Saturday, May 19, 2018 Last Updated 5 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 28 Apr 2018 02.15 PM

കുറ്റവാളികളെ ന്യായീകരിക്കുന്നതല്ല എന്റെ സിനിമ

uploads/news/2018/04/212690/CiniINWtinupappan.jpg

ജയില്‍ചാട്ടക്കഥകള്‍ ലോകസിനിമകളെമ്പാടും നോക്കിയാല്‍ മിക്ക ചലച്ചിത്രകാരന്മാരുടെയും പ്രിയപ്പെട്ട വിഷയമായിരുന്നു അതെന്ന് കാണാം. ഇരുമ്പഴികള്‍, ന്യൂഡല്‍ഹി തുടങ്ങി പണ്ടുമുതലേ മലയാളത്തിലുമുണ്ട് അത്തരം സിനിമകള്‍.

എന്നാല്‍ അവയിലൊക്കെയും ജയില്‍ ചാട്ടരംഗങ്ങളും അതിനുള്ള ഒരുക്കങ്ങളും ഏതാനും സീനിലൊതുങ്ങും. തുടര്‍ന്ന് കഥ വഴിതിരിയും. എന്നാല്‍ പ്രിസണ്‍ ബ്രേക്കിംഗ് എന്നത് ഒരു മുഴുനീള സിനിമയായി മലയാളത്തിലെത്തുന്നത് പോയ വാരമാണ്. നവാഗത സംവിധായകനായ ടിനു പാപ്പച്ചന്റെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ആണ് ആ ചിത്രം.

ഒരു ജയില്‍ മുറിയില്‍ ഒന്നിച്ചു കഴിയുന്ന ആറേഴ് കുറ്റവാളികള്‍. ജയില്‍ ചാട്ടത്തിനായി അവര്‍ നടത്തുന്ന ഒരുക്കങ്ങളും അതിന്റെ പരിസമാപ്തിയുമാണ് ഒരു മുഴുനീള സിനിമയായി ടിനു ഒരുക്കിയിരിക്കുന്നത്. ഒരു സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ശ്വാസമടക്കിപ്പിടിച്ചു കാണേണ്ടിവരിക എന്നത് മലയാളത്തില്‍ ആദ്യമാണ്.

എന്തിനും മടിക്കാത്ത കുറ്റവാളികളും അഴിമതിക്കാരും ക്രൂരന്മാരുമായ ജയില്‍ ഉദ്യോഗസ്ഥരും ഒക്കെ അടങ്ങുന്ന ഇരുണ്ടൊരു ലോകമാണ് ഏറെ കയ്യടക്കത്തോടെ ടിനു തന്റെ കന്നിച്ചിത്രത്തിലൂടെ കാട്ടിത്തരുന്നത്. തികഞ്ഞ ആക്ഷന്‍ മൂഡില്‍ ഒരു ചിത്രം.

ജയില്‍ചാട്ടക്കഥകള്‍

? ജയില്‍ചാട്ടം ഒരു മുഴുനീള ചിത്രമായി ഒരുക്കാന്‍ തോന്നിയത് എങ്ങനെയാണ്.


ഠ സ്വതന്ത്ര സംവിധായകനാകാന്‍ ഞാന്‍ കണ്ടുവച്ച ആദ്യ ഇതിവൃത്തമല്ല ഇത്. മറ്റൊരു ചിത്രമായിരുന്നു എന്റെ മനസ്സില്‍. അതിനായി ഞാനും തിരക്കഥാകൃത്ത് ദിലീപ് കുര്യനും കൂടി മറ്റൊരു തിരക്കഥ തയ്യാറാക്കി ഒരുക്കങ്ങള്‍ തുടങ്ങിയതാണ്.അത് മെറ്റീരിയലൈസ് ആവാന്‍ എസ്റ്റാബ്‌ളിഷ്ഡ് ആയ താരങ്ങളുടെ ഡേറ്റും നല്ല ബജറ്റും നീണ്ട കാലയളവിലുള്ള ചിത്രീകരണവും വേണ്ടിവരും എന്നായപ്പോഴാണ് ദിലീപ് കുര്യന്‍ തന്റെതന്നെ മനസ്സിലുള്ള ഈ ജയില്‍ ചാട്ട കഥ പറഞ്ഞത്.

കേട്ടപ്പോള്‍ എനിക്ക് നല്ല ത്രില്ല് തോന്നി. ആ ത്രില്‍ അതുപോലെ തന്നെ ഓഡിയന്‍സിന് പകരാനായാല്‍ ഒരു ഹിറ്റ് ചിത്രം ഒരുക്കാമെന്ന തോന്നലിലാണ് ഈ വിഷയം സിനിമയാക്കാം എന്നുറപ്പിച്ചത്. എന്റെ ഗുരുവായ ലിജോ ജോസ് സാറിനോടും നടന്‍ ചെമ്പന്‍ വിനോദ് ചേട്ടനോടും ഈ കഥ പറഞ്ഞപ്പോള്‍ ധൈര്യമായി മുന്നോട്ട് പോകാന്‍ അവര്‍ നിര്‍ദ്ദേശിച്ചു.

ബി. ഉണ്ണിക്കൃഷ്ണന്‍ സാറിന്റെ അടുത്തേക്ക് എന്നെ അയയ്ക്കുന്നത് അവരാണ്. കഥകേട്ട് അദ്ദേഹവും ഓക്കേയായി. അങ്ങനെയാണ് ഈ സിനിമ സംഭവിച്ചത്.മലയാളത്തില്‍ ആദ്യമായി ഒരു ഫുള്‍ ലെംഗ്ത് പ്രിസണ്‍ ബ്രേക്കിംഗ് സ്‌റ്റോറി സിനിമയാകുന്നു എന്നതു തന്നെയാണ് ഈ ചിത്രത്തിന്റെ പുതുമ. പ്രേക്ഷകര്‍അതേറ്റെടുത്തു എന്നത് ഞങ്ങളുടെ പ്രതീക്ഷ തെറ്റിയില്ല എന്നതിന് തെളിവാണ്.

uploads/news/2018/04/212690/CiniINWtinupappan1.jpg

അങ്കമാലി ഡയറീസിലെ താരങ്ങള്‍

? താങ്കള്‍ അസോസിയേറ്റായ സിനിമയാണ് അങ്കമാലി ഡയറീസ്. നായകന്‍ ഉള്‍പ്പെടെ അതിലെ ഭൂരിപക്ഷം താരങ്ങളും അണിനിരക്കുന്നുണ്ട് ഈ ചിത്രത്തില്‍. നേരത്തേ പരിചയമുള്ളതിനാല്‍ അവരെ മനസ്സില്‍ കണ്ടുകൊണ്ടായിരുന്നോ ഇതെഴുതിയത്


ഠ എന്നു പറയാനാവില്ല. ദിലീപ് കുര്യന്‍ ഈ കഥ എന്നോടു പറയുന്നത് എതാണ്ട് പൂര്‍ണമായ ഒരു തിരക്കഥ തയ്യാറാക്കിയ ശേഷമാണ്. സംവിധായകനെന്ന നിലയില്‍ എന്റെ കൂടി ചിലനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പിന്നീട് അല്‍പ്പം നവീകരിച്ചു എന്നേയുള്ളൂ.

ദിലീപ് കുര്യന്‍ രൂപപ്പെടുത്തിയ കഥാപാത്രങ്ങളില്‍ പലര്‍ക്കും അങ്കമാലിയിലെ നടന്മാര്‍ യോജിക്കും എന്ന് തോന്നിയതുകൊണ്ട് അവരെ കാസ്റ്റ് ചെയ്തു എന്നേയുള്ളൂ. നേരത്തേ പരിചയമുള്ളതിനാല്‍ അവരെ വച്ച് ഈ ചിത്രം ചെയ്യുക എളുപ്പമായിരുന്നു. നായകനായ ആന്റണിയോടൊക്കെ നേരത്തേ അടുപ്പമുണ്ടായിരുന്നത് കഥ പറയാനും മറ്റും സൗകര്യമായി. ചിത്രീകരണവും അതെളുപ്പമാക്കി.

പുതുമുഖ നായിക

? നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് പുതുമുഖമായിരുന്നു. അശ്വിനി മനോഹര്‍


ഠ നായികയായി എസ്റ്റാബ്ലിഷ്ഡ് ആയ ഒരു നടിയെ കാസ്റ്റ് ചെയ്യാന്‍ നിര്‍മാതാക്കള്‍ റെഡിയായിരുന്നു. പക്ഷേ ഒരു ഓര്‍ഫനേജില്‍നിന്നുള്ള പെണ്‍കുട്ടിയാകാന്‍ പുതുമുഖമാണ് നല്ലത് എന്നു തോന്നി. അതാവുമ്പോള്‍ ഒരു വിശ്വാസ്യത തോന്നും.

ജയില്‍ പശ്ചാത്തലം

? സിനിമ കളര്‍ഫുള്ളായി ചിത്രീകരിക്കാനാണ് പല സംവിധായകരും ശ്രമിക്കാറ്.എന്നാല്‍ ഒരു സബ്ബ്ജയിലിന്റെ നിറപ്പകിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ 80 ശതമാനം രംഗങ്ങളും. ഒരു ഫുള്‍ ലെംഗ്ത് മൂവി അങ്ങനെ ചിത്രീകരിക്കുന്നതില്‍ ആശങ്കയുണ്ടായിരുന്നോ.


ഠ അതൊരു വെല്ലുവിളിയായിരുന്നു. അതുകൊണ്ടുതന്നെ ബാക്ഗ്രൗണ്ട് മൊണോട്ടണസ് ആകാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു. കാമറാമാന്‍ ഗിരീഷ് ഗംഗാധരനും കലാസംവിധായകന്‍ ഗോകുല്‍ദാസും അതിന് മാക്‌സിമം പിന്തുണ നല്‍കി. പല ആംഗിളുകളില്‍ കാമറ വയ്ക്കാന്‍ ഗിരീഷ് മനസ്സ് കാട്ടി. സെറ്റിട്ടപ്പോള്‍ ഒരു ജയിലിന്റെ റിയലിസ്റ്റിക് ബാക്ഗ്രൗണ്ട് ഗോകുല്‍ദാസും ഒരുക്കിത്തന്നു.അതിനവരോട് നന്ദിയുണ്ട്.

ജയില്‍ സെറ്റ്

? ഒരു റിയല്‍ ജയിലിനെ ഓര്‍മിപ്പിക്കുന്ന ഒറിജിനാലിറ്റിയുണ്ട് ചിത്രത്തിന്റെ സൈറ്റിന്


ഠ അതിന്റെ ക്രെഡിറ്റ് കലാസംവിധായകന്‍ ഗോകുല്‍ദാസിനും സഹായികള്‍ക്കും ഉള്ളതാണ്. തിരുവനന്തപുരത്തെ പഴയൊരു സ്‌കൂളിനെ ചിത്രത്തിന് അനുയോജ്യമായ ജയിലാക്കി മാറ്റിയെടുക്കുകയായിരുന്നു. യഥാര്‍ത്ഥ ജയിലില്‍ സന്ധ്യ കഴിഞ്ഞ് ചിത്രീകരണം നടത്താന്‍ അനുവാദം കിട്ടില്ല. ഇതില്‍ ധാരാളം രാത്രി രംഗങ്ങള്‍ ഉണ്ട്. അത് ചിത്രീകരിക്കാന്‍ ജയിലിന്റെ സെറ്റിടുകയേ നിര്‍വ്വാഹമുള്ളു.അതുകൊണ്ടാണ് സെറ്റിട്ടത്.
uploads/news/2018/04/212690/CiniINWtinupappan2.jpg

ജയില്‍ സന്ദര്‍ശനം

? ജയിലിലെ നടപടികള്‍, ചിട്ടകള്‍ എന്നിവ യഥാതഥമായിത്തോന്നി.


ഠ ജയിലിലെ കാര്യങ്ങള്‍ എങ്ങനെ എന്നറിയാന്‍ കേരളത്തിലെ പല ജയിലുകളും സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരം. കോട്ടയം, പാലാ, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം സന്ദര്‍ശിച്ചു. പലതരം തടവുപുള്ളികളെ, അവരുടെ പ്രവര്‍ത്തികളെ ഒക്കെ നിരീക്ഷിച്ചു. ജയിലധികൃതരുമായി സംസാരിച്ചു. അങ്ങനെ കഴിയുന്നത്ര റിയാലിറ്റിയോടെ ജയിലിനെ അവതരിപ്പിക്കാനാണ് ശ്രമിച്ചത്.

? ചിത്രത്തില്‍ ജയില്‍ പുള്ളികളോടുള്ള അധികൃതരുടെ പെരുമാറ്റം വളരെ ക്രൂരമായി തോന്നി. ഇങ്ങനെയൊക്കെയാണോ നമ്മുടെ ജയിലുകള്‍.


ഠ ദിലീപ് കുര്യന് പരിചയമുള്ള ചില ജയില്‍ പുള്ളികളുണ്ട്. അവരില്‍നിന്നു കേട്ട അനുഭവങ്ങളാണ് ഈ ചിത്രത്തിനാധാരം. അവര്‍ പറഞ്ഞുതന്ന ജയില്‍ പശ്ചാത്തലവും ഞങ്ങള്‍ കണ്ടറിഞ്ഞ ജയിലുകളും സമന്വയിപ്പിക്കുകയായിരുന്നു.

? ബീഡി, കഞ്ചാവ് എന്നിവ സമൃദ്ധമായി ഉപയോഗിക്കുന്നു ചിത്രത്തിലെ കഥാപാത്രങ്ങള്‍


ഠ അങ്ങനെയൊക്കെ ജയിലുകളിലുണ്ട്. കഥയുടെ ഒഴുക്കിന് അത്തരം ചില സിറ്റ്വേഷന്‍ ആവശ്യമായിരുന്നു. അതുകൊണ്ടാണ് അതുള്‍പ്പെടുത്തിയത്. ഒരു ബീഡി വലിക്കുന്നതൊക്കെയാണ് ജയിലിലെ ലക്ഷ്വറി.

പ്രത്യേക കളര്‍ടോണ്‍

? പ്രത്യേകമായ ബ്ലാക്ക്, യെല്ലോ, ഗ്രേ തുടങ്ങിയ കളര്‍ടോണ്‍. ചടുലമായതും, ജെര്‍ക്കിയായതുമായ ഷോട്ടുകള്‍. ചിത്രം മുഴുക്കെ അങ്ങനെയാണ്


ഠ പറയുന്നത് ജയില്‍ ചാട്ടത്തിന്റെ കഥയാണ്. കഥാപാത്രങ്ങളില്‍ അതുണ്ടാക്കുന്ന ഉദ്വേഗം വ്യക്തമാക്കാനാണ് ജര്‍ക്കിയായ ഷോട്ടുകള്‍ കൂടുതലായി ഉപയോഗിച്ചത്.കുറ്റവാളികളുടെ, ജയിലില്‍ തുരങ്കം നിര്‍മിക്കുന്നവരുടെ നെഞ്ചിടിപ്പിന്റെ താളമാണത്. ചിത്രത്തിലെ കഥാപാത്രങ്ങളിലേറെയും കുറ്റവാളികളാണ്. അവരുടെ നിറം കുറഞ്ഞ ബാക്ഗ്രൗണ്ട് സൂചിപ്പിക്കാന്‍ ഗ്രേ ഷേഡിലുള്ള കളറാണ് നല്ലത് എന്നും തോന്നി.അതിനാല്‍ ആ പാറ്റേണും ഫോളോ ചെയ്തു. കാമറാമാന്‍, കലാസംവിധായകന്‍ എന്നിവരോടൊക്കെ വിശദമായി ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണത്.

പബ്ബ് ആക്രമണം

? ചിത്രത്തിലെ മൈസൂര്‍ സീനില്‍ ഒരു പബ്ബ് ആക്രമണരംഗം കാണിക്കുന്നുണ്ട്.ഏതാനും വര്‍ഷം മുമ്പ് ബാംഗ്ലൂരില്‍ നടന്ന പബ്ബ് ആക്രമണവുമായി അതിന് സാമ്യം തോന്നി


ഠ അതിനെ ബേസ് ചെയ്ത് തന്നെയാണ് ആ രംഗം സൃഷ്ടിച്ചത്. നായിക പരിക്ക് പറ്റി ഭ്രാന്താശുപത്രിയിലാവുന്ന ഒരു സ്വിറ്റ്വേഷന്‍ വേണം. അതിനു വേണ്ടിയാണ് വിശ്വസനീയമായ ഒരു കാര്യം എന്ന നിലയില്‍ ആ ആക്രമണരംഗം പ്ലാന്‍ ചെയ്തത്.

കോട്ടയത്തിന്റെ പശ്ചാത്തലം

? അങ്കമാലി ഡയറീസ് അങ്കമാലിയെ പശ്ചാത്തലമാക്കിയ പോലെ ഈ ചിത്രം കോട്ടയം നഗരത്തെ പശ്ചാത്തലമാക്കുന്നു


ഠ രചന നടത്തിയ ദിലീപ് കുര്യന്‍ കോട്ടയംകാരനാണ്. ആ നഗരത്തിന്റെ കള്‍ച്ചര്‍ ദിലീപിന് നന്നായറിയാം. അതിനാല്‍ ആ ബാക് ഡ്രോപ്പിലാണ് രചന നടത്തിയത്.
uploads/news/2018/04/212690/CiniINWtinupappan3.jpg

ജയില്‍ ചാട്ടത്തെ ന്യായീകരിക്കുന്നില്ല

? പ്രധാന കഥാപാത്രങ്ങള്‍ കുറ്റവാളികള്‍. അവരുടെ ജയില്‍ചാട്ടത്തെ, അതിനുള്ള ശ്രമങ്ങളെ ഗ്ലോറിഫൈ ചെയ്യുകയല്ലേ ഈ സിനിമ


ഠ അത്തരം ഒരു ലക്ഷ്യമേ എനിക്കില്ല. ഇതില്‍ കാണിച്ചത് സ്വാതന്ത്ര്യദിനപ്പുലരിയില്‍ ജയില്‍ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരുപറ്റം ക്രിമിനലുകളുടെ ശ്രമങ്ങള്‍ മാത്രമാണ്. അവര്‍ രക്ഷപ്പെടുന്നത് വരെയുള്ള കഥയേ പറയുന്നുള്ളു. ഇനിയങ്ങോട്ട് അവര്‍ പിടികൂടപ്പെടാം. തടവുചാടിയ പലരും പില്‍ക്കാലത്ത് പിടികൂടപ്പെട്ടിട്ടുണ്ട്.

ഇവരും പിടിക്കപ്പെടാം. അത് പക്ഷേ ഈ സിനിമയുടെ പരിധിയില്‍ വരുന്നില്ല. ലോകത്തെ പല പ്രിസണ്‍ ബ്രേക്കിംഗ് സിനിമകളിലും ഇങ്ങനെയൊക്കെത്തന്നെയാണ്. അതൊന്നും കുറ്റവാളികളെ ന്യായീകരിക്കലല്ല. അവരുടെ അവസ്ഥകള്‍ കാണിച്ചു എന്നു മാത്രം.

ബംഗാളി കഥാപാത്രം

? ചിത്രത്തില്‍ ഒരു ബംഗാളി കഥാപാത്രത്തെ കാണിക്കുന്നു. കഠിനാദ്ധ്വാനം വേണ്ട ജയില്‍ തുരക്കലിന് അദ്ധ്വാനശീലനായ ഒരു കഥാപാത്രം വേണം എന്നു കരുതി സൃഷ്ടിച്ചതാണോ ആ കഥാപാത്രത്തെ


ഠ ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനു മുമ്പ് ഞാന്‍ കുറേ ജയില്‍ സന്ദര്‍ശിച്ച കാര്യം പറഞ്ഞല്ലോ. അവിടങ്ങളിലൊക്കെ പല നാട്ടുകാരും പല ഭാഷക്കാരുമായ കുറ്റവാളികളുണ്ട്. തൃശൂര്‍ ജയിലിലെ അടുക്കളപ്പണിക്കാരില്‍ രണ്ടുപേര്‍ ബംഗാളി കുറ്റവാളികളാണ്. ജയിലുകളില്‍ അങ്ങനെ പല തരക്കാരായ കുറ്റവാളികള്‍ ഉണ്ടാവുക സ്വാഭാവികം. അക്കാരണങ്ങളാല്‍ സൃഷ്ടിച്ചതാണ് ബംഗാളി കഥാപാത്രം. ആ കഥാപാത്രം തുരങ്കനിര്‍മാണത്തില്‍ പങ്കാളിയായപ്പോള്‍ അത് കൂടുതല്‍ വിശ്വസനീയവുമായി.

ലിജോ ജോസും ചെമ്പന്‍ വിനോദും

? ചിത്രത്തില്‍ രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ലിജോ പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദുമാണ്. ഇതില്‍ ലിജോ സംവിധാന കലയില്‍ താങ്കളുടെ ഗുരുവാണ്. ഇരുവരും ഈ ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളുമാണ്


ഠ ഇരുവരോടും എനിക്കുള്ള ആദരവു കൊണ്ടാണ് അവരെ ഇതില്‍ അഭിനയിപ്പിച്ചത്. ലിജോ സാറിന് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ് അഭിനയം. പക്ഷേ ഞാന്‍ നിര്‍ബ്ബന്ധിച്ച് ഇതിലെ വക്കീല്‍ വേഷം ചെയ്യിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ സിറ്റി ഓഫ് ഗോഡ് എന്ന ചിത്രം മുതല്‍ ഈ മ യൗ വരെയുള്ള ചിത്രങ്ങളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ നല്ലൊരു ബന്ധമുണ്ട്.

ചെമ്പന്‍ചേട്ടന്‍ ചെയ്താലേ കള്ളന്‍ ദേവസി എന്ന കഥാപാത്രം നന്നാകൂ എന്നതിനാല്‍ അദ്ദേഹത്തെ ആദ്യമേ കാസ്റ്റ് ചെയ്തിരുന്നു. ഇരുവരും നിര്‍മാണത്തില്‍ പങ്കുചേരാന്‍ കാരണം അവര്‍ക്ക് എന്നോടുള്ള ഇഷ്ടം കൂടിയാണ്.

അവര്‍കൂടി നിര്‍മാണ പങ്കാളികളായാലേ സിനിമ നടക്കൂ എന്നു വന്നപ്പോള്‍ ഞാന്‍ സ്വതന്ത്ര സംവിധായകനായി കാണാനുള്ള ഇഷ്ടംകൊണ്ട് അവരും നിര്‍മാണത്തില്‍ പങ്കാളികളായി. അതെന്റെ ഭാഗ്യമാണ്.

എല്ലാ ടൈപ്പ് സിനിമകളും ഇഷ്ടം

? മലയാളത്തിലെ നല്ലൊരു ത്രില്ലര്‍ മൂവിയാണിത്. ഇത്തരം മൂവികള്‍ ഒരുക്കാനാണോ ഇഷ്ടം


ഠ അങ്ങനെയല്ല. എല്ലാ ടൈപ്പ് മൂവികളും എനിക്കിഷ്ടമാണ്. പ്രേക്ഷകരെ ആകര്‍ഷിക്കുന്നതാണെങ്കില്‍ ഏതു ടൈപ്പ് മൂവിയും ചെയ്യാനാണ് എനിക്ക് താല്പര്യം. അത് ത്രില്ലര്‍, ഫാമിലി സെന്റിമെന്റല്‍, ലവ് ഡ്രാമ എതുമായാലും ഞാന്‍ ചെയ്യും

ഉണ്ണിക്കൃഷ്ണന്‍ ശ്രീകണ്ഠപുരം

Ads by Google
Saturday 28 Apr 2018 02.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW