Saturday, July 20, 2019 Last Updated 55 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 30 Apr 2018 04.31 PM

സ്വപ്‌നം വിരിയുന്ന വീട്

''ദീര്‍ഘകാല സ്വപ്‌നമായിരുന്ന വീടിന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് മിയ. സ്വ്പനവീട്ടിലേക്ക് ചേക്കേറുമ്പോള്‍ ബഹുഭാഷാ നായികയെന്ന സ്വപ്‌നത്തിലേക്കു കൂടി കൂടേറുകയാണീ നടി.''
uploads/news/2018/04/213172/miyaINW300418.jpg

തെന്നിന്ത്യയിലെ സൂപ്പര്‍ നായികയിലേക്കുള്ള വളര്‍ച്ചയിലാണ് മിയ എന്ന പാലാക്കാരി. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണീ താരം.

ചെറിയ റോളുകളില്‍ തുടങ്ങി നായികാ വേഷത്തിലെത്തിയ മിയ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളികളുടെ പ്രിയങ്കരിയായത്. മമ്മൂട്ടിയുടെ പെങ്ങളായി പരോളിലൂടെ മികച്ച പ്രകടനം കാഴ്ച വച്ച മിയ സ്വപ്ന സാഫല്യത്തിന്റെ നിറവിലാണ്. പുതിയ വീടെന്ന സ്വപ്നത്തിലെത്തിയ മിയയുടെ വീട്ടുവിശേഷങ്ങള്‍.

പുതിയ വീട്ടിലെ വിശേഷങ്ങള്‍?


ഞങ്ങളുടെ ഇഷ്ടത്തിനനുസരിച്ച ഒരു വീട് ഒരുപാട് നാളത്തെ സ്വപ്നമായിരുന്നു. പാലലതൊടുപുഴ റൂട്ടിലുള്ള പുതിയ വീട്ടിലേക്ക് താമസം മാറുന്നതോടെ ആ ആഗ്രഹം സഫലമാകുകയാണ്. വാങ്ങിയ വീട്ടിലാണ് മുമ്പ് താമസിച്ചിരുന്നത്.

ആ വീടിന്റെ ഉടമയുടെ ഇഷ്ടത്തിനുണ്ടാക്കിയ വീട്ടിലേക്ക് ഞങ്ങളുടെ ഇഷ്ടം ചേര്‍ത്ത് താമസിക്കുകയായിരുന്നു ഇത്രയും നാള്‍. എന്റെ ചെറുപ്പം മുതല്‍ അവിടെയാണ് താമസിച്ചത്. ഞങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഒരു വീട് പണിയണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമായിരുന്നു.

ഞങ്ങളുടെ ഇഷ്ടമെന്താണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. പെയിന്റിന്റെ കളര്‍, ഇന്റീരിയര്‍ എന്നിവയെല്ലാം എങ്ങനെയായിരിക്കണം എന്ന് വ്യക്തമായ ധാരണകളുണ്ടായിരുന്നു. കണ്‍സ്ട്രക്ഷന്‍ കണക്കുകളും കാര്യങ്ങളുമൊന്നും പറഞ്ഞുകൊടുക്കാന്‍ അറിയില്ലെങ്കിലും വീടിന്റെ ഔട്ട് ലുക്ക് എങ്ങനെയായിരിക്കണമെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നു.

വീട്ടില്‍ മിയ കൂടുതല്‍ ചെലവഴിക്കുന്നത് എവിടെയാണ്?


മുറിക്കുള്ളില്‍ ചടഞ്ഞുകൂടിയിരിക്കാന്‍ ഇഷ്ടമില്ലാത്ത ആളാണ് ഞാന്‍. വീട്ടിലുള്ള സമയത്ത് ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഡ്രോയിംഗ് റൂമിലെ ടിവിക്ക് മുമ്പിലാണ്. ഞാന്‍ വീട്ടിലുണ്ടെങ്കില്‍ ഫുള്‍ ടൈം ടിവി ഓണായിരിക്കും. ടിവി അഡിക്റ്റാണ് ഞാന്‍.

ഗ്രേറ്റ് ഫാദറിന് ശേഷം വീണ്ടും മമ്മൂക്കയ്ക്കൊപ്പം?


നല്ല സന്തോഷത്തിലാണ്. പരോള്‍ എന്ന ചിത്രത്തില്‍ മമ്മൂക്കയുടെ പുന്നാരപെങ്ങളായ കത്രീനയായിട്ടാണ് ഞാന്‍ അഭിനയിച്ചത്. അദ്ദേഹത്തോടൊപ്പം ഒരു സിനിമയുടെ ഭാഗമാകണമെന്നത് എല്ലാവരുടേയും ആഗ്രഹമാണ്. മമ്മൂക്കയോടൊപ്പം കുറേ കോമ്പിനേഷന്‍ സീനുകളുള്ള ഒരു സ്പെഷ്യല്‍ മൂവി ചെയ്യണമെന്ന് മറ്റെല്ലാവരേയും പോലെ ഞാനും ആഗ്രഹിച്ചിരുന്നു.

ഭാഗ്യം കൊണ്ട് കിട്ടിയ സിനിമയാണ് പരോള്‍. മമ്മൂക്കയാണ് എന്നെ ഈ സിനിമയിലേക്ക് സജസ്റ്റ് ചെയ്തതെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഗ്രേറ്റ് ഫാദറില്‍ ഒന്ന് രണ്ട് സീനുകളേ ഉണ്ടായിരുന്നുള്ളൂ. ഷൂട്ടിന് വേണ്ടി ലൊക്കേഷനിലെത്തി മമ്മൂക്കയെ കണ്ട് സംസാരിച്ചപ്പോഴാണ് അദ്ദേഹമെന്റെ സിനിമകള്‍ കണ്ടിട്ടുണ്ടെന്ന് പറയുന്നത്.

അനാര്‍ക്കലി ഇഷ്ടമായെന്നും അതിലെ അഭിനയം കണ്ടപ്പോള്‍ നല്ലൊരു സിനിമയിലേക്ക് വിളിക്കണമെന്നും വിചാരിച്ചിരുന്നു എന്നും കൂടി മമ്മൂക്ക പറഞ്ഞപ്പോള്‍ ശരിക്കും സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണ് തോന്നിയത്. അദ്ദേഹമെന്റെ അഭിനയം ശ്രദ്ധിച്ചു, പിന്നീടൊരു സിനിമ വന്നപ്പോള്‍ എന്നെ ഓര്‍ത്തു, സിനിമയിലേക്ക് സജസ്റ്റ് ചെയ്തു എന്നുള്ളതൊക്കെ എനിക്ക് വളരെ സ്പെഷ്യലായിട്ടും ക്രെഡിറ്റായുമാണ് തോന്നുന്നത്.

സെറ്റില്‍ മമ്മൂക്ക നല്ല കമ്പനിയായിരുന്നു. ഭക്ഷണം വാങ്ങിത്തന്നു, ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു. ഇന്‍ഡസ്ട്രിയില്‍ ഞാന്‍ ആക്ടീവായ സമയത്ത് അദ്ദേഹത്തോടൊപ്പമൊരു സിനിമ ചെയ്യണമെന്ന ആഗ്രഹമാണ് സാധിച്ചത്. മമ്മൂക്കയുടെ സിനിമകളില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത് വാത്സല്യമാണ്. ബന്ധങ്ങള്‍ക്കും സ്നേഹത്തിനും പ്രാധാന്യം കൊടുക്കുന്ന സിനിമയാണത്. അതില്‍ മമ്മൂക്ക കുടുംബസ്നേഹിയായ നല്ലൊരു മനുഷ്യനാണ്, നല്ലൊരു മകനും ഭര്‍ത്താവും സഹോദരനും അച്ഛനുമാണ്.

കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമയാണ് പരോള്‍. ഞാന്‍ സിനിമയില്‍ കണ്ടിഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ കുറേ ഷേയ്ഡ്‌സുള്ള ഒരു പുന്നാര പെങ്ങളുടെ വേഷമാണെനിക്ക്. ഓണ്‍ സ്‌ക്രീനില്‍ അങ്ങനെയൊരു സ്നേഹം കിട്ടിയപ്പോള്‍ ഭയങ്കര ഹാപ്പിയായിരുന്നു. ഞാനെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നൊരു കഥാപാത്രമായിരിക്കും കത്രീന.

ഗ്രേറ്റ് ഫാദറില്‍ ചെറിയ വേഷമാണെങ്കിലും മിയയുടെ ഒരു ഡയലോഗ് വളരെയധികം ശ്രദ്ധിക്കപ്പെട്ടു?


ഷൂട്ട് ചെയ്ത സമയത്ത് കുറേക്കൂടി സീനുകളില്‍ ഞാന്‍ അഭിനയിച്ചിരുന്നു. വില്ലനാരാണെന്ന സസ്പെന്‍സ് നിലനിര്‍ത്താന്‍ കുറേയധികം സീനുകള്‍ വേണ്ടി വന്നു. അതുകൊണ്ടാണ് എഡിറ്റ് ചെയ്തപ്പോള്‍ കുറേ സീനുകള്‍ കട്ട് ചെയ്ത്. പക്ഷേ ആ സിനിമയിലെ ഡോ. സൂസന്‍ എന്ന എന്റെ കഥാപാത്രത്തിന്റെ ഒരു ഡയലോഗ് പ്രേക്ഷകര്‍ ശ്രദ്ധിച്ചു. പലരും അനുകൂലിച്ച് സംസാരിച്ചു. കഥാപാത്രത്തിന്റെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ കാണുമ്പോള്‍?


സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമം ഒട്ടും ശരിയായ കാര്യമല്ല, സ്ത്രീകള്‍ക്കെതിരെ എന്നല്ല, ആരേയും ദ്രോഹിക്കുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കാര്യം നോക്കൂ, അയാളൊരു പുരുഷനാണ്. എന്നിട്ടും അത്തരമൊരു അവസ്ഥയുണ്ടായി. ഇവിടെ സ്ത്രീകള്‍ മാത്രമല്ല ആക്രമിക്കപ്പെടുന്നത്.
uploads/news/2018/04/213172/miyaINW300418a.jpg

നല്ല കഥാപാത്രങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചകള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് പല നടികളും തുറന്നു പറയുന്നതിനെപ്പറ്റി?


എനിക്ക് വ്യക്തിപരമായി മോശം അനുഭവമുണ്ടായിട്ടില്ല. പലരും പറഞ്ഞത് ഞാനും കേട്ടു. അവരുടെ അനുഭവമായിരിക്കാം അവര്‍ പറഞ്ഞത്. വ്യക്തമായ ധാരണയില്ലാത്തതിനാല്‍ എനിക്ക് ഒന്നും പറയാന്‍ കഴിയില്ല.

എനിക്ക് എന്റെ കാര്യമേ പറയാന്‍ കഴിയൂ. എനിക്കങ്ങനത്തെ അനുഭവമൊന്നും ഉണ്ടായിട്ടില്ല. സിനിമ ഫീല്‍ഡില്‍ ഞാനെപ്പോഴും സേഫാണ്. മമ്മി എപ്പോഴുമെന്റെ കൂടെയുണ്ടാകും. പിന്നെ എല്ലാമൊന്ന് സ്‌ക്രീന്‍ ചെയ്തിട്ടേ ഏത് വര്‍ക്കായാലും കമ്മിറ്റ് ചെയ്യാറുള്ളൂ. അതുകൊണ്ടുതന്നെ എനിക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല.

മലയാള സിനിമ പുരുഷ കേന്ദ്രീകൃതമാണെന്ന് തോന്നുന്നുണ്ടോ?


എല്ലാ ഇന്‍ഡസ്ട്രിയിലും, ബോളിവുഡിലായാലും തമിഴിലാണെങ്കിലും തെലുങ്കിലാണെങ്കിലും മെയില്‍ ആക്‌ടേഴ്സിനെ വച്ചാണ് മാര്‍ക്കറ്റ് ചെയ്യുന്നത്. അതന്നുമതേ ഇന്നുമതേ, ഇന്ത്യന്‍ സിനിമ 100 വര്‍ഷം പിന്നിടുകയാണല്ലോ, അന്നുമുത ല്‍ ഈ രീതിയാണ്. പിന്നെ സ്ത്രീ കേന്ദ്രീകൃതമായ സിനിമകള്‍ അന്നും ഇന്നും ഇറങ്ങിയിട്ടുണ്ട്, പക്ഷേ എണ്ണത്തില്‍ കുറവാണെന്ന് മാത്രം.

സ്ത്രീ കേന്ദ്രകഥാപാത്രമായ ഒരു സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണോ?


തീര്‍ച്ചയായും. ഏതൊരു അഭിനേതാവിന്റെയും ആഗ്രഹമായിരിക്കും അവര്‍ക്ക് ലീഡ് കിട്ടുന്ന, നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന ശക്തമായൊരു കഥാപാത്രം. പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന ശക്തമായ നല്ല കുറേ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ട്. കൊമേഴ്ഷ്യല്‍ സിനിമയുടെ ഭാഗമാകുമ്പോഴാണ് കൂടുതല്‍ ആളുകള്‍ കാണുന്നത്.

നല്ല കഥാപാത്രങ്ങള്‍ വരുമ്പോഴും അത് ആളുകള്‍ കാണുന്ന സിനിമകളാവണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരു കഥാപാത്രം ചെയ്തുവച്ചിട്ട് അതാരും കാണാതിരുന്നാല്‍ നമ്മുടെ എഫേര്‍ട്ടൊക്കെ ഒന്നുമല്ലാതായി പോകും. അതുകൊണ്ട് ശക്തമായൊരു കഥാപാത്രമായി അഭിനയിക്കുന്ന സിനിമ ആളുകള്‍ കാണുന്നതുകൂടിയായി മാറണമെന്നാണ് ആഗ്രഹം. അത്തരം കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഞാന്‍.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചു. ഏറ്റവും കംഫര്‍ട്ടബിളായി തോന്നിയത്?


ഏറ്റവും കംഫര്‍ട്ടബിള്‍ മലയാളമാണ്. മാതൃഭാഷയാണത്. കഥാപാത്രത്തിന് വേരിയേഷന്‍സ് കൊടുക്കാനൊക്കെ എളുപ്പം മലയാളമാണ്. തമിഴും കുഴപ്പമില്ല. തെലുങ്ക് ഒട്ടും അറിയില്ല, അതുകൊണ്ട് അഭിനയിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. തെലുങ്കില്‍ ഡയലോഗ് കാണാപ്പാഠം പഠിച്ച് പറയുകയായിരുന്നു. അപ്പോള്‍ നമ്മുടേതായ ഒരു ഇന്‍പുട്ട് കൊടുക്കാന്‍ കഴിയില്ല, ഇതെന്റെ കാര്യമാണ്. മറ്റുള്ളവര്‍ക്ക് അങ്ങനെയാണോ എന്നറിയില്ല.

ജിമിയില്‍ നിന്ന മിയയിലേക്കെത്തിയപ്പോള്‍?


ആളുകളുടെ ശ്രദ്ധ കിട്ടുന്നു എന്നതാണ് പ്രധാന വ്യത്യാസം. ജിമിയായിരുന്ന സമയത്ത് അധികമാരുമെന്നെ തിരിച്ചറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ചെറിയ തോതില്‍ പ്രൈവസി നഷ്ടപ്പെടുന്നതായി തോന്നുന്നുണ്ട്. പക്ഷേ അതൊരു അനുഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. കാരണം സിനിമയില്‍ എത്തിപ്പെടാനും അറിയപ്പെടാനും ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവരെയൊക്കെ വച്ച് നോക്കുമ്പോള്‍ ഞാന്‍ ലക്കിയാണ്. അതൊരു അഡീഷണല്‍ ബോണസായി എടുക്കാനാണ് എനിക്ക് താല്‍പര്യം.

സോഷ്യല്‍ മീഡിയയില്‍ സജീവമാണല്ലോ?


അതെ. ഒഴിവുസമയം കിട്ടുമ്പോള്‍ ഫേസ്ബുക്കൊക്കെ നോക്കും. അതിലൂടെ ആളുകളുടെ സ്‌നേഹം അറിയാന്‍ സാധിക്കുന്നു. ഫോളോവേഴ്‌സിനോട് നന്ദിയുണ്ട്, കാരണം കൈയിലിരിക്കുന്ന മൊബൈലില്‍ സോഷ്യല്‍ മീഡിയയിലൂടെ ഫോളോ ചെയ്യുന്നതും ലൈക് ചെയ്യുന്നതുമൊക്കെ അവരുടെ ഇഷ്ടമല്ലേ? അങ്ങനെ അവര്‍ ചെയ്യുന്നത് ഇഷ്ടം കൊണ്ടാണല്ലോ.

ടിവി അഡിക്ടാണെന്ന് പറഞ്ഞല്ലോ? ഏതുതരം പ്രോഗ്രാമുകളാണ് ഇഷ്ടം?


പഴയ സിനിമകള്‍ കാണാന്‍ ഇഷ്ടമാണ്. ഒരുപാട് ഹിറ്റായ, എത്ര തവണ ടിവിയില്‍ വന്നാലും കാണുന്ന കുറേ സിനിമകളുണ്ട്. ഫ്രണ്ട്സ്, വാത്സല്യം, സന്ദേശം തുടങ്ങിയ സിനിമകളൊക്കെ എത്ര തവണ വന്നാലും കാണും. തുടര്‍ച്ചയായി സിനിമകള്‍ കണ്ടാലും എനിക്ക് ബോറടിക്കില്ല.

സീരിയലുകളിലൂടെയായിരുന്നു തുടക്കം. ഇപ്പോഴത്തെ സീരിയലുകള്‍ കാണാറുണ്ടോ?


ഒഴിവു കിട്ടുമ്പോള്‍ ചില സീരിയലുകള്‍ കാണാറുണ്ട്. കഥ ഒരുപാട് വലിഞ്ഞുപോകുമ്പോള്‍ പിന്നെ കാണില്ല. ഷൂട്ടുമായി തിരക്കാവുമ്പോള്‍ കുറേ ദിവസം സീരിയല്‍ കാണാന്‍ പറ്റില്ല.

സൗഹൃദങ്ങളെക്കുറിച്ച്?


സിനിമയ്ക്കകത്തും പുറത്തുമായി ഒരുപാട് സുഹൃത്തുക്കളുണ്ട്. സ്‌കൂളില്‍ പഠിച്ചപ്പോഴുള്ള സുഹൃത്തുക്കളാണ് ഇപ്പോഴുമെന്റെ അടുത്ത കൂട്ടുകാര്‍. ഞങ്ങള്‍ ഒരുമിച്ച് കൂടുന്ന സമയത്തൊന്നും സിനിമയെപ്പറ്റി സംസാരിക്കാറേയില്ല.

സിനിമയില്‍ എത്താതിരുന്നെങ്കില്‍?


ഞാനൊരു ടീച്ചറാകുമായിരുന്നു. കുട്ടികളെ പഠിപ്പിക്കാന്‍ ഒരുപാടിഷ്ടമാണ്.

ഇരയില്‍ വ്യത്യസ്തമായ കഥാപാത്രമായിരുന്നല്ലോ?


ഇര ഒരു സ്പെഷ്യല്‍ മൂവിയാണ്. എപ്പോഴും കിട്ടാറില്ലാത്ത ഒരു ആദിവാസി കഥാപാത്രമായിരുന്നു. ആളുകള്‍ക്കത് വളരെ ഇഷ്ടമായി. ഒരു ത്രില്ലര്‍ മൂവി പൊതുവേ യങ്സ്‌റ്റേഴ്സിനാണ് ഇഷ്ടപ്പെടുന്നത്്, പക്ഷേ ഇര കൂടുതല്‍ കാണുന്നത്് കുടുംബപ്രേക്ഷകരാണ് എന്നറിയുന്നതില്‍ ആ ടീം മൊത്തം ഹാപ്പിയാണ്.

മെഴുകുതിരി അത്താഴങ്ങള്‍ എന്ന സിനിമയെക്കുറിച്ച്?


അതൊരു ലൗ സ്‌റ്റോറിയാണ്. ഫീല്‍ ഗുഡ് മൂവിയായിരിക്കും. പ്രണയത്തിന്റെ ഫീലാണ് സിനിമയിലുടനീളം കാണുന്നത്. എനിക്കൊരു പ്രതീക്ഷയുള്ളൊരു സിനിമയാണത്. അനൂപ് മേനോനാണ് നായകന്‍.

കാത്തിരിക്കുന്ന കഥാപാത്രം?


കുറച്ച് തയാറെടുപ്പുകള്‍ ആവശ്യമുള്ള സിനിമ ചെയ്യണമെന്നുണ്ട്, അതായത് ഒരു പീരിയഡ് മൂവി, ഒരു ബയോപിക്. അതൊക്കെയാമെങ്കില്‍ നമ്മുടെ ഭാഗത്തുനിന്ന് നല്ല പ്രിപ്പറേഷന്‍സ് വേണം എങ്കിലേ കഥാപാത്രമായി മാറാന്‍ കഴിയൂ.

ഫാഷന്‍ കോണ്‍ഷ്യസാണോ?


ഭയങ്കരമായി ഫാഷന്‍ ഫോളോ ചെയ്യുന്ന ആളല്ല ഞാന്‍. എല്ലാം കാണാറുണ്ട്, ആസ്വദിക്കാറുണ്ട്. പക്ഷേ ഞാനെന്റെ കംഫര്‍ട്ട് നോക്കിയാണ് ഡ്രസുകള്‍ സെലക്ട് ചെയ്യുന്നത്.

അശ്വതി അശോക്‌

Ads by Google
Ads by Google
Loading...
TRENDING NOW