അധ്യാപകര്‍,അജ്ഞതയുടെ ഇരുട്ടില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തുന്നവര്‍. അവര്‍ പൂജിക്കപ്പെടേണ്ടവരാണ്. പക്ഷേ ഇന്ന് അറിഞ്ഞോ അറിയാതെയോ ഇവര്‍ ക്രൂശിക്കപ്പെടുന്നു. കുട്ടികളുടെ അവകാശങ്ങളെച്ചൊല്ലി പലരും മുറവിളി കൂട്ടുമ്പോള്‍ അധ്യാപരുടെ അവകാശങ്ങളെക്കുറിച്ച് എല്ലാവരും മറക്കുന്നു.
കൈപിടിച്ച് നടത്തുന്ന അധ്യാപകര്‍ക്കുനേരെ കൈയ്യോങ്ങുന്ന അവസ്ഥ ഉണ്ടാകുന്നു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അധ്യാപകസമൂഹത്തെയൊട്ടാകെ വിദ്യാര്‍ത്ഥികളുടെ ശത്രുക്കളായി ചിത്രീകരിക്കുന്നു. മാധ്യമങ്ങളും മാധ്യമവിചാരണകളും അതിന് ആക്കം കൂട്ടുന്നു.
സൈക്കിള്‍ ചെന്നു കാറില്‍ മുട്ടിയാലും കാര്‍ ചെന്നു സൈക്കിളില്‍ മുട്ടിയാലും കാറിന്റെ കുറ്റം എന്നതിനു സമാനമാണ് അധ്യാപകരോട് പൊതുസമൂഹം വച്ചുപുലര്‍ത്തുന്ന മനോനില. കുട്ടികളുടെ നന്മ മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന നിഷ്കാമികളും നിഷ്പക്ഷരുമായ അധ്യാപകര്‍ പോലും നിയമബലത്തില്‍ അവരെ ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സമീപനത്തില്‍ മനം നൊന്ത് നിസഹായതയുടെ മൗനത്തിലഭയം തേടുന്നു.
കേരളത്തില്‍ മാത്രം സംഭവിക്കുന്ന ഈ സാമൂഹിക പ്രതിഭാസത്തിന്റെ അനന്തരഫലമായിത്തന്നെ, സ്കൂള്‍ കുട്ടികളുടെ ഇടയില്‍ അപകടകരമാംവിധം വര്‍ധിക്കുന്ന മയക്കുമരുന്നുകളുടെ സ്വാധീനവും വ്യാപനവും വിലയിരുത്തപ്പെടേണ്ടതുണ്ട്. തലസ്ഥാനത്തെ ഒരു പ്രമുഖ സ്കൂളില്‍ മാത്രം കഴിഞ്ഞ അദ്ധ്യയന വര്‍ഷം ഗര്‍ഭിണികളായ പ്ളസ് ടൂ വിദ്യാര്‍ത്ഥിനികളുടെ എണ്ണം നാലാണ്!
സ്വന്തം മക്കളെ കണ്ണടച്ചു വിശ്വസിക്കുന്ന അച്ഛനുമമ്മയും. അവരുടെ വിശ്വാസം ചൂഷണം ചെയ്യുന്ന മക്കള്‍ ചെയ്യുന്നതെന്തെന്നവരറിയുന്നില്ല. അതു കൊണ്ടു തന്നെ അധ്യാപകരാണ് ഒടുവില്‍ പ്രതിക്കൂട്ടിലാക്കപ്പെടുന്നത്. കേരള മന:സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് അടുത്തിടെ കൊല്ലത്തെ ഒരു സ്കൂളിലെ പ്രധാന അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നി ല്‍ കുരുക്കഴിഞ്ഞ സത്യങ്ങള്‍ വിരല്‍ചൂണ്ടുന്നതും സമാനവസ്തുതകളിലേക്കാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ അധ്യാപകര്‍ക്ക് പറയാനുള്ളതെന്ത്? കന്യക നടത്തിയ അന്വേഷണം.
ടീച്ചറുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പല വാര്‍ത്തകളും വരുന്നുണ്ട്. ഒരു കുട്ടിയുടെ ബന്ധുക്കളുടെ ഭീഷണിയെത്തുടര്‍ന്നാണ് ടീച്ചര്‍ ആത്മഹത്യ ചെയ്തെന്നാണ് ഒടുവിലത്തെ വാര്‍ത്ത..
സ്കൂളില്‍ ഈ വിദ്യാര്‍ത്ഥി മദ്യം കൊണ്ടുവന്ന സംഭവം ഉണ്ടായിട്ടുണ്ട്. ആ കുട്ടി ഉച്ചക്ക് ബാഗ് തുറന്നപ്പോള്‍ മറ്റു കുട്ടികള്‍ മദ്യക്കുപ്പി കണ്ട് സ്റ്റാഫ് റൂമില്‍ വന്നു പറഞ്ഞു. ഞങ്ങള്‍ അധ്യാപകര്‍ ക്ലാസില്‍ ചെന്ന് ബാഗ് പരിശോധിച്ച് മദ്യക്കുപ്പി കണ്ടെടുത്തു. വീട്ടുകാരെ വിളിച്ച് സംസാരിച്ചു. അവര്‍ പൂര്‍ണ്ണമായും ഞങ്ങളോട് സഹകരിച്ചു. കുട്ടിയുടെ അച്ഛന് മദ്യപിക്കുന്ന ആളാണ്.
കുട്ടിയോടു സംസാരിച്ച് പ്രശ്നം തീര്‍ത്ത് വീട്ടുകാരോടൊപ്പം വിട്ടതാണ്. പിന്നീട് സ്കൂളിന് വെളിയില്‍ എന്തു സംഭവിച്ചു എന്ന് അറിയില്ല. തൊട്ടടുത്ത ദിവസം ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. അതില്‍ പങ്കെടുത്തതിനാല്‍ ടീച്ചര്‍ സ്കൂളില്‍ വന്നില്ല. ടീച്ചര്‍ പോലീസ് സ്റ്റേഷനിലായതിനാലാണ് സ്കൂളില്‍ വരാത്തതെന്ന് കരുതിയ ആരോ ആണ് വിഷയം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്്.
ഒരു കുട്ടിയെ സ്കൂളിലേക്ക് വിട്ടാല്‍ പിന്നെ അവന്റെ ഉത്തരവാദിത്വം അധ്യാപകര്‍ക്കാണെന്ന് പറയും. പക്ഷേ ഒരു പ്രശ്നമുണ്ടായാല്‍ അധ്യാപകരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യും. ചിലപ്പോഴൊക്കെ രക്ഷിതാക്കളേക്കാള്‍ രാഷ്്രടീയ സംഘടനകളാണ് പ്രശ്നം രൂക്ഷമാക്കുന്നത്. എനിക്കത്തരമൊരനുഭവമുണ്ട്.
ഒരു കുട്ടിയെ ഞാന്‍ ശിക്ഷിച്ചത് ചോദ്യം ചെയ്യാന്‍ അടുത്ത ദിവസം വിദ്യാര്‍ത്ഥി സംഘടനാപ്രതിനിധികളെത്തി. എന്തിനാണ് കുട്ടിയെ ശിക്ഷിച്ചതെന്ന് എന്നോട് ചോദിച്ചു. സ്കൂളില്‍ രാഷ്ട്രീയം അനുവദനീയമല്ല എന്ന് പറയുമ്പോഴും ഇത്തരം സംഭവങ്ങള്‍ ഇവിടെ ഉണ്ടാകുന്നുണ്ട്. അത് പക്ഷേ പുറത്തറിയുന്നില്ലെന്ന് മാത്രം..
അധ്യാപകരും മനുഷ്യരാണ്. ജീവിതത്തില്‍ പല പ്രശ്നങ്ങളും അനുഭവിക്കുന്നവര്‍. എന്തൊക്കെ പ്രശ്നമുണ്ടെങ്കിലും ക്ലാസിലെത്തുമ്പോള്‍ അതൊക്കെ മറക്കുന്നവരാണ് അധ്യാപകര്‍. കുട്ടികള്‍ക്കു മുമ്പിലെത്തിയാല്‍ പിന്നെ അവരാണ് ഞങ്ങളുടെ ലോകം..
പല ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും മിനിസ്റ്റീരിയല്‍ സ്റ്റാഫുകളില്ല. മുന്‍ പരിചയമുള്ള അധ്യാപകരാണ് ഓഫീസ് ജോലി ചെയ്യുന്നത്. ഞങ്ങളുടെ സ്കൂളില്‍ രണ്ട് ഹയര്‍സെക്കന്‍ഡറി ബാച്ചേ ഉള്ളൂ. ആഴ്ചയില്‍ 16 പിരീഡ് എടുത്താല്‍ മതി. കൂടുതല്‍ ബാച്ചുള്ള സ്കൂളില്‍ ഒരധ്യാപകന് ആഴ്ചയില്‍ 24 പിരിഡ് എടുക്കണം. ഇതൊക്കെ അമിത സ്ട്രെസ് തരുന്ന കാര്യമാണ്..
അഡ്മിഷന് സമയമായാല്‍ പിന്നെ പറയണ്ട. തിരക്കോട് തിരക്ക്. ജൂണില്‍ അ ഡ്മിഷന്‍ ആരംഭിച്ചാല്‍ തീരുന്നത് പലപ്പോഴും സെപ്റ്റംബറിലാണ്. അഡ്മിഷന് ക്ലോസ് ചെയ്യുന്നതിന്റെ അടുത്തദിവസം വിശദമായ റിപ്പോര്‍ട്ട് കൊടുക്കുകയും വേണം. വേരിഫിക്കേഷന് സമയത്ത് എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അവതാളത്തിലാകുന്നത് കുട്ടികളുടെ ഭാവിയാണ്..
ആ സമയത്ത് എന്തെങ്കിലും തെറ്റുകളുണ്ടായാല്‍ പിന്നെ ഐറ്റി മിഷന് ഓഫീസില്‍ കയറിയിറങ്ങണം. അതും ഇരട്ടിപ്പണിയാണ്. ആ സമയത്തൊന്നും ക്ലാസില്‍ പോകാന്‍ കഴിയില്ല. അല്ലെങ്കില്‍ത്തന്നെ സിലബസ് വളരെ കൂടുതലാണ്. പിന്നെ സമയത്ത് പോര്‍ഷന്‍ തീര്ക്കുന്നതെങ്ങനെയാ? പലപ്പോഴും സ്പെഷ്യല്‍ ക്ലാസുകളെടുത്താണ് പഠിപ്പിച്ചു തീര്‍ക്കുന്നത്.
ഇതിനിടയില്‍ കായിക, കലാപരിപാടികള്‍ വേറെയും. ഇതൊക്കെ ചെയ്യാന്‍ ഞങ്ങള്‍ക്കൊരു മടിയുമില്ല. പക്ഷേ ഒരു തെറ്റ് സംഭവിച്ചാല്‍ ഞങ്ങളുടെ ഭാഗത്ത് ന്യായമുണ്ടോെയന്ന് പോലും ആരും ചിന്തിക്കില്ല. അതോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്..
ഇവിടെ സംഭവിച്ചതും അതാണ്. രണ്ട് ക്ലാസിലെ കുട്ടികള്‍ തമ്മിലുണ്ടായ പ്രശ്നത്തെ തുടര്‍ന്നാണ് ഒരു വിദ്യാര്‍ത്ഥി ഈ വിഷയം(ടീച്ചറുടെ ആത്മഹത്യ) സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ടീച്ചറെ ആരോ ഭീഷണിപ്പെടുത്തി എന്ന് വിശ്വസിപ്പിക്കുന്ന രീതിയിലായിരുന്നു ആ പോസ്റ്റ്.
ഞാന്‍ അപ്പുക്കുട്ടന് സാറിനെ( ടീച്ചറുടെ ഭര്‍ത്താവ്) വിളിച്ചിരുന്നു. ടീച്ചറിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്നന്വേഷിച്ചു. ഇല്ലെന്നായിരുന്നു മറുപടി. ഫോണിന്റെ കോള്‍ ലിസ്റ്റ് പരിശോധിക്കാനും ആവശ്യപ്പെട്ടിരുന്നു. അപ്പോഴും ഇത്തരമൊരു കോള്‍ വന്നതായറിവില്ല. പക്ഷേ പിന്നെ എന്ത് നടന്നു എന്നത് വ്യക്തമല്ല. ഇനി എന്തായാലും പോലീസ് അന്വേഷിക്കട്ടെ, സത്യാവസ്ഥ പുറത്തുവരട്ടെ..
ഇപ്പോള്‍ സ്കൂളിന് ചീത്തപ്പേരായി. ഇനി മിടുക്കരായ കുട്ടികളാരും ഇവിടെ വരില്ല. അഡ്മിഷന് ഏകജാലകം വഴിയായതുകൊണ്ട് കുട്ടികള്‍ വന്നാലും ട്രാന്‍സ്ഫര്‍ വാങ്ങിപ്പോവുകയേ ഉള്ളൂ. ഹൈസ്കൂളിലും സ്ഥിതി ഇങ്ങനെ തന്നെ. പുതിയ അഡ്മിഷനുകള്‍ വരുമെന്ന് തോന്നുന്നില്ല. എല്ലാ സ്കൂളിലും പല പ്രശ്നങ്ങളും നടക്കാറുണ്ട്. കുട്ടികളുടെ ഭാവിയെക്കരുതി ആരും പുറത്തുപറയാറില്ലെന്ന് മാത്രം. ഇവിടെ ടീച്ചര്‍ ആത്മഹത്യ ചെയ്തതുകൊണ്ട് വിഷയം പുറത്തെത്തി.
അന്ന് ഞങ്ങള്‍ അധ്യാപകരുടെ ജീവനുംപോലും ഭീഷണി നേരിട്ടിരുന്നു. കുട്ടിയുടെ മൃതദേഹം സ്കൂളില്‍ കൊണ്ടുവന്ന് പ്രതിഷേധിക്കും എന്നതൊക്കെയായിരുന്നു ഭീഷണികള്‍. പക്ഷേ കുട്ടി മരിച്ചത് അവധിക്കാലത്തായതിനാല്‍ രക്ഷപ്പെട്ടു. ആ സംഭവത്തെ തുടര്‍ന്ന് നാട്ടിലെ ക്രമസമാധാനം പോലും തകര്‍ന്നു..
ആരോപണ വിധേയയായ അധ്യാപികയുടെ കാര്യമായിരുന്നു കഷ്ടം. അവരുടെ ജീവനു ഭീഷണി ഉണ്ടായി. അവര്‍ പുതിയ വീട്ടിലേക്ക് താമസം മാറിയ സമയമായിരുന്നു. വീട് ആക്രമിക്കുമെന്നുപോലും ഭയപ്പെട്ടു. പോലീസ് സംരക്ഷണത്തിലാണ് ടീച്ചറും കുടുംബവും ജീവിച്ചത്. കുറച്ചുനാള്‍ കുടുംബസമേതം നാട്ടില്‍ നിന്നുമാറിനില്ക്കേണ്ടതായി പോലും വന്നു. സംഭവത്തിന്റെ ചൂടാറിയെങ്കിലും ടീച്ചറിപ്പോഴും പഴയ മാനസികാവസ്ഥയിലേക്ക് എത്തിയിട്ടില്ല.
ഈ സംഭവം നടന്നപ്പോഴും മറ്റ് കുട്ടികള്‍ ഞങ്ങള്‍ക്കൊപ്പം നിന്നു എന്നതായിരുന്നു ആശ്വാസം. ആ കുട്ടി മുന്‍പ് പല തവണ ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പത്താംക്ലാസുവരെ ഒരു കോണ്വെന്റിലാണവള് പഠിച്ചത്. മാതാപിതാക്കളില്‍ നിന്നകന്നുകഴിയുന്ന പെണ്‍കുട്ടിക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ അവള്‍ക്കുമുണ്ടായിരുന്നു. പക്ഷേ അതൊന്നും പുറത്തുകാണിച്ചിരുന്നില്ല. പെട്ടെന്നൊരു ദിവസം മറ്റുള്ളവര്‍ക്ക് മുമ്പില്‍ അപമാനിക്കപ്പെട്ടു എന്ന തോന്നലുണ്ടായതായിരിക്കാം ആത്മഹത്യ ചെയ്യാന്‍ കാരണം. പക്ഷേ അതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടത് അധ്യാപകരാണ്..
സത്യം പറയാമല്ലോ, ഇപ്പോള്‍ കുട്ടികള്‍ തെറ്റു ചെയ്യുന്നതു കണ്ടാലും ബോധ്യപ്പെട്ടാലും തിരുത്താന്‍ ഭയമാണ്. ബാലാവകാശനിയമത്തെപ്പറ്റിയൊക്കെ പറഞ്ഞ് അവര്‍തന്നെ ഭീഷണിപ്പെടുത്തും. ക്ലാസില്‍ ചോദ്യം ചോദിക്കാന്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്താന്‍ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്.
ഇവിടെ ലഹരി ഉപയോഗിക്കുന്ന കുട്ടികളുണ്ട്. പക്ഷേ ചോദ്യം ചെയ്യാന്‍ നമുക്ക് യാതൊരു അവകാശമില്ല. അവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ എടുക്കാന്‍ കഴിയില്ലെന്ന ധൈര്യം കുട്ടികള്‍ക്കുണ്ട്. അധ്യാപികമാരെ അധിക്ഷേപിക്കുന്ന, അസഭ്യം പറയുന്ന സംഭവം വരെ ഉണ്ടായി.
കുട്ടികളെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ ഒരു തരത്തില്‍ അവര്‍ക്കുതന്നെ ദ്രോഹം ചെയ്യുകയാണ്. അച്ചടക്കത്തില്‍ കുട്ടികള്‍ എത്രമാത്രം താഴേക്ക് പോയി എന്നതിനെക്കുറിച്ചും കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങളെക്കുറിച്ചും വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു സ ര്‍വേ നടത്തട്ടെ. അപ്പോഴറിയാം സത്യം.
പ്രശ്നക്കാരായ കുട്ടികള്‍ വളരുമ്പോ ള്‍ സമൂഹത്തിന് ഭീഷണിയാകുമെന്നതില്‍ സംശയമില്ല. ബാലാവകാശങ്ങളുടെ പേരില്‍ കുട്ടികളുടെ ഭാവിതന്നെ നശിപ്പിക്കുന്ന ഈ രീതികളോട് ഞങ്ങള്‍ക്ക് പൊരുത്തപ്പെടാനാവില്ല. അധ്യാപക സമൂഹത്തോടുള്ള വെല്ലുവിളിയാണത്. ഞങ്ങളുടെ ജോലി കൂടുതല്‍ ദുഷ്ക്കരമാക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
അധ്യാപകരെ ചോദ്യം ചെയ്യുക, അധ്യാപകരെ തല്ലുക, അധ്യാപികമാരെ കമന്റടിക്കുക തുടങ്ങിയവയൊക്കെ ഹീറോയിസമാണെന്നു കരുതുന്ന കുറേ കുട്ടികളെങ്കിലുമുണ്ട് നമ്മുടെ സമൂഹത്തില്‍. സിനിമയും സോഷ്യല്‍ മീഡിയയുമൊക്കെ അതിനവര്‍ക്ക് പ്രേരണയുമാണ്. ക്ലാസില്‍ പഠിപ്പിക്കുന്ന ചെറുപ്പക്കാരികളായ അധ്യാപകരെ ലൈംഗികേച്ഛയോടെ തുറിച്ചു നോക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്തു സംസ്കാരമാണ് മുന്നോട്ടുവയ്ക്കുന്നത്?
ഒറ്റയ്ക്ക് ഓരോ കുട്ടിയും പാവമാണ്. കൂട്ടുകൂടുമ്പോഴാണ് അവരിലെ സാത്താന് പുറത്തുവരുന്നത്. അതിന്റെ പരിണതഫലങ്ങള്‍ വാക്കുകള്‍ക്കതീതമാണ്. ഗ്യാങായി ചെയ്യുന്ന ചെറുതും വലുതുമായ തെറ്റുകള്‍ പിടിക്കപ്പെട്ടാല്‍ രക്ഷിതാക്കള്‍ സ്വന്തം മക്കളെ മാത്രമേ ന്യായീകരിക്കുന്നുള്ളൂ. മറിച്ച് വിശ്വാസമുണ്ടെങ്കിലും എത്ര പാവമാണെങ്കിലും സാഹചര്യത്തിന്റെ സ്വാധീനത്താല്‍ സ്വന്തം മകന്/മകള്‍ ഇരയായിട്ടുണ്ടോ എന്നൊരാത്മപരിശോധനയ്ക്കു ആരും തയാറാവുന്നില്ല. ഇത് കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നല്കുന്നു.
ഐ.ടി മേഖലയില്‍ നിന്ന് അധ്യാപനത്തിലേക്ക് എത്തിയ മറ്റൊരധ്യാപകന് പറയാനുള്ളത് കുട്ടികളുടെ മാനസികാവസ്ഥയിലുണ്ടായിട്ടുള്ള മാറ്റങ്ങളെക്കുറിച്ചായിരുന്നു.
സോഷ്യല്‍ മീഡിയയുടെ അതിപ്രസരം മൂലമാകാം ഇന്നത്തെ കുട്ടികള്‍ക്ക് അധ്യാപകരോടുള്ള ബഹുമാനം കുറയുന്നത്. ചെറിയ കുട്ടികള്‍ പോലും ബാലാവകാശങ്ങളെപ്പറ്റി സംസാരിച്ചു തുടങ്ങിയിരിക്കുന്നു. എന്തിനേറെ, കുട്ടിയെ ശിക്ഷിച്ചതിന് അധ്യാപിക കൂടിയായ ഒരു രക്ഷിതാവ് അടുത്തിടെ ഞങ്ങളുടെ സ്കൂളിനെതിരെ പരാതി നല്‍കിയിരുന്നു.
വീട്ടില്‍ അധ്യാപകരെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഒാര്‍ക്കുക, ഇതൊക്കെ കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ട്. ഈയടുത്ത് ഒരു കുട്ടി മറ്റൊരു കുട്ടിയോട് പറയുന്നത് കേട്ടു ഞാന്‍ ശരിക്കും ഞെട്ടി! സാറിന് നമ്മളെ കൂടുതല്‍ ഭരിക്കാനൊന്നും അവകാശമില്ല, നമ്മള് കൊടുക്കുന്ന ഫീസുകൊണ്ടാണ് അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത്.
ആര്‍ക്കും മനസിലാകും. ഇതാ കുട്ടിയുടെ അഭിപ്രായമല്ലെന്ന്. അവനിത് കിട്ടിയത് വീട്ടില്‍ നിന്നാണ്. കുട്ടികളെ അമിതമായി വിശ്വസിക്കുന്ന മാതാപിതാക്കള്‍ യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് അധ്യാപകരുടെ മേല്‍ പഴി ചാരുന്നു.
വിദ്യാര്‍ത്ഥികളെ അതിക്രൂരമായി ശിക്ഷിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഞാനതിനെ ന്യായീകരിക്കുന്നില്ല. കുട്ടികളെ നല്ലവഴിക്ക് നടത്താനുള്ള അധ്യാപകരുടെ ശ്രമങ്ങളെ രക്ഷിതാക്കള്‍ തെറ്റിധരിച്ചാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും. കുട്ടികളോടുള്ള അമിത സ്നേഹംമൂലമുണ്ടാകുന്ന ഈ തെറ്റിധാരണ ആപത്ക്കരമായ പ്രവണതയാണ്. ഇന്റേണല്‍ മാര്ക്കിടുന്നതില് അധ്യാപകര്‍ പക്ഷപാതം കാണിക്കുന്നു, വ്യക്തിവൈരാഗ്യം തീര്‍ക്കുന്നു എന്ന പരാതികള്‍ പലപ്പോഴും കേട്ടിട്ടുണ്ട്.
ഞാന്‍ അധ്യാപകനായി ജോലി ചെയ്തപ്പോള്‍ എന്റെ മുമ്പില്‍ വരുന്ന കുട്ടികളോട് അത്തരത്തിലുള്ള ഒരു പെരുമാറ്റവും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഞാന്‍ എന്നല്ല ഒരു അധ്യാപകനും അത്തരത്തില്‍ പെരുമാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ ഇന്റേണല്‍ മാര്‍ക്കിടുമ്പോള്‍, വൈവ സമയത്ത് വിദ്യാര്‍ഥികളുടെ പെരുമാറ്റമൊക്കെ അധ്യാപകരുടെ മനസിലേക്ക് കടന്നുവരാം. എങ്കില്‍പ്പോലും അവയൊന്നും മാര്‍ക്കിനെ ബാധിക്കാറില്ല. വിദ്യാലയങ്ങള്‍ തമ്മില്‍ ഇന്ന് കടുത്ത മത്സരമാണുള്ളത്.
വിദ്യാലയങ്ങളുടെ നിലനില്‍പ്പ് റിസല്‍ട്ടിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. റിസല്‍ട്ട് നിലനിര്‍ത്താന്‍ വേണ്ടി കുട്ടികളുടെ പഠനകാര്യത്തില്‍ കാണിക്കുന്ന താല്പര്യം അമിതമാകാറുണ്ട്. ഇതെല്ലാം ഉള്‍ക്കൊണ്ട് സ്വയം മാറാന്‍ അധ്യാപകരും മാതാപിതാക്കളും കുട്ടികളും തയാറാകണം. പക്ഷേ അവയൊന്നും ആരിലും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. അധ്യാപകന് തങ്ങളെപ്പോലെ ഒരു വ്യക്തി മാത്രമാണെന്നും തങ്ങളെ നേര്‍വഴിക്ക് നയിക്കേണ്ട ആളല്ല എന്നും, തെറ്റും ശരിയും തിരിച്ചറിയാന്‍ തനിക്കറിയാം എന്നും വിദ്യാര്‍ത്ഥി കരുതിയാല്‍ പിന്നെ രക്ഷയില്ല. ഇതൊക്കെ കാലഘട്ടത്തിന്റെ മാറ്റങ്ങളാണ്, അതിനെ നേരിടാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇന്നത്തെ കുട്ടികളുടെ ചിന്താഗതികളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. തെറ്റു ചൂണ്ടിക്കാണിച്ചാല്‍ അവര്‍ അംഗീകരിക്കില്ല. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സമിതികളും ഒരുതരത്തില്‍ കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന്് നിയമമുണ്ട്. അത് കുട്ടികള്‍ക്കുമറിയാം. അതുകൊണ്ടുതന്നെ പരാതിപ്പെടാന്‍ അവര്‍ക്കു മടിയില്ല. സ്വന്തം തെറ്റ് അധ്യാപകന് അറിഞ്ഞു എന്നു ബോധ്യമായാല്‍ അധ്യാപകനതു റിപ്പോര്‍ട്ട് ചെയ്യുംമുമ്പേ അധ്യാപകനെതിരേ ആരോപണങ്ങള്‍ കൊണ്ടുവന്ന് അവരെ കുടുക്കാനാണു ശ്രമം.
സ്വകാര്യമേഖലയിലെ സ്കൂളിലെ അധ്യാപകര്‍ക്ക് മതിയായ ശമ്പളമില്ലെന്ന് പറയുന്നുണ്ട്. ഈ ആരോപണം ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. കോട്ടയം ജില്ലയിലെ ഒട്ടുമിക്ക പ്രൈവറ്റ് സ്കൂളുകളിലും നല്ല സമ്പളം നല്‍കുന്നുണ്ട്. അധ്യാപകരുടെ ജീവിതശൈലി നോക്കിയാല്‍ അത് മനസിലാകും..
ഇന്ന് സ്കൂളുകളില്‍ കാണുന്ന പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമായി എനിക്ക് തോന്നുന്നത് രാഷ്ട്രീയത്തിന്റെ പടിയിറക്കമാണ്. ക്യാംപസില്‍ നിന്ന് രാഷ്ട്രീയം പോയപ്പോള്‍ അവിടെ മദ്യവും മയക്കുമരുന്നും കടന്നു വന്നു.. ഇന്നത്തെ അധ്യാപകര്‍ക്ക് കാര്യമായ പ്രശ്നമുള്ളതായി എനിക്ക് തോന്നുന്നില്ല. കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാകുന്ന, ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രശ്നങ്ങളും സ്കൂളുകളില്‍ നടക്കുന്നില്ല..
പ്രശ്നങ്ങള്‍ എല്ലായിടത്തുമുണ്ട്. അത് സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് മാത്രം. കുട്ടികളെ വിശ്വസിച്ച്, അവരെ സ്നേഹിക്കാന്‍ തയാറായാല്‍ ഒരുപരിധിവരെ കുട്ടികളെ അനുസരിപ്പിക്കാമെന്നുതന്നെ ഞാന്‍ കരുതുന്നു..
കുട്ടികള്‍ക്ക് അധ്യാപകരോട് ബഹുമാനം കുറയുന്നുണ്ടെങ്കില്‍ കാരണം മാതാപിതാക്കളാണ്. കുട്ടികളുടെ മുമ്പില്‍വച്ച് അധ്യാപകരെ കുറ്റം പറയുന്ന രക്ഷിതാക്കളുണ്ട്. ഇത് കേള്‍ക്കുന്ന കുട്ടി അധ്യാപകരെ എങ്ങനെ ബഹുമാനിക്കും? അധ്യാപകര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യത ഇല്ല എന്ന രീതിയില്‍ സംസാരിക്കുന്ന രക്ഷിതാക്കളുമുണ്ട്. കുട്ടികളുടെ മുമ്പില്‍ വച്ച് അധ്യാപകരെ അപമാനിക്കുന്നരീതിയില്‍ അവര്‍ പെരുമാറുന്നുമുണ്ട്. പ്രൈവറ്റ് സ്്കൂളുകളിലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. ഈ സ്കൂളുകളില്‍ ഇംഗ്ലീഷില്‍ മാത്രമേ സംസാരിക്കൂ എന്നാണ് നിയമം. അധ്യാപകര്‍ക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയില്ലെന്ന് പറയുന്നവരുണ്ട്.
ദിവസങ്ങള്‍ക്കു മുമ്പ് എന്റെ അടുത്തുവന്ന രക്ഷിതാക്കള്‍ ഈ രീതിയില്‍ സംസാരിച്ചിരുന്നു. അന്ന് ഞാനവരെ തിരുത്തി.ചെറിയ ക്ലാസുകളിലെ കുട്ടികള്‍ പഠനസാധനങ്ങള് നഷ്ടപ്പെടുത്താറുണ്ട്. ഇതും അധ്യാപകരുടെ തെറ്റാണെന്ന മട്ടിലാണ് രക്ഷിതാക്കള്‍ സംസാരിക്കുന്നത്. പലപ്പോ ഴും രാത്രിയില്‍ വിളിച്ച് ഈ കാര്യം പറഞ്ഞ് ടീച്ചറെ കുറ്റപ്പെടുത്തുന്നവരുമുണ്ട്. ഞാന്‍ കണ്ടിട്ടുള്ള രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ ടീച്ചറെ കൊല്ലണമെന്ന് പറയുന്നവരുണ്ട്. എത്ര വൈരാഗ്യം മനസിലുള്ളതുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നത് എന്ന് ആലോചിച്ച് നോക്കൂ. ഇതിനൊക്കെ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?
കുടുംബഘടനയിലുണ്ടായ മാറ്റം കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. വീട്ടില്‍ വഴക്കുപറയാനും ശിക്ഷിക്കാനും ആരുമില്ലാതാകുന്നതോടെ കുട്ടികള്‍ക്ക് മുതിര്‍ന്നവരോട് എങ്ങനെ പെരുമാറണമെന്നറിയില്ല. സ്വപ്നലോകത്താണ് കുട്ടികള്‍ ജീവിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ മൊബൈലും ലാപ്ടോപ്പുമൊക്കെ കിട്ടുന്നു. ഇതിലൂടെ അറിയേണ്ടതും അല്ലാത്തതുമായ കാര്യങ്ങള്‍ അവര്‍ മനസിലാക്കുന്നു.
എന്നാല്‍ സാമൂഹത്തില്‍, കുടുംബത്തില്‍ എങ്ങനെ പെരുമാറണമെന്നവര്ക്ക് അറിയില്ല. ഇത്തരം അറിവുകള്‍ പകര്‍ന്നുകൊടുക്കാന്‍ സ്കൂളുകളോ അധ്യാപകരോ തയാറാകുന്നില്ല എന്നതാണ് സത്യം. ഒരു കാര്യം അധ്യാപകരും ശ്രദ്ധിക്കണം. ഇന്നത്തെ കുട്ടികള്‍ വ്യത്യസ്തരാണ്. അവരെ കൈകാര്യം ചെയ്യാന്‍ അധ്യാപകര്‍ക്ക് നല്ല പരിശീലനമുണ്ടായിരിക്കണം.
തങ്ങള്‍ പഠിച്ചത് ഇന്നത്തെ തലമുറയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. അധ്യാപകരോട് ബഹുമാനമില്ലാതെ പെരുമാറുന്ന പ്രവണത കൗമാരക്കാരിലാണ് കൂടുതല്‍. പിയര്‍ പ്രഷര്‍ ഇതിനുള്ള പ്രധാന കാരണമാണ്. ഈ പ്രായത്തിലുള്ള കുട്ടികളെ ഉപദേശിക്കുന്നതും ശിക്ഷിക്കുന്നതും അവര്‍ക്ക് ഇഷ്ടമല്ല. അത് മനസിലാക്കി അവര്‍ക്ക് ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനുള്ള ഉത്തരവാദിത്ത അധ്യാപകര്‍ക്കുണ്ട്.