Monday, June 17, 2019 Last Updated 58 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 01 May 2018 01.56 PM

ആന്റിബയോട്ടിക് മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമോ?

ജനറല്‍ മെഡിസിന്‍
uploads/news/2018/05/213414/askdrgenmedicn010518a.jpg

''രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോളിന്റെ അളവ്, ഇ.സി.ജി. തുടങ്ങിയ പരിശോധനകള്‍ ചെയ്തു നോക്കുന്നതു നന്നായിരിക്കും''

ഹൈപ്പര്‍ അസിഡിറ്റി പരിഹരിക്കാം


ഞാനൊരു കല്‍പ്പണിക്കാരനാണ്. എനിക്ക് 50 വയസുണ്ട്. ഒരു വര്‍ഷത്തിലേറെയായി ഹൈപ്പര്‍ അസിഡിറ്റി ഉണ്ട്. ആഹാരം കഴിഞ്ഞയുടനെ നടക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നു. ഇടയ്ക്കിടെ തലകറക്കവും ഉണ്ടാകാറുണ്ട്. ഈ രോഗാവസ്ഥയ്ക്ക് എന്താണ് പ്രതിവിധി?
------ മനോഹരന്‍ ,ഒറ്റപ്പാലം

ഹൈപ്പര്‍ അസിഡിറ്റിയ്ക്ക് കാരണങ്ങള്‍ പലതുണ്ട്. ഭക്ഷണക്രമത്തിലുള്ള വ്യതിയാനം, എരിവും പുളിയുമുള്ള ഭക്ഷണപദാര്‍ഥങ്ങളുടെ അമിത ഉപയോഗം, മാനസികസമ്മര്‍ദം, ഉറക്കമില്ലായ്മ, സമയം തെറ്റിയുള്ള ഭക്ഷണം എന്നിവയെല്ലാം നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ തുടങ്ങിയ പല ബുദ്ധിമുട്ടുകള്‍ക്കും കാരണമാവാറുണ്ട്.

ഇതിനെ ഹൈപ്പര്‍ അസിഡിറ്റി എന്നു പറയുന്നു. ഭക്ഷണം കഴിച്ചയുടന്‍ നടക്കുമ്പോള്‍ നെഞ്ചുവേദനയോ, കിതപ്പോ, ശ്വാസതടസമോ അനുഭവപ്പെടുന്നുണ്ടാകുമെന്ന് കരുതുന്നു. അതായിരിക്കാം ഭക്ഷണശേഷം ബുദ്ധിമുട്ട് എന്ന് പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ അത് ഹൃദയസംബന്ധമായ അസുഖത്തിന്റെ ലക്ഷണമാവാം.

ഇത് നിസാരമായി തള്ളിക്കളയാനാവില്ല. രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോളിന്റെ അളവ്, ഇ.സി.ജി. തുടങ്ങിയ പരിശോധനകള്‍ ചെയ്തു നോക്കുന്നതു നന്നായിരിക്കും. തലകറക്കവും ഇതുമായി ബന്ധപ്പെട്ടതാകാന്‍ സാധ്യതയുണ്ട്.

എന്നാല്‍ തലകറക്കം മറ്റു പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാറുണ്ട്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലുണ്ടാകുന്ന വ്യത്യാസം, ഹൃദയത്തിന്റെ പ്രവര്‍ത്തനവൈകല്യം, രക്തക്കുറവ്, ചെവിസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം തലകറക്കത്തിനു കാരണമാവാറുണ്ട്. അതുകൊണ്ടുതന്നെ ഒരു ഫിസിഷനെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തുന്നതാവും ഉചിതം.

അകാലനര എന്തുകൊണ്ട്?


ഞാനൊരു വിദ്യാര്‍ഥിയാണ്. എനിക്ക് 20 വയസ്. മുടികൊഴിച്ചിലും അകാലനരയുമാണ് പ്രശ്‌നം. എന്റെ കുടുംബത്തിലാര്‍ക്കും ഇങ്ങനെയൊരു പ്രശ്‌നമില്ല. എന്തുകൊണ്ടാണ് ഇത്ര ചെറുപ്പത്തിലേ മുടി നരയ്ക്കുന്നത്? ഇതു മാറാന്‍ എന്താണ് ചെയ്യേണ്ടത്?
----- എമിലി , മാനന്തവാടി

മുടികൊഴിച്ചിലും അകാലനരയും വളരെ സാധാരണയായി കണ്ടു വരുന്ന പ്രശ്‌നങ്ങളാണ്. മുടിയുടെ നിറം അതിലെ മെലാനിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. ഭക്ഷണത്തിലെ പോഷകക്കുറവ്, ക്ലോറിന്‍ കലര്‍ന്ന വെള്ളത്തിന്റെ ഉപയോഗം, വിവിധതരം ത്വക്‌രോഗങ്ങള്‍, വിളര്‍ച്ച, ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ (തൈറോയിഡ് സംബന്ധമായ രോഗങ്ങള്‍), പ്രമേഹം, പുകവലി, മാനസിക സംഘര്‍ഷം, അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത്, വാര്‍നേഴ്‌സ് സിന്‍ഡ്രോം എന്നിവയെല്ലാം അകാലനരയ്ക്ക് കാരണമാവാം.

സ്ത്രീകളില്‍ അമിത മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങള്‍ ടീലോജന്‍ എഫ്‌ളുവിയം, ക്രോണിക് ടീലോജന്‍ എഫ്‌ളൂവിയം, ഫീമെയില്‍ പാറ്റേണ്‍ ഹെയര്‍ ലോസ് തുടങ്ങിയവയാണ്. എന്തെങ്കിലും രോഗങ്ങള്‍ക്കോ മാനസികസംഘര്‍ഷങ്ങള്‍ക്കോ പ്രസവത്തിനോ ശേഷം കാണുന്ന പെട്ടെന്നുള്ള മുടികൊഴിച്ചിലാണ് ടീലോജന്‍ എഫ്‌ളൂവിയം.

ഇത് 2-3 മാസത്തിനുള്ളില്‍ സാധാരണഗതിയിലാവും. ശക്തിയായ പനി, രക്തക്കുറവ്, തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിനു കാരണമാവാം.

ടീലോജന്‍ എഫ്‌ളൂവിയം 6 മാസത്തില്‍ കൂടുതല്‍ കാണപ്പെട്ടാല്‍ അതിനെ ക്രോണിക് ടീലോജന്‍ എഫ്‌ളൂവിയം എന്നുപറയുന്നു. സാവധാനം വര്‍ധിച്ചുവരുന്ന മുടികൊഴിച്ചിലാണ് ഫീമെയില്‍ പാറ്റേണ്‍ ഹെയര്‍ ലോസ്.

സാധാരണയായി 20 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഇത് കാണപ്പെടുന്നത്. ഒരു ഫിസിഷന്റെയോ ചര്‍മരോഗവിദഗ്ധന്റെയോ നിര്‍ദേശപ്രകാരം താങ്കളുടെ പ്രശ്‌നത്തിന്റെ കാരണം കണ്ടെത്തി ചികിത്സിക്കുകയാവും ഉചിതം.

കാലിലെ നീര് രോഗലക്ഷണമോ?


എനിക്ക് 36 വയസ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലിയാണ്. കാലുകളിലെ നീരാണ് എന്നെ അലട്ടുന്ന പ്രശ്‌നം. രക്തസമ്മര്‍ദം സാധാരണ നിലയിലാണ്. കാല് തൂക്കിയിട്ട് ഇരിക്കുന്നതു കൊണ്ടാണോ നീര് വരുന്നത്? നീര് മാറാന്‍ എന്തു ചെയ്യണം?
-------- പ്രവീണ്‍ കൃഷ്ണന്‍ ,താമരശേരി

കാലുകളിലെ നീര് വളരെ സാധാരണമായി കാണുന്ന ഒരു പ്രശ്‌നമാണ്. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ നീര് ഒരു കാലില്‍ മാത്രമാണോ അതോ രണ്ടു കാലിലുമുണ്ടോ എന്നു ശ്രദ്ധിക്കണം. ഒരു കാലില്‍ മാത്രമാണ് നീരുള്ളതെങ്കില്‍ അത് സാധാരണയായി കാലിന്റെ തന്നെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ കൊണ്ടായിരിക്കും.

എന്നാല്‍ രണ്ടു കാലിലും നീരു വരുന്നത് ശരീരത്തെ മുഴുവന്‍ ബാധിക്കുന്ന എന്തെങ്കിലും പ്രശ്‌നം കൊണ്ടാവാനാണ് സാധ്യത. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, വൃക്കയുടെ പ്രവര്‍ത്തനക്കുറവ്, കരള്‍സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ സങ്കീര്‍ണമായ അസുഖങ്ങള്‍ ഉള്ളവരില്‍ കാലില്‍ നീര് പ്രത്യക്ഷപ്പെടാറുണ്ട്.

രക്തക്കുറവ്, രക്തത്തിലെ പ്രോട്ടീന്റെ കുറവ്, രക്താതിസമ്മര്‍ദം, തൈറോയിഡ് സംബന്ധമായ അസുഖങ്ങള്‍, വെരിക്കോസ് വെയിന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടും കാലില്‍ നീര് ഉണ്ടാവാം. എന്നാല്‍ മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്തവരിലും കാലില്‍ നീര് ഉണ്ടാവാറുണ്ട്. വളരെയധികം സമയം കാല്‍ തൂക്കിയിട്ടിരിക്കുന്നവര്‍ക്ക് കാലില്‍ നീര് ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ട് ഒരു ഫിസിഷനെ കണ്ട് കാലിലെ നീരിന്റെ കാരണം കണ്ടെത്തി അതനുസരിച്ച് ചികിത്സിക്കുക.

ന്യുമോണിയ


എനിക്ക് 56 വയസ്. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ഡോക്ടറെ കണ്ടു. പരിശോധനയില്‍ നിന്നു ന്യൂമോണിയയാണെന്ന് മനസിലായി. പനിയില്ലാതെ ന്യൂമോണിയ ഉണ്ടാകുമോ. ഇതിന് ആന്റിബയോട്ടിക് കുത്തിവയ്പ്പ് എത്ര തവണ എടുക്കേണ്ടിവരും. ആന്റിബയോട്ടിക് മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമോ?
----- സാം സേവ്യര്‍ ,കായംകുളം

പനി ഇല്ലാതെയും ന്യുമോണിയ വരാം. ഒരു ഫിസിഷനെക്കണ്ട് രക്തവും കഫവും പരിശോധിക്കുകയും എക്‌സ് റേ എടുക്കുകയും ചെയ്താല്‍ രോഗം കണ്ടുപിടിക്കാവുന്നതേയുള്ളൂ. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കഴിക്കേണ്ടിവരും. അതു കഴിഞ്ഞ് വീണ്ടും ഒരു എക്‌സ്‌റേയും കൂടി എടുക്കണം.

രോഗലക്ഷണങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ടെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ നിര്‍ത്താവുന്നതാണ്. അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് കരളിനെ ബാധിക്കും. രോഗമുള്ള കാലത്ത് പരിപൂര്‍ണ വിശ്രമം ആവശ്യമാണ്. എളുപ്പം ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണമായിരിക്കും ഉചിതം. രണ്ടാഴ്ച കഴിഞ്ഞിട്ടും ന്യുമോണിയയുടെ ലക്ഷണങ്ങള്‍ മാറിയില്ലെങ്കില്‍ മറ്റ് പരിശോധനകള്‍ നടത്തേണ്ടിവരും.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google
Ads by Google
Loading...
TRENDING NOW