Tuesday, March 26, 2019 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 07 May 2018 09.32 AM

വെറുപ്പിന്റെ വിഗ്രഹങ്ങള്‍ക്കു മുന്നിലെ പ്രതിഷേധജ്വാല

സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദമാകേണ്ട കലാകാരന്മാര്‍ക്കുള്ള സാമൂഹികപ്രതിബദ്ധത കുറച്ചുകാണാനാവില്ല. ഇവിടെയാണ് കല കലാകാരന് വേണ്ടിയാണോ, അതോ സമൂഹത്തിന് വേണ്ടിയാണോയെന്ന ചോദ്യം ഉയരുന്നത്. കലാകാരന്‍ എന്നും സമൂഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കണം. അവന്റെ സ്വാതന്ത്ര്യം എന്നത് സമൂഹത്തിന്റെ സ്വാതന്ത്ര്യമാണ്.
uploads/news/2018/05/214810/opinionrsuresh070518.jpg

കല കലാകാരന് വേണ്ടിയാണോ, സമൂഹത്തിന് വേണ്ടിയാണോയെന്ന ചര്‍ച്ച ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. അതിനു വളരെ നീണ്ട ചരിത്രമുണ്ട്. ജനകീയസാഹിത്യത്തിന്റെ കേന്ദ്രമെന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന സോവിയറ്റ് റഷ്യയിലും എന്തിനേറെ ഇവിടെ നമ്മുടെ മലയാളമണ്ണിലും വലിയ ചര്‍ച്ച നടന്നതാണ് അക്കാര്യത്തില്‍. കല കലാകാരനു വേണ്ടിയല്ല, സമൂഹത്തിന് വേണ്ടിയാണ് എന്ന ചിന്തയിലാണ് അത് എത്തിച്ചേര്‍ന്നതും. അതുകൊണ്ടാണ് കലയ്ക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൈവരുന്നതും.

ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ ഏത് സംസ്ഥാനമാണെങ്കിലും അവിടെയൊന്നും രാഷ്ട്രീയത്തിന് കലയില്‍നിന്ന് വേറിട്ടൊരു മുഖമില്ല. സമൂഹത്തില്‍ പുരോഗമനാശയങ്ങള്‍ പരത്തുന്നത് കലാരൂപങ്ങളാണ്. അതുകൊണ്ടുതന്നെ ആ കലാരൂപങ്ങള്‍ക്ക് ഇന്ത്യയിലെ രാഷ്ട്രീയഗതിയെ നിയന്ത്രിക്കുന്നതില്‍ സുപ്രധാനമായ പങ്കുമുണ്ട്. ആ പങ്കിനെ ഭയന്നതുകൊണ്ടാണ് സഫ്ദര്‍ ഹശ്മിയും ഗോവിന്ദ് പല്‍സാരെയും, ദബോല്‍ക്കറും തുടങ്ങി നിരവധി കലാകാരന്മാര്‍ ചോരചിന്തി നമ്മുടെ മണ്ണില്‍ വീണതും. അതൊക്കെ വലിയ വാര്‍ത്തകളും ആയിരുന്നു. മരണത്തിലൂടെപോലും ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയവരാണ് തങ്ങളുടെ നിലപാടുകള്‍ക്ക് വേണ്ടി ചോരചിന്തിയവര്‍.

ഈ ചരിത്രപശ്ചാത്തലത്തില്‍, ഈ സാമൂഹിക സാഹചര്യത്തില്‍ നിന്നുകൊണ്ടുവേണം ഇപ്പോള്‍ വിവാദമായിരിക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തെ കാണാന്‍. ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ആരു നല്‍കണമെന്നതാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയുടെ അന്തസത്ത. രാഷ്ട്രപതി നല്‍കണമോ, അതോ, സിനിമാമന്ത്രി കൊടുക്കണമോയെന്നതാണ് ചര്‍ച്ചയുടെ മര്‍മ്മവും. ഇന്നുവരെ കാണാത്ത പ്രതിഷേധം പുരസ്‌ക്കാര ജേതാക്കള്‍ ഉയര്‍ത്തിയപ്പോള്‍ ഇത് രാജ്യത്താകമാനും വലിയ ചര്‍ച്ചയായി. കഴിഞ്ഞ ഓസ്‌ക്കാര്‍ വേദിയില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സിനിമാക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കില്‍ ഇവിടെ പുരസ്‌ക്കാര വിതരണ വേദിക്ക് പുറത്ത് ചലച്ചിത്രതാരങ്ങള്‍ പുരസ്‌ക്കാര വിതരണ ചടങ്ങ് ബഹിഷ്‌ക്കരിച്ചായിരുന്നു പ്രതിഷേധം.

രാഷ്ട്രപതിക്ക് പുരസ്‌ക്കാരം നല്‍കാന്‍ കഴിയില്ലെന്നതാണ് പ്രതിഷേധത്തിന് കാരണം എന്ന പ്രചരണമാണ് നടക്കുന്നതും. എന്നാല്‍ അത് അത്ര സത്യമാണെന്ന് തോന്നുന്നില്ല. കലാകാരെ അപമാനിച്ച കൂട്ടര്‍ തന്നെ മുമ്പ് രാഷ്ട്രപതിക്ക് പകരം വാര്‍ത്താവിതരണ പ്രക്ഷേഭണമന്ത്രിമാര്‍ പുരസ്‌ക്കാരം വിതരണം ചെയ്തിട്ടുളളത് ചൂണ്ടിക്കാട്ടുന്നുണ്ട്. അപ്പോള്‍ പ്രതിഷേധം അതല്ല, പുരസ്‌ക്കാരെ ജേതാക്കളെ വരേണ്യവര്‍ഗ്ഗവും അധഃകൃതരുമായി വേര്‍തിരിച്ചുവെന്നതാണ്. 135ല്‍ പരം പുരസ്‌ക്കാരങ്ങളുള്ളതില്‍ 11 എണ്ണം രാഷ്ട്രപതി നല്‍കും.

ബാക്കി വാര്‍ത്താവിതരണ മന്ത്രികൊടുക്കുമെന്ന് ഇവ വിതരണംചെയ്യുന്നതിന്റെ തലേദിവസം രാത്രി ജേതാക്കളെ അറിയിച്ചതാണ് വിഷയം. രാഷ്ട്രപതി തന്റെ പരിപാടികളില്‍ മാറ്റം വരുത്തിയത് അദ്ദേഹം ആ ചുമതല ഏറ്റെടുത്തപ്പോള്‍ മുതലാണെന്നും സര്‍ക്കാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നുണ്ട്. താന്‍ ഒരുമണിക്കുര്‍ ചടങ്ങില്‍ മാത്രമേ പങ്കെടുക്കുവെന്ന് സര്‍ക്കാരിനെ നേരത്തെ അറിയിച്ചുവെന്ന് രാഷ്ട്രപതി ഭവനും വ്യക്തമാക്കുന്നു. എന്നിട്ടും പുരസ്‌ക്കാരജേതാക്കളെ വിളിച്ചുവരുത്തി അപമാനിച്ചു എന്നതാണ് വിഷയം.

അത് ഒരു പരിധിവരെ ശരിയുമാണ്. ഇവിടെ സിനിമാ പുരസ്‌ക്കാര ജേതാക്കളെ മാത്രമല്ല, രാഷ്ട്രപതിയെത്തന്നെ ഭരണകൂടം അപമാനിച്ചിരിക്കുകയാണ്. വിമര്‍ശനത്തിന് അതീതനായിരിക്കേണ്ട ഇന്ത്യയുടെ പ്രഥമപൗരനെ തെരുവില്‍ വലിച്ചിഴച്ച് അപമാനിക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് അറിയിച്ചിട്ടും രാഷ്ട്രപതി പുരസ്‌ക്കാരവിതരണം നടത്തില്ലെന്ന് എന്തുകൊണ്ട് പുരസ്‌ക്കാര ജേതാക്കളെ അറിയിച്ചില്ലെന്നതാണ് പ്രശ്‌നം. മാത്രമല്ല, ഒര പന്തിയില്‍ രണ്ടുതരം വിളമ്പിന്റെ മാനദണ്ഡം എന്ത്? എന്ന ന്യായമായ ഈ രണ്ടു ചോദ്യങ്ങള്‍ക്കും മറുപടി പറയാനുള്ള ബാദ്ധ്യത വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനുണ്ട്.

അവര്‍ അതിന് മറുപടി നല്‍കില്ല. നേരത്തെ പറഞ്ഞതുപോലെ കല എന്നത് പുരോഗമനമായി മാറുമ്പോള്‍ അത് രാജ്യത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക്‌നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഉയരുന്ന ഏറ്റവും വലിയ വിപ്ലവമായി മാറും. അതാണ് തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയവരെ തോക്കിലൂടെ ഇല്ലാതാക്കിയത്. ജീവന്‍ എടുത്തുകൊണ്ടും അപമാനിച്ചും ഇവരെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇപ്പോള്‍ കാണുന്നതും.

ഇനി തെരുവില്‍ കലാകാരന്റെ ചോര ചിന്തിയാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന് ബോദ്ധ്യമുള്ളതുകൊണ്ടാണ് അപമാനിക്കല്‍ എന്ന അടുത്ത നടപടിയിലേക്ക് ഭരണകൂടം കടന്നിരിക്കുന്നത്. ഇത് ഭരിക്കുന്നവര്‍ പിന്തുടരുന്ന തത്വശാസ്ത്രത്തിന്റെ പ്രശ്‌നമാണ്. വെറുപ്പും മറ്റുള്ളവരെ അപമാനിക്കലും ദുഃഖിപ്പിക്കലുമാണ് ഇത്തരക്കാരുടെ പ്രത്യയശാസ്ത്രം.

തങ്ങള്‍ക്കൊപ്പം സഞ്ചരിക്കാത്തത് അല്ലെങ്കില്‍ തങ്ങളുടെ തലത്തില്‍ നില്‍ക്കാത്തതെല്ലാം ഈ സമൂഹത്തിന് വേണ്ടാത്തതാണ് എന്ന ചിന്തയാണ് ഇവരുടെ ബുദ്ധിയെ നയിക്കുന്നത്. മറ്റുള്ളവര്‍ കഴിയുന്നത്ര ദുഃഖിച്ചുകാണുകയെന്നത് ഈ തത്വശാസ്ത്രം പിന്തുടരുന്നവര്‍ക്ക് ആഹ്‌ളാദം പകരുന്നതാണ്. അതാണ് അവര്‍ ആ നിലയില്‍ തന്നെ പോകുന്നത്. സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന പെട്രോള്‍ വിലവര്‍ദ്ധനവിന്റെ കാര്യത്തിലായാലും പുരസ്‌ക്കാരവിതരണത്തിന്റെ കാര്യത്തിലായാലും അതാണ് നടക്കുന്നത്.

എതിര്‍ക്കുന്നവന്‍ എത്ര പ്രശസ്തനായാലും അവനെ ഇല്ലായ്മചെയ്യുകയെന്നതാണ് ഈ തത്വശാസ്ത്രത്തിന്റെ അന്തസത്ത. ഐന്‍സ്റ്റീന്‍ എന്ന 20-ാം നൂറ്റാണ്ടിലെ വിസ്മയത്തെപ്പോലും നാടുകടത്തിയതാണ് ഈ തത്വസംഹിത. അതിന്റെ പുതിയ രൂപമാണ് ഇന്ന് ഇന്ത്യയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്തിനേറെ ഭരണത്തിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി എതിരാളിയെ വലിച്ചുകീറി എന്ന് പറയാനാണ് ഇവരുടെ മുന്‍നിര നേതാക്കള്‍ പോലും താല്‍പര്യപ്പെടുന്നത്. ഇല്ലാതെ നാലുവര്‍ഷം എന്ത് ഈ രാജ്യത്തിന് വേണ്ടി എന്ന് ചൂണ്ടിക്കാട്ടാന്‍ അവര്‍ക്ക് കഴിയുന്നില്ല.

അതിന്റെ ഭാഗമാണ് പുരസ്‌ക്കാരവിതരണവും. തങ്ങള്‍ക്ക് അടിമയായി നിന്നാല്‍, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അടിച്ചുകളഞ്ഞ് ചാണകം തളിച്ച് ശുചിയാക്കിയ ദുരാചാരങ്ങളെ വീണ്ടും മഹത്വവല്‍ക്കരിക്കുന്നവര്‍ മഹാന്മാര്‍ എന്ന ചിന്തയാണ് ഇക്കൂട്ടര്‍ക്ക് പിന്നിലുള്ളത്. അതുപോലെ പ്രതിഷേധിക്കുന്നവരെല്ലാം കമ്മ്യൂണിസ്റ്റ് ആണെന്ന ഭയവും. ഈ ഭയമാണ് ഹിറ്റ്‌ലറേയും വേട്ടയാടിയിരുന്നത്. ഒടുവില്‍ അവര്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് എതിരെയും എത്തി നില്‍ക്കുന്നുവെന്ന് പറഞ്ഞാല്‍ മതി.

പഴകി തുരുമ്പിച്ച പഴയ ചാതുര്‍വര്‍ണ്ണ്യത്തിന്റെ ചട്ടക്കൂട്ടില്‍ തളച്ചിടപ്പെട്ടിരിക്കുന്ന ഭരണമേലാളന്മാരെ നമുക്ക് തള്ളിക്കളയാം. എന്നാല്‍ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദമാകേണ്ട കലാകാരന്മാര്‍ക്കുള്ള സാമൂഹികപ്രതിബദ്ധത കുറച്ചുകാണാനാവില്ല. ഇവിടെയാണ് കല കലാകാരന് വേണ്ടിയാണോ, അതോ സമൂഹത്തിന് വേണ്ടിയാണോയെന്ന ചോദ്യം ഉയരുന്നത്. കലാകാരന്‍ എന്നും സമൂഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കണം. അവന്റെ സ്വാതന്ത്ര്യം എന്നത് സമൂഹത്തിന്റെ സ്വാതന്ത്ര്യമാണ്.

താനുള്‍പ്പെടുന്ന സമൂഹം അപമാനിക്കപ്പെടുമ്പോള്‍ അതിന് നേരെ മുഖം തിരിഞ്ഞുനിന്നുകൊണ്ട് ഭരണവര്‍ഗ്ഗത്തില്‍ നിന്നും പട്ടും വളയും വാങ്ങുകയും അവര്‍ എറഞ്ഞുകൊടുക്കുന്ന ചില്ലറ തുട്ടുകള്‍ ഭക്ഷിച്ച് വിശപ്പടക്കുകയും ചെയ്യുന്നവര്‍ക്ക് ഒരിക്കലും കലാകാരനാകാന്‍ കഴിയില്ല. സമൂഹത്തിന്റെ തെറ്റുകളോട് കലഹിക്കുന്നവരാണ് കലാകാര്‍. അത്തരത്തില്‍ കലാകാരന്മാര്‍ കലഹിച്ചതുകൊണ്ടാണ് നവോത്ഥാനവും പരിവര്‍ത്തന പ്രസ്ഥാനവും ഫ്രഞ്ച് വിപ്ലവവും ലാറ്റിനമേരിക്കന്‍ വിപ്ലവങ്ങളും മറ്റും ഉണ്ടായത്. എന്തിനേറെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ എത്ര കലാകാരാണ് തങ്ങളുടെ ശക്തമായ സാന്നിദ്ധ്യം പ്രകടിപ്പിച്ചത്. അത്തരത്തിലുള്ള കലാകാരന്മാര്‍ ജീവിച്ചിരുന്ന നാട്ടിലാണ് നമ്മെല്ലാം മനസില്‍ വച്ച് ദൈവത്തെപ്പോലെ ആരാധിക്കുന്ന രണ്ടു വിഗ്രഹങ്ങള്‍ അധികാരത്തിന് മുന്നില്‍ സാഷ്ടാംഗം നമസ്‌ക്കരിച്ച് അവരുടെ പാദധൂളികള്‍ ശിരസില്‍ ധരിച്ചത്.

ഇത് കേരളീയര്‍ എന്ന നിലയ്ക്ക് നമുക്ക് അപമാനമാണ്. എന്നാല്‍ കലാകാരന്റെ മനസിലെ സാമൂഹിക പ്രതിബദ്ധത നശിച്ചിട്ടില്ലെന്നതിന്റെ സൂചനയും ഈ സംഭവങ്ങള്‍ നല്‍കുന്നു. യുവാക്കളാണെങ്കിലും ബഹുഭൂരിപക്ഷവും വിവേചനത്തിനെതിരെ അസഹിഷ്ണുതയുടെ തത്വശാസ്ത്രത്തിനെതിരെ വിളിച്ചുവരുത്തി അപമാനിച്ചതിനെതിരെ ശക്തമായി ഉയര്‍ത്തിയ പ്രതിഷേധം കേരളത്തിന്റെ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നത് തന്നെയാണ്. അവര്‍ മലയാളികളാണെന്ന് പറയുന്നതില്‍ നാം അഭിമാനിക്കുന്നതുപോലെ ഒപ്പം നിന്ന് ചതിച്ചവരെ ഒറ്റുകാര്‍ എന്ന് വിളിക്കുന്നതിലും നമുക്ക് മടിയുണ്ടാവില്ല.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 07 May 2018 09.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW