയുടെ ഉപയോഗം കുറയ്ക്കുക. വ്യത്യസ്തങ്ങളായ ആഹാരപദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോഴാണ് ഒരു സമീകൃതാഹാരം ചിട്ടപ്പെടുത്താന്‍ സാധിക്കുന്നത്.

പ്രമേഹ രോഗികള്‍ ബ്രേക്ക് ഫാസ്റ്റ് നന്നായി കഴിക്കുക. ഉച്ചയ്ക്ക് വയര്‍ നിറയ്ക്കാന്‍ ഊണ് കഴിക്കുക. രാത്രി മിത ഭക്ഷണവും. അധ്വാനത്തില്‍ ചെലവഴിക്കപ്പെടുന്ന തോത് അനുസരിച്ച് ഭക്ഷണത്തില്‍ ഊര്‍ജത്തിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. മധുരം കഴിക്കുമ്പോള്‍ മറ്റ് ആഹാരത്തില്‍ കുറവ് വരുത്തുക.

മരുന്നുകളുടെ ഉപയോഗം


മരുന്നുകളും പ്രമേഹ നിയന്ത്രണത്തിന് ആവശ്യമാണ്. ഭക്ഷണ നിയന്ത്രണം, വ്യായാമം, മരുന്നുകളുടെ ഉപയോഗം എന്നീ മൂന്ന് കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഉളവാകുന്ന അശ്രദ്ധ ചികിത്സ ഫലപ്രദമാകാതിരിക്കുന്നതിന് ഇടവരുത്തുന്നു.

രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കുന്നതോടൊപ്പം ഹൃദയം, വൃക്ക, കണ്ണുകള്‍ ഇവയുടെ സംരക്ഷണവും ആവശ്യമാണ്. ചികിത്സാ രീതികള്‍ ശരിയായി പിന്തുടരുന്നത് പ്രമേഹത്തോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കും.

ശരിയായ തോതില്‍ പ്രമേഹം നിയന്ത്രിക്കപ്പെടുന്നവരിലും ചിലപ്പോള്‍ പഞ്ചസാരയുടെ അളവ് താഴ്ന്നു പോകുന്നത് സാധാരണയാണ്. അതുകൊണ്ട് ഇന്‍സുലിന്‍ തുടങ്ങിയ ഔഷധങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്രമേഹരോഗികള്‍ പഞ്ചസാര ചേര്‍ത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ എപ്പോഴും കയ്യില്‍ കരുതേണ്ടതാണ്. പ്രമേഹ നിയന്ത്രണത്തിന് പ്രധാനമായും യോജിക്കുന്ന ഭക്ഷണക്രമം ഓരോ രോഗിയും അനുവര്‍ത്തിക്കേണ്ടതാണ്.

നിയന്ത്രണമാണ് പ്രധാനം


വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിന് പകരം ആവിയില്‍ പുഴുങ്ങിയോ വേവിച്ചോ കഴിച്ചാല്‍ എണ്ണയുടെ ഉപയോഗം കുറയ്ക്കാം. ഒരു ഭക്ഷണവും പൂര്‍ണമായി ഒഴിവാക്കണമെന്ന് പ്രമേഹരോഗികളോട് പറയാറില്ല. നിയന്ത്രണമാണ് പ്രധാനം.

ശരീരഭാരത്തിന്റെ തോത് അനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും രക്തസമ്മര്‍ദവും കൊളസ്‌ട്രോളും സന്തുലിതമായി നിലനിര്‍ത്തുകയും ചെയ്താല്‍ ആരോഗ്യവും ദീര്‍ഘായുസും തീര്‍ച്ചയായും ഉറപ്പാക്കാന്‍ സാധിക്കും.

ഡോ. രേഖ ചന്ദ്രന്‍ ആര്‍
മെറ്റീരിയ മെഡിക്ക വിഭാഗം റീഡര്‍
എസ്.വി.ആര്‍.എച്ച്.എം.എസ്,
നേമം, തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW