Wednesday, July 17, 2019 Last Updated 36 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 02 May 2018 03.16 PM

സുവര്‍ണ രാഘവം

''50 വര്‍ഷത്തെ അഭിനയജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നു നടന്‍ രാഘവന്‍ ''
uploads/news/2018/05/213515/raghavanINW020518a.jpg

ചക്രവര്‍ത്തിനി നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ....

1972 ല്‍ പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത ചെമ്പരത്തിയെന്ന ചിത്രം സമ്മാനിച്ചത് ഒരു നിത്യഹരിത ഗാനവും അതിലുപരി അതുല്യനായൊരു കലാകാരനേയുമാണ്. ആമുഖമേതുമില്ലാതെ മലയാളിയെന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന നടന്‍ രാഘവന്‍. അഭിനയിച്ച ചിത്രങ്ങളും അതിലെ ഗാനങ്ങളും പുതുതലമുറ പോലും എന്നും ഏറ്റു പാടുന്നു.

വാക്കുകള്‍ക്കതീതനാണ് രാഘവനെന്ന വ്യക്തി. അഭിനേതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നിങ്ങനെ സിനിമയുടെ ഹൃദയമിടിപ്പറിഞ്ഞ രാഘവന്‍ സിനിമയിലൂടെയും സീരിയലുകളിലൂടെയും എന്നും സുപരിചിതനാണ്.

ഇടയ്ക്ക് സിനിമയില്‍ നിന്നൊരു ഇടവേളയെടുത്തെങ്കിലും വീണ്ടും കരുത്തുറ്റ കഥാപാത്രത്തിലൂടെ തിരിച്ചെത്തി. പ്രിയപ്പെട്ട മകന്‍ ജിഷ്ണു രാഘവന്റെ മരണം അദ്ദേഹത്തെ വീണ്ടും തളര്‍ത്തി. മകന്റെ വേര്‍പിരിയലിന് വര്‍ഷങ്ങള്‍ക്ക് ശേഷം അതിശക്തമായി അദ്ദേഹം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തി.

അഭിനയജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ക്കിപ്പുറം ഒട്ടേറെ അനുഭവങ്ങളും വിസ്മരിക്കാനാവാത്ത ഓര്‍മ്മകളും രാഘവനുണ്ട്. അഭിനയജീവിതത്തിന്റെ 500ാം വര്‍ഷത്തിലേക്ക് കടക്കുന്ന നടന്‍ രാഘവനുമൊത്ത് അല്പനേരം...

50 വര്‍ഷത്തെ അഭിനയജീവിതം. നൂറോളം സിനിമകള്‍. തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്തനാണോ ?


അതെ. സിനിമ എനിക്കെന്നും ഒരു സ്വപ്‌നമായിരുന്നു. 1968 ലാണ് ആദ്യചിത്രമായ കായല്‍ക്കരയില്‍ റിലീസ് ചെയ്തത്. ചിത്രം വലിയ വിജയമായി, അതിന് ശേഷം ഒട്ടേറെ അവസരങ്ങളെനിക്ക് കിട്ടി. പിന്നീട് ഞാനഭിനയിച്ചത് അഭയമെന്ന ചിത്രത്തിലാണ്.

അഭയത്തിലെ അഭിനയം കണ്ടിട്ടാണ് ചെമ്പരത്തിയിലെ നായകവേഷത്തിലേക്ക് എന്നെ തെരഞ്ഞെടുത്തത്. ചെമ്പരത്തി റിലീസായതോടെ അക്കാലത്ത് ഏറെ തിരക്കുള്ളൊരു നടനായി ഞാന്‍ മാറി. സത്യന്‍ മാഷും പ്രേംനസീര്‍ സാറും മധുച്ചേട്ടനുമെല്ലാം തിളങ്ങി നില്‍ക്കുന്ന കാലമായിരുന്നു അത്. അതെല്ലാം മറക്കാനാവാത്ത അനുഭവങ്ങളാണ്.

തുടക്കം എങ്ങനെയായിരുന്നു ?


ജനിച്ചത് കണ്ണൂരിലെ തളിപ്പറമ്പിലായിരുന്നെങ്കിലും കോളജ് വിദ്യാഭ്യാസം മധുരയിലായിരുന്നു. ഡിഗ്രിക്ക് ശേഷം സിനിമ പഠിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാനെത്തിയത്. മൂന്നു വര്‍ഷത്തെ പഠനത്തിന് ശേഷം ഒരുപാട് അവസരങ്ങള്‍ സിനിമയില്‍ നിന്നും നാടകങ്ങളില്‍ നിന്നും വന്നു.

പക്ഷേ ഞാനപ്പോഴും മികച്ചതിനായി കാത്തിരുന്നു. ഇതിനിടയിലാണ് കന്നഡ സംവിധായകന്‍ ജി.വി.അയ്യറെ കാണാനിടയായത്. അതാണ് ജീവിതത്തിലെ വഴിത്തിരിവായത്.

യഥാര്‍ത്ഥത്തില്‍ നടനാകാനല്ല, സംവിധായകനാവാനായിരുന്നു എന്റെ ആഗ്രഹം. അയ്യര്‍ സാറിന്റെ സുഹൃത്താണ് എന്നെ കായല്‍ക്കരയില്‍ എന്ന ചിത്രത്തിലെ നായകനായി തെരഞ്ഞെടുത്തത്. ഇതിനിടെ കന്നഡ സിനിമകളില്‍ സഹസംവിധായകനായും ജോലി ചെയ്തു.

ശ്രീദേവിയുടെ നായകനായി അഭിനയിച്ചിട്ടുണ്ടല്ലോ?


ശ്രീദേവിക്കൊപ്പം രണ്ട് സിനിമകളില്‍ ഞാ ന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ആലിംഗനമെന്ന ചിത്രത്തില്‍ ശ്രീദേവി എന്റെ നായികയായിരുന്നു. അന്ന് ശ്രീദേവിക്ക് 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവരുടെ അഭിനയം എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മലയാളിയല്ലെങ്കില്‍ക്കൂടി നന്നായി സംസാരിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു.

അഭിനയിച്ച സിനിമകളിലെ ഗാനങ്ങളെല്ലാം കാലത്തിനതീതമായി ഇന്നും പ്രിയങ്കരമാണല്ലോ?


ഒരഭിനേതാവിനെ സംബന്ധിച്ച് ഭാഗ്യമാണ്. അതില്‍ ചക്രവര്‍ത്തിനിയെന്ന ഗാനം ഇപ്പോഴും വലിയ ഹിറ്റാണ്. ഇന്നത്തെ തലമുറയും ആ പാട്ടിനെ ഏറെ സ്‌നേഹിക്കുന്നുണ്ട്. ഞാന്‍ അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലേയും ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഒരു കാലത്ത് സ്‌ക്രീനിലെ പ്രണയകുമാരനായിരുന്നു. പ്രണയലേഖനങ്ങള്‍ ഒരുപാട് കിട്ടിയിട്ടുണ്ടാവുമല്ലോ ?


ഉണ്ട്. അനവധി പ്രണയലേഖനങ്ങള്‍ കിട്ടിയിട്ടുണ്ട്. അതെല്ലാം വായിച്ച് രസിക്കാറുമുണ്ടായിരുന്നു. അതൊക്കെ ജീവിതത്തിലെ നല്ല ഓര്‍മ്മകളാണ്.

സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് ഒരിടവേളയെടുത്തല്ലോ ?


ഞാനങ്ങനെ സുഹൃത്ത്ബന്ധങ്ങളൊക്കെ മുന്നോട്ട് കൊണ്ടുപോകാന്‍ മിടുക്ക് കാണിച്ചിരുന്ന ഒരാളല്ല. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ അത് അവിടെ തീര്‍ന്നു. പിന്നെ അതുമായി ബന്ധപ്പെട്ടവരുമായി സംസാരിക്കാനുള്ള അവസരമോ ഒന്നും കിട്ടിയിരുന്നില്ല. ഞാന്‍ അതിന് ശ്രമിച്ചിരുന്നില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

മാത്രമല്ല, പണ്ട് ഷൂട്ട് തുടങ്ങുമ്പോള്‍ അഡ്വാന്‍സായി കുറച്ച് കാശ് തരും. ബാക്കി ഷൂട്ടിന് ശേഷം വാങ്ങാം എന്ന് ഞാന്‍ ചിന്തിക്കും. പക്ഷേ ഷൂട്ടിന് ശേഷം നിര്‍മ്മാതാവിന്റെ കൈയിലെ പണമൊക്കെ തീര്‍ന്നിരിക്കും. പിന്നെ ഞാന്‍ കാശ് ചോദിക്കാറുമില്ല.

ഇതേ നിര്‍മ്മാതാക്കള്‍ വീണ്ടുമൊരു ചിത്രം ചെയ്യുമ്പോള്‍ എന്നെ വിളിക്കില്ല. കാരണം മുമ്പത്തെ സിനിമയിലെ കാശ് മുഴുവന്‍ എനിക്ക് തന്ന് തീര്‍ക്കേണ്ടതുണ്ടല്ലോ. സിനിമ ഇല്ലാതിരുന്നപ്പോള്‍ എഴുത്തും വായനയുമൊക്കെ എനിക്കുണ്ടായിരുന്നു.

uploads/news/2018/05/213515/raghavanINW020518.jpg

മധുവും പ്രേംനസീറുമെല്ലാം തിളങ്ങിയ കാലത്ത് അവര്‍ക്കൊപ്പം ഒരു താരമായി നിന്നതിനെക്കുറിച്ച് ?


മധുച്ചേട്ടനും നസീര്‍ സാറും എന്റെ നല്ല സുഹൃത്തുക്കളായിരുന്നു. ഇന്നത്തെപ്പോലെയല്ലല്ലോ, അന്ന് അഭിനേതാക്കള്‍ വളരെ കുറവല്ലേ. എനിക്കിഷ്ടപ്പെട്ട വേഷമേ ഞാന്‍ ചെയ്യൂ എന്നുള്ള ചിന്താഗതിയൊ ന്നും അന്നില്ല. മാത്രമല്ല, എല്ലാവരുമായും നല്ല സൗഹൃദവും ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെ സ്റ്റാര്‍ഡം ഒന്നും അന്നില്ലല്ലോ.

എഴുതി സംവിധാനം ചെയ്ത കിളിപ്പാട്ടിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടും പിന്നീട് ഒരു സിനിമ എഴുതുകയോ സംവിധാനം ചെയ്യുകയോ ഉണ്ടായില്ല. എന്തു പറ്റി?


സംവിധാനം എന്റെ വലിയ സ്വപ്‌നമായിരുന്നു. അങ്ങനെയാണ് കിളിപ്പാട്ട് എന്ന ചിത്രം ചെയ്തത്. പലരും സിനിമ നിര്‍മ്മിക്കാനൊരുങ്ങുമ്പോള്‍ അതിന് പിന്നിലുണ്ടാകുന്ന സാമ്പത്തികനഷ്ടത്തെക്കുറിച്ചും സമയനഷ്ടത്തെക്കുറിച്ചുമൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു.

അവസാനം ഞാനൊരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങിയപ്പോള്‍ എനിക്കൊരു നിര്‍മ്മാതാവിനെ കിട്ടാതായി. പിന്നെ ഞാന്‍ തന്നെ ചിത്രം നിര്‍മ്മിക്കേണ്ടി വന്നു. സുകുമാരനായിരുന്നു നായകന്‍. ചിത്രം വലിയ കമ്പോളവിജയമൊന്നുമായിരുന്നില്ല. ദേശീയോദ്്ഗ്രഥനചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കിട്ടിയെന്നു മാത്രം. പല മേളകളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നീടൊരു സിനിമ ചെയ്യാനായില്ല.

ജീവിതത്തിലേറെ സ്വാധീനിച്ച വ്യക്തി ?


എന്നെ സ്വാധീനിച്ചത് അമ്മാവന്‍ കരുണാകരനാണ്. സംസ്‌കൃത പണ്ഡിതനായിരുന്നു. അദ്ദേഹം പറഞ്ഞു തന്ന പാഠങ്ങളാണ് ഏത് വിഷമഘട്ടത്തിലും എന്നെ മുന്നോട്ട് നടക്കാന്‍ പ്രേരിപ്പിക്കുന്നത്.

ജിഷ്ണുവിന്റെ വേര്‍പാടിനെ എങ്ങനെ ഉള്‍ക്കൊള്ളാനായി?


അപ്രതീക്ഷിതമായിരുന്നു അവന്റെ വേര്‍പാട്. അവന്‍ ഞങ്ങളെ വിട്ടു പോയിട്ടിപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞു. ജിഷ്ണുവിന്റേത് ഒരു തീരാനഷ്ടമാണ്. പിന്നെ വിഷമിച്ചിരിക്കുന്നതു കൊണ്ട് കാര്യമൊന്നുമില്ലല്ലോ. ജീവിതം മുമ്പോട്ട് കൊണ്ടുപോയല്ലേ പറ്റൂ.

ഇടവേളയ്ക്ക് ശേഷം സീരിയലുകളില്‍ സജീവമായല്ലോ ?


സിനിമയില്‍ അവസരങ്ങള്‍ കിട്ടിയില്ല. സീരിയലുകളിലേക്കാണ് വിളിച്ചത്. സംവിധായകരുടെ പുറകെ നടന്ന് അവസരങ്ങള്‍ ചോദിക്കുന്ന ശീലമില്ലാതിരുന്നതുകൊണ്ടാവാം ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ സാധിക്കാതിരുന്നത്. പക്ഷേ സീരിയലുകളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യാനെനിക്ക് സാധിച്ചു.

50 വര്‍ഷം പിന്നിടുമ്പോള്‍ സിനിമാരംഗത്ത് മാറ്റങ്ങള്‍ ഉണ്ടായതായി തോന്നിയില്ലേ ?


ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ സിനിമയിലെത്തിയ കാലത്ത് സ്റ്റുഡിയോയിലായിരുന്നു ഷൂട്ട്. മദ്രാസില്‍ മലയാള സിനിമയ്ക്ക് മാത്രമായി സ്റ്റുഡിയോ ഉണ്ടായിരുന്നു. ഔട്ട്ഡോര്‍ അനിവാര്യമാണെങ്കില്‍ മാത്രമേ പുറത്തുപോയി ഷൂട്ട് ചെയ്തിരുന്നുള്ളൂ. അതും വല്ലപ്പോഴും.

ഇന്നത്തെപ്പോലെ ഡബ്ബിംഗിന് മാത്രമായി പ്രത്യേകം ദിവസമൊന്നും ഉണ്ടായിരുന്നില്ല. ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ സംഭാഷണങ്ങള്‍ പറയുകയായിരുന്നു പതിവ്. ലോങ് ഷോട്ട് ചെയ്യുമ്പോള്‍ മൈക്ക് മുകളിലേക്കെടുക്കുകയും അതനുസരിച്ച് ശബ്ദമുയര്‍ത്തി സംസാരിക്കേണ്ടി വരികയും ചെയ്യുമായിരുന്നു.

അതുകൊണ്ടാണ് പണ്ടത്തെ സിനിമയിലെ അഭിനയം ആര്‍ട്ടിഫിഷ്യലാണെന്ന തോന്നല്‍ ഉണ്ടെന്ന് പലരും പറയുന്നത്. അന്ന് ഒറ്റയിരിപ്പില്‍ ഡയലോഗ് മുഴുവന്‍ പറയേണ്ടി വരുമായിരുന്നു. മാത്രമല്ല, എടുക്കുന്ന സീനുകള്‍ അപ്പോള്‍ തന്നെ സംവിധായകന് കാണാന്‍ സാധിക്കില്ല.

ഫിലിമിന്റെ നെഗറ്റീവ് പോസിറ്റീവാക്കി റഷ് പ്രിന്റ് എടുത്തിട്ടു വേണം കാണാന്‍. അതൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. ഇന്ന് കാലമാകെ മാറി. ഒന്നു ശ്വസിച്ചാല്‍ പോലും പുറമെ കേള്‍ക്കാം. അത്രയധികം ടെക്‌നോളജി വളര്‍ന്നു കഴിഞ്ഞു. ഇന്ന് നെടുനീളന്‍ ഡയലോഗുകളൊന്നും കാണാതെ പഠിച്ച് പറയേണ്ടതില്ല.

കൃഷി, എഴുത്ത്, അങ്ങനെയെന്തെങ്കിലും?


കൃഷിയോട് താല്പര്യമുണ്ട്. ഇപ്പോള്‍ ഞാനും കുടുംബാംഗങ്ങളും തിരുവനന്തപുരത്തെ കവടിയാറാണ് താമസം. ഇവിടെ അതിനുള്ള സൗകര്യങ്ങളൊന്നുമില്ല. എഴുതുന്ന ശീലം ഇപ്പോഴുമുണ്ട്.

പുതിയ സിനിമകള്‍...സീരിയലുകള്‍ ?


കസ്തൂരിമാന്‍ എന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. കൂടാതെ ടൊ വിനോ, ഉര്‍വ്വശി എന്നിവര്‍ക്കൊപ്പമുള്ള ഒരു സിനിമയിലും നല്ലൊരു കഥാപാത്രം കിട്ടിയിട്ടുണ്ട്. ലക്‌നൗവിലാണ് ഷൂട്ടിംഗ്.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Wednesday 02 May 2018 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW