Wednesday, November 14, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 29 Apr 2018 02.27 AM

വീഴ്‌ചയില്‍ ചിരിക്കാത്തവര്‍

uploads/news/2018/04/212915/re4.jpg

ഒരു ദിവസം ഒരു മൃഗവൈദ്യന്‍ തന്റെ കാറില്‍ വീട്ടിലേക്കു വരികയായിരുന്നു. വരുന്നവഴിക്ക്‌ ഒരു പട്ടിയെ കാറിടിച്ചു. കാര്‍ നിര്‍ത്തി അദ്ദേഹം ആ പട്ടിയെ പൊക്കി എടുത്തു. അതിന്റെ കാല്‍ ഒടിഞ്ഞു പോയിരുന്നു. അതിനെയും കൊണ്ട്‌ അദ്ദേഹം വീട്ടിലേക്ക്‌ പോയി. അതിന്റെ കാലുവെച്ചുകെട്ടി ആഹാരവും കൊടുത്ത്‌ ശുശ്രൂഷിച്ചു. ആഴ്‌ചകള്‍ കഴിഞ്ഞപ്പോള്‍ പട്ടിയുടെ കാലിനു പൂര്‍ണ സൗഖ്യം ലഭിച്ചു. അത്‌ സ്‌ഥലം വിട്ടു. കുറച്ചുനാള്‍ കഴിഞ്ഞ്‌ ഒരു ദിവസം രാവിലെ വൈദ്യന്‍ കട്ടന്‍കാപ്പി കുടിക്കുകയാണ്‌. ആ സമയം മുറിയുടെ കതകില്‍ ആരോ മാന്തുന്നതു പോലെ തോന്നി. അയാള്‍ ചെന്ന്‌ കതകു തുറന്നു നോക്കിയപ്പോള്‍ ഒരു പട്ടി രണ്ടു കൈയും നിലത്തു കുത്തി മുകളിലോട്ടു നോക്കിയിരിക്കുന്നതു കണ്ടു. പിന്നില്‍ വേറൊരു പട്ടി നില്‍ക്കാന്‍ പോലും ആവതില്ലാതെ ഒടിഞ്ഞ കാലുമായി അവിടെ ചരിഞ്ഞ്‌ കിടന്നിരുന്നു.
ഡോക്‌ടര്‍ക്കു കാര്യം മനസിലായി. പണ്ടു താന്‍ വണ്ടിയിടിച്ചു കാലൊടിച്ച പട്ടി സൗഖ്യമായി തന്റെ വഴിക്കു പോയപ്പോള്‍ എവിടെ വച്ചോ കാലൊടിഞ്ഞ ഒരു പട്ടിയെക്കണ്ട്‌ ഇപ്പോള്‍ അതിനേയുംകൊണ്ടു വന്നിരിക്കുകയാണ്‌. ഈ പട്ടി മൗനഭാഷയില്‍ പറയുകയാണ്‌: ' എന്റെ ഡോക്‌ടറേ, ഈ പട്ടിയുടെ കാലൊടിഞ്ഞു വഴിയില്‍ കിടക്കുകയായിരുന്നു. ഇവന്‌ ആരും ആശ്രയമില്ല. ഞാന്‍ ഇവനെ കണ്ടു; കൂട്ടിക്കൊണ്ട്‌ അങ്ങയുടെ അടുത്തുവന്നിരിക്കുകയാണ്‌. ഇവനെയും ഒന്നു സഹായിക്കണേ.' ഈ പട്ടിക്കു വേണമെങ്കില്‍ അതിനെ തിരിഞ്ഞു നോക്കാതെ വഴിയില്‍ ഉപേക്ഷിച്ച്‌ പോകാമായിരുന്നു. എന്നാല്‍ അത്‌ അങ്ങനെ ചെയ്‌തില്ല. പകരം ആ മുറിവേറ്റ പട്ടിയെയും പൊക്കിയെടുത്ത്‌ വന്നിരിക്കുകയാണ്‌. തന്റെ കാല്‌ സൗഖ്യമായതു പോലെ മറ്റേ പട്ടിയുടെ കാലും സൗഖ്യമാകണമെന്ന്‌ അത്‌ ആഗ്രഹിക്കുന്നു.
എന്നാല്‍ ഈശ്വര വിശ്വാസികളെന്ന്‌ അഭിമാനിക്കുന്ന നമുക്കിതിനു കഴിയുമോ? മറ്റുള്ളവരുടെ തകര്‍ച്ചയില്‍ സഹതപിക്കാതെ, അവരുടെ ഹൃദയത്തോടു ചേര്‍ന്നു നിന്നു ദുഃഖിക്കാതെ മാറിനിന്ന്‌ അതില്‍ സന്തോഷിക്കുകയാണ്‌ നാം പലപ്പോഴും.
നിങ്ങള്‍ വീട്ടിലായിരുന്നാലും നാട്ടിലായിരുന്നാലും എവിടെ ആയിരുന്നാലും മറ്റുള്ളവരുടെ വേദന, തകര്‍ച്ച, അവരുടെ നാശം, ഇല്ലായ്‌മ, അവരുടെ തെറ്റുകള്‍ ഇവ കണ്ട്‌ സന്തോഷിക്കുന്നവരായി ഒരിക്കലും മാറരുത്‌. അതെനിക്കും സംഭവിക്കാമായിരുന്നല്ലോ എന്നോര്‍ക്കണം.
ദൈവത്തിന്റെ കണ്ണിലൂടെ മറ്റുള്ളവരെ കാണാന്‍ ഇടയായാല്‍, നമുക്ക്‌ മറ്റുള്ളവരെ സഹായിക്കാന്‍ കഴിയും. നമ്മെപ്പറ്റി നാം വലിയവന്‍ എന്നു ചിന്തിക്കാതിരുന്നാല്‍, ഞാനും വെറും മനുഷ്യന്‍, ഞാനും വീഴാന്‍ സാധ്യതയുള്ളവന്‍, ഞാനും പാപം ചെയ്യാന്‍ സാധ്യതയുള്ളവന്‍, എന്റെ മക്കളും വഴിപിഴച്ചു പോകാന്‍ സാധ്യതയുള്ളവര്‍ ഇങ്ങനെ ചിന്തിച്ചാല്‍ മറ്റുള്ളവരോടുള്ള നമ്മുടെ പ്രതികരണം വ്യത്യാസപ്പെട്ടുകൊണ്ടേയിരിക്കും.
മറ്റുള്ളവരെ ഉപദ്രവിക്കാതെ അവര്‍ക്ക്‌ ഉപകാരം ചെയ്യാം: മുഖം വീര്‍പ്പിച്ചു കാണിക്കാതെ അവരെ കാണുമ്പോള്‍ ചിരിക്കാം; അവരുടെ വീഴ്‌ചയില്‍ നാം സന്തോഷിക്കാതെ വാസ്‌തവമായി കരയാം. നമ്മുടെ കണ്ണുനീര്‍ അവര്‍ കാണട്ടെ. അസമാധാനം ഉണ്ടാക്കാതെ, പ്രശ്‌നം സൃഷ്‌ടിക്കാതെ, നമുക്ക്‌ സമാധാനം കാംക്ഷിക്കാം.
മറ്റുള്ളവരുടെ കുറ്റങ്ങള്‍ വിളിച്ചുപറഞ്ഞ്‌ അവരെ താറടിക്കാന്‍ ശ്രമിക്കാതെ ദൈവമേ നീ അവരോടു ക്ഷമിക്കണമേ. എന്നു പറയാം. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാം. മറ്റുള്ളവരുടെ പരാജയങ്ങള്‍ നമ്മുടെ സന്തോഷത്തിനു കാരണമാകാതെ ഏതെങ്കിലും രീതിയില്‍ അവര്‍ ജയിക്കുവാന്‍, ഉയരുവാന്‍ നമുക്ക്‌ കൈത്താങ്ങല്‍ കൊടുക്കാം. മറ്റുള്ളവരുടെ വീഴ്‌ചകള്‍ നമുക്ക്‌ നന്മ ഉളവാക്കുമെന്ന്‌ ഒരിക്കലും ചിന്തിക്കാതെ അവര്‍ ഉയരുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കാം.
നമ്മുടെ ചുറ്റുപാടും അനേകര്‍ പട്ടിണിയിലാണ്‌, ആത്മീയമായി തകര്‍ച്ചയിലാണ്‌. അനേകരുടെയും കുഞ്ഞുങ്ങള്‍ ജയിക്കുന്നില്ല. അവരുടെ സാഹചര്യങ്ങള്‍ വ്യത്യാസപ്പെടുന്നില്ല. സ്‌നേഹം എന്തെന്ന്‌ അറിയുന്നില്ല. എത്ര കരഞ്ഞിട്ടും എത്ര പ്രാര്‍ഥിച്ചിട്ടും എത്ര കഷ്‌ടപ്പെട്ടിട്ടും ഒരു പ്രയോജനവും ഇല്ല. അങ്ങനെയുള്ള എത്രയെത്ര കുടുംബങ്ങള്‍, എത്രയെത്ര വ്യക്‌തികള്‍, അവരെപ്പറ്റിയുള്ള ഓര്‍മ്മകള്‍, ചിന്തകള്‍, അറിവുകള്‍ നിങ്ങളുടെ ഹൃദയത്തില്‍ കൊണ്ടുവരുന്ന വികാരമെന്താണ്‌? മറ്റുള്ളവരുടെ വീഴ്‌ചയിലും വേദനയിലും ചിരിക്കാതിരിക്കാന്‍ കഴിയണം. അത്‌ നിങ്ങള്‍ക്കും സംഭവിക്കുമായിരുന്നു എന്ന്‌ ഓര്‍ക്കണം. ദൈവമേ, നിന്റെ കൃപയില്ലായിരുന്നെങ്കില്‍ ഇങ്ങനെ ആയിത്തീരുവാന്‍ എനിക്കു സാധിക്കുകയില്ലായിരുന്നു എന്നു ചിന്തിക്കുവാന്‍ കഴിയുന്നുവോ?

Ads by Google
Sunday 29 Apr 2018 02.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW