Thursday, June 27, 2019 Last Updated 18 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 02 May 2018 11.56 AM

സി.പി.എമ്മുകാര്‍ ചവിട്ടി ഗര്‍ഭം കലക്കിയ ജ്യോത്സനയുടെ സ്ഥിതി ദയനീയം; പോക്‌സോ കേസിലെ പ്രതികളെ സംരക്ഷിക്കുന്ന പോലീസും കുഞ്ഞിന്റെ ജീവന് അഞ്ചുലക്ഷം രൂപ വിലയിട്ട സി.പി.എമ്മും: കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പോക്‌സോ നിയമപ്രകാരം ഈ കുടുംബം നല്‍കിയ പരാതിയില്‍ ഫെബ്രുവരി 20ന് കോടഞ്ചേരി പോലീസ് കേസെടുത്തുവെങ്കിലും സി.പി.എം പ്രവര്‍ത്തകനായതിനാല്‍ നടപടിയെടുക്കാന്‍ പോലീസ് മടിക്കുകയാണ്.
Deepthi Mary Varghese

കോട്ടയം: ഇടതുസര്‍ക്കാരിന്റെ ഭരണത്തില്‍ സി.പി.എമ്മിന്റെയും പോലീസിന്റെയും മനുഷ്യത്വരഹിത മുഖം തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോടഞ്ചേരിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ വീട് കയറി നടത്തിയ ആക്രമണത്തിനിടെ അടിവയറ്റിന് ചവിട്ടേറ്റ് യുവതിയുടെ നാലു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തിലും ഇതേതുടര്‍ന്ന് ആ കുടുംബം നേരിടുന്ന ഭീഷണിയുമാണ് ഫേസ്ബുക്കില്‍ ദീപ്തി മേരി തുറന്നെഴുതുന്നത്. ഈ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു കുഞ്ഞിനെ സി.ഐ.ടി.യു പ്രവര്‍ത്തകനായ ഒരാള്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയാണ് വീട് കയറി ആക്രമണത്തിലേക്ക് നയിച്ചതെന്നും അത് ഭൂമി തര്‍ക്കമാക്കി സി.പി.എം പ്രചാരണം നടത്തുകയാണ്.

പോക്‌സോ നിയമപ്രകാരം ഈ കുടുംബം നല്‍കിയ പരാതിയില്‍ ഫെബ്രുവരി 20ന് കോടഞ്ചേരി പോലീസ് കേസെടുത്തുവെങ്കിലും സി.പി.എം പ്രവര്‍ത്തകനായതിനാല്‍ നടപടിയെടുക്കാന്‍ പോലീസ് മടിക്കുകയാണ്. പോലീസ് സ്‌റ്റേഷനില്‍ ചെല്ലുന്ന കുടുംബത്തെ പോലീസുകാര്‍ പരിഹസിക്കുന്നു. നിയമവാഴ്ച തകര്‍ന്നതിന്റെ ഉദാഹരണമാണിത്. കുഞ്ഞ് നഷ്ടപ്പെട്ടതിന് പകരമായി അഞ്ചു ലക്ഷം രൂപ സി.പി.എം വച്ചുനീട്ടുന്നു. പാര്‍ട്ടിയുടെ മനുഷ്യത്വരഹിത്യമുഖമാണ് ഇത് കാണിക്കുന്നത്.

സി.പിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും നടത്തിയ ആക്രമണത്തിനിടെ അടിവയറ്റില്‍ ചവിട്ടേറ്റാണ് ജ്യോത്സനയുടെ നാലു മാസമായ ഗര്‍ഭം അലസിപ്പോയത്. ഇതോടെ ആരോഗ്യസ്ഥിതി മോശമായ ജ്യോത്സയുടെയും കുടുംബത്തിന്റെയും സ്ഥിതി അതീവ ദയനീയമാണ്. പാര്‍ട്ടിയെ ഭയന്ന് കോടഞ്ചേരിയിലെ വീട്ടില്‍ നിന്നും അവര്‍ മറ്റൊരിടത്തേക്ക് താമസം മാറി. പൊട്ടിപ്പൊളിഞ്ഞ രണ്ടു മുറി വീട്ടിലാണ് താമസം. ഇവിടെയും ഭീഷണി തുടരുന്നതിനാല്‍ മറ്റൊരിടത്തേക്ക് മാറേണ്ട സ്ഥിതിയാണ്. കുടുംബത്തെ ഒറ്റയ്ക്ക് വിട്ടിട്ട് ജ്യോത്സനയുടെ ഭര്‍ത്താവിന് ജോലിക്ക് പോകാനും ഭയമാണെന്നും ദീപ്തി മേരി വര്‍ഗീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Deepthi Mary Varghese

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സിപിഎം ഭരണത്തില്‍ ഈ കുടുംബത്തിന് നീതി ലഭിക്കുമോ ?

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും സംഘത്തിന്റെയും വീടുകയറിയുളള അക്രമത്തില്‍ ഗര്‍ഭസ്ഥശിശുവിനെപ്പോലും നഷ്ടപ്പെട്ട ജ്യോത്സനയെ കണ്ടു. അക്രമത്തിനിടെ അടിവയറ്റിന് ചവിട്ടേറ്റാണ് ജ്യോത്സനയ്ക്ക് വയറ്റിലുണ്ടായിരുന്ന നാല് മാസം പ്രായമുളള കുഞ്ഞിനെ നഷ്ടമായത്. ബ്ലീഡിംഗിനൊടുവില്‍ കുട്ടി മരണപ്പെടുകയായിരുന്നു. ജ്യോത്സനയെയും കുടുംബത്തെയും കാണാന്‍ കോടഞ്ചേരിയിലേക്കാണ് ആദ്യമെത്തിയതെങ്കിലും സിപിഎം പ്രവര്‍ത്തകരുടെ നിരന്തരമുളള ഭീഷണിമൂലം ഇവര്‍ താമസം മാറിയതായി അറിഞ്ഞു. അവിടെ നിന്നും താമരശേരിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കട്ടിപ്പാറയിലെ വാടകവീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. പൊട്ടിപ്പൊളിഞ്ഞ രണ്ട് മുറികള്‍ മാത്രമുളള വീട്ടില്‍ മക്കളെയും കൊണ്ട് ജ്യോത്സനയും ഭര്‍ത്താവ് സിബിയും. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുളളതിനാല്‍ ഈ വീട്ടിലെ സുരക്ഷ ഇരുവരുടെയും മുഖത്ത് ആശങ്കയായി പ്രകടമായിരുന്നു. അതുകൊണ്ടു തന്നെ അവിടെ നിന്നും മറ്റൊരു വീട്ടിലേക്ക് മാറാനുളള തയ്യാറെടുപ്പിലാണ്് ഇവര്‍. മര്‍ദ്ദനത്തില്‍ നിന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും ജ്യോത്സന ഇനിയും മുക്തമായിട്ടില്ല. കൈയ്ക്കും കാലിനും സ്വാധീനക്കുറവുണ്ട്. ഞാന്‍ ചെന്നപ്പോള്‍ കിടക്കുകയായിരുന്ന അവര്‍ എന്റെ സഹായത്തോടെയാണ് എഴുന്നേറ്റത്. സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി മൂലം ജ്യോത്സനയുടെ അമ്മയ്ക്ക് പോലും അവര്‍ക്കൊപ്പം നില്‍ക്കാനാകാത്ത സ്ഥിതിയാണ്. ഇളയ കുട്ടിയെ എടുക്കാന്‍ പോലുമാകാത്ത രീതിയില്‍ ജ്യോത്സനയുടെ ആരോഗ്യം മോശമായി. പൂര്‍ണമായ ആരോഗ്യം വീണ്ടെടുക്കാന്‍ ജ്യോത്സ്‌നയ്ക്ക് മികച്ച ചികിത്സ ആവശ്യമാണ്. എന്നാല്‍ ഈ സ്ഥിതിയില്‍ കുട്ടികള്‍ക്ക് പട്ടിണി കൂടാതെ കഴിയാന്‍ തന്നെ ഇവര്‍ പാടുപെടുന്നു. എറണാകുളത്ത് ഒരു സ്വകാര്യ കമ്പിനിയിലാണ് സിബിക്ക് ജോലി .. പക്ഷെ ഈ പ്രശ്‌നങ്ങള്‍ തുടങ്ങിയതില്‍ പിന്നെ കുടുംബത്തിന്റെ സുരക്ഷയില്‍ പേടിയുളളതുകൊണ്ട് ഇവരെ തനിച്ചാക്കി ജോലിക്ക് പോകാനും സിബിക്ക് കഴിയുന്നില്ല. ഭൂമിതര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ജ്യോത്സനയും സിബിയും പറയുന്നു. ഇവരുടെ മൂത്ത മകളെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. സിഐടിയു പ്രവര്‍ത്തകനായ പ്രതിക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടും പ്രതിക്കെതിരേ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തിലെത്തിച്ചത്. ഈ കേസിലെ പ്രതിയുടെ സഹോദരന്‍ കൂടി ഉള്‍പ്പെട്ട സംഘമാണ് ജ്യോത്സ്‌നയെയും കുടുംബത്തെയും വീടുകയറി അക്രമിച്ചത്. കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോടഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഫെബ്രുവരി 20 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഇതുവരെ കാര്യമായ നടപടിയുണ്ടായിട്ടില്ല. പോക്‌സോ പോലുളള ഗൗരവമായ വകുപ്പുകള്‍ ചുമത്തിയിട്ടും നടപടിയെടുക്കാന്‍ പൊലീസ് മടിക്കുന്നത് ഇവിടുത്തെ നിയമവാഴ്ചയുടെ തകര്‍ച്ചയായി മാത്രമേ കാണാന്‍ കഴിയൂ. സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ പൊലീസുകാര്‍ പരിഹസിക്കുകയാണന്നും ഇവര്‍ പറയുന്നു. പ്രതിസ്ഥാനത്ത് സ്വന്തം പാര്‍ട്ടിക്കാരായതിനാല്‍ സര്‍ക്കാരും അവരെ സംരംക്ഷിക്കുന്നു. സംഭവത്തിന് ശേഷം ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞ് ഇവരുടെ വീട്ടിലെത്തിയ സിപിഎം നേതാക്കള്‍ അഞ്ച് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. ഒരു കുഞ്ഞിന്റെ ജീവന് അഞ്ച് ലക്ഷം രൂപ വിലയിടുന്ന മനുഷ്യത്വ രഹിതമായ സമീപനത്തിലേക്ക് സിപിഎം എത്തിയിരിക്കുന്നു. ഒരു കുടുംബത്തോട് സിപിഎമ്മും പൊലീസും കാണിക്കുന്ന ഏറ്റവും വലിയ നെറികേടിന്റെ ഉദാഹരണമാണ് ഇവര്‍. സിപിഎം ബന്ധത്തിന്റെ പേരില്‍ പ്രതികള്‍ സംരംക്ഷിക്കപ്പെടുമ്പോള്‍ പൗരന്റെ ജീവനും സ്വത്തിനും സംരംക്ഷണം നല്‍കാന്‍ ചുമതലപ്പെട്ട സര്‍ക്കാര്‍ കേരളത്തിലെ പൊതുസമൂഹത്തെയാണ് വഞ്ചിക്കുന്നത്.

Ads by Google
Wednesday 02 May 2018 11.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW