Thursday, June 27, 2019 Last Updated 32 Min 59 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 04 May 2018 12.57 AM

അന്വേഷിക്കുന്നവര്‍ കണ്ടെത്തുന്നു

uploads/news/2018/05/213970/muttarhuvaraki050418a.jpg

ജനപ്രിയ എഴുത്തുകാരന്‍ മുട്ടത്തുവര്‍ക്കി ജീവിച്ചിരുന്നെങ്കില്‍ നൂറു വയസ്‌ തികയുമായിരുന്നു. 1918 ഏപ്രില്‍ 28നായിരുന്നു ജനനം. ജനപ്രിയ എന്നതുകൊണ്ട്‌ ജനങ്ങള്‍ക്കു പ്രിയങ്കരനായ, ജനങ്ങളില്‍ അക്ഷരങ്ങള്‍കൊണ്ട്‌ പ്രിയം സൃഷ്‌ടിച്ച എന്നൊക്കെ അര്‍ത്ഥമാക്കാം. നൂറ്റിമുപ്പതില്‍പ്പരം കൃതികളിലൂടെ മുട്ടത്തുവര്‍ക്കി മലയാള ഭാവനയെ തിരുത്തി. സാഹിത്യതമ്പുരാക്കന്മാരെ സിംഹാസനങ്ങളില്‍നിന്നു മറിച്ചിട്ടു. തനിക്കറിയാവുന്ന ഭാഷയില്‍, അറിഞ്ഞ ജീവിതത്തെ മുട്ടത്തുവര്‍ക്കി നിറവുള്ളതാക്കി. ബാക്കിയൊക്കെ ജനം ഏറ്റെടുത്തു. മുട്ടത്തുവര്‍ക്കിയോടൊപ്പം കരയുകയും ചിരിക്കുകയും പ്രണയിക്കുകയും വേവലാതിപ്പെടുകയും ചെയ്‌ത കേരളീയരെന്ന ആള്‍ക്കൂട്ടം അതിശയിപ്പിക്കുന്ന സാഹിത്യചരിത്രമാണ്‌.

സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്വാധീനിക്കുകയും അവരുടെ നിത്യജീവിതത്തില്‍ െദെവങ്ങള്‍ മറഞ്ഞിരുന്ന്‌ അത്ഭുതം കാണിക്കുംപോലെ അതിശയങ്ങള്‍ പെയ്യിക്കുകയും ചെയ്‌ത എഴുത്തുകാരനാണ്‌ മുട്ടത്തുവര്‍ക്കി. മുട്ടത്തുവര്‍ക്കി വായനക്കാരില്‍ ചെയ്‌ത അത്ഭുതങ്ങളോട്‌ അമര്‍ഷവും അസൂയയും തോന്നിയവര്‍ അക്കാലത്തദ്ദേഹത്തെ െപെങ്കിളി എഴുത്തുകാരന്‍ എന്നുവിളിച്ച്‌ ആക്ഷേപിച്ചു.

തുഞ്ചന്റെ തത്തയ്‌ക്കുശേഷം ഒരെഴുത്തുകാരന്‍ പക്ഷിനാമത്തോടു ചേര്‍ത്ത്‌ അനുസ്‌മരിക്കപ്പെട്ടു. വടക്കേ മലബാറിനും വരേണ്യ നിരൂപകര്‍ക്കും ആധുനികതയ്‌ക്കും ദുര്‍ഗ്രഹതയ്‌ക്കുംമേല്‍ മുട്ടത്തുവര്‍ക്കി സ്വന്തം കിളികളെ പറത്തിവിട്ടു. പതിരുവീണ ചില എഴുത്തുകാരുടെ സ്വന്തം പാടങ്ങളില്‍ മുട്ടത്തുവര്‍ക്കിയുടെ െപെങ്കിളികള്‍ പറന്നു. കതിരുകളൊന്നും കാണാതെ അവ തിരികെപ്പോന്നു. 81 നോവലുകള്‍ 16 ചെറുകഥാസമാഹാരങ്ങള്‍, 12 നാടകങ്ങള്‍, 17 വിവര്‍ത്തനങ്ങള്‍, ജീവചരിത്രങ്ങള്‍, തിരക്കഥകള്‍.... അറുപതുകളും എഴുപതുകളുമായിരുന്നു രചനയുടെ വസന്തകാലം; 1989 മേയ്‌ 28ന്‌ അദ്ദേഹം അന്തരിച്ചു.

ഭാവുകത്വം മാറ്റിയെഴുതിയ മുട്ടത്തുവര്‍ക്കിക്കു നൂറുവയസായത്‌ ആരും ഓര്‍ത്തില്ല; ജീവിച്ചിരുന്നപ്പോഴും മരിച്ചുകഴിഞ്ഞപ്പോഴും ഒരേ നില. സജീവ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്ന മുട്ടത്തു വര്‍ക്കിയെ മാധ്യമലോകവും മറന്നു. െപെങ്കിളി എന്നാക്ഷേപിച്ചവരില്‍ പലരും മുട്ടത്തുവര്‍ക്കി സ്‌മാരക അവാര്‍ഡ്‌ വാങ്ങാന്‍ ചങ്ങനാശേരിയിലേക്കു വണ്ടി കയറി വന്നവരാണ്‌. മുട്ടത്തു വര്‍ക്കിയോ എവിടെയോ കേട്ടതുപോലെ... എന്ന ഭാവമാണ്‌ പലര്‍ക്കും.
വെളുത്ത കത്രീനയും കരകാണാക്കടലും പ്രിയമുള്ള സോഫിയയും കണ്ട്‌ നെടുവീര്‍പ്പിട്ട പ്രേക്ഷകരും ഒരു കുടയും കുഞ്ഞുപെങ്ങളും വായിച്ച്‌ കണ്ണീര്‍ തുടച്ച കുട്ടികളും ഇന്നും മുട്ടത്തു വര്‍ക്കിയെ ഓര്‍ക്കുന്നുണ്ടാകും. പാസ്‌റ്റര്‍നാക്കിന്റെ ഡോക്‌ടര്‍ ഷിവാഗോ മലയാളത്തിലേക്ക്‌ ആദ്യമായി മൊഴിമാറ്റം ചെയ്‌ത ആളാണ്‌; എന്നിട്ടും സാഹിത്യ തമ്പുരാക്കന്മാര്‍ക്കിടയില്‍ മിനിമം മാര്‍ക്ക്‌ യോഗ്യത നേടാനായില്ല.

എന്തുകൊണ്ട്‌? മധ്യതിരുവിതാംകൂര്‍ ക്രൈസ്‌തവരായിരുന്നു ഭൂരിപക്ഷം കഥാപാത്രങ്ങളും; മണിമലയാറും പമ്പയുമായിരുന്നു മുട്ടത്തു വര്‍ക്കിയുടെ മഹാനദികള്‍. ക്രൈസ്‌തവരുടെ വീട്ടുഭാഷ മുട്ടത്തു വര്‍ക്കി സാഹിത്യഭാഷയാക്കി. റബറും കൊക്കോയും കച്ചവടമുള്ള ക്രൈസ്‌തവന്‌ എന്ത്‌ സാഹിത്യബോധമെന്ന പരിഹാസമാണ്‌ മുട്ടത്തു വര്‍ക്കി രചനകള്‍ക്കു െപെങ്കിളി കൃതികള്‍ എന്ന മാറാപ്പേര്‍ പതിപ്പിച്ചത്‌. ദൃശ്യമാധ്യമ റിപ്പോര്‍ട്ടാക്കാന്‍ കഴിഞ്ഞ ഒരു മുട്ടത്തു വര്‍ക്കി അനുഭവം പങ്കുവയ്‌ക്കുകയാണ്‌. കൊല്‍ക്കത്തയിലെ ഒരു െവെദിക സെമിനാരിയില്‍ ചങ്ങനാശേരിക്കാരനായ ഒരു യുവാവ്‌ തിയോളജി പഠിക്കാന്‍ ചേര്‍ന്നു; കോഴ്‌സ്‌ തീരാന്‍ ഇനി ഒരു വര്‍ഷം. ഒന്നാന്തരം വായനക്കാരന്‍. ഒരു അവധിക്ക്‌ നാട്ടില്‍ വന്നു. തിരികെ പോകുമ്പോള്‍, ഇണപ്രാവുകള്‍ എന്ന മുട്ടത്തു വര്‍ക്കിയുടെ നോവല്‍ വാങ്ങി.

തീവണ്ടി യാത്രയില്‍ അതു വായിച്ചു തീര്‍ത്തു. സെമിനാരിയില്‍ തിരികെയെത്തിയപ്പോഴേക്കും ആള്‍ മറ്റൊരാളായി മാറിക്കഴിഞ്ഞിരുന്നു. ഇതാണു ജീവിതം, മുട്ടത്തുവര്‍ക്കി എഴുതിവച്ചതാണ്‌ ജീവിതം, ഇതു മാത്രമാണ്‌ ജീവിതം എന്ന ബോധ്യത്തിലേക്ക്‌ ആ െവെദിക വിദ്യാര്‍ത്ഥി രൂപപ്പെട്ടിരുന്നു. തന്റെ സെമിനാരി ജീവിതം നിരര്‍ത്ഥകമാണെന്നയാള്‍ക്ക്‌ തോന്നി. ഒരു മാസത്തിനുള്ളില്‍ സെമിനാരി ജീവിതം ഉപേക്ഷിച്ച്‌ അയാള്‍ നാട്ടിലേക്ക്‌ തിരിച്ചു. ളോഹ ഊരി അയാള്‍ സാധാരണ മനുഷ്യനായി. പിന്നീട്‌ മറ്റൊരു തൊഴില്‍ തേടി. കോളജ്‌ അധ്യാപകനായി, പ്രണയിച്ച്‌ വിവാഹിതനായി. തന്റെ ജീവിതം മാറ്റിമറിച്ച ഇണപ്രാവുകള്‍ നിധിപോലെ സൂക്ഷിച്ചുള്ള ജീവിതം...

മുട്ടത്തുവര്‍ക്കിയുടെ ബന്ധുവും കോളജ്‌ അധ്യാപകനുമായ മാത്യു ജെ. മുട്ടത്താണ്‌ ഇണപ്രാവുകളാല്‍ സ്വാധീനിക്കപ്പെട്ട പഴയ െവെദിക വിദ്യാര്‍ത്ഥിയെക്കുറിച്ച്‌ പറഞ്ഞത്‌. കാണാനെത്തി. പ്രായം എഴുപത്‌ കഴിഞ്ഞിരുന്നു. അരനൂറ്റാണ്ടെത്തുന്ന പ്രണയ വിവാഹജീവിതത്തിന്റെ ഓര്‍മ്മയ്‌ക്കെന്നപോല്‍ അദ്ദേഹം ഇണപ്രാവുകള്‍ സൂക്ഷിച്ചിരുന്നു. ചില താളുകള്‍ പൊടിഞ്ഞുകീറിയിരുന്നു.

തനിക്കു പ്രിയങ്കരമായ ജീവിതം തിരികെതന്നത്‌ ഇണപ്രാവുകള്‍ ആണെന്ന്‌ ഇടറിയ ശബ്‌ദത്തില്‍ പറഞ്ഞുകൊണ്ട്‌ അദ്ദേഹം നോവല്‍ തുറന്ന്‌ ക്യാമറയ്‌ക്കു മുന്നില്‍ വായിച്ചു തുടങ്ങി:- കാലങ്ങള്‍ക്കുശേഷം അവര്‍ കണ്ടുമുട്ടുകയാണ്‌; അവര്‍ പരസ്‌പരം മറന്നു; എല്ലാം മറന്നു. എന്റെ ഇച്ചായാ അവള്‍ അറിയാതെ വിളിച്ചു; അവര്‍ ഒന്നായി...എഴുപതുകാരന്റെ കണ്ണുകള്‍ നനഞ്ഞു. ശബ്‌ദം വിതുമ്പലായി. ഇണപ്രാവുകളിലൂടെ താന്‍ കണ്ടെടുത്ത പ്രണയിനിയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ അയാള്‍ പതറിപ്പോയി; മരിച്ചുപോയ തന്റെ ഭാര്യയെ അയാള്‍ ഇണപ്രാവുകളിലൂടെ വീണ്ടെടുക്കുകയായിരുന്നു. മുട്ടത്തുവര്‍ക്കിയുടെ ഇണപ്രാവുകളിലൂടെ സ്വന്തം പ്രണയിനിയെ വീണ്ടെടുത്ത വായനക്കാരനെപ്പോലെയാണ്‌ പക്ഷഭേദമില്ലാത്ത വായനക്കാര്‍; ഓരോരോ കാലങ്ങളില്‍ ഏതോതോ നിമിഷങ്ങളില്‍ അവര്‍ മുട്ടത്തു വര്‍ക്കിയെ അന്വേഷിക്കും; കണ്ടെത്താതിരിക്കില്ല.

Ads by Google
Ads by Google
Loading...
TRENDING NOW