Tuesday, July 23, 2019 Last Updated 9 Min 59 Sec ago English Edition
Todays E paper
Ads by Google
ശ്രീപാര്‍വതി
ശ്രീപാര്‍വതി
Saturday 05 May 2018 12.13 PM

മരണമെത്തുന്ന നേരത്ത്... ഈ. മാ. യൗ. നല്‍കുന്ന മായക്കാഴ്ചകള്‍

ഒരു മരണം ആദ്യമായാകും ഒരുപക്ഷെ ഒരു സിനിമ മുഴുവനായി നിറഞ്ഞു നില്‍ക്കുന്നത്. ഒരു മരണത്തിന്റെ കഥ ഇത്ര മെലോഡ്രമാറ്റിക് ആയും ആദ്യമായാകും ഒരാള്‍ പറഞ്ഞു വയ്ക്കുന്നത്
ee-ma-yau movie review

ഒരു മൂന്നുവര്‍ഷം മുന്‍പ് ഡബിള്‍ ബാരല്‍ എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ കാണാനിറങ്ങിയപ്പോള്‍ ചെവിയില്‍ മുഴങ്ങിയത് ചില സുഹൃത്തുക്കളുടെ ഉപദേശമായിരുന്നു. വെറുതെ കാശു കളയേണ്ട, സംഭവം ഒന്നും മനസ്സിലാവാന്‍ പോണില്ല! ഇപ്പോള്‍ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ഈ മാ യൗ കാണാന്‍ പോയി എന്ന് പറയുമ്പോഴും ചിലര്‍ ചോദിക്കുന്നു, സിനിമ എങ്ങനെയുണ്ട്? വല്ലതും മനസ്സിലാകുമോ? ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, മനോഹരമായൊരു ഗബ്രിയേല്‍ മാര്‍ക്കേസ് നോവല്‍ വായിച്ച അനുഭൂതിയില്‍ ഭ്രമിച്ചിരിക്കുമ്പോള്‍ അവിടെ മനസ്സിലാകുമോ എന്നല്ല, ആ മനസ്സിലാക്കല്‍ തലച്ചോറിന്റെയും ഹൃദയത്തിന്റെ ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിന്റെ അനുഭവമാണ് എന്ന തിരിച്ചറിവും ഉണ്ടാകുന്നുണ്ട്. ആമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ് എല്ലാം ശബ്ദം കൊണ്ടും നിറങ്ങളുടെ ഇഴുകി ചേരലുകള്‍ കൊണ്ടും, പ്രമേയത്തിന്റെയും അവതരണത്തിന്റെയും സവിശേഷത കൊണ്ടും ലിജോ ബ്രില്യന്‍സ് പകര്‍ത്തി വായിക്കപ്പെട്ട ചിത്രങ്ങളാണ്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഏറ്റവും പുതിയ ലിജോ ചിത്രം ഈ മാ യൗ വും.

വാവച്ചന്‍ ഒരു പ്രത്യേക സ്വഭാവക്കാരനാണ്, പത്തെണ്‍പതു വയസ്സോളം ഉണ്ടാവും. ഭാര്യയും മകളും മകനും മരുമകളുമുള്ള വീട്ടില്‍നിന്ന് ഒരു പോക്ക് പോയാല്‍ അതൊരു ഒന്നൊന്നര പോക്കാണ്. പിന്നെ ദിവസങ്ങള്‍ കഴിയും ആള്‍ തിരികെയെത്താന്‍. ഇത്തവണത്തെ മടങ്ങി വരവ് ആ രാത്രിയിലാണ്, കടലില്‍നിന്നും വീശിയടിക്കുന്ന കാറ്റിന്റെ ഏറിയും കുറഞ്ഞുമിരിക്കുന്ന ശബ്ദത്തിലൂടെ അയാള്‍ നടന്നു പോകുകയാണ്. വഴിയില്‍ അയാളോട് അനാവശ്യം പറഞ്ഞ ഒരുത്തനെ വാവച്ചന്‍ അടിച്ചിടുന്നുണ്ട്. അവിടം മുതല്‍ കഥ തുടങ്ങുന്നു. കയ്യിലിരിക്കുന്ന താറാവിനെ മരുമകളുടെ കയ്യില്‍ നല്‍കിയശേഷം മകന്‍ ഈസി വാങ്ങി കൊണ്ട് വന്ന ബ്രാണ്ടിയും, ഒപ്പം ചാരായവും വാവച്ചന്‍ കഴിക്കുന്നു. മകന്റെ ഒപ്പമിരുന്നു കഴിഞ്ഞുപോയ മരണങ്ങളെ കുറിച്ചും മരണാനന്തര ചടങ്ങുകളുടെ ആഘോഷങ്ങളെ കുറിച്ചും അയാള്‍ സംസാരിക്കുന്നു. അപ്പന്റെ മരണാന്തര ചടങ്ങുകള്‍ ഈ കര കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമാക്കുമെന്ന വാക്കിനൊടുവില്‍ അപ്പന്‍ നടന്നു പോകുന്നത് മരണത്തിലേക്കാണ്. അവിടുന്നങ്ങോട്ട് ഒരു രാത്രിയും ഒരു പകലും നീണ്ടു നില്‍ക്കുന്ന സംഘര്‍ഷങ്ങള്‍, വൈകാരികമായ അനുഭവങ്ങള്‍, അതാണ് ഈ മാ യൗ.

ee-ma-yau movie review

സിനിമ തുടക്കത്തില്‍ കാണുന്ന ഇരുട്ട് പിന്നീട് വൈകാരികമായ ഒരു അനുഭവമായി മാറുകയാണ്. കടലും മരങ്ങളും മനുഷ്യനും വെളിവ് നഷ്ടപ്പെട്ടുപോയ ട്യൂബ് ലൈറ്റും മണല്‍ത്തരികളുംവരെ ആ ഇരുട്ടിനോട് ചേര്‍ന്ന് നില്‍ക്കുന്നു. വിഭ്രമിപ്പിക്കുന്ന ഒരു മൂഡിലേയ്ക്ക് കാഴ്ചക്കാരനെ കൊണ്ടുപോകുന്നു. കാറ്റടിക്കുമ്പോള്‍ ബിഗ് സ്‌ക്രീനില്‍നിന്ന് ആഞ്ഞടിക്കുന്ന ശബ്ദം ചങ്കിലേയ്ക്ക് അലച്ചു കയറുന്നു. ഇരുട്ടിലേക്ക് നോക്കുമ്പോള്‍ എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ ഓരോ നിമിഷവുമുണ്ട് ആദ്യം മുതല്‍. ഒരു രാത്രിയും പിറ്റേന്നത്തെ പകലുമാണ് സിനിമയുടെ ദൈര്‍ഘ്യം. രാത്രിയിലെ ഇരുട്ടും പകലിലെ മഴയും സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ മനസ്സിന്റെ അവസ്ഥകളിലേയ്ക്ക് അത്രമേല്‍ ചേര്‍ന്നിരിക്കുന്നു. സമകാലീന രാഷ്ട്രീയ, സാമൂഹിക അവസ്ഥകളെ കറുത്ത ഫലിത രൂപത്തില്‍ അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് ഈ മാ യൗവിന്റെ സമകാലീക പ്രസക്തി.

സിനിമയുടെ ഒടുവില്‍ അടങ്ങിയ കടലിന്റെ കരയില്‍ ശബ്ദമൊടുങ്ങിയ തീരത്ത് നിന്ന് അങ്ങകലെ നിന്നും എത്തുന്ന രണ്ടു വഞ്ചികള്‍ നോക്കി നില്‍ക്കുന്ന വാവച്ചനും കുഴിവെട്ടുകാരന്‍ ചേട്ടനും.. കടല്‍ തീരത്തു വീണു ചത്തുപോയ പട്ടിയും പിന്നെ കറുത്തതും വെളുത്തതുമായ മാലാഖമാരും... സിനിമ നല്‍കുന്ന ഈ അതിസുന്ദരമായ മായക്കാഴ്ചയില്‍ ഭ്രമിച്ചു പോകുന്ന ​പ്രേക്ഷകന്‍. അതുകൊണ്ടാണ് ആദ്യമേ പറഞ്ഞത് ഒരു മാര്‍ക്കേസ് നോവല്‍ വായിക്കുന്നത്ര സുന്ദരമായി കണ്ടു കൊണ്ടിരിക്കാന്‍ കഴിയുന്നതാണ് ഈ മാ യൗ എന്ന്. സിനിമയില്‍ എടുത്തു പറയേണ്ട ഒരാള്‍ ലിജോയും ഇതിലെ അഭിനേതാക്കളും കഴിഞ്ഞാല്‍ ഇതിന്റെ ശബ്ദ സാന്നിധ്യം രംഗനാഥ് രവിയാണ്. കാറ്റിനെയും ഇരുട്ടിനെയും കടലിനെയും ഇത്രമേല്‍ തീവ്രമായി അനുഭവിച്ചിട്ടില്ല. അതുകൊണ്ടു തന്നെയാണല്ലോ മികച്ച ശബ്ദ മിശ്രണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഈ മാ യൗവിനെ തേടിയെത്തിയത്. ഷൈജു ഖാലിദിന്റെ ഫ്രെയിമുകള്‍ അതിഗംഭീരം.

ee-ma-yau movie review

പി എഫ് മാത്യൂസ് എന്ന മികച്ച എഴുത്തുകാരന്റെ ചാവുനിലം എന്ന നോവലാണ് ഇ മാ യൗ സിനിമ. കൊച്ചിയുടെ ഈണമുള്ള ഭാഷയില്‍ ഈ മാ യൗവിന് തിരക്കഥ രചിക്കാന്‍ അദ്ദേഹത്തോളം അനുയോജ്യനായ ആളുമില്ല, കൊച്ചിയെ കഥാപാത്രമാക്കി ഒരുപക്ഷേ കൂടുതല്‍ എഴുതിയിട്ടുള്ളതും പി എഫ് മാത്യൂസ് തന്നെയാകും. ഇതിനു മുന്‍പ് കുട്ടിസ്രാങ്കിന്റെ തിരക്കഥയ്ക്ക് പുരസ്‌കാരം കിട്ടിയ വ്യക്തികൂടിയാണ് അദ്ദേഹം.

പൗളി വില്‍സണ്‍ എന്ന നടി നന്നായി സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇത്തവണത്തെ മികച്ച സ്വഭാവ നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം പൗളിയുടെ പെണ്ണമ്മയ്ക്കായിരുന്നു. കൊച്ചിയുടെ തനത് നാട്ടിന്‍പുറത്തെ ഒരു സാധാരണ സ്ത്രീയുടെ ആവലാതികളും പരിഭവങ്ങളും അവര്‍ മനോഹരമായി തന്നെ അവതരിപ്പിച്ചു. ഇത്രയും നാള്‍ സ്‌ക്രീനില്‍ കണ്ട പോത്തേട്ടനെയല്ല ഈ മ യൗവില്‍ കാണുക. ധാര്‍ഷ്ട്യക്കാരനായ, മുഖം കാണുമ്പോഴേ മുഷ്‌ക്ക് സ്വഭാവം പ്രതിഫലിക്കുന്ന ഒരു കഥാപാത്രത്തെയാണ്. കഥയുടെ ഒരു പ്രത്യേക പകുതിയില്‍ വച്ച് കഥയെ തിരിച്ചു വിടുന്നതും ദിലീഷ് പോത്തന്റെ അച്ചന്‍ വേഷമാണ്. ചെമ്പന്‍ വിനോദിന്റെ ഈസി സംഘര്‍ഷഭരിതമായ മകന്റെ അമര്‍ത്തി വയ്ക്കപ്പെട്ട സങ്കടങ്ങളും അപ്പനോടുള്ള സ്‌നേഹവും പൊടുന്നനെ കൈവിട്ടു പോകുന്ന മനസ്സിന്റെ ചാഞ്ചാട്ടങ്ങളും തരം പോലെ മാറ്റി മാറ്റി പ്രയോഗിക്കുന്നുണ്ട്. ബൈക്കോടിക്കുന്ന നഴ്‌സിംഗ് സൂപ്രണ്ട്, വാവച്ചന്റെ മരണശേഷം എല്ലാ കാര്യങ്ങള്‍ക്കും ഓടി നടന്ന അയല്‍വാസി, വാവച്ചന്റെ മരണത്തെ കുറിച്ച ഏഷണി പറഞ്ഞു പരത്തിയ കഥാപാത്രം... എല്ലാവരും ഈ മ യൗവില്‍ നായക തുല്യം തന്നെ അരങ്ങു തകര്‍ക്കുന്നു. എടുത്തു പറയേണ്ടത് വിനായകന്റെ പഞ്ചായത്ത് മെമ്പറെ തന്നെയാണ്. സുഹൃത്തിന്റെ അച്ഛന്റെ മരണത്തില്‍ അയാള്‍ പേറുന്ന ആകുലതകള്‍, ബുദ്ധിപരമായി നടത്തുന്ന നീക്കങ്ങള്‍ എല്ലാത്തിനും അപ്പുറം വെറും സാധാരണക്കാരനായ ഒരു മനുഷ്യനായി അയാള്‍ അയാളെ അടയാളപ്പെടുത്തുന്നു. കൈനകരിയുടെ വാവച്ചനെ തീയറ്ററില്‍ പോയി തന്നെ അനുഭവിക്കുക!

ee-ma-yau movie review

ഒരു മരണം ആദ്യമായാകും ഒരുപക്ഷെ ഒരു സിനിമ മുഴുവനായി നിറഞ്ഞു നില്‍ക്കുന്നത്. ഒരു മരണത്തിന്റെ കഥ ഇത്ര മെലോഡ്രമാറ്റിക് ആയും ആദ്യമായാകും ഒരാള്‍ പറഞ്ഞു വയ്ക്കുന്നത്. നാളുകളേറെയായി ഈ മെ യൗ ഇന്ന് റിലീസ്, നാളെ റിലീസ് എന്ന് പറഞ്ഞു മാറ്റി വയ്ക്കപ്പെടുന്നു. ഇൗ ചിത്രം എറ്റെടുക്കാന്‍ ചങ്കൂറ്റം കാണിച്ച ആഷിക്ക് അബുവിനും അദ്ദേഹത്തിന്റെ നിര്‍മ്മാണ യൂണിറ്റിനും ആശംസകള്‍! പല പല കാരണങ്ങളാല്‍ മാറ്റി വയ്ക്കപ്പെട്ട സിനിമയുടെ ആദ്യ ദിവസത്തെ ആദ്യ ഷോ കാഴ്ചക്കാരുടെ എണ്ണത്തില്‍ തീരെ പ്രതീക്ഷ നല്‍കിയിരുന്നില്ല. പക്ഷെ തീയേറ്റര്‍ നിറഞ്ഞിരുന്ന ചെറുപ്പക്കാരുടെ എണ്ണം നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. സംവിധായകന്റെ പേരെഴുതി കാണിക്കുമ്പോള്‍ മുതല്‍ തുടങ്ങിയ കയ്യടി, ദിലീഷ് പോത്തന്റെ ഇന്‍ട്രൊഡക്ഷനിലും വിനായകന്റെ ചങ്കു പൊള്ളുന്ന ഡയലോഗിലും ഒക്കെ മുഴങ്ങി കേള്‍ക്കാമായിരുന്നു. സാമൂഹികമായ അവസ്ഥകളുടെ പൊള്ളത്തരങ്ങള്‍ പരിഹസിക്കപ്പെടുമ്പോള്‍ ചുമ്മാ ഒരു തിരിഞ്ഞു നോട്ടം നല്ലതാണെന്നും സിനിമ തീരുമ്പോള്‍ തോന്നി. ഒരു പരിഭവമേ തോന്നിയുള്ളൂ, അത് പ്രേക്ഷകരുടെ പേരിലാണ്. തീയേറ്റര്‍ നിറഞ്ഞിരുന്ന കാഴ്ചക്കാരില്‍ സ്ത്രീകളുടെ എണ്ണം ഒരു കയ്യിലെ വിരലില്‍ ഒതുങ്ങുന്നത് മാത്രമായിരുന്നു. അതൊരു പോരായ്മ തന്നെയാണ്! കാരണം കുടുംബ പ്രേക്ഷകര്‍ എന്ന കാഴ്ചപ്പാടിനപ്പുറം നിന്ന് കൊണ്ട് ഹൃദയവും തലച്ചോറും ഒന്നിച്ചു കാഴ്ചയായി മാറുന്ന അനുഭവം അവരും ആസ്വദിക്കേണ്ടത് തന്നെയാണ്. അവസാന വാചകമായി പറയുമ്പോള്‍ ഈ മാ യൗ ഉണ്ടാക്കിയ മാനസിക , ബൗദ്ധിക അസ്വാസ്ഥ്യങ്ങളില്‍ നിന്നും ഇത്ര നേരമായിട്ടും ഒരു വിടുതല്‍ സാധ്യമായിട്ടില്ല! ലിജോ ജോസ് പെല്ലിശ്ശേരി ബ്രില്യന്‍സ് എന്ന് തന്നെ ആ അസ്വാസ്ഥ്യത്തിനു പേരിടാം.

Ads by Google
ശ്രീപാര്‍വതി
ശ്രീപാര്‍വതി
Saturday 05 May 2018 12.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW