Monday, June 17, 2019 Last Updated 28 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 09 May 2018 03.19 PM

ഒരു വില്ലന്റെ 30 വര്‍ഷങ്ങള്‍

നടനും സംവിധായകനും നിര്‍മ്മാതാവുമായ ബൈജു ഏഴുപുന്നയുടെ വിശേഷങ്ങള്‍...
uploads/news/2018/05/215479/bujuactor090518.jpg

കഴിഞ്ഞ 30 വര്‍ഷമായി മലയാള സിനിമയുടെ ഭാഗമാണ് ബൈജു ഏഴുപുന്ന. വില്ലനായി മാത്രം പ്രേക്ഷകര്‍ കണ്ടിട്ടുള്ള ബൈജുവിന്റെയുള്ളില്‍ കലയെ ആവോളം സ്‌നേഹിക്കുന്ന ഒരു മനസുണ്ട്.

നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ പല വിശേഷണങ്ങളുള്ള ബൈജുവിന് പക്ഷേ ഒരേയൊരു ആഗ്രഹം മാത്രമേയുള്ളൂ.

എന്നെങ്കിലുമൊരിക്കല്‍ ഒരു നായകനടനാവണം. വര്‍ഷങ്ങളായുള്ള സിനിമാജീവിതം സമ്മാനിച്ച നേട്ടങ്ങള്‍ക്കപ്പുറം വലിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി മുന്നോട്ടുപോകുന്ന ബൈജു ഏഴുപുന്നയുടെ ജീവിതത്തിലൂടെ...

സിനിമയിലേക്ക് വരുന്നത്?


എട്ടാം ക്ലാസുവരെ ഞാന്‍ കോട്ടയം മാന്നാനം സെന്റ് എഫ്രൈയിംസ് ബോര്‍ഡിംഗ് സ്‌കൂളിലാണ് പഠിച്ചത്. അക്കാലത്തേ സിനിമ വലിയൊരു സ്വപ്‌നമായിരുന്നു. അന്നേ അപ്പന്‍ ഞങ്ങളെ സിനിമയ്ക്കു കൊണ്ടുപോകും.

മമ്മൂട്ടിയുടേയും, സുകുമാരന്റെയുമൊക്കെ സിനിമകള്‍ കണ്ട് അതുപോലെ സ്‌കൂളില്‍ പോയി അഭിനയിച്ചു കാണിച്ച് സുഹൃത്തുക്കളുടെയിടയില്‍ കൈയടി വാങ്ങിയിരുന്നയാളാണ് ഞാന്‍. പിന്നീട് എഴുപുന്നയില്‍ അപ്പന്‍ ഒരു തീയറ്റര്‍ തുടങ്ങി-രേഖ.

ബോര്‍ഡിംഗ് സ്‌കൂളില്‍ സിനിമ കാണാനും സ്വാതന്ത്രമായി നടക്കാനുമൊന്നും പറ്റില്ല. സിനിമകണ്ടും തീയറ്ററിന്റെ ബഹളത്തിനിടയിലും ജീവിച്ചശേഷം സ്‌കൂളവധി കഴിഞ്ഞുള്ള തിരിച്ചുപോക്ക് എനിക്ക് ചിന്തിക്കാനാവാത്ത ഒന്നായിരുന്നു. പക്ഷേ അപ്പന്‍ എന്നെ നാട്ടില്‍ നിര്‍ത്തില്ല. ഞങ്ങളുടെ സ്‌കൂളില്‍ പരീക്ഷയ്ക്ക് തോറ്റാല്‍ പിന്നെ തുടര്‍ന്ന് പഠിപ്പിക്കില്ല.

അത്ര മിടുക്കന്‍മാരെ ക്ലാസിലുളളൂ. അപ്പനോടുളള വാശി മൂത്ത ഞാന്‍ മന:പൂര്‍വ്വം പരീക്ഷയ്ക്ക് തോല്‍ക്കാന്‍ തീരുമാനിച്ചു. ഉത്തരക്കടലാസില്‍ സിനിമാക്കഥയെഴുതി നിറച്ചു. അങ്ങനെ തോറ്റു.

എന്റെ ആഗ്രഹം പോലെ ഏഴുപുന്നയില്‍ വന്നു. പഠിക്കാന്‍ ബുക്കെടുക്കുമ്പോള്‍ കേള്‍ക്കുക തീയറ്ററിലെ ശബ്ദങ്ങളാണ്. അങ്ങനെ സിനിമയോടുള്ള ആഗ്രഹം കൂടി വന്നു.

സിനിമയില്‍ അവസരം ലഭിക്കുന്നത്..?


ചേര്‍ത്തല എസ.്എന്‍ കോളജിലാണ് ഡിഗ്രിക്ക് ചേര്‍ന്നത്. കോളജ് കാലം മുഴുവന്‍ സിനിമയില്‍ അവസരങ്ങള്‍ തേടിയുള്ള യാത്രയായിരുന്നു. ആലപ്പി രംഗനാഥിന്റെ ധനുര്‍വ്വേദ ത്തിലാണ് ആദ്യമഭിനയിച്ചത്. രണ്ട് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ സിനിമ മുടങ്ങി.

അങ്ങനെ സിനിമാ മോഹത്തിന് തല്‍ക്കാലം അവധി കൊടുത്തു.അച്ഛന്റെ ഇളയ പെങ്ങളെ കെട്ടിയിരിക്കുന്നത് നടന്‍ രാജന്‍. പി. ദേവാണ്. പുള്ളിക്കാരന് എന്റെ സിനിമാ മോഹമറിയാം.

സിനിമയില്‍ അവസരം ചോദിച്ച് ഒന്നുമാകാതിരുന്ന സമയത്ത് ഒരിക്കല്‍ രാജനങ്കിള്‍ എന്നെയും കൊണ്ട് കെ. ജി. ജോര്‍ജിനെ കാണാന്‍ ചെന്നു. അദ്ദേഹം എന്നോട് പറഞ്ഞു:: നിന്റെ ചുണ്ടും രൂപവും സിനിമയ്ക്ക് പറ്റിയതല്ല. നീ സിനിമ വിട്ട് ബിസിനസ് ചെയ്യൂ..

സിനിമാക്കമ്പം മാറ്റാനായി വീട്ടുകാര്‍ 23ാം വയസില്‍ എന്നെ പെണ്ണുകെട്ടിച്ചു. വിവാഹം കഴിക്കുന്ന സമയത്തേ 50 സിനിമയില്‍ അഭിനയിച്ചിരുന്നു. വിവാഹശേഷം രണ്ട് വര്‍ഷം സിനിമയുമായി ഒരു ബന്ധവുമില്ലാതിരുന്നെങ്കിലും സുന്ദരപുരുഷന്‍ എന്ന സിനിമ പ്രൊഡ്യൂസ് ചെയ്തുകൊണ്ട് വീണ്ടും സിനിമയിലേക്കുതന്നെ വന്നു.

uploads/news/2018/05/215479/bujuactor090518a.jpg

സംവിധാനരംഗത്തേക്കെത്തിയത്?


സിനിമ സംവിധാനം ചെയ്യുക എന്നത് ആദ്യം മുതലേയുള്ള ആഗ്രഹമായിരുന്നു. അങ്ങനെയാണ് ഒരു സിനിമ സംവിധാനം ചെയ്ത് അഭിനയിച്ചത്. മിസ് ഇന്ത്യ പാര്‍വ്വതി ഓമനക്കുട്ടനായിരുന്നു നായിക.

കെ.ക്യു എന്ന ആ ചിത്രം പക്ഷേ പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല. അതിലൊരു വിഷമമുണ്ടായിരുന്നു. പക്ഷേ അങ്ങനെ ചിന്തിച്ചിരുന്നിട്ട് കാര്യമില്ല. ഇപ്പോള്‍ ഞാന്‍ മറ്റൊരു സിനിമയുടെ പണിപ്പുരയിലാണ്.

കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ഡെയറി മില്‍ക്ക്. കുട്ടികള്‍ക്കുവേണ്ടിയുള്ള ചിത്രമാണത്. ഉടന്‍ പുറത്തിറങ്ങും. ഇന്നത്തെ കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പ്രതിസന്ധികളും വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം.

സംവിധായകനായ ശേഷം സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാറുണ്ടോ?


സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം മാത്രമേ നോക്കാറുള്ളൂ. നല്ല വേഷങ്ങള്‍ കിട്ടണമെന്നുണ്ട്. വില്ലെനെന്നാണല്ലോ ഞങ്ങളെയൊക്കെ ടൈപ്പ് ചെയ്തുവച്ചിരിക്കുന്നത്. നമ്മളെപ്പോലുള്ള ആളുക ള്‍ക്ക് ഗുണ്ടാനേതാവിന്റെയോ ക്വട്ടേഷന്‍ ടീമംഗത്തിന്റെയോ ഒക്കെ വേഷമല്ലേ കിട്ടുക.

ഞാന്‍ സിനിമയിലെത്തിയിട്ട് 30 വര്‍ഷമായി. 200 സിനിമ ചെയ്തു. വില്ലന്‍വേഷംമാത്രമേ കിട്ടിയിട്ടുള്ളൂ. മലയാളം, തെലുങ്ക്, ഹിന്ദി, കന്നട എല്ലാ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്. എല്ലാം വില്ലന്‍ വേഷങ്ങള്‍.

തൃപ്തനാണോ?


നല്ല വേഷങ്ങള്‍ കിട്ടാത്ത വിഷമം ഉണ്ട്. പുതിയതിലേക്കുള്ള പ്രതീക്ഷയുമുണ്ട്. 30 വര്‍ഷമായി ഒരാള്‍ ഒരു സ്ഥലത്ത് ഉറച്ചുനില്‍ക്കണമെങ്കില്‍ പ്രതീക്ഷയുള്ളതുകൊണ്ടാവണമല്ലോ. എന്റൊപ്പം സിനിമയില്‍ വന്ന് തിരിച്ചുപോയ പലരുമുണ്ട്. അവരെല്ലാം ചോദിക്കാറുണ്ട്, നിനക്ക് സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്തുകൂടെ?? എന്ന്. എന്റെ കുടുംബം പോലും ചോദിച്ചിട്ടുണ്ട്. ഏതെങ്കിലും സമയത്ത് നല്ലതുവരും എന്നുതന്നെയാണ് പ്രതീക്ഷ.

ജീവിതത്തിലും വില്ലനാണെന്ന് ആളുകള്‍ കരുതുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടോ?


വില്ലന്‍ കഥാപാത്രങ്ങളാണ് ഏറ്റവും കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും എന്നെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഇത്തവണ വനിതാദിനത്തിന് ആലപ്പുഴയില്‍ പല മേഖലകളില്‍ നിന്നുള്ള വനിതകളെ സംഘടിപ്പിച്ച് ഒരു സമ്മേളനം നടന്നു. അത് ഉത്ഘാടനം ചെയ്യാന്‍ വിളിച്ചത് എന്നെയാണ്. ഒരു വില്ലനായിട്ടല്ല എല്ലാവരും എന്നെ കാണുന്നത്.

അങ്ങനെയല്ലാത്തവരുമുണ്ട്. ചിലരുടെയൊക്കെ വിചാരം സിനിമയിലെപോലെ എനിക്ക് ക്വട്ടേഷന്‍കാരുമായി ബന്ധമുണ്ട്, ഗുണ്ടയാണ് എന്നൊക്കെയാണ്. അതിലെനിക്ക് സങ്കടമൊന്നുമില്ല.

എന്റെ രൂപവും ഭാവവും മാത്രമേ അങ്ങനെയുള്ളൂ. കേരളത്തില്‍ ഏറ്റവും നല്ല തീയറ്ററിനുള്ള അവാര്‍ഡ് കിട്ടിയ തീയറ്ററുകളാണ് എന്റെ മൂന്ന് തീയറ്ററും. മാന്യമായും അച്ചടക്കത്തോടെയും ആളുകള്‍ വന്നുപോകുന്നയിടം.

ഇഷ്ടനടനായ മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിച്ചപ്പോള്‍?


ഞാന്‍ എസ്.എന്‍ കോളജില്‍ പഠിക്കുമ്പോള്‍ എക്‌സിബിറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആലപ്പുഴയില്‍ മമ്മൂട്ടിക്ക് ഒരു സ്വീകരണം കൊടുത്തു. അന്നാണ് മമ്മൂട്ടിയെ ആദ്യമായി നേരില്‍ കാണാന്‍ പോകുന്ന ത്. പോലീസും ആളും ബഹളവും ഒക്കെയായി അകത്ത് കയറാന്‍ പറ്റാത്ത അവസ്ഥ.

ഞാന്‍ മതില്‍ ചാടി അകത്തുകടന്നു. വീണ് കാലൊക്കെ പൊട്ടി കുറേനാള്‍ വിശ്രമിക്കേണ്ടി വന്നു. അതിനുശേഷം ഏഴുപുന്നത്തരകന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് മമ്മൂക്കയെ വീണ്ടും കാണുന്നത്. അപ്രതീക്ഷിതമായി ആ ചിത്രത്തില്‍ എനിക്ക് നെഗറ്റീവ് വേഷവും ലഭിച്ചു.

കളമശ്ശേരിയില്‍ വച്ച് ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുമ്പോഴാണ് മമ്മൂക്കയെ ശരിക്കും അടുത്ത് കാണുന്നത്. തല്ലുണ്ടാക്കുന്ന സീനായിരുന്നു. ഞാന്‍ അടിച്ചപ്പോള്‍ അറിയാതെ മമ്മൂക്കയുടെ ശരീരത്തില്‍ കൊണ്ടു. ഞാന്‍ കരുതി എല്ലാം കഴിഞ്ഞെന്ന്. പക്ഷേ മമ്മൂക്ക ആശ്വസിപ്പിക്കുകയാണ് ചെയ്തത്. അന്നുമുതല്‍ ഒരു ബന്ധം അദ്ദേഹവുമായിട്ടുണ്ട്.

uploads/news/2018/05/215479/bujuactor090518b.jpg

സിനിമയില്‍ എത്തിയില്ലായിരുന്നങ്കില്‍..?


അപ്പന്‍ ജോണപ്പന് ചെമ്മീന്‍ ബിസിനസാണ്. അപ്പന്‍ പറഞ്ഞു, നീ പഠിത്തത്തില്‍ എങ്ങും എത്തിയിട്ടില്ല. അതുകൊണ്ട് ബിസിനസില്‍ സഹായിച്ച് തീയറ്ററിലെ കാര്യങ്ങളും നോക്കി നില്‍ക്കാന്‍.. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ അവിടെ ടിക്കറ്റ് കീറുന്ന ഒരാള്‍, അല്ലെങ്കില്‍ എല്ലാം നോക്കി നടത്തുന്ന ഒരാള്‍ ആയിത്തീര്‍ന്നേനെ.

ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സ്ത്രീ?


എന്റെ ഭാര്യ റിനി. ഒരിക്കലും വില്ലന് ഒരു നായികയുടെ അടുത്തെത്താന്‍ പറ്റില്ല. സിനിമ സ്വപ്‌നം കണ്ടുനടക്കുന്ന ഏതൊരാളും വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണ് നായികയേക്കാള്‍ സുന്ദരിയാകണമെന്നാണ് പ്രതീക്ഷിക്കാറ്. എന്റെയുള്ളിലും അങ്ങനെയൊക്കെയുണ്ടായിരുന്നു.

വിവാഹ സമയത്ത് 50 സിനിമ ചെയ്തിട്ടുണ്ട്. റിനി സമ്പന്ന കുടുംബത്തിലെ ഒരേയൊരു മകളാണ്. വിവാഹമാലോചിച്ചപ്പോഴേ ഞാന്‍ അവളോട് പറഞ്ഞു, എനിക്ക് സിനിമയാണ് വലുത്.

അപ്പന്റെ ബിസിനസൊന്നും നോക്കാന്‍ നില്‍ക്കില്ലല്ലഎന്ന്. ഇപ്പോള്‍ 22 വര്‍ഷമായി ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്. എന്നെ ഒരിക്കലും അവള്‍ കുറ്റപ്പെടുത്തിയിട്ടില്ല. അവളുടെ സ്വര്‍ണ്ണം പോലും സിനിമയുടെ ആവശ്യത്തിനുവേണ്ടി എനിക്ക് തന്നിട്ടുണ്ട്.

ഒരു നല്ല ദിവസം വരുമെന്നാണ് അവളുടെ പ്രതീക്ഷ. എന്റെ മമ്മിയും അതുപോലെ തന്നെയാണ്. മകള്‍ ആന്‍ലിറ്റ ബി.ഡി.എസിന് പഠിക്കുന്നു. മകന്‍ ജോണ്‍ഫെലിക്‌സ് പത്താം ക്ലാസിലും.

സിനിമ സങ്കടപ്പെടുത്തിയിട്ടുണ്ടോ?


ചില അവസരങ്ങളില്‍. പല സിനിമകളിലും കാസ്റ്റ് ചെയ്തിട്ട് പിന്നീട് വേണ്ടെന്നു വച്ചിട്ടുണ്ട്. അവസാന നിമിഷമായിരിക്കും നമ്മളെ മാറ്റിയെന്നറിയുന്നത്. ഏറ്റവും ഒടുവില്‍ തീറ്റ റപ്പായി എന്നൊരു സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം അതിനായി ഞാന്‍ ഒരുങ്ങി നടന്നു. റപ്പായിയുടെ രൂപത്തിലേക്ക് മാറി. പല വേദികളില്‍ അതിനെക്കുറിച്ച് പറഞ്ഞു. റപ്പായിയെക്കുറിച്ചറിയാന്‍ തൃശൂര് പോയി.

ഇപ്പോള്‍ ആ സിനിമയില്‍ എനിക്ക് പകരം കലാഭവവന്‍ മണിയുടെ അനുജനാണ് അഭിനയിക്കുന്നത്. അങ്ങനെ പല നല്ല സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നമ്മള്‍ ആഗ്രഹിക്കും പക്ഷേ ദൈവം മറ്റൊന്നായിരിക്കും വിധിച്ചിട്ടുണ്ടാവുക.

ഇന്ദ്രന്‍സ് എന്ന നടന്‍ കോസ്റ്റിയൂമറായിരിക്കുന്ന കാലം മുതല്‍ കൂടെയുള്ളയാളാണ് ഞാന്‍. ഇപ്പോള്‍ അദ്ദേഹം സംസ്ഥാന അവാര്‍ഡ് നേടി. അപ്പോള്‍ നേട്ടങ്ങള്‍ക്ക് പ്രായം ഒരു പ്രശ്‌നമല്ല. എല്ലാവരും എന്നില്‍ ഒരു നടനുണ്ടായിരുന്നു എന്നുപറയുന്ന കാലമുണ്ടാവണം. അതാണ് ആഗ്രഹം.

ഷെറിങ് പവിത്രന്‍

Ads by Google
Wednesday 09 May 2018 03.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW