ബംഗളുരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തോടടുക്കുന്നു. മുഖ്യ എതിരാളികളായ കോണ്‍ഗ്രസും ബി.ജെ.പിയും ആരോപണപ്രത്യരോപണങ്ങളുമായി അവസാനനിമിഷം മേല്‍ക്കൈ നേടാനുള്ള തീവ്രശ്രമത്തിലാണ്. തീവ്ര ഹിന്ദുത്വ നിലപാടിലൂന്നിയാണു ബി.ജെ.പിയുടെ പ്രചാരണം. അധികാരത്തിലെത്തിയാല്‍ ഗോവധനിരോധനം നടപ്പാക്കുമെന്നതു ബി.ജെ.പിയുടെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നാണ്.
അടുത്തിടെ തെരഞ്ഞെടുപ്പു നടന്ന മേഘാലയിലും ഗോവയിലും മൃദുഹിന്ദുത്വസമീപനമായിരുന്നു ബി.ജെ.പി. സ്വീകരിച്ചിരുന്നത്. ഗോവധനിരോധനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അജണ്ടയല്ലെന്നു ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കര്‍ണാടകയിലെ രാഷ്*!*!*!്രടീയ സാഹചര്യം മനസിലാക്കിയാണ് ഗോവധനിരോധനം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത്. രണ്ടുദിവസമായി കര്‍ണാടകയിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസംഗിച്ച വേദികളിലെല്ലാം തീവ്രഹിന്ദുത്വ നിലപാടാണു മുന്നോട്ടുവച്ചത്.
ബി.ജെ.പിയുടെ ആരോപണത്തെ പ്രതിരോധിക്കാന്‍ ബി.ജെ.പി. നേതാക്കളുടെ അഴിമതിക്കഥകളാണു കോണ്‍ഗ്രസ് ആയുധമാക്കുന്നത്.
അനധികൃത ഖനനക്കേസില്‍ ജയിലില്‍ കിടന്ന ജനാര്‍ദന റെഡ്ഡി ബി.ജെ.പിയുടെ പ്രചാരണ രംഗത്ത് സജീവമായതോടെയാണ് അഴിമതി വീണ്ടും ചര്‍ച്ചയായത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഇതു പ്രചാരണമായുധമാക്കിയതോടെ രംഗത്തുനിന്നു വിട്ടുനില്‍ക്കാന്‍ ജനാര്‍ദന റെഡ്ഡിക്ക് ബി.ജെ.പി. കേന്ദ്രനേതൃത്വം നിര്‍ദേശം നല്കി.
യെദിയൂരപ്പയുടെ ഭരണകാലത്ത് അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എല്ലാവര്ക്കും ഇത്തവണയും സീറ്റു നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. അനധികൃത ഖനനത്തില്‍ സി.ബി.ഐ. അറസ്റ്റ് ചെയ്ത ജനാര്‍ദന റെഡ്ഡിയുടെ സഹോദരങ്ങളെയും, അനുയായികളെയും ബി.ജെ.പി. സ്ഥാനാര്‍ഥികളാക്കിയിട്ടുണ്ട്.
ജനാര്‍ദന റെഡ്ഡി മല്സരരംഗത്തില്ലെങ്കിലും കുടുംബത്തിലെ രണ്ടുപേര്‍ രംഗത്തുണ്ട്. കരുണാകര റെഡ്ഡി ഹാരപ്പനഹള്ളിയിലും സോമശേഖര റെഡ്ഡി ബെല്ലാരി സിറ്റിയിലും മത്സരിക്കുന്നു. റെഡ്ഡിയുടെ മരുമകന് ലാലേഷ് റെഡ്ഡി ബംഗളുരുവില്‍ ബി.ടി.എം. ലേ ഔട്ടിലും റെഡ്ഡി സഹോദരങ്ങളുടെ ഉറ്റ അനുയായികളായ നാലുപേര്‍ ബെല്ലാരിയിലും സമീപമണ്ഡലങ്ങളിലുമായി മത്സരിക്കുന്നുണ്ട്.
1600 കോടിയുടെ ഖനനക്കേസില്‍ മൂന്നരവര്‍ഷം ജയിലില്‍ കിടന്ന ജനാര്‍ദന റെഡ്ഡിക്കു സ്വന്തം സ്ഥലമായ ബെല്ലാരിയില്‍ പോകാന്‍ വിലക്കുണ്ട്.
വിലക്കു നീക്കണമെന്നും പ്രചാരണത്തിനു ബെല്ലാരിയില്‍ പോകാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു ജനാര്‍ദന റെഡ്ഡി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതോടെ അയല്‍ജില്ലയായ ചിത്രദുര്‍ഗ കേന്ദ്രീകരിച്ചാണു ജനാര്‍ദന റെഡ്ഡിയുടെ പ്രചാരണം.
റെഡ്ഡി സഹോദരന്മാരെ മത്സരിപ്പിക്കുന്നതില്‍ ബി.ജെ.പിയുടെ പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ താല്പ്പര്യമനുസരിച്ചാണു റെഡ്ഡി സഹോദരന്മാര്ക്കു സീറ്റ് നല്‍കിയതെന്നാണു ബി.ജെ.പി. നേതാക്കള്‍ തന്നെ പറയുന്നത്.
ഇതു ചര്‍ച്ചയായതോടെ റെഡ്ഡി സഹോദരന്മാര്ക്കു സീറ്റുനല്‍കിയതില്‍ ദേശീയ നേതാക്കള്‍ക്കു പങ്കില്ലെന്ന നിലപാടാണ് അമിത്ഷാ സ്വീകരിക്കുന്നത്. ഇതിനിടെ, ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പണം നല്‍കുന്നത് റെഡ്ഡി സഹോദരന്മാരാണെന്ന വാദവും കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുണ്ട്.
വരുംദിവസങ്ങളില്‍ ഈ വിഷയങ്ങളായിരിക്കും കര്‍ണാടകയില്‍ സജീവമാകുക. റെഡ്ഡിമാരുടെ ബി.ജെ.പിയിലെ സ്വാധീനം തങ്ങള്‍ക്കു ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണു കോണ്‍ഗ്രസ് ക്യാമ്പ്.