Monday, July 01, 2019 Last Updated 8 Min 39 Sec ago English Edition
Todays E paper
Ads by Google
സി.എം. ഷാജി
Sunday 06 May 2018 08.43 AM

റോ-റോ സര്‍വീസില്‍ ചര്‍ച്ച പൊളിഞ്ഞു; കൊച്ചിന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളി; രണ്ടുവട്ടം പ്രതിഷേധത്തില്‍ നിന്ന് മേയര്‍ സൗമിനി ജെയിന്‍ ഓടി രക്ഷപ്പെട്ടു

uploads/news/2018/05/214567/kochi-corporation.jpg

കൊച്ചി: റോ-റോ സര്‍വീസ് നിലച്ചത് ചര്‍ച്ച ചെയ്യുന്നതിന് പ്രതിപക്ഷ ആവശ്യപ്രകാരം വിളിച്ചുചേര്‍ത്ത കൊച്ചിന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ആക്രോശങ്ങളുമായി കൗണ്‍സില്‍ ഹാളില്‍ ഏറ്റുമുട്ടി. ഇതിനിടയില്‍ രണ്ടുതവണ പ്രതിഷേധത്തില്‍ നിന്ന് മേയര്‍ സൗമിനി ജെയിന്‍ ഓടി രക്ഷപ്പെട്ടു.

വനിതാ കൗണ്‍സിലര്‍മാരടക്കം നിലംപതിക്കുന്നതു കാണാമായിരുന്നു. കൗണ്‍സില്‍ യോഗം അവസാനിച്ച് ചേംബറിലേക്ക് പോകാന്‍ ശ്രമിച്ച മേയറെ പ്രതിപക്ഷാംഗങ്ങള്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെതിരേ യു.ഡി.എഫ്. അംഗങ്ങള്‍ രംഗത്തുവന്നതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. കൗണ്‍സില്‍ അംഗങ്ങള്‍ കൈയാങ്കളി നടത്തുന്നതിനിടെ മേയര്‍ കൗണ്‍സില്‍ ഹാളില്‍ നിന്നും ഓടി ചേംബറിനുള്ളില്‍ കയറി.

പിന്നാലെ പ്രതിപക്ഷാംഗങ്ങളുമെത്തി. ആവശ്യമായ രേഖകളോ, ലൈസന്‍സോ ഇല്ലാതിരുന്ന റോ-റോ നൗകയില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് യാത്ര ചെയ്യിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ രാജിവയ്ക്കണമെന്നും സര്‍വീസ് നിലച്ച സാഹചര്യത്തില്‍ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നുമായിരുന്നു പ്രതിപക്ഷാവശ്യം. ചേംബറില്‍ എത്തിയ മേയറെ മണിക്കൂറുകളോളം പ്രതിപക്ഷാംഗങ്ങള്‍ തടഞ്ഞുവച്ചു. ഇതിനിടെ എല്‍.ഡി.എഫ്, യു.ഡി.എഫ്. അംഗങ്ങള്‍ ചേരിതിരിഞ്ഞ് ചേംബറിനുള്ളില്‍ മുദ്രാവാക്യവും മുഴക്കി. എന്നാല്‍ മാപ്പുപറയാന്‍ മേയര്‍ തയാറായില്ല. ഇതോടെ പ്രതിപക്ഷം വീണ്ടും ബഹളമാരംഭിച്ചു. സംഭവമറിഞ്ഞ് സെന്‍ട്രല്‍ സി.ഐ. അനന്തലാലിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തി.

സമവായചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പോലീസ് വലയത്തില്‍ മേയറെ ഓഫീസിനു പുറത്തെത്തിച്ചു. ഔദ്യോഗിക വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്രതിപക്ഷാംഗങ്ങള്‍ കുതിച്ചെത്തി വാഹനം തടഞ്ഞു. വനിത കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാഹനത്തിനു മുന്നില്‍ കിടക്കുകയായിരുന്നു.

പുരുഷ കൗണ്‍സിലര്‍മാര്‍കൂടി എത്തിയതോടെ സംഘര്‍ഷാവസ്ഥയായി. പോലീസും ഇടത് കൗണ്‍സിലര്‍മാരും തമ്മില്‍ സംഘര്‍ഷമുണ്ടായ തക്കംനോക്കി കാറിലുണ്ടായിരുന്ന മേയര്‍ കോര്‍പറേഷന്‍ വളപ്പിനു പുറത്തേക്കോടി.

പ്രതിഷേധക്കാര്‍ പിന്നാലെ പാഞ്ഞെങ്കിലും കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പില്‍ കയറി മേയര്‍ രക്ഷപ്പെടുകയായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച കൗണ്‍സില്‍ യോഗം സംഘര്‍ഷത്തില്‍ കലാശിക്കുമ്പോഴേക്കും രാത്രി എട്ട് കഴിഞ്ഞിരുന്നു. പോലീസ് ജീപ്പില്‍ രക്ഷപ്പെട്ട മേയര്‍ സൗമിനി ജെയിന്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. രാത്രി വൈകിയും കോര്‍പറേഷന്‍ പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Ads by Google
സി.എം. ഷാജി
Sunday 06 May 2018 08.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW