Monday, June 17, 2019 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 03 May 2018 01.54 PM

ചിറകു വിരിയുന്ന വിസ്മയലോകം...

സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങുന്ന ജടായു എര്‍ത്ത് സെന്ററിന്റെ കാഴ്ചകള്‍...
uploads/news/2018/05/213802/jadayupara030518.jpg

പശ്ചിമഘട്ട സാനുക്കളുടെ മടിത്തട്ടില്‍, മരതക പട്ടണിഞ്ഞ മലകള്‍ക്കു മുകളില്‍, ആയിരക്കണക്കിന് അടി ഉയരത്തിലൊരു വിസ്മയം. കൊല്ലം ചടയമംഗലം ഗ്രാമത്തില്‍ ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പമായി ജടായു ചിറകു വിരിക്കുന്നു.

ജടായു എര്‍ത്ത് സെന്റര്‍ എന്ന മായാ ലോകത്തെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നത് കണ്ണിനുമുന്നിലെ അത്ഭുതങ്ങള്‍ നിറഞ്ഞ ശില്‍പങ്ങളും കഥകളും ഐതിഹ്യങ്ങളും മാത്രമല്ല. ഉയരങ്ങളോട് മത്സരിക്കാന്‍ ക്ഷണിക്കുന്ന സാഹസിക വിനോദ കേന്ദ്രം, പാറക്കെട്ടുകളുടെയും ഔഷധ സസ്യങ്ങളുടെയും നടുവില്‍ നൈറ്റ് ക്യാമ്പിംഗ്, സ്വാഭാവിക ഗുഹകളില്‍ ഒരുക്കിയിരിക്കുന്ന സിദ്ധചികിത്സ തുടങ്ങിയവയയെല്ലാമുണ്ട്.

നിര്‍മാണ ജോലികള്‍ അവസാനഘട്ടത്തിലെത്തിയിരിക്കുന്ന എര്‍ത്ത് സെന്റര്‍ മെയ് മാസം പകുതിയോടെ സഞ്ചാരികള്‍ക്കായി തുറക്കാനിരിക്കുകയാണ് ഇതിന്റെ അമരക്കാരനും ശില്‍പിയുമായ രാജീവ് അഞ്ചല്‍.

ശില്‍പമായി ജടായു


ചടയമംഗലമെന്ന ഗ്രാമത്തിനു നടുവിലുള്ള നാലു പാറകളും താഴ്‌വരകളും സ്വകാര്യ വനങ്ങളുമെല്ലാം കൂടി ചേര്‍ന്നാണ് ജടായു എര്‍ത്ത് സെന്റര്‍ എന്ന പദ്ധതിയ്ക്കു രൂപം നല്‍കിയത്.

ആകാശവും ഐതിഹ്യവും സാങ്കേതികതയും അതിരിടുന്ന ഇവിടെ ഓരോ പാറയിലും ഓരോ കാഴ്ചകളുണ്ട്. ഈ മലകളില്‍, പാറകളില്‍ കലാസംവിധായകനും സംവിധായകനുമൊക്കെയായിരുന്ന രാജീവ് അഞ്ചല്‍ എന്ന ശില്‍പിയുടെ സ്വപ്നസാക്ഷാല്‍ക്കാരമുണ്ട്. ആകാശത്തേക്കുയര്‍ന്നു നില്‍ക്കുന്ന ജടായു ശില്‍പമുള്‍പ്പെടുന്ന ജടായു എര്‍ത്ത് സെന്റര്‍.

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പം ചിറകു വിരിയിക്കാന്‍ ഏറ്റവും കരുത്ത് നല്‍കിയത് എന്തെന്ന് ചോദിച്ചാല്‍ ശില്‍പി രാജീവിനു ഒരുത്തരമേ ഉള്ളൂ. ''വെല്ലുവിളികള്‍. അതുള്ളതു കൊണ്ട് മാത്രമാണ് ഇന്ന് ഈ ശില്‍പവും മറ്റെല്ലാം ഒരുക്കിയത്. ജടായു മാത്രമല്ല, ഇന്ന് ലോകത്ത് നില നില്‍ക്കുന്നതെല്ലാം നിര്‍മ്മിച്ചത് വെല്ലുവിളികളെ തോല്‍പിച്ചാണ്.''

തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജില്‍ പഠിക്കുമ്പോഴാണ് ജടായു പാറയില്‍ ഒരു ശില്പമെന്ന മോഹം അദ്ദേഹത്തിന്റെ മനസ്സിലുദിക്കുന്നത്. എന്നാല്‍ അതിനായി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അതിനിടെ എം.സി.റോഡിന്റെ വികസനത്തിനായി ഈ പാറകള്‍ പൊട്ടിക്കാന്‍ നീക്കമുണ്ടായെങ്കിലും അന്നത്തെ തഹസില്‍ദാര്‍ ആയിരുന്ന രാമചന്ദ്രന്‍ നായര്‍, കൊല്ലം ജില്ലാ കളക്ടര്‍ വിരേന്ദ്രകുമാര്‍ സിംഗ് എന്നിവരുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജടായുപാറയും ചുറ്റുമുള്ള മൂന്നു പാറകളും സംരക്ഷിക്കാ ന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. അതിന്റെ ഭാഗമായിട്ടാണ് വിനോദ സഞ്ചാര വകുപ്പ് അവിടെ ഒരു ശില്‍പം നിര്‍മ്മിക്കാനൊരുങ്ങിയത്.

ചടയമംഗലം മുന്‍ എം.എല്‍.എ പ്രയാര്‍ ഗോപാലകൃഷ്ണന്റെയും, ഇക്കോ ടൂറിസം ഡയക്ടര്‍ കെ.ജി. മോഹന്‍ലാലിന്റെയും നിര്‍ദ്ദേശപ്രകാരമാണ് രാജീവ് അഞ്ചല്‍ ഒരു നിയോഗം പോലെ ഇവ ഏറ്റെടുക്കുന്നത്. അതും സംസ്ഥാന തലത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ചു കൊണ്ട്. ശില്‍പത്തിനുള്ളില്‍ ഡിജിറ്റല്‍ മ്യൂസിയം കൂടി നിര്‍മ്മിക്കുന്ന തരത്തിലായിരുന്നു രാജീവിന്റെ മാസ്റ്റര്‍ പ്ലാന്‍.

പിന്നീട് മുന്‍ എം.എല്‍.എ. മുല്ലക്കര രത്‌നാകരന്‍, അന്ന് ടൂറിസം മന്ത്രി ആയിരുന്ന കൊടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജടായുപ്പാറ ടൂറിസം പദ്ധതിയെ കേരളത്തിലെ ആദ്യത്തെ ബി.ഓ.ടി. (Build Operate Transfer) പ്രോജക്ടായി മാറ്റിയത്. ഇവിടുത്തെ ശ്രീരാമ ക്ഷേത്രം,ജടായുവിന്റെ കൊക്കരിഞ്ഞകുളം, ശ്രീരാമ പാദം തുടങ്ങിയ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ടൂറിസം പദ്ധതിയുടെ ഖ്യാതി വര്‍ധിപ്പിച്ചു.

നിര്‍മാണനുമതി ലഭിച്ചതു മുതല്‍ ഇന്നു വരെ വെല്ലുവിളികളുടെ ഘോഷയാത്രയായിരുന്നുവെന്ന് പറയുമ്പോഴും രാജീവിന്റെ മുഖത്ത് നിരാശയോ പരാതിയോ ഇല്ല.

''വെല്ലുവിളികളെ നേരിടാന്‍ എല്ലാ തരത്തിലും ധൈര്യം പകര്‍ന്നത് കരുണാകര ഗുരുവാണ്. എല്ലാ മനുഷ്യരും ശക്തരാണ്. അവന്റെ ശക്തി ഉചിതമായ സമയത്ത് ഉചിതമായി ഉപയോഗിക്കുമ്പോഴാണ് വിജയമുണ്ടാകുന്നതെന്ന ഗുരു വചനം നല്‍കിയ കരുത്ത് ചെറുതല്ല.'' അദ്ദേഹം പറയുന്നു.

uploads/news/2018/05/213802/jadayupara030518a.jpg

ആയിരത്തിലേെറ അടി ഉയരത്തിലേക്ക് നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നത് മുതലുണ്ടായി വെല്ലുവിളികള്‍. സാമഗ്രികള്‍ക്കായി വിഞ്ച് എന്ന ക്രെയിന്‍ സംവിധാനം കണ്ടെത്തി, വെള്ളത്തിനായി പാറയ്ക്കു മുകളില്‍ തന്നെ സംഭരണി നിര്‍മ്മിച്ചു, അങ്ങനെ വെല്ലുവിളികള്‍ ഒന്നിനു പിന്നാലെ ഒന്നായി വന്നപ്പോള്‍ അതിനോടൊപ്പം പരിഹാരങ്ങളും വന്നെത്തി. വിദേശ മലയാളികളെ കോര്‍ത്തിണക്കി ഗുരു ചന്ദ്രിക എന്ന രാജീവ് അഞ്ചലിന്റെ കമ്പനിയാണ് ജടായു പദ്ധതിയുടെ നിര്‍മ്മാണം.

ടൂറിസം വകുപ്പിന്റെ 65 ഏക്കര്‍ സ്ഥലത്തുള്ള ഈ പ്രോജക്ടിന്റെ ഉദ്ഘാടനം മുതല്‍ 30 വര്‍ഷമാണ് കാലാവധി. അതിനു ശേഷം പദ്ധതി ടൂറിസം വകുപ്പിനു തിരിച്ചേല്‍പ്പിക്കും. അതുവരെ രാജീവ് അഞ്ചലിനാണ് പദ്ധതിയുടെ അവകാശം.

കാടും മേടും മരങ്ങളും വള്ളിപ്പടര്‍പ്പുമെല്ലാം നിറഞ്ഞ പ്രകൃതിയുടെ സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടാണ് അഡ്വഞ്ചര്‍, ജനറല്‍ ടൂറിസം കേന്ദ്രമായി ചടയമംഗലത്തെ മാറ്റിയെടുത്തത്.

സവിശേഷരീതിയിലാണ് ജടായുശില്‍പം. ചിറകറ്റശേഷം ഒറ്റച്ചിറകുമായി കാല്‍നഖങ്ങളുയര്‍ത്തിപ്പിടിച്ചു കിടക്കുന്ന രീതിയിലാണത്. അറ്റുവീണ മറ്റേ ചിറക് പാറകളില്‍ തന്നെ മറ്റൊരിടത്തും ഇവിടേക്കുള്ള വാക്ക് വേകളില്‍ പലയിടത്തായി ചിറകില്‍ നിന്നറ്റുവീണ തൂവലുകളുടെ ശില്‍പാവിഷ്‌കാരങ്ങളുമായി, ഒരു ശില്‍പസമുച്ചയമായാണ് രാജീവ് വിഭാവനം ചെയ്തത്. അതില്‍ പ്രധാന ശില്‍പമാണ് പൂര്‍ത്തിയായത്.

പക്ഷിയുടെ കണ്ണുകളിലൂടെ പുറത്തേക്കു നോക്കിക്കാണാനുള്ള അവസരവുമൊരുക്കിയിട്ടുണ്ട്. 250 അടി നീളവും 150 അടി വീതിയും 75 അടി ഉ യരവുമുള്ള കോണ്‍ക്രീറ്റ് ശില്‍പത്തിന്റെ ഉള്‍വശത്ത് വിസ്മയകരമായൊരു ഡിജിറ്റല്‍ ലോകമാണ്. 15000 ചതുരശ്ര അടിയില്‍ അഞ്ച് നില കെട്ടിടത്തിന്റെ ഉയ രത്തിലുള്ള ശില്‍പത്തിനുള്ളില്‍ ആ ധുനിക ഡിജിറ്റല്‍ ഓഡിയോ വിഷന്‍ മ്യൂസിയം സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായിരിക്കും.

രാവണനും ജടായുവും തമ്മിലുള്ള ആകാശയുദ്ധത്തിന്റെ അദ്ഭുതദൃശ്യമാണ് ഇവിടെ കാണിക്കുന്നത്. ആറുമാസം കൂടി കാത്തിരുന്നെങ്കില്‍ മാത്രമേ ശില്‍പത്തിനുള്ളിലെ കാഴ്ചകള്‍ കാണാന്‍ കഴിയൂ. പല ഘട്ടങ്ങളായി പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ 90% നിര്‍മ്മാണവും പൂര്‍ത്തിയായെന്നു രാജീവ്.

രണ്ടു വഴിയുണ്ട് ശില്‍പത്തിനടുത്തേക്ക്, റോപ്പ്‌വേയും വാക്വേയും. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നിറക്കുമതി ചെയ്ത, ഇന്ത്യയിലെ തന്നെ അത്യാധുനിക കേബിള്‍ കാര്‍ സവാരിയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. എട്ട് പേര്‍ക്കിരിക്കാവുന്ന 16 കേബിള്‍ കാറുകളാണ് ഉള്ളത്. മണിക്കൂറില്‍ 400 പേരെ മുകളിലെത്തിക്കാം. ഗ്ലാസ് കൊണ്ട് പൂര്‍ണ്ണമായും അടച്ച കേബിള്‍ കാറിനുള്ളിലെ യാത്ര ആകാശത്തു കൂടി പറക്കുന്നതു പോലെയാണനുഭവപ്പെടുക.

ഏകദേശം ഒന്നര കിലോമീറ്റര്‍ നടപ്പാതയാണ് വാക്ക് വേ. മലയിടുക്കുകളും കാടും കല്‍പ്പടവുകളും കയറിയിറങ്ങിയുള്ള യാത്ര. ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കും ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലുടെയും തീര്‍ത്ത കല്‍പടവുകളിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ പ്രത്യേകത. കേരളത്തിലെ പുരാതന കുരുക്ക് കെട്ട് രീതിയിലാണ് ഈ കല്‍പ്പടവുകള്‍.

വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാതെ, സിമന്റ് ഉപയോഗിക്കാതെ ഒരു കല്ലിനെ മറ്റൊരു കല്ലില്‍ കുരുക്കിട്ട് കെട്ടുന്ന അപൂര്‍വ പടിക്കെട്ടുകള്‍ 70 വയസ്സുകാരനായ ബാലന്‍ പിള്ളയുടെ കരവിരുതാണ്. മൂന്നൂറോളം പടികള്‍ക്കായി പതിനായിരക്കണക്കിന് കല്ലുകളാണ് മൂന്ന് വര്‍ഷം കൊണ്ട് അദ്ദേഹം മിനുക്കിയെടുത്തത്. കല്‍പടവുകളുടെ അവസാനഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ മാത്രമേ സഞ്ചാരികള്‍ക്ക് വാക്ക് വേ തുറന്നു നല്‍കൂ.

അഡ്വഞ്ചര്‍ സെന്റര്‍


65 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന എര്‍ത്ത് സെന്ററിനെ നാലായി തരംതിരിച്ചാണ് ഓരോ പദ്ധതിയും യാഥാര്‍ത്ഥ്യമാക്കിയത്. ജടായുപാറ, അഡ്വഞ്ചര്‍ റോക്ക്ഹില്‍, എലിഫന്റ് റോക്ക്ഹില്‍, കിച്ചണ്‍ റോക്ക് ഹില്‍ എന്നിങ്ങനെ നാലു പാറകളാണ് ഈ സമുച്ചയത്തിലുള്ളത്. ജടായുപാറയും ശില്‍പവുമാണ് പ്രധാനം. തൊട്ടു താഴെയുള്ള പാറക്കെട്ടുകളിലാണ് സാഹസികര്‍ക്കായുള്ള അഡ്വഞ്ചര്‍ സെന്റര്‍. ജടായു എര്‍ത്ത് സെന്ററില്‍ ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതും ഇതാണ്.

യുവാക്കളില്‍ ഏറെ ആവേശമുണര്‍ത്തുന്ന ഇരുപതോളം വിനോദങ്ങളാണ് ഇവിടെയുള്ളത്. സിപ്പ് ലൈന്‍ യാത്ര, റോക്ക് ക്ലൈംബിങ്, ബര്‍മ്മ ബ്രിഡ്ജ്, കമാന്‍ഡോ നെറ്റ്, ആര്‍ച്ചറി, ഷൂട്ടിംഗ്.... ഇങ്ങനെ നീളുന്നു അവ. 10 മുതല്‍ 100 പേര്‍ക്ക് വരെയുള്ളവര്‍ക്കുള്ള സൗകര്യമുണ്ട്.

ഗ്രൂപ്പ് തിരിച്ച് മത്സരങ്ങളായിട്ടാണ് ഓരോ കളികളും. പ്രത്യേക പരിശീലനം ലഭിച്ച ട്രെയ്‌നര്‍മാര്‍ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഒപ്പമുണ്ടാകും. അഡ്വഞ്ചര്‍ സെന്ററിലേക്കു മാത്രമായും പ്രവേശമുണ്ട്.

uploads/news/2018/05/213802/jadayupara030518b.jpg

നൈറ്റ് ക്യാമ്പ്


അഡ്വഞ്ചര്‍ റോക്ക് ഹില്ലിനു താഴെ ആനപ്പാറ നൈറ്റ് ക്യാമ്പിനു വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്. ടെന്റു കെട്ടി ഒരു രാത്രി ഇവിടെ ചെലവഴിക്കുന്നത് മറക്കാനാകാത്ത അനുഭവമായിരിക്കും. പൗര്‍ണമി യോടടുത്ത അഞ്ചു ദിവസങ്ങളിലാണ് ഇപ്പോള്‍ രാത്രി സഞ്ചാരികള്‍ക്കായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

പാട്ടും ആട്ടവുമായി ഒരു രാത്രി ആഘോഷമാക്കുമ്പോള്‍ സുരക്ഷയെപ്പറ്റി ആലോചിക്കുകയേ വേണ്ട. 65 ഏക്കറുള്ള പദ്ധതിയ്ക്കു ചുറ്റും വലിയ മതിലുകളാണ് ഒന്നാം ഘട്ട സുരക്ഷയൊരുക്കുന്നത്.

കൂടാതെ സിസിടിവി ക്യാമറകളും സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനങ്ങളും എപ്പോഴും സഞ്ചാരികള്‍ക്കൊപ്പമുണ്ടായിരിക്കും. ആഹാരമുള്‍പ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ല. സസ്യേതരഭക്ഷണത്തിനും മദ്യത്തിനും വിലക്കുമുണ്ട്.

ആയുര്‍വേദ ചികിത്സ (സിദ്ധകേവ് ഹീലിംഗ് സെന്റര്‍)


പാറകള്‍ പൊട്ടിക്കാതെയാണ് ജടായു ടൂറിസം നടപ്പാക്കിയിരിക്കുന്നത്. ഒറ്റപ്പെട്ടു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ ധാരാളമുണ്ടിവിടെ. ഈ പാറക്കൂട്ടങ്ങള്‍ക്കകത്ത് പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന വന്‍ഗുഹകളും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വന്‍മരങ്ങളും ഔഷധസസ്യങ്ങളുമുണ്ട്.

പ്രകൃതി ഒരുക്കിയ ഈ ഗുഹകളെ അതേപടി നിലനിര്‍ത്തിക്കൊണ്ടുള്ള പാരമ്പര്യ ചികിത്സാരീതിയും ഉടനെ ആരംഭിക്കും. 10 ദിവസത്തെ പാക്കേജിന്റെ ഭാഗമായിട്ടാണ് സിദ്ധ ആയുര്‍വേദ ചികിത്സ നല്‍കുന്നത്. കേരളത്തിനു പുറത്തുള്ളവര്‍ക്കായി പ്രാധാന്യം നല്‍കുന്ന ഈ പാക്കേജില്‍ ഒരു ദിവസം 12 പേര്‍ക്കു മാത്രമാണ് ചികിത്സയൊരുക്കുന്നത്.

ഇവിടെയുള്ള പാറകളിലെ സ്വാഭാവിക ഗുഹകളാണ് ചികിത്സക്കായുള്ള റിസോര്‍ട്ടുകളാക്കിയത്. പ്രാചീന കാലത്ത് ഗുഹകള്‍ക്കുള്ളില്‍ വച്ചു നല്‍കിയിരുന്ന ആയുര്‍വേദസിദ്ധ ചികിത്സാ രീതികളാണ് പുന:സൃഷ്ടിക്കുന്നത്.

പാരിസ്ഥിതികമായ സവിശേഷതകളേറെയുള്ള വിനോദസഞ്ചാര പദ്ധതി കൂടിയാണ് ജടായുപ്പാറ. മാലിന്യനിര്‍മാര്‍ജ്ജനത്തിനും ജൈവകൃഷിക്കും നാട്ടുകാരുമായിച്ചേര്‍ന്ന് സഹകരണസൊസൈറ്റി രൂപീകരിച്ച് മാതൃകയാവുകയാണ് രാജീവും കൂട്ടരും.

ഇവിടെ നിന്നുള്ള പ്ളാസ്റ്റിക്കേതര മാലിന്യം മുഴുവന്‍ ഇവിടെത്തന്നെയുള്ള മരങ്ങള്‍ക്കും ചെടികള്‍ക്കും വളമാക്കുക കൂടാതെ അധികം വരുന്ന ജൈവവളം താഴ്‌വാരത്തില്‍ കൃഷിക്കുപയോഗിക്കുകയും ആ കൃഷിയടക്കം വിദേശത്തുനിന്നുള്ള സന്ദര്‍ശകര്‍ക്കായുള്ള കാഴ്ചകളുടെ ഭാഗമാക്കുകയുമാണ് പദ്ധതി.

കിഴക്കാംതൂക്കായ പാറയ്ക്കുമുകളില്‍ വെള്ളലഭ്യത ഒരു പ്രശ്നം തന്നെയാണ്. അതിനും തീര്‍ത്തും പ്രകൃതിദത്തവും പ്രകൃതിസൗഹൃദവുമായ പരിഹാരവുമായാണ് രാജീവ് ഈ പദ്ധതിക്കു ജീവന്‍ നല്‍കിയിട്ടുള്ളത്.

ഭീമാകാരമായൊരു മഴവെള്ള സംഭരണി നിര്‍മിച്ചുകൊണ്ടാണ് ജലക്ഷാമം പരിഹരിച്ചത്. നിര്‍മാണത്തിനടക്കം വെള്ളം കണ്ടെത്തിയതും ഇങ്ങനയാണ്. നല്ലൊരു മഴ ലഭിച്ചാല്‍ത്തന്നെ വീഴുന്ന ഒരു തുള്ളിയും പാഴാകാതെ നിറയും വിധമാണ് ഇതിന്റെ നിര്‍മാണം.

uploads/news/2018/05/213802/jadayupara030518c.jpg
രാജീവ് അഞ്ചല്‍

പുരാണങ്ങളിലെ ജടായു


സീതാപഹരണം നടത്തിയ രാവണന്‍ പുഷ്പക വിമാനത്തില്‍ പറന്നത് ജടായുമംഗലമെന്ന ചടയമംഗലത്തിനു മുകളിലൂടെയാണെന്നാണു ഒരു വിശ്വാസം. സീതയുടെ നിലവിളി കേട്ട ജടായു രാവണനെ തടയാന്‍ ശ്രമിച്ചു.

പിന്നീടു നടന്ന യുദ്ധത്തില്‍ തോല്‍വിയോടടുത്ത രാവണന്‍ ശിവനെ തപസു ചെയ്ത് വരമായി കിട്ടിയ ദിവ്യായുധമായ, ചന്ദ്രഹാസം ജടായുവിനു നേരെ പ്രയോഗിച്ചെന്നും അര്‍ധപ്രാണനായ ജടാ യു താന്‍ താമസിച്ച പാറയില്‍ തന്നെ നിലം പതിച്ചുവെന്നുമാണ് ഐതിഹ്യം.

താന്‍ കാരണം ജീവന്‍ നഷ്ടപ്പെടാന്‍ പോകുന്ന ജടായുവിന്റെ അവസ്ഥയില്‍ മനമലിഞ്ഞ സീതാദേവി ശ്രീരാമദര്‍ശനവും അതുവഴി മോക്ഷപ്രാപ്തിയും ലഭിക്കട്ടെയെന്ന് ജടായുവിനെ അനുഗ്രഹിച്ചു.

സീതയെ അന്വേഷിച്ച് ജടായുപാറയിലെത്തിയ ശ്രീരാമന്‍ ജടായുവിനെ കാണുകയും മോക്ഷം നല്‍കുകയും ചെയ്തു. ജടായുവിന്റെ ചെറുത്തുനില്‍പ്പ് മൂലമാണ് രാവണന് ദിശ മാറ്റേണ്ടി വന്നതെന്നും കഥകളുണ്ട്.

How to Reach


എം. സി. റോഡില്‍ ചടയമംഗലത്തു നിന്നു ജടായു എര്‍ത്ത് സെന്ററിലേക്ക് ഒന്നര കിലോമീറ്ററുണ്ട്. എന്‍. എച്ച് വഴി വരുന്നവര്‍ക്ക് കൊല്ലം തിരുവനന്തപുരം പാതയില്‍ പാരിപ്പ ള്ളിയില്‍ നി
ന്നു ചടയമംഗലത്തേക്ക് എത്തിച്ചേരാം.

40 കിലോമീറ്ററകലെയുള്ള വര്‍ക്കലയാണ് തൊട്ടടുത്ത റയില്‍വേ സ്‌റ്റേഷന്‍. ചെങ്കോട്ട പാതയില്‍ കൊട്ടാരക്കര റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഇവിടേക്ക് 23 കിലോമീറ്ററേയുള്ളൂവെങ്കിലും നിലവില്‍ അധികം ട്രെയിനുകള്‍ ഇതുവഴിയില്ല.

പ്രവേശനം ഓണ്‍ലൈന്‍


പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് പ്രവേശനം. www.jatayuearthscenter.com എന്ന സൈറ്റിലൂടെ ബുക്ക് ചെയ്ത് വരുന്നവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. ആഹാരം, സുരക്ഷ കവചം, കുടിവെള്ളം തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്‍പ്പെടെയാണ് ബുക്കിംഗില്‍ ലഭിക്കുന്നത്.

ബുക്ക് ചെയ്ത ദിവസം സഞ്ചാരികളെത്തുമ്പോള്‍ ഓരോരുത്തര്‍ക്കും ഓരോ റെസ്റ്റ് ബാന്‍ഡ് നല്‍കും. പ്രവേശനത്തിനും ആഹാരത്തിനുമെല്ലാം ഈ ബാന്‍ഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും. പുറത്തു നിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്നു പ്രത്യേകം ശ്രദ്ധിക്കണം.

കെ. ആര്‍ ഹരിശങ്കര്‍

Ads by Google
Ads by Google
Loading...
TRENDING NOW