Monday, March 04, 2019 Last Updated 13 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 30 Apr 2018 02.22 PM

ഒട്ടേറെ സുകൃതങ്ങള്‍

''ദാസേട്ടനോപ്പം ആദ്യത്തെ പാട്ട് പാടിയതിന്റെ കൃത്യം നാല്‍പ്പതാമത്തെ വര്‍ഷം ഞാന്‍ സിനിമാപിന്നണിഗാനരംഗത്തേക്കു ഞാന്‍ തിരിച്ചുവന്നത് ആ ഗാനഗന്ധര്‍വന്റെ മകനൊപ്പം പാടിക്കൊണ്ടാണ്. അതും മറ്റൊരു സുകൃതം.''
uploads/news/2018/04/213148/Weeklyanubhavapacha300418a.jpg

കൊച്ചിന്‍ സംഘമിത്രയുടെ ഒരു നാടകത്തില്‍ കണ്ണൂര്‍ രാജന്റെസംഗീതസംവിധാനത്തില്‍ ഞാന്‍ പാടിയിരുന്നു. ആ പാട്ടു കേട്ടിട്ടാണ് ഐ.വി.ശശി അദ്ദേഹത്തിന്റെ അടുത്തപടത്തില്‍ രാജന്‍സാര്‍ സംഗീതംചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

അതേത്തുടര്‍ന്ന് തുഷാരബിന്ദുക്കള്‍ എന്ന പാട്ട് സിനിമയില്‍ പാടാനുള്ള അവസരം എനിക്കു കൈവന്നു. എന്നാല്‍ എന്തൊക്കെയോ സാങ്കേതിക കാരണങ്ങളാല്‍ അതു നടക്കാതെപോയി.

ആശ തന്നിട്ട് എന്നെക്കൊണ്ടു പാടിക്കാന്‍ കഴിയാഞ്ഞതില്‍ രാജന്‍സാറിന് വിഷമമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ശശിസാറിന്റെ അടുത്ത പടമായ അഭിനന്ദനത്തില്‍ ദാസേട്ടനോടൊപ്പം ഒരു യുഗ്മഗാനം പാടാന്‍ അവസരം ഒരുങ്ങിയത്. കണ്ണൂര്‍ രാജന്‍െ്‌റ സംഗീതമായിരുന്നു അതും. നാടകത്തില്‍ പാടിയ അതേ പാട്ട്.

അങ്ങനെ ഞാന്‍ പാട്ടുപാടാനായി അമ്മയോടൊപ്പം ചെന്നെയിലേക്കു വണ്ടി കയറി. എന്റെ ചേട്ടനും അന്ന് രാജന്‍സാറിനോടൊപ്പം ചെന്നെയില്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. റെക്കോര്‍ഡിംഗിന്റെ ദിവസം രാവിലെ രാജന്‍സാറിന് ദാസേട്ടന്റെ ഫോണ്‍കോള്‍.

രാജേട്ടാ, ഞാന്‍ ഉടനെ എത്താം. ഫീമെയില്‍ പാടുന്നതിനായി സുജുവിനെക്കൂടി (ഗായിക സുജാത) ഞാന്‍ കൊണ്ടുവരാം.
ഇത്രയും പറഞ്ഞിട്ട് ദാസേട്ടന്‍ ഫോണ്‍ വച്ചു.

രാജന്‍ സാറിന്റെ മുഖം വല്ലാതായി. എനിക്കൊന്നും മനസിലായില്ല. രണ്ടാമത്തെ തവണയും ആശ തന്നിട്ട് എനിക്കു പാടാന്‍ അവസരം നഷ്ടപ്പെടുന്നത് അദ്ദേഹത്തിനു താങ്ങാവുന്നതിനപ്പുറമായിരുന്നു.

ഇതൊന്നുമറിയാതെ ഞാന്‍ രാവിലെതന്നെ ഒരുങ്ങി സ്റ്റുഡിയോയില്‍ എത്തി. ആദ്യത്തെ സിനിമാഗാനമല്ലേ ആലപിക്കാന്‍ പോകുന്നത്!
അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ദാസേട്ടന്‍ എത്തി. വന്നപാടെ അദ്ദേഹത്തെ മാറ്റിനിര്‍ത്തി രാജന്‍സാര്‍ എന്റെ കാര്യം പറഞ്ഞു.

ഞാനപ്പോഴും ഒന്നുമറിയാതെ പാടാന്‍ തയ്യാറെടുക്കുകയാണ്.
ദാസേട്ടന്‍ എന്റെ അടുത്തേക്കു വന്നു.
റെഡിയല്ലേ പാടാന്‍? അദ്ദേഹം ചോദിച്ചു.

റെഡിയാണ് ദാസേട്ടാ... ഞാന്‍ പറഞ്ഞു.
അങ്ങനെ ഞാന്‍ റെക്കോര്‍ഡിങ് റൂമില്‍ കയറി പാടിത്തുടങ്ങി:
പുഷ്പതല്‍പ്പത്തില്‍ നീ വീണുറങ്ങി, സ്വപ്നമായ് നിദ്രയില്‍ ഞാന്‍ തിളങ്ങി...

ആദ്യത്തെ തവണതന്നെ ഞാന്‍ ഓക്കേ ആക്കി. അങ്ങനെ എന്റെ ആദ്യഗാനം പുറത്തുവന്നു.
പിന്നീടാണറിയുന്നത്, അന്ന് രാജന്‍ സാര്‍ സംസാരിച്ചപ്പോള്‍ ഒട്ടും എതിര്‍ക്കാതെ ദാസേട്ടന്‍ എന്നെക്കൊണ്ടു പാടിക്കാന്‍ പറഞ്ഞെന്നും പാടിക്കഴിഞ്ഞപ്പോള്‍ നന്നായിട്ടുണ്ട് എന്നു പറഞ്ഞെന്നും.

പിന്നീട് ഗാനമേളകളിലൊക്കെ പാടിനടന്ന എന്നെ ദാസെട്ടനാണ് ചേട്ടനോടു പറഞ്ഞ് അഡയാര്‍ മ്യുസിക് കോളേജില്‍ ഡിഗ്രിക്കു ചേര്‍ത്തത്. അവിടെയെനിക്ക് ഒന്നാംറാങ്ക് കിട്ടി.

അപ്പോള്‍ ഞാനും ചേട്ടനുംകൂടി ചെന്ന് ദാസേട്ടനെ കണ്ടു. ഈ റാങ്കിന്റെ ക്രെഡിറ്റ് എനിക്കാ കേട്ടോ. അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു. ഞാനത് എപ്പോഴേ മനസുകൊണ്ട് ആ പാദങ്ങളില്‍ അര്‍പ്പിച്ചിരുന്നു.

ആദ്യഗാനത്തിലെ സാമീപ്യം മുതല്‍ ജീവിതത്തിലെ പല നല്ല തീരുമാനങ്ങളിലും ദാസേട്ടന്റെ അനുഗ്രഹം എനിക്കുണ്ടായിരുന്നു. എണ്‍പതുകളുടെ അവസാനം സിനിമയില്‍ നന്നായി
പാടിക്കൊണ്ടിരുന്നപ്പോഴാണ് പാലക്കാട് ഒരു കോളേജില്‍ എനിക്കു ജോലികിട്ടുന്നത്.

വീട്ടില്‍ എല്ലാവര്‍ക്കും ഞാന്‍ സര്‍ക്കാര്‍ ജോലിക്കു പോകണമെന്നായിരുന്നു. ദാസേട്ടനെ കണ്ടപ്പോള്‍ അതു പറഞ്ഞെങ്കിലും അതിന് എതിരുപറഞ്ഞില്ല. കാരണം, സിനിമയില്‍ ഒന്നും ശാശ്വതമല്ലെന്ന് എല്ലാവരേയുംപോലെ അദ്ദേഹത്തിനുംഅറിയാമായിരുന്നു. പിന്നീട് പാലക്കാട് ഒരു പരിപാടിക്കു വന്നപ്പോള്‍ ആദ്യം അനേ്വഷിച്ചത് എന്നെയാണ്.

ഇന്ന് പിന്നിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ സന്തുഷ്ടയാണ്. ലോകത്താകമാനം ആയിരക്കണക്കിനു ശിഷ്യഗണങ്ങള്‍ എനിക്കുണ്ട്. സിനിമയില്‍ നിന്ന് ഏതാണ്ട് മുഴുവനായും മാറിനില്‍ക്കുമ്പോഴാണ് എന്റെ ശിഷ്യനായ ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുകയും മറ്റൊരു ശിഷ്യനായ വിഷ്ണുവിജയ് സംഗീതം പകരുകയും ചെയ്യുന്ന പുതിയ സിനിമയിലേക്ക് ടീച്ചറൊരു പാട്ട് പാടണമെന്ന് ആവശ്യപ്പെട്ടത്. ഞാന്‍ സമ്മതിച്ചു. കാരണം ഞാന്‍ പഠിപ്പിച്ച കുട്ടികളുടെ സിനിമയിലൂടെ തിരിച്ചുവരാന്‍ കഴിയുന്നത് ഒരു ഭാഗ്യമല്ലേ? മാത്രമല്ല

ദാസേട്ടനോപ്പം ആദ്യത്തെ പാട്ട് പാടിയതിന്റെ കൃത്യം നാല്‍പ്പതാമത്തെ വര്‍ഷം ഞാന്‍ സിനിമാപിന്നണിഗാനരംഗത്തേക്കു ഞാന്‍ തിരിച്ചുവന്നത് ആ ഗാനഗന്ധര്‍വന്റെ മകനൊപ്പം പാടിക്കൊണ്ടാണ്. അതും മറ്റൊരു സുകൃതം.

2016 ല്‍ ഗപ്പി എന്ന സിനിമയിലെ ഒരമ്മയുടെയും മകന്റെയും ആത്മബന്ധം വിവരിക്കുന്ന അതിരലിയും കരകവിയും എന്ന പാട്ട് വിജയ് യേശുദാസിനൊപ്പം പാടുമ്പോള്‍ നാല്‍പ്പതുവര്‍ഷം മുമ്പ് ദാസെട്ടനോപ്പം പാടിയ ഓര്‍മ്മകളായിരുന്നു മനസുനിറയെ...

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW